ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, October 15, 2016

ഗുരുവായൂർ മാഹാത്മ്യം

ഓം നമോ ഭഗവതേ വാസുദേവായ!
ഗുരുവായൂർ ദേവസ്വം ആക്റ്റ് 1971 മാർച്ച് 9ന് നിലവിൽ വന്നു. 1978 ൽ പരിഷ്കരിച്ച നിയമ പ്രകാരമാണ് ഭരണം നടത്തുന്നത്. കേരള സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്. സാമൂതിരി രാജാവ്, മല്ലിശ്ശേരി നമ്പൂതിരി, ക്ഷേത്രം തന്ത്രി, ക്ഷേത്രം ജീവനക്കാരുടെ ഒരു പ്രതിനിധി, മറ്റ് അഞ്ചുപേർ (ഇതിൽ ഒരാൾ പട്ടിക ജാതിയിൽ നിന്നായിരിക്കണം). ചേർന്നതാണ് സമിതി. സർക്കാർ ഡെപ്യുട്ടേഷനിൽ നിയമിക്കുന്ന ഉദ്യോഗസ്ഥനായ അഡ്മിനിസ്ട്രേറ്ററാണ് സമിതി സെക്രട്ടറി. ഡെപ്യൂട്ടി കളക്ടറുടെ റാങ്കിൽ താഴെയുള്ളയാളാവരുത്, അഡ്മിനിസ്‌ട്രേറ്റർ. എന്നാൽ 2013ൽ ഈ നിയമത്തിന് വിരുദ്ധമായി മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി സൂപ്രണ്ടായിരുന്ന (നിയമപ്രകാരം അദ്ദേഹം ഡെപ്യൂട്ടി കളക്ടറുടെ താഴെയാണ്) കെ. മുരളീധരനെ (ക്ഷമിക്കണം, അതേ പേരിലുള്ള രാഷ്ട്രീയനേതാവല്ല) അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് വിവാദത്തിനിടയാക്കി.
പാരമ്പര്യമായി പുഴക്കര ചേന്നാസ് നമ്പൂതിരിയാണ് തന്ത്രി. ആദ്യം തന്ത്രി പുലിയന്നൂരായിരുന്നുവെന്നും ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയിൽനിന്ന് ക്ഷേത്രം പിടിച്ചെടുത്ത സാമൂതിരി രാജാവ് തന്റെ സദസ്യനായിരുന്ന ചേന്നാസിനെ തന്ത്രിയാക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഈ കുടുംബത്തിലെ പൂർവ്വികനായിരുന്ന നാരായണൻ നമ്പൂതിരിയാണ് കേരളത്തിലെ ക്ഷേത്രങ്ങൾ പാലിച്ചുപോകുന്ന നിയമങ്ങളടങ്ങിയ പ്രശസ്തമായ തന്ത്രസമുച്ചയം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്.
പഴയം, മുന്നൂലം, പൊട്ടക്കുഴി, കക്കാട് എന്നീ ഇല്ലക്കാരാണ് ഓതിക്കന്മാർ. പന്തീരടി പൂജയ്ക്ക് മേൽശാന്തിയെ ഓതിക്കൻ സഹായിക്കും. തന്ത്രി ഇല്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ ചുമതലകൾ ചെയ്യുന്നതും ഓതിക്കനാണ്. മുമ്പ് കേരളത്തിലെ പല ക്ഷേത്രങ്ങളിലും നിലവിലുണ്ടായിരുന്ന പദവിയാണിത്. ഇന്ന് ഈ പദവി നിലനിൽക്കുന്ന ഏകക്ഷേത്രം ഗുരുവായൂരാണ്.
മേൽശാന്തിയെ ഭരണസമിതി ആറുമാസത്തേക്ക് നിയമിക്കുന്നു. ആ കാലയളവിൽ മേൽശാന്തി അമ്പലപരിസരം വിട്ടുപോകാൻ പാടില്ലാത്തതും (പുറപ്പെടാശാന്തി) കർശനമായി ബ്രഹ്മചര്യം അനുഷ്ഠിക്കേണ്ടതുമാണ്. തന്ത്രിയുടേയും ഓതിക്കന്റേയും കീഴിൽ രണ്ടാഴ്ച ക്ഷേത്രത്തേയും ആചാരങ്ങളേയും പൂജകളേയും പറ്റി പഠിച്ച് മൂലമന്ത്രം ഗ്രഹിച്ചാണ് ചുമതലയേക്കുന്നത്. നിയുക്തമേൽശാന്തി തൽസ്ഥാനമേൽക്കുന്നതുവരെ ക്ഷേത്രത്തിൽ ഭജനമിരിക്കേണ്ടതാണ്. ഏപ്രിൽ, ഒക്ടോബർ എന്നീ മാസങ്ങളിലാണ് മേൽശാന്തിമാർ സ്ഥാനമേൽക്കുക. പഴയ കേരളത്തിലെ ശുകപുരം, പെരുവനം എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള നമ്പൂതിരിമാരാണ് മേൽശാന്തിമാരാകുക.
മേൽശാന്തിയെ സഹായിക്കാൻ രണ്ട് കീഴ്ശാന്തിമാർ ഉണ്ടായിരിക്കും.കാരിശ്ശേരിയിലെ പതിനലു നമ്പൂതിരി ഇല്ലങ്ങളിൽ നിന്ന്, ഒരു മാസം രണ്ട് ഇല്ലക്കാർ വീതം ഊഴം വച്ചാണ് കീഴ്ശാന്തി ചെയ്യുന്നത്. ക്ഷേത്രത്തിൽ നിവേദ്യംപാചകം ചെയ്യുന്നതും ചന്ദനം അരച്ചുകൊണ്ടുവരുന്നതും അഭിഷേകത്തിനും നിവേദ്യത്തിനും മറ്റും ജലം കൊണ്ടുവരുന്നതും ശീവേലിക്ക് തിടമ്പെഴുന്നള്ളിക്കുന്നതും പ്രസാദം വിതരണം ചെയ്യുന്നതുമെല്ലാം കീഴ്ശാന്തിമാരാണ്. 
എന്നാൽ മറ്റുക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി മേൽശാന്തിയുടെ അഭാവത്തിൽ ഇവർക്ക് അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കാൻ കഴിയില്ല. പകരം, "ശാന്തിയേറ്റ നമ്പൂതിരി" എന്ന സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ചുമതലകൾ നിർവ്വഹിക്കുന്നത്.
ഓം നമോ ഭഗവതേ വാസുദേവായ!

No comments:

Post a Comment