ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, October 28, 2016

മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രത്തില്‍ ആയില്യം പ്രധാനം


കേരളത്തിലെ അതിപുരാതനവും ലോക പ്രശസ്തവുമായ നാഗ ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രം. ശിവ സര്‍പ്പമായ വാസുകിയും നാഗ യക്ഷിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. ഈ ക്ഷേത്രത്തില്‍ ഗണപതി, ദുര്‍ഗ്ഗ, ഭദ്രകാളി, ശിവന്‍, ശാസ്താവ് എന്നീ ഉപദേവതകളുണ്ട് . നാഗദൈവങ്ങളുടെ വിശ്വാസികള്‍ക്ക് ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് മണ്ണാറശാല. ക്ഷേത്രത്തിലെ പ്രധാന പൂജകള്‍ ചെയ്യുന്നത് മണ്ണാറശ്ശാല ഇല്ലത്തെ മുതിര്‍ന്ന അന്തര്‍ജ്ജനം ആണ് . വലിയമ്മ എന്ന പേരിലാണ് ഈ അന്തര്‍ജ്ജനം അറിയപ്പെടുന്നത്.

നാഗരാജാവിന്റെ അവതാരദിനമായി കേരളീയര്‍ ആചരിക്കുന്നത് കന്നിമാസത്തിലെ ആയില്യമാണ്. എന്നാല്‍ മണ്ണാറശ്ശാലയില്‍ തുലാമാസത്തിലും കന്നിമാസ ആയില്യത്തിനു തുല്യമായി കൊണ്ടാടപ്പെടുന്നു. "മണ്ണാറശ്ശാല ആയില്യം" ഇന്ന് ലോക പ്രസിദ്ധമാണ്. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് നിന്നും ഏകദേശം 3 കി.മീ വടക്ക് പടിഞ്ഞാറായിട്ടാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . കിഴക്കോട്ടു ദര്‍ശനമുള്ള ഇവിടുത്തെ പ്രധാന പ്രതിഷ്ഠ വാസുകിയും സര്‍പ്പയക്ഷിയുമാണ്.
ദ്വാപര യുഗത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ സഹായത്തോടെ അര്‍ജ്ജുനന്‍ ഖാണ്ടവ ദഹനം ഭാരത വര്‍ഷത്തിലെ വിസൃതമായ വനപ്രദേശങ്ങള്‍ അഗ്നിക്കകപ്പെട്ടു. ഭൂമിയ്ക്ക് ചൂടേറി സര്‍പ്പങ്ങള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. തതവസരത്തില്‍ ഈ പ്രദേശത്തു താമസിച്ചിരുന്ന ഒരമ്മ ആറ്റില്‍ നിന്നും വെള്ളം കോരിയെടുത്ത്‌ ഭൂമിയില്‍ ഒഴിച്ച് തണുപ്പിച്ചു. അങ്ങനെ വെള്ളം വീണ് മണ്ണാറിയ ആ സ്ഥലത്തിന് മണ്ണാറശ്ശാല എന്നു പെരുവന്നുവെന്നും വിശ്വാസം. ആ അമ്മയുടെ കുടുംബത്തിലെ അമ്മമാരാണ് ഇപ്പോഴും മണ്ണാറശ്ശാല അമ്മ.
പരശുരാമനാണ് കേരളത്തിലെ നാഗാരാധനയ്ക്ക് ആരംഭം കുറിച്ചത് . കേരളം സൃഷ്ടിച്ചപ്പോള്‍ പാമ്പുകളുടെ ആധിക്യവും ജലത്തിലെ ലവണാംശ കൂടുതലും കാരണം ഭൂമി വാസ യോഗ്യമല്ലാതായി .ഇതിനാല്‍ പരശുരാമന്‍ ശ്രീ പരമേശ്വരനെ തപസ്സു ചെയ്തു ഉപദേശം സ്വീകരിച്ചു .അനന്തരം വീണ്ടും തപസ്സനുഷ്ടിച്ച് നാഗരാജനായ അനന്തനെയും സര്‍പ്പ ശ്രേഷ്ടനായ വാസുകിയെയും പ്രത്യക്ഷപെടുത്തി. സര്‍പ്പങ്ങള്‍ക്ക് പ്രത്യേക വാസസ്ഥലം നല്‍കുകയും പൂജകള്‍ ചെയ്യുകയും ചെയ്‌താല്‍ സര്‍പ്പ ശല്യം ഉണ്ടകുകയില്ലന്നും, ജലത്തിലെ ലാവണാംശ നിവാരണത്തിനു അവരെ നിയോഗിക്കയും ചെയ്തു. പരശുരാമന്‍ വിഷ്ണുസ്വരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും മണ്ണാറശ്ശാലയില്‍ പ്രതിഷ്ടിച്ചു എന്നും ഒരു ഐതീഹ്യം ഉണ്ട്.
ഈ ക്ഷേത്രത്തില്‍ ആയില്യവുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രധാന വിശേഷമാണ് ആയില്യം എഴുന്നെള്ളത്ത്. ആയില്യം നാളില്‍ മണ്ണാറശ്ശാല അമ്മ ക്ഷേത്രത്തില്‍ നിന്ന് നാഗരാജാവിനെ ഇല്ലത്തേയ്ക്ക് എഴുന്നള്ളിക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് ആയില്യം എഴുന്നെള്ളത്ത്. അമ്മയുടെ ഇല്ലത്തെ നിലവറയില്‍ കുടികൊള്ളുന്ന അനന്ത സാന്നിധ്യത്തിന്റെയും ക്ഷേത്രത്തിലെ വാസുകീ ചൈതന്യത്തിന്റെയും ഒരു കൂടിച്ചേരലായി ഈ ചടങ്ങ് സങ്കല്‍പ്പിക്കപ്പെടുന്നു. എഴുന്നെള്ളത്തിനായി ക്ഷേത്രകുളത്തില്‍ നിന്നും കുളിച്ചു വന്നു അമ്മ ശ്രീകോവിലിനുള്ളില്‍ പ്രവേശിച്ചു കൊവിലിനുള്ളില്‍ നിനും കൂത്ത് വിളക്കിലെയ്ക്ക് ദീപം പകരും. ഈ സമയം ശംഖ്, വായ്ക്കുരവ, തിമിലപ്പാണി എന്നിവ മുഴങ്ങി കേള്‍ക്കും. തുടര്‍ന്ന് അമ്മ നാഗരാജവിന്റെ തിരുമുഖവും നാഗഫണവുമായി ശ്രീകോവിലിനു പുറത്തേയ്ക്ക് എഴുന്നെള്ളും. കുടുംബത്തിലെ ഇളയമ്മ സര്‍പ്പയക്ഷിയുടെയും കാരണവന്‍മാര്‍ നാഗചാമുണ്ടിയുടേയും , നാഗയക്ഷിയുടേയും വിഗ്രഹവുമായി അമ്മയെ അനുഗമിക്കും. സര്‍വ്വവിധ രാജചിഹ്നങ്ങളോടും കൂടിയുള്ള എഴുന്നെള്ളത്ത് ക്ഷേത്രത്തിന് വലംവെച്ച്‌ ഇല്ലത്തെ നിലവറയ്ക്കു സമീപമുള്ള തെക്കേതളത്തില്‍ എത്തുന്നതോടെ അവസാനിക്കും. ശേഷം ഇല്ലത്ത് പൂജ, നൂറുംപാല്‍ സര്‍പ്പബലി, ഗുരുതി പൂജ എന്നിവ നടക്കും. ഈ പൂജകള്‍ കഴിയുമ്പോള്‍ അമ്മ ഭഗവത് ചൈതന്യമുള്‍കൊണ്ട് കൂത്തുവിളക്കിന്റെ അകമ്പടിയോടു കൂടി തിരികെ ക്ഷേത്രത്തില്‍ മടങ്ങിയെത്തും. ഈ എഴുന്നെള്ളത്തു ദര്‍ശിച്ച് ആയില്യം തൊഴുതു മടങ്ങിയാല്‍ നാഗദേവതാ പ്രീതിയിലൂടെ സന്താനഭാഗ്യം, രോഗശമനം, ധനാഭിവൃദ്ധി, ദാമ്പത്യസുഖം തുടങ്ങീ സര്‍വ്വൈശ്വര്യങ്ങളും കൈവരുമെന് വിശ്വാസം.

മഞ്ഞളിന്‍റെ ഹൃദ്യഗന്ധവും പുള്ളുവന്‍ പാട്ടിന്‍റെ ഈണവും നിറഞ്ഞുനില്‍ക്കുന്നതാണ് മണ്ണാറശാല ക്ഷേത്ര പരിസരം.

തുലാ മാസത്തിലെ  ആയില്യമാണ് ഇവിടത്തെ പ്രധാന ആഘോഷം.

ഏതാണ്ട് മുപ്പത് ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന്‍റെ ഭൂരിഭാഗവും കാവാണ്. മണ്ണാറശാല ഇല്ലം വകയാണ് ക്ഷേത്രം. കിഴക്കോട്ടാണ് ദര്‍ശനം. പീഠത്തിലുള്ള വിഗ്രഹത്തിന് അഞ്ചടി ഉയരം. പൂജ ഒരുനേരമെയുള്ളു. ശാസ്താവ്, ഭദ്രകാളി, ശിവന്‍, ഗണപതി, ദുര്‍ഗ്ഗ എന്നിവര്‍ ഉപദേവതമാര്‍.

ഒരു ലക്ഷത്തിലധികം നാഗരൂപങ്ങള്‍

ക്ഷേത്രത്തിനകത്ത് ഒരുലക്ഷത്തിലധികം നാഗരൂപങ്ങളുണ്ട്. സ്ത്രീകളാണ് ഇവിടത്തെ പൂജാരിമാര്‍. പ്രധാന പൂജ അവരും ഉപപൂജകള്‍ പുരുഷന്മാരുമാണ് നടത്തുന്നത്. ക്ഷേത്ര മതിലിനു പുറത്ത് വലിയമ്മയുടെ തേവാരപ്പുര കാണാം. പടിഞ്ഞാറായി ഒരു കൂവളത്തറയും.

കുഴിക്കുളങ്ങര ഭദ്രകാളിയുടേയും കുര്യം‌കുളങ്ങര ധര്‍മ്മശാസ്താവിന്‍റെയും പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. കുഷ്ഠം, വെള്ളപ്പാണ്ട്, കണ്ണ് രോഗങ്ങള്‍, സന്താനദുരിതം എന്നിവയ്ക്കായി ഇവിടെ നൂറും പാലും നേദിക്കും. പാമ്പ് കടിച്ചാല്‍ ഇവിടത്തെ പാലും പഴനേദ്യവും കൊടുത്താല്‍ വിഷം ഛര്‍ദ്ദിക്കും.

മലയാള മാസം ഒന്നാം തീയതി, പൂയം നാള്‍, മാഘമാസത്തിലെ തുടക്കം മുതല്‍ ശിവരാത്രിയുടെ തലേന്നു വരെ, ചിങ്ങത്തിലെ തിരുവോണം, കന്നി, തുലാം മാസങ്ങളില്‍ ആയില്യത്തിനു മുമ്പ് 12 ദിവസം എന്നിവ വലിയമ്മ നടത്തുന്ന പൂജകളാണ്.

എല്ലാ മാസവും ആയില്യത്തിന് നിലവറയ്ക്കകത്ത് നൂറും പാലും, ശിവരാത്രി ദിവസത്തെ സര്‍പ്പബലി, പിറ്റേന്ന് അപ്പൂപ്പന്‍ കാവില്‍ നൂറും പാലും എന്നിവയും മണ്ണാറശാല അമ്മയുടെ പൂജയാണ്.

ഉരുളി കമിഴ്ത്തല്‍

മണ്ണാറശാല ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാട് ഉരുളി കമിഴ്ത്തലാണ്. കുഞ്ഞുങ്ങളില്ലാതെ ദു:ഖിക്കുന്നവര്‍ ക്ഷേത്രത്തില്‍ ഉരുളി കമിഴ്ത്തിയാല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവും എന്നാണ് വിശ്വാസം. കുഞ്ഞുണ്ടായി ആറു മാസത്തിനകം ക്ഷേത്രത്തില്‍ എത്തി കമിഴ്ത്തിവച്ച ഉരുളി നിവര്‍ത്തി പായസം വച്ച് സര്‍പ്പങ്ങള്‍ക്ക് നിവേദിക്കുന്നു.

മണ്ണാറശാല ആയില്യത്തിന് എഴുന്നള്ളത്തിനോട് അനുബന്ധിച്ച് സദ്യയും കലാപരിപാടികളും ഉണ്ടാവാറുണ്ട്. പഴം, പാല്‍, പാല്‍പ്പായസം, പുറ്റും മുട്ടയും, ഉപ്പ്, മഞ്ഞള്‍, സര്‍പ്പ വിഗ്രഹങ്ങള്‍, ആള്‍ രൂപങ്ങള്‍ എന്നിവ നടയിലെ വഴിപാടുകളാണ്.

ശിവരാത്രിക്ക് മാത്രമേ ഇവിടെ സന്ധ്യയ്ക്ക് ദീപാരാധനയുള്ളു. അന്ന് മറ്റ് പൂജകളും അത്താഴപൂജയും ഉണ്ടാവും.

*(ആലപ്പുഴ ജില്ലയിലെ മറ്റൊരു പ്രധാനപ്പെട്ട നാഗരാജാ ക്ഷേത്രമാണ് വെട്ടിക്കോട്ടുള്ളത്. കായംകുളം - അടൂര്‍ റൂട്ടിലാണ് വെട്ടിക്കോട്. കായം‌കുളത്തു നിന്ന് ഏതാണ്ട് 10 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഇവിടെ കന്നി മാസത്തിലെ ആയില്യമാണ് പ്രധാനം)*

No comments:

Post a Comment