പഥി ച്യുതം തിഷ്ഠതി ദ്വിഷ്ടരക്ഷിതം
ഗൃഹേ സ്ഥിതം തദ്വിഹതം വിനശ്യതി
ജീവത്യനാഥോഽപി തദീക്ഷിതോ വനേ
ഗൃഹേഽപി ഗുപ്തോഽസ്യ ഹതോ ന ജീവതി (7-2-40)
നാരദന്‍ പറഞ്ഞു:
തന്റെ സഹോദരനായ ഹിരണ്യാക്ഷനെ ഭഗവാന്‍ വരാഹാവതാരമെടുത്ത് വധിച്ച വിവരമറിഞ്ഞ് ഹിരണ്യകശിപുവിന് കലശലായ ക്രോധമുണ്ടായി. അയാള്‍ പറഞ്ഞു. “ഈ നീചരായ ദേവന്മാര്‍ വിഷ്ണുവിനെക്കൊണ്ട് എന്റെ സഹോദരനെ കൊല്ലിച്ചു. വിഷ്ണു നിഷ്പക്ഷമതിയൊക്കെ യാണെങ്കിലും ഭഗവല്‍സേവകൊണ്ട്, ദേവന്മാരദ്ദേഹത്തെ വശത്താക്കി. എന്റെ ജ്യേഷ്ഠന്റെ മരണത്തിന് പ്രതികാരമായി ഞാന്‍ ആ വിഷ്ണുവിനെത്തന്നെ വധിക്കും.” ഹിരണ്യകശിപു തന്റെ രാക്ഷസവൃന്ദത്തോട് കല്‍പ്പിച്ചു. “വിഷ്ണു നിലനില്‍ക്കുന്നുത് ധര്‍മ്മത്തിലൂടെയും ധര്‍മ്മപരിപാലനത്തിലൂടെയുമാണ്. ഇതെല്ലാം ചെയ്യുന്നുതോ ദിവ്യപുരുഷന്മാരായ ഋഷിമുനിമാരുമാണ്. അവരെയെല്ലാം നശിപ്പിക്കുന്നുതുകൊണ്ട് വിഷ്ണുവും നശിക്കും.” രാക്ഷസന്മാര്‍ അവരുടെ യജമാനന്റെ ആജ്ഞ നിറവേറ്റാന്‍ പുറപ്പെട്ടു. സഹോദരന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയശേഷം ഹിരണ്യകശിപു മറ്റു ബന്ധുക്കളോടായി പറഞ്ഞു.
“സങ്കടപ്പെടാതിരിക്കൂ. ഒരു വീരയോദ്ധാവിനെ സംബന്ധിച്ചേടത്തോളം ശത്രുവിനെ നേരിട്ടുകൊണ്ടുളള മരണം മഹത്വമേറിയതാണ്. ആത്മാവ് അനശ്വരമത്രേ. ജനനമരണങ്ങളും കണ്ടുമുട്ടലും വേര്‍പിരിയലും എല്ലാം ശരീരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ ശത്രുക്കളായാലും മിത്രങ്ങളായാലും. ആത്മാവ് അജ്ഞതകൊണ്ട് ശരീരവുമായി ഏകാത്മതാഭാവം കൈക്കൊളളുന്നതു കൊണ്ടാണ് ഈ അനുഭവങ്ങളെല്ലാം തോന്നുന്നത്. ഞാന്‍ ഇതിനെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ട്.
സുയജ്ഞന്‍ എന്ന പേരില്‍ ഒരു രാജാവുണ്ടായിരുന്നു. അയാള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും കരഞ്ഞു സങ്കടപ്പെട്ട് മൃതദേഹത്തിനു ചുറ്റും ഇരുന്നു. ഭാര്യമാര്‍ സതിയനുഷ്ടിക്കാന്‍ തയ്യാറായിരുന്നു. അപ്പോഴേക്കും സൂര്യാസ്തമയമായി. യമദേവന്‍ ഒരു ചെരിയ ബാലന്റെ രൂപത്തില്‍ വന്നു് അവരോട് പറഞ്ഞു. “ഈ മുതിര്‍ന്നവര്‍ എത്ര വിഡ്ഢികളാണ്? മരിച്ചവര്‍ക്കുവേണ്ടി കരയുന്നു. എന്നാല്‍ മരണം സ്വന്തം വാതില്‍ക്കലും കാത്തുനില്‍ക്കുകയാണെന്ന് അവരറിയുന്നില്ല. ഞങ്ങള്‍ കുട്ടികള്‍ അനുഗ്രഹീതരാണ്. ഞങ്ങള്‍ക്ക് ആ വക ഭയങ്ങള്‍ ഒന്നുമില്ല. അമ്മയുടെ ഉദരത്തില്‍ വെച്ച് ഞങ്ങളെ സംരക്ഷിക്കുന്നുവരാരോ അവരാണ് ഞങ്ങളുടെ ശരിയായ രക്ഷകന്‍. നാമെല്ലാം വിധിയുടെ കയ്യിലെ പാവകളത്രേ. വഴിയില്‍ വീണുപോയ ഒരു വസ്തു, ഈശ്വരേഛയുണ്ടെങ്കില്‍ അവിടെ സുരക്ഷിതമാണ്. ഒരു ഗൃഹത്തില്‍ സൂക്ഷിച്ചു വെച്ചിട്ടുളള വസ്തു, ഈശ്വരനിശ്ചയം കൊണ്ട് അപ്രത്യക്ഷമാവാം. ഒരു കാട്ടില്‍ക്കഴിയുന്ന അഗതിക്ക് വിധിയുണ്ടെങ്കില്‍ പരിപൂര്‍ണ്ണസുരക്ഷിത്വമുണ്ട്. എന്നാല്‍ ഒരു വീട്ടില്‍ സുരക്ഷാ സന്നാഹങ്ങളോടെ കഴിയുന്ന ഒരുവന് വിധിനിയോഗമനുസരിച്ച് മരണവും സാദ്ധ്യമത്രെ. കര്‍മ്മത്താലാണ് ജീവികള്‍ക്ക് ശരീരം ലഭിക്കുന്നുത്. എന്നാല്‍ ആത്മാവ് ശരീരത്തില്‍ നിന്നും വിഭിന്നമാണ്. അഗ്നി, ആകാശം, വായു ഇവയ്ക്ക് രൂപമുണ്ടാവണമെന്നില്‍ അവ മറ്റു രൂപങ്ങളുമായി കൂട്ടുചേരണം. ഒറ്റയ്ക്ക് അവ രൂപരഹിതവും സ്വതന്ത്രവുമത്രെ. ഈ രാജാവിന്റെ ശരീരത്തിലൂടെ സംസാരിച്ചയാളിനെ നിങ്ങള്‍ ഇപ്പോള്‍ കാണുന്നില്ല. എന്നാല്‍ മരണത്തിനുമുന്‍പും ഈ ശരീരത്തിലൂടെ സംസാരിച്ചയാളെ നിങ്ങള്‍ കണ്ടിട്ടില്ലതന്നെ. ഇതിനെയെല്ലാം ഉണ്‍മയെന്നുകരുതുന്നതാണ് അജ്ഞത. മരണഹേതുവും മറ്റൊന്നല്ല. ഒരിക്കല്‍ രണ്ടിണപ്പക്ഷികള്‍ പറന്നുപോവുകയായിരുന്നു. അപ്പോള്‍ ഒരു വേടന്‍ അതിലൊന്നിനെ അമ്പെയ്തു വീഴ്ത്തി. ആണ്‍കിളി ദുഃഖത്തോടെ പെണ്‍കിളിയെ നോക്കി കരയാന്‍ തുടങ്ങി. വേടന്‍ അതിനെയും അമ്പെയ്തു കൊന്നു. സ്വന്തം വാതില്‍ക്കല്‍ മരണം മുട്ടുന്നതു കാണാതെ മരിച്ചവര്‍ക്കായി നിങ്ങള്‍ കരയുന്നതു കഷ്ടം തന്നെ. ഈ കുട്ടിയുടെ വാക്കുകള്‍ കേട്ട് രാജാവിന്റെ ബന്ധുക്കള്‍ ദുഃഖനിവൃത്തരായി. അതുകൊണ്ട് എന്റെ സഹോദരന്റെ മരണത്തില്‍ നിങ്ങള്‍ സങ്കടപ്പെടരുത്. ഹിരണ്യകശിപുവിന്റെ വാക്കുകള്‍ കേട്ട് ഹിരണ്യാക്ഷന്റെ വിധവ, തന്റെ മനസ് പരമസത്യത്തിലുറപ്പിച്ച് ശാന്തി നേടി.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment