ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, October 15, 2016

ശ്രീമദ് ഭഗവത്‌ ഗീത പഠനം.

   
Udayabhanu Panickar
September 21 at 9:11pm


ഭാരതത്തിന്റെ ആത്മീയതയിൽ ബഹു “ദൈവങ്ങൾ” ഇല്ല, ഉള്ളത് പരബ്രഹ്മം മാത്രം ആണ്. വിശ്വാസങ്ങൾക്കും വലിയ സ്ഥാനം ഇല്ല. അറിവിനാണ് പ്രാധാന്യം. അറിവ് നേടിക്കഴിയുമ്പോൾ എല്ലാം തെളിഞ്ഞു വരും, ദൈവവും, ദേവതയും പരബ്രഹ്മവും, ജീവജാലങ്ങളും അഘിലാണ്ഡവും എല്ലാം.
"ബഹുദൈവ വിശ്വാസം നല്ലതിനോ" എന്ന വിഷയത്തെപ്പറ്റിയുള്ള ചർച്ചയിൽ ആരോ ഇങ്ങനെ എഴുതിക്കണ്ടു: "ഈശ്വരനായിക്കാണുന്നതും ദേവനായിക്കാണുന്നതും അങ്ങയെ തന്നെയാണെന്നാണ്". "ഇശ്വരനായിക്കാണുന്നതും" ഈശ്വരനും തുല്യമല്ല. ഇഷ്ടദേവതയിൽക്കൂടി ആ പരബ്രഹ്മത്തെ അറിയുന്നു എന്നാണതിനർത്ഥം. ദേവതയും ദൈവവും എന്തെന്നു തിരിച്ചറിയാൻ പാടില്ലാതിരുന്ന പാച്ഛാത്ത്യർ നമ്മേ (ബഹുദൈവവിശ്വാസികളായി ചിത്രീകരിക്കാൻ വേണ്ടി) അവർക്കുള്ളതിനു തുല്ല്യം ആണു് നമ്മുടെ ദേവതമാർ എന്നു കരുതി തെറ്റായി ഭാഷാപരിവർത്തനം നടത്തി. (അങ്ങനെ സ്ഥാപിച്ചെടുക്കാൻ ഉള്ള ശ്രമം ആയിരുന്നു എന്നതാണു ശരി). അതിനെ അംഗീകരിച്ചു ഭാരതീയരും ബഹുദൈവവിസ്വസികൾ ചമഞ്ഞു നടക്കുന്നു.

കുളത്തിലെ വെള്ളത്തിൽ കാണുന്ന സൂര്യന്റെ പ്രതിബിംബവും കിണറ്റിലെ വെള്ളത്തിൽ കാണുന്ന സൂര്യന്റെ പ്രതിബിംബവും സൂര്യനല്ല. മൂന്നും സൂര്യൻ ആണെന്നു തോന്നാം എങ്കിലും അങ്ങനെയല്ല; സൂര്യൻ ഒന്നേ ഉള്ളൂ. അതേപോലെ പരബ്രഹ്മം ഒന്നേ ഉള്ളൂ; അതിനെ ഈശ്വരനെന്നും ദൈവം എന്നും ദേവത എന്നും എല്ലാം പറയാറുണ്ടെങ്കിലും.
ദേവാദിദേവന്മാരില്ല, ദേവാദിദേവനെ ഉള്ളൂ. ദേവന്മാരിൽ ആദ്യത്തെ ദേവൻ ആണു് ആദിദേവൻ. അതാണ് ദേവാദിദേവൻ. അതായത് ആദ്യം ഉണ്ടായ ദേവൻ. ഒരേ പ്രസവത്തിൽ ഒന്നിലധികം കുഞ്ഞുങ്ങൾ ജനിച്ചാൽ തന്നെയും ഗർഭപാത്രത്തിൽ നിന്നും ആദ്യം ഉണ്ടാകുക; ആദ്യം വെളിയിൽ വരിക അഥവാ ജനിക്കുക, ഒരു കുഞ്ഞു മാത്രം ആണു. അപ്പോൾ ഒന്നിലധികം ദേവാദിദേവന്മാർ ഉണ്ടാകുക സാദ്ധ്യമല്ല. ഒന്നേ സാദ്ധ്യമാകൂ. ചിലർ അതു ശിവനെന്നും മറ്റു ചിലർ അതു വിഷ്ണു എന്നും കരുതുന്നു. എന്നാൽ ഇവരും ബ്രഹ്മാവും സത്യത്തിൽ ആ അനാദിയായ ഒന്നിന്റെ പ്രതിബിംബങ്ങൾ മാത്രം ആണെന്നോർക്കുക. അതിനു പരബ്രഹ്മം എന്നാണു പറയേണ്ടതും, മറ്റൊന്നുമല്ല. നേരത്തെ എഴുതിയത് പോലെ മദ്ധ്യപൂർവ്വ ഏഷ്യയിൽ ജന്മംകൊണ്ട മതങ്ങളിലാണു God ഉണ്ടായതും ഉള്ളതും. ആ പ്രയോഗം തന്നെ ഭാരതത്തിന്റെ ആത്മീയതയുടെ പൂർണ്ണത്ത്വത്തിൽ തെറ്റായ പ്രയോഗം ആണ്‌. ആ മതങ്ങളുമായുള്ള ഇടപെടൽ കാരണം നാം ആ പദം ഉപയോഗിക്കുന്നുണ്ട് എന്നത് വാസ്ഥവം തന്നെ. പക്ഷെ അത് ശരിയായ പദപ്രയോഗം അല്ല. സാധാരണ ജനങ്ങളെ മനസ്സിലാക്കിക്കാനായി ഉപയോഗിക്കേണ്ടതായി വന്നേക്കാം. എന്നാലും ശരിയായ പദപ്രയോഗം അല്ല അത്.
ആ പരബ്രഹ്മം ഒന്നേയുള്ളൂ എന്നതിന് അനേകം തെളിവുകൾ ഗീത അടക്കം ഉള്ള നമ്മുടെ ഉപനിഷത്തുക്കളിൽ ധാരാളമായി കാണാം. (ഇത് ഗീതാ പഠനത്തിനുള്ള ഒരു കൂട്ടായ്മ ആയതിനാൽ ഇതിലുള്ളവർ ഗീത കുറെ എങ്കിലും പഠിച്ചിരിക്കും എന്നും ഞാൻ കരുതിയിരുന്നു.)

ഇതാ ഏതാനും തെളിവുകൾ:
എല്ലാം എന്നിൽ ജനിച്ചു, എല്ലാം എന്നിൽ പ്രതിഷ്ടിതമായിരിക്കുന്നു. എല്ലാം അവസാനം എന്നിൽ ലയം പ്രാപിക്കുന്നു. അങ്ങനെയുള്ള അദ്വയബ്രഹ്മമാണു ഞാൻ.
ഞാൻ അണുവിലും അണുവും, മഹത്തിലും മഹത്തും ആണു്. വിചിത്രമായ ഈ പ്രപഞ്ചം എന്റെ സ്വരൂപം തന്നെ. ഞാൻ തന്നെയാണു് പരമാത്മാവും വിരാട്പുരുഷനും.
കൈകാലുകളില്ലാത്തതും, അചിന്ത്യ ശക്തിയും ആയ പരബ്രഹ്മം ഞാൻ തന്നെ. ചിത്സ്വാരൂപനായ എന്നെ ആർക്കും അറിയാനും മനസ്സിലാക്കുവാനും ആവില്ല. ബുദ്ധികൂടാതെ സകലതും അറിയാൻ, സ്ഥൂലകർമ്മങ്ങളില്ലാതെ എല്ലാം കേൾക്കാൻ, നേത്രങ്ങളില്ലാതെ സർവ്വവും കാണാൻ എനിക്ക് കഴിവുണ്ട്. ഞാൻ തന്നെ വേദം സൃഷ്ടിച്ചു. സർവ്വവേദങ്ങളും എന്നെ സ്തുതിക്കുന്നു. ഞാൻ ജന്മനാശങ്ങൾക്കതീതനാണ്. എന്നെ പാപ പുണ്ണ്യങ്ങൾ സ്പർശിക്കുന്നില്ല. ഞാൻ ശരീരമനോബുദ്ധികൾക്ക് അതീതനാണ്. എനിക്കു് ഭൂമിയോ ജലമോ അഗ്നിയോ വായുവോ ആകാശമോ ഒന്നുമില്ല. ഇങ്ങനെയുള്ള മായാമയ പ്രപഞ്ചങ്ങൾക്ക് അതീതീതനായി സർവ്വസാക്ഷിയായി അദ്വതീയമായി, കരാചരണരഹിതമായി ബുദ്ധിയുടെ കോണിലുള്ള പരമാത്മസ്വരൂപത്തെ അറിയുന്നവനു മാത്രമേ ശുദ്ധമായ എന്റെ പരമാത്മസ്വരൂപസാക്ഷാത്ക്കാരം സിദ്ധിക്കുകയുള്ളൂ.
ഏതു ഭക്തന്മാർ അന്യദേവതകളെ ശ്രദ്ധാപൂർവ്വം ഉപാസിക്കുന്നുവോ, അവരും വിധിപ്രകാരമല്ലെങ്കിലും എന്നെത്തന്നെയാണുപാസിക്കുന്നതു.
സപ്‌തർഷികളും അവർക്കുമുമ്പുള്ള നാൽവരും, അപ്രകാരം തന്നെ മാനുകളും എന്റെ പ്രഭാവത്തോടുകൂടിയവരും എന്റെ മനസ്സിൽ നിന്നും ജനിച്ചവരും ആകുന്നു. ലോകത്തുള്ള ഈ പ്രജകളെല്ലാം അവരിൽനിന്നും ഉണ്ടായി.
ഞാൻ എല്ലാത്തിന്റെയും ഉല്പത്തിസ്ഥാനമാകുന്നു, എല്ലാം എന്നിൽ നിന്നും ആണ് പൊട്ടിപ്പുറപ്പെടുന്നത് എന്നറിഞ്ഞു വിവേകികൾ പരമപ്രേമവായ്പോടെ എന്നെ ഭജിക്കുന്നു.
സർവ്വ ഭൂതങ്ങളുടെയും ഉള്ളിൽ വിളങ്ങുന്ന ആത്മാവ് ഞാനാകുന്നു. എല്ലാറ്റിന്റെയും ആദിയും മദ്ധ്യവും അന്തവും ഞാൻ തന്നെ. ആയതിനാൽ ഇഷ്ടദേവതകളെ ഭജിക്കുക എന്നതു തെറ്റല്ല. ഏതേതു ഭക്തൻ ഏതേതു ദേവതയെ (ദേവമൂർത്തിയെ) ശ്രദ്ധയോടെ ഭജിക്കാനിച്ഛിക്കുന്നുവെ അതാത് ഭക്തന്റെ ആ ശ്രദ്ധയെത്തന്നെ ഞാൻ ദൃഢമാക്കിത്തിർക്കുന്നു.
ഏതേതു ഭക്തൻ (അന്യദേവതാഭക്തൻ) ഏതേതു ദേവതയെ (ദേവമൂർത്തിയെ) അവൻ അപ്രകാരമുള്ള ശ്രദ്ധയോടുകൂടി ഇഷ്ടദേവ്വതാരാധനം ചെയ്യുന്നുവോ, അതിൽനിന്നും (ആ ദേവതമുഖേന) ഞാൻ തന്നെ നൽകുന്ന ഇഷ്ടഫലങ്ങളെ അവനു ലഭിക്കുകയും ചെയ്യുന്നു.
എന്നാൽ ഒന്നോർക്കുക. അല്പബുദ്ധികളായ അവർക്കു അന്യദേവതാരാധനയിലൂടെ കിട്ടുന്നഫലമാകട്ടെ നാശമുള്ളതാകുന്നു. ദേവാരാധകന്മാർ ദേവന്മാരെ പ്രാപിക്കുന്നു; എന്നെ ഭജിക്കുന്നവർ എന്നേയും പ്രാപിക്കുന്നു.
രുദ്രന്മാരിൽ ശങ്കരൻ ഞാനാകുന്നു. യക്ഷന്മാർ രാക്ഷസന്മാർ ഇവരിൽ കുബേരൻ ഞാനാകുന്നു. വസുക്കളിൽ അഗ്നി ഞാനാകുന്നു. പർവ്വതങ്ങളിൽ മേരു ഞാനാകുന്നു.
മഹർഷിമാരിൽ ഭൃഗു ഞാനാകുന്നു. വാക്കുകളിൽ ഏകാക്ഷരമായ ഓങ്കാരം ഞാനാകുന്നു. യജ്ഞങ്ങളിൽ ജപയജ്ഞവും സ്ഥാവരങ്ങളിൽ ഹിമാലയവും ഞാനാകുന്നു.
അറിയപ്പെടേണ്ടതു് ഏതോ, ഏതിനെ അറിഞ്ഞാൽ അമൃതത്ത്വം പ്രാപിക്കാമോ അതു ഞാൻ പറഞ്ഞുതരാം. അനാദിയായ പരബ്രഹ്മമത്രേ അത്‌. അതിനേ സത്തെന്നോ അസത്തെന്നോ പറയാൻ വയ്യ.
ആയിരക്കണക്കിൽ മനുഷ്യർക്കിടയിൽ ഒരുവനാണു സിദ്ധിക്കു ശ്രമിക്കുന്നതു്. അങ്ങനെ പ്രയത്നിക്കുന്നവരുടെ കൂട്ടത്തിൽ തന്നെ ആരെങ്കിലും ഒരാൾ മാത്രമേ എന്നെ ശരിക്കും അറിയുന്നുള്ളത്.
ഭൂമി ജലം, അഗ്നി, വായൂ, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം ഇങ്ങനെ എന്റെ പ്രകൃതി എട്ടായി വിഭജിച്ചിരിക്കുന്നു.
ഇതു് അപരാ (നികൃഷ്ട) പ്രകൃതിയാണു്, എന്നാൽ ഇതിൽ നിന്നും വേറേയായി ജീവസ്വരൂപമാണ് എന്റെ പരാപ്രകൃതി എന്നറിയുക. അതാണീ ജഗത്തിന്നാധാരം.
സർവ്വ ആചാരങ്ങളും ഈ ദ്വിവിധ പ്രകൃതികളിൽ നിന്നും ഉണ്ടായവയാണു് എന്നറിഞ്ഞാലും. ഞാൻ മുഴുവൻ ജഗത്തിന്റേയും ഉല്പത്തിസ്ഥാനവും ലയസ്ഥാനവും ആകുന്നു.
എന്നിൽ നിന്നും അതീതമായി വേറെ ഒന്നും തന്നെയില്ല. ചരടിൽ മണികളെന്നവണ്ണം എന്നിൽ ഇതെല്ലാം കോർക്കപ്പെട്ടിരിക്കുന്നു.
എന്റെ നാശരഹിതവും സർവ്വോത്തമവും എല്ലാറ്റിനും അതീതവുമായ സ്വരൂപത്തെ അറിയാത്ത അവിവേകികൾ ഇന്ദ്രീയമനോബുദ്ധികൾക്കു വിഷയമല്ലാത്ത എന്നെ ശരീരമെടുത്തവനായി (സഗുണമൂർത്തിയായി കണക്കാക്കുന്നു.
"പരമാത്മാവിന്റെ നിർഗ്ഗുണഭാവം അറിയാൻ കഴിവില്ലാത്ത മൂഢർ അവതാരമൂർത്തികൾ സത്യമെന്നു കരുതുന്നു. ഏകാഗ്രതയ്ക്ക് ആലംബമായി സഗുണരൂപത്തെ ഉപാസിക്കുന്നതുകൊള്ളാം. എന്നാൽ അത് (ഉപാസനാമൂർത്തി) സത്യത്തിന്റെ പ്രതീകം മാത്രം ആണെന്നും പ്രതീകം സത്യമെങ്കിൽ, വിഗ്രഹത്തിന്റെയോ ഗുരുവിന്റെയോ മുമ്പിലെത്തിയാൽ സാധകൻ സത്യദർശനം നേടിയെന്നും അതിനാൽ അയാളിനി മറ്റൊന്നും ചെയ്യേണ്ടതില്ലെന്നും വരും!!! മനസ്സിനെ അന്തർമുഖമാക്കാനും, അന്തരാത്മാവിൽ ഏകാഗ്രമാക്കാനും സാധകനു സൗകര്യം നൽകുന്ന ഒരുപായം മാത്രമത്രേ സഗുണോപാസന.
സർവ്വഭൂതങ്ങൾക്കും മഹേശ്വരനായ എന്റെ യാഥാർത്ഥ സ്വരൂപം അറിയാത്ത അവിവേകികൾ മനുഷ്യദേഹത്തെ ആശ്രയിച്ചവനെന്ന് എന്നെ അപമാനിക്കുന്നു. (ഭഗവത് ഗീതയിൽ ത്തന്നെ മറ്റു ചിലയിടത്തും അവ്യയവും പ്രപഞ്ചാതീതവുമാണ് ആത്മതത്ത്വമെന്നും അതറിയാത്ത അവിവേകികൾ അവ്യക്തം, വ്യക്തരൂപം കൈക്കൊണ്ടു, എന്നു കരുതുന്നതായി പറയുന്നുണ്ടു്.)
പാഴ്മോഹങ്ങളുള്ള, പാഴ്വേലകൾ ചെയ്യുന്ന, വ്യർത്ഥമായ അറിവോടുകൂടിയ, ബുദ്ധികെട്ട അവർ, രാക്ഷസർക്കും അസുരർക്കും ചേർന്നതും മോഹകരവുമായ പ്രകൃതിയെത്തന്നെ ആശ്രയിച്ചവരത്രെ. എന്നാൽ മഹാത്മാക്കൾ ദൈവീപ്രകൃതിയെ ആശ്രയിച്ച് എന്നെ നാശരഹിതമായ ഭൂതകാരണമെന്നറിഞ്ഞിട്ട് ഏകാഗ്രചിത്തരായി ഭജിക്കുന്നു.
ആശ്വലായന മഹർഷി ബ്രഹ്മവിദ്യ അറിയണമെന്നുള്ള ആഗ്രഹത്തോടുകൂടി സമിത്പാനിയായ ബ്രഹ്‌മാവിനെ സമീപിച്ചു് വിനയത്തോടുകൂടി പറഞ്ഞു: ഭഗവാനെ, ഏതു മാർഗ്ഗത്തിൽ കൂടിയാണോ മഹാത്മാക്കൾ സദാ സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്നത്, ഏതു വിധമാണോ വിദ്വാന്മാർ പൂർവ്വജന്മാർജ്ജിതമായ പാപങ്ങളിൽ നിന്നും മോചിച്ച് പരബ്രഹ്മത്തെ പ്രാപിക്കുന്നത്, ഗോപാനീയവും അത്യന്തം ശ്രേഷ്ത്താവുമായ ആ ബ്രഹ്മവിദ്യ ദയവു ചെയ്തു എനിക്കു് ഉപദേശിച്ചു തരണം.
ബ്രഹ്‌മാവ്‌ ആശലായനോട് പറഞ്ഞു: ശുദ്ധഭക്തി, ധ്യാനം, യോഗം ഇവകൊണ്ട് അത് നേടുവാൻ ശ്രമിക്കുക.
ധനം കൊണ്ടോ സന്താനങ്ങൾ കൊണ്ടോ കർമ്മങ്ങൾ കൊണ്ടോ ആ പരമതത്ത്വം ഗ്രഹിക്കുവാൻ സാദ്ധ്യമല്ല. ത്യാഗം മാത്രമാണ് അതിനുള്ള മാർഗ്ഗം. ത്യാഗത്താലാണു് ബ്രഹ്മജ്ഞാനികൾ പരമമായ അമൃതത്വം പ്രാപിച്ചിട്ടുള്ളതു്. സ്വർഗ്ഗത്തിനും ഉപരിയായ ആ ബ്രഹ്മലോകപ്രാപ്തി സാമ്യമികൾക്കും യോഗികൾക്കും മാത്രമേ ലഭിക്കൂ.
നിത്യജ്ഞാനരൂപമായ ആത്മാവു മരിക്കുകയോ ജനിക്കുകയോ ചെയ്യുന്നില്ല. അത് സ്വയം ഒന്നിൽ നിന്നുണ്ടായതോ ഒന്നിനു കാരണമോ അല്ല. അതായതു് അത് ഒന്നിന്റെയും കാര്യകാരണമാകുന്നില്ല. അത് അജന്മാവും നിത്യവും സദാ ഏകരസമുള്ളതും പുരാതനവും ആകുന്നു. അതു വൃദ്ധിക്ഷയരഹിതവുമാകുന്നു. ശരീരത്തിന് നാശമുണ്ടായാലും ആത്മാവിനു നാശം ഉണ്ടാകുന്നില്ല.
ഏകമായ ആ പരബ്രഹ്മമാണു നമ്മുടെ ആരാധനയ്ക്കർഹൻ എന്നതിനും, മോക്ഷവും സ്വർഗ്ഗത്തിൽ പോക്കും ഒന്നല്ലാ എന്നും അവയ്ക്കു തമ്മിൽ വ്യത്യാസം ഉണ്ടു എന്നതിനും ഇനിയും ധാരളം തെളിവുകൾ ഉപനിഷത്തുക്കളിൽ കാണാം. തൽക്കാലം നിറുത്തുന്നു. അവയെ വേണ്ടവർ സ്വയം തേടി മൻസ്സിലാക്കുക.

No comments:

Post a Comment