ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 26, 2016

പത്താമുദയം

ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും

       പത്താമുദയം

ശുഭകാരകമായ, കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം. നല്ല മുഹൂര്‍ത്തമില്ലാത്തതുകൊണ്ട് നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ പത്താമുദയം നാളില്‍ നടത്താറുണ്ട്. മേടം തുലാം മാസങ്ങളിലെ പത്താമത്തെ ദിവസത്തെയാണ് പത്താമുദയം എന്നും, പത്താത എന്നും പറയാറുള്ളത്. മേടവിഷു തുലാവിഷു എന്ന് വിഷു രണ്ടുള്ളതു പോലെ പത്തമുദയവും രണ്ടുണ്ട്. പക്ഷെ, തുലാത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം. അതുകൊണ്ട് പത്താമുദയം എന്നു പറയുമ്പോള്‍ പൊതുവേ വിവക്ഷിക്കുന്നത് മേടപ്പത്ത് ആണ്. വിഷുവിന്‍റെ പ്രാധാന്യം പത്താമുദയം വരെ നില നില്‍ക്കും.കര്‍ഷകന്‍ വിത്തിറക്കുക പത്താമുദയം നാളിലാണ്. അപ്പോഴേക്കും ഒന്നുരണ്ട് വേനല്‍ മഴ കിട്ടി പാടവും പറമ്പും കുതിര്‍ന്നിരിക്കും.

പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. വയനാട്ടിലെ കുറിച്യര്‍ പത്താമുദയത്തിനാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്. മേടമാസം ആദിത്യന്‍ തന്റെ ഉച്ചരാശിയില്‍ക്കൂടി സഞ്ചരിക്കുന്ന മാസമാണ്. മേടത്തിലെ സംക്രമം, പത്താമുദയം, വൈശാഖമാസം, അക്ഷയതൃതീയ തുടങ്ങി മംഗളകര്‍മ്മങ്ങള്‍ക്കു ചേര്‍ന്ന നിരവധി ദിനങ്ങള്‍ ഒന്നൊന്നായി കടന്നുവരുന്ന കാലമാണ്. ഉത്തരായനത്തിന്റെ നടുമദ്ധ്യമാണ് മേടം. ദേവദിനത്തിലെ ഉച്ചയാകുന്ന സമയം. ദേവചൈതന്യം അതിന്റെ പാരമ്യത്തിലനുഭവിക്കുവാന്‍ കഴിയുന്ന കാലമാകയാല്‍ ക്ഷേത്രോത്സവങ്ങള്‍, വൈദികചടങ്ങുകള്‍, ആഘോഷപരമായ ദേവാരാധന എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമായ കാലമാണ്. ഏതു വിധത്തിലുള്ള മംഗളകര്‍മ്മങ്ങള്‍ക്കും ഇക്കാലം ഉപയോഗിക്കാം. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് അത്യാവശ്യമായ കാര്‍ഷികവിഭവങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള ആദ്യ ചടങ്ങായ വിത്തിടല്‍, തൈകള്‍ നടല്‍ എന്നിവ ഈ സമയത്താണ് ചെയ്യുന്നത്.

പത്താമുദയം നാളില്‍ ചിലയിടങ്ങളില്‍ വെള്ളിമുറം കാണിക്കുക എന്നൊരു ചടങ്ങ് നടത്താറുണ്ട്. ഉണക്കലരി പൊടിച്ച് തെള്ളി പൊടിയാക്കിയത് മുറത്തിലാക്കി സ്ത്രീകള്‍ ഉദയ സൂര്യനെ ലക്ഷ്യമാക്കി കിഴക്കോട്ട് തിരിഞ്ഞ് വിളക്ക് കൊളുത്തി മുറ്റത്ത് വെക്കുന്നു. ഉദയം കഴിഞ്ഞാല്‍ ഈ അരിപ്പൊടി എടുത്ത് പലഹാരമുണ്ടക്കി പ്രസാദമായി കഴിക്കുന്നു. ആദിത്യപ്രീതിക്കായി നടത്തുന്ന ഈ ചടങ്ങ് ചിലക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ കൂട്ടത്തോടെ നടത്താറുണ്ട്. മുറങ്ങള്‍ക്കു പകരം താലമാണ് ഉപയോഗിക്കുക. മുമ്പത്തെ കേരളത്തില്‍ തുലാപ്പത്ത് മുതല്‍ മേടപ്പത്തുവരെ കര്‍ഷകര്‍ക്കും നായാട്ട്കാര്‍ക്കും ഉത്സവകാലമായിരുന്നു സമൃദ്ധിയുടെ കാലമായിരുന്നു. മിക്കവാറും വീടുകളിലും ഇലയപ്പം ( വട്ടയിലയിലും തെരളിയിലയിലും ഗോതമ്പ് കുഴച്ചു തേങ്ങയും ശർക്കരയും ചേർത്തു ആവിയിൽ വേവിച്ചു എടുക്കുന്നു) ഉണ്ടാക്കി അതിന്റെ ഇല സൂര്യോദയത്തിനു മുന്നേ വീടിനു മുകളിൽ പറത്തുന്നു.

പത്താമുദയനാളിലാണ്‌ പുലയസമുദായം കാലിച്ചാന്‍ തെയ്യത്തെയും കോണ്ട്‌ ഗ്രാമീണഗൃഹങ്ങള്‍ തോറും അനുഗ്രഹം ചൊരിയാനെത്തുന്നത്‌. മുഖത്തെഴുത്തും ആടയാഭരണങ്ങളും അണിഞ്ഞ തെയ്യം തുടിവാദ്യത്തിന്റെ അകമ്പടിയോടെ ഓരോ വീട്ടിന്റേയും 'കോണിക്കല്‍' വന്നു നിന്ന്‌ ഈണത്തില്‍ പാടുകയും കയ്യിലെ തിരിയോലത്തലപ്പു കൊണ്ട്‌ അനുഗ്രഹവര്‍ഷം ചൊരിയുകയും ചെയ്യും.വീട്ടുകാര്‍ ദൈവത്തിന്‌ നെല്ലോ, അരിയോ പണമോ കാണിക്കയായി നല്‍കും.പുല (കൃഷിനിലം)ത്തിന്റെ നേരവകാശികളായ പുലയരുടെ തെയ്യത്തോടു കൂടിയാണ്‌ വടക്കന്‍ കേരളത്തിലെ മിക്കത്തെയ്യക്കാവുകളും ഉണരുന്നത്‌.
ഇടവപ്പാതിയോടെ നടയടച്ച കാവുകള്‍ പുണ്യാഹകലശത്തോടെ തുറന്ന്‌ വിളക്ക്‌ വെക്കുന്ന സുദിനംകൂടിയാണ്‌ പത്താമുദയം. അന്ന്‌ മുതലാണ്‌ കാവുകളില്‍ തെയ്യാട്ടം തുടങ്ങുന്നത്‌. തുലാപ്പത്ത്‌ മുതല്‍ ഇടവപ്പാതി വരെയാണ്‌ വടക്കന്‍ കേരളത്തിലെ തെയ്യാട്ടക്കാലം.
പത്താമുദയത്തെ പഴയ തലമുറ ദീര്‍ഘകാലത്തെ പ്രവൃത്തികള്‍ക്ക്‌ തുടക്കമിടുന്ന ശുഭദിനമായിട്ടാണ്‌ കണ്ടിരുന്നത്‌. അന്ന്‌ നായാട്ട്‌ തുടങ്ങാനും വിവിധകലാപ്രകടനങ്ങള്‍ക്ക്‌ അരങ്ങൊരുക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു.അന്നു തന്നെയാണ്‌ പുതിയവിളവിറക്കാനുള്ള നെല്‍വിത്ത്‌ കാവിന്റെ തിരുനടയില്‍ കാണിക്കവയ്‌ക്കുന്നതും മന്ത്രമുദ്രിതമായ ചുണ്ടുകളോടെ വയലുകളിലേയ്‌ക്കു പോകുന്നതും.
എന്നാല്‍ കാര്‍ഷിക സംസ്‌കൃതി അന്യമാവുകയും പുതിയകാലത്തിന്റെ പരിഷ്‌ക്കാരങ്ങള്‍ വാരിച്ചൂടുകയും ചെയ്യുന്ന പുതു തലമുറയ്‌ക്ക്‌ പത്താമുദയം ഒരുഉദയമേയല്ല.അഗ്നേരാപ: എന്ന ഉപനിഷദ്‌ വാക്യം ഉരുവിട്ടു പഠിക്കുന്ന ജര്‍മ്മന്‍ കുട്ടികള്‍ അദ്‌ഭുതം വിടര്‍ന്ന കണ്ണുകളോടെയാണ്‌ ഭാരതത്തെ നോക്കിക്കാണുന്നത്‌. കാരണം മൈക്രോസ്‌ക്കോപ്പോ ടെലസ്‌ക്കോപ്പോ ഇല്ലായിരുന്ന അക്കാലത്ത്‌ H2O എന്ന സത്യം പണ്ടേ കണ്ടെത്തിയവരായിരുന്നു, ഭാരതീയ മുനീശ്വരന്‍മാര്‍.നമ്മുടെ പൂര്‍വ്വികന്‍മാര്‍ പറഞ്ഞുവച്ചതിലൊക്കെ പ്രപഞ്ചത്തിന്റെ ഉണ്‍മയുണ്ടെന്നും ശാസ്‌ത്രസത്യങ്ങളുണ്ടെന്നും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. ചരാചര പരിപാലകനായ സൂര്യദേവനെ ആരാധിക്കാന്‍ ഒരുദിനം കണ്ടുവച്ച ആ പൂര്‍വപുണ്യത്തെ നന്ദിയോടെ ഓര്‍ക്കാനെങ്കിലും ഈ പത്താമുദയത്തെ നമുക്കും അരിയിട്ടെതിരേല്‍ക്കാം.

ഈശ്വരാരാധനയുടേയും കാര്‍ഷിക സംസ്‌കൃതിയുടേയും അര്‍ത്ഥനിര്‍ഭരമായ അനേകം ദര്‍ശനങ്ങള്‍ തുലാമാസത്തിലെ പത്താമുദയത്തിന്റെ ചടങ്ങുകളില്‍ കാണാം.
കാരാകര്‍ക്കിടത്തില്‍ ഉപ്പുചിരട്ട പോലും കമിഴ്‌ത്തിവച്ച്‌ വറുതി ചുട്ടുതിന്ന പ്രാചീനന്‌ തെല്ലൊരാശ്വാസം ചൊരിഞ്ഞ്‌ കടന്നുവന്ന ചിങ്ങത്തിനു പിറകെ ഭാവികാലശുഭസൂചനയുമായി ഉദിച്ചുയരുകയാണ്‌ തുലാപ്പത്ത്‌. അന്ന്‌ സൂര്യോദയത്തിനു മുമ്പേ കുളിച്ച്‌ കുറിയഞ്ചും വരച്ച്‌ തറവാട്ട്‌ കാരണവരും തറവാട്ടമ്മയും മുറ്റത്ത്‌ നിലവിളക്കും നിറനാഴിയുമായി കാത്തുനില്‍ക്കും. ചരാചര ജീവകാരനായ പകല്‍വാഴുന്ന പൊന്നുതമ്പുരാന്‍ കിഴക്കു ദിക്കില്‍ ഉദിച്ചു പൊങ്ങുമ്പോള്‍ മന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ വാല്‍ക്കിണ്ടിയില്‍ നിന്ന്‌ വെള്ളം ജപിച്ചെറിഞ്ഞും ഇരുകയ്യിലും ഉണക്കലരി വാരിയെടുത്തെറിഞ്ഞ്‌ അരിയിട്ടെതിരേറ്റും പത്താമുദയത്തെ തറവാട്ടിനകത്തേക്ക്‌ നിലവിളക്കിലൂടെ പൂജാമുറിയിലേക്ക്‌ ആനയിക്കും. അന്നുതൊട്ട്‌ തറവാട്ടില്‍ നവോത്സാഹമാണ്‌ കളിയാടുക. കാറുമൂടാത്ത പത്താമുദയം നാടിനും വീടിനും സമ്പല്‍സമൃദ്ധിയാണ്‌ സമ്മാനിക്കുന്നതത്രേ.
കാര്‍ഷിക സംസ്‌ക്കാരം സമ്മാനിച്ച അമൂല്യമായ സന്ദേശവും പത്താമുദയത്തില്‍ കാണാം. അന്ന്‌ കന്നുകാലികളെ കൂട്ടിയ ആലയില്‍, കന്നിമൂലയില്‍ അടുപ്പ്‌ കൂട്ടി, കാലിച്ചാനൂട്ട്‌ എന്ന നിവേദ്യാര്‍പ്പണം നടത്തും. ഉണക്കലരിപ്പായസമാണ്‌ നിവേദ്യം.അത്‌ ഉണ്ടാക്കുന്നത്‌ തറവാട്ടിലെ പത്തോ പന്ത്രണ്ടോ വയസ്സുള്ള ആണ്‍കുട്ടികളായിരിക്കും.കാലിച്ചേകോന്‍ എന്നും കാലിച്ചാന്‍ എന്നും പേരിട്ടു വിളിക്കുന്ന സാക്ഷാല്‍ അമ്പാടിക്കണ്ണനെ സംപ്രീതനാക്കാനാണ്‌ പ്ലാവിലകളില്‍ ഈ നിവേദ്യം വിളമ്പി വെക്കുന്നത്‌. പ്രാര്‍ത്ഥന കഴിഞ്ഞാല്‍ വന്നുകൂടിയ കുട്ടികള്‍ക്കെല്ലാം പായസം വിളമ്പും.

No comments:

Post a Comment