ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, October 31, 2016

മഹാഭാരതം

ഭാരത ചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ മൂന്ന് മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം. മഹാവിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒന്നായ വേദവ്യാസമഹര്‍ഷിയാണ് മഹാഭാരതത്തിന്റെ കര്‍ത്താവ്. മഹാഭാരതത്തിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളായ പാണ്ഡു, ധൃതരാഷ്ട്രര്‍, വിദുരര്‍ എന്നിവര്‍ മഹര്‍ഷിയുടെ പുത്രന്മാരാണ്. പരാശര പുത്രനായ വ്യാസമുനി മൂന്നു വര്‍ഷം തപസ്സ് ചെയ്ത് ആത്മ സിദ്ധിനേടിയതിനു ശേഷമാണ് മഹാഭാരതം രചിച്ചതെന്ന് പറയപ്പെടുന്നു. മഹാഭാരതത്തിലെ മൂന്ന് കേന്ദ്രബിന്ദുക്കളാണ് വേദവ്യാസന്‍, ഭഗവാന്‍ ശ്രീകൃഷ്ണന്‍, ഭക്താഗ്രസനായ ഭീഷ്മര്‍. ലോക ധര്‍മ്മോപദേശത്തിന് സുപ്രധാനമായ ഒരു സ്ഥാനമാണ് മഹാഭാരതത്തില്‍ നല്കിയിട്ടുള്ളത്. ഇത് ഒരു ധര്‍മ്മഗ്രന്ഥമാണെന്നതിന് യാതൊരു സംശയവുമില്ല. മഹാഭാരതത്തിലെ കഥ ഒരു വ്യക്തിയുടേയോ ഒരു കുടുംബത്തിന്റെയോ കഥയല്ല. എന്നാല്‍ അനേകം കുടുംബങ്ങളുടേയും കഥയാണ്. വാസ്തവത്തില്‍ മഹാഭാരതം നാം ഓരോരുത്തരുടേയും കഥയാണ്. മാനവന്‍ ഉള്ളിടത്തോളം കാലം ഇതിന്റെ മാഹാത്മ്യത്തിന് യാതൊരു കോട്ടവും സംഭവിക്കുകയില്ല.

മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. ജ്യേഷ്ഠാനുജന്മാരുടെ മക്കള്‍ തമ്മിലുള്ള മത്സരമാണല്ലോ അനേകായിരം കുടുംബച്ഛിദ്രത്തിന് കാരണമായത്. ഇന്നും നമ്മുടെ ഇടയില്‍, നമുക്ക് ചുറ്റും എത്രയോ ശകുനിമാരും ദുര്യോധനന്മാരും ജീവിച്ചിരിപ്പുണ്ട്. മഹാഭാരത യുദ്ധത്തിന് കാരണക്കാര്‍ ഒന്നോ രണ്ടോ പേരല്ല. എല്ലാപേരും അവരവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. പാണ്ഡുവിന്റെ മരണശേഷം തന്റെ പുത്രന്മാരായ പാണ്ഡവരുടെ രക്ഷാഭാരം കൂടി ജ്യേഷ്ഠനായ ധൃതരാഷ്ട്രരില്‍ വന്നു ചേരുന്നു. ജന്മനാ അന്ധനായ ധൃതരാഷ്ട്രരുടെ രാജകൊട്ടാരത്തില്‍ പാണ്ഡവരും കൗരവരും ഒരു കുടുംബമായി കഴിഞ്ഞുവരവേയാണ് പാണ്ഡവര്‍  തങ്ങളുടെ യശസ്സിന് വിലങ്ങുതടിയാകുമോ എന്നു സംശയിച്ച് അവരെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൗരവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.

ഇനി മഹാഭാരതത്തിലെ ചില പ്രധാന കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളില്‍ നിന്നും നമുക്ക് കിട്ടുന്ന ഗുണപാഠങ്ങളും എന്തെന്നു നോക്കാം. ആദ്യം ഭീഷ്മരുടെ കാര്യം നോക്കാം. മഹാഭാരതത്തിന്റെ കഥ ഭീഷ്മരെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടാണല്ലോ നീങ്ങുന്നത്. ഭീഷ്മപിതാമഹനെ മഹാഭാരത വൃക്ഷത്തിന്റെ തായ് വേര് എന്നു വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ശന്തു മഹാരാജാവിന്റെയും ഗംഗാദേവിയുടേയും പുത്രനാണ് ഭീഷ്മര്‍. തന്റെ പിതാവിന് സത്യവതി എന്ന മുക്കുവസ്ത്രീയിലുണ്ടാകുന്ന പുത്രന്മാര്‍ക്ക് രാജ്യാവകാശം നല്കാന്‍ സ്വമേധയാ തന്റെ ജീവിതം ഉഴിഞ്ഞുവച്ച ഒരു മഹാപുരുഷനാണ് ഭീഷ്മര്‍. ജീവിതകാലം മുഴുവന്‍ ബ്രഹ്മചാരിയായികഴിയും എന്നദ്ദേഹം ശപഥം ചെയ്തു. അതിനുശേഷമാണ് ദേവവ്രതന്‍ എന്നപേര് ഭീഷ്മരായിമാറിയത്. പിതാവിന്റെ ആഗ്രഹനിവൃത്തിക്കു വേണ്ടിയാണല്ലോ അദ്ദേഹത്തിന് ഇത്തരത്തിലൊരു ശപഥം ചെയ്യേണ്ടിവന്നത്. ഫലമോ ജീവിതാവസാനംവരെ പാണ്ഡവരുടെയും, കൗരവരുടേയും നടുവില്‍, നന്മയുടേയും തിന്മയുടെയും നടുവില്‍ കിടന്നു ഞെരുങ്ങുന്നു. അദ്ദേഹത്തിന്റെ എല്ലാ ദുഃഖങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശിയായി നിന്നത് മാതാവായ ഗംഗാദേവിയാണ്.

പാണ്ഡവരോട് കൂറുകാണിച്ചു എന്ന പേരില്‍ പലപ്പോഴും കൗരവര്‍ മുത്തച്ഛനെ കുറ്റപ്പെടുത്തുന്നുമുണ്ട്. മഹാഭാരതയുദ്ധത്തില്‍ ഭീഷ്മര്‍ കൗരവരുടെ പ്രധാന സേനാപതിയായിരുന്നു. ശിഖണ്ഡിയുടെ സഹായത്താല്‍ അര്‍ജ്ജുനന്‍ ഭീഷ്മരെ പരാജയപ്പെടുത്തി ശരശയ്യയില്‍ വീഴ്ത്തുന്നു. ഹസ്തിനപുരവും ആയി അലിഞ്ഞുചേര്‍ന്ന അദ്ദേഹത്തിന്റെ ജീവന്‍, ആ രാജ്യത്തിന് മോചനം കിട്ടിയതിനുശേഷമാണ് മോക്ഷപ്രാപ്തി നേടുന്നത്. ശരശയ്യയില്‍  കിടക്കുന്ന സമയത്ത് പലപ്പോഴും ഗംഗാദേവി വന്നു വിളിക്കുന്നുണ്ട്. എന്നാല്‍ ഹസ്തിനപുരത്തെ ഈ അവസ്ഥയിലാക്കി വരാന്‍ സാധ്യമല്ല എന്നദ്ദേഹം പറയുന്നു. പിതാവിന്റെ നന്മയ്ക്കുവേണ്ടി മുന്‍പില്‍ നോക്കാതെ ചെയ്ത ശപഥമാണല്ലോ ആ പുണ്യാത്മന്റെ ജീവിതം ഇത്രത്തോളം ആക്കിത്തീര്‍ത്തത്. വാസ്തവത്തില്‍ ഭീഷ്മര്‍ തന്റെ ജീവിതം പിതാവിനു വേണ്ടി ഹോമിക്കുകയല്ലേ ചെയ്തത്. ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത്. നാം ഒരിക്കലും ഒന്നിലും എടുത്തുചാടരുത്. വീണ്ടുവിചാരമില്ലാതെ പ്രവൃത്തിക്കുന്നവര്‍ക്ക് ഫലം ആപത്താണെന്നതില്‍ സംശയമില്ല.

ജന്മനാതന്നെ അന്ധനായ ധൃതരാഷ്ട്രര്‍ ഭക്തനും, ചിന്താശക്തിയുള്ളവനുമാണ്. അദ്ദേഹത്തിന്റെ പത്‌നിയായ ഗാന്ധാരി, തന്റെ ഭര്‍ത്താവ് കാണാത്ത ഒന്നും തനിക്കും കാണേണ്ട എന്ന തീരുമാനത്താല്‍ കണ്ണുമൂടി കെട്ടുകയും ചെയ്തു. ദുരാഗ്രഹികളും, സ്വാര്‍ത്ഥമതികളുമായ നൂറ്റിഒന്നു മക്കളുടെ അമ്മയായി എന്നതായിരിക്കണം അവരുടെ ജീവിതത്തിലെ ഏക ദുഃഖം. പാണ്ഡവരെ എങ്ങനെയും നശിപ്പിക്കാനുള്ള ചിന്തയില്‍ നടക്കുന്ന ദുര്യോധനാദികളെ പലപ്പോഴും ധൃതരാഷ്ട്രര്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ധൃതരാഷ്ട്രര്‍ ഒരു കണക്കിന് സ്വാര്‍ത്ഥനുമാണ്. പലപ്പോഴും അദ്ദേഹം അനുജന്റെ പുത്രന്മാരെ ഓര്‍ക്കുന്നതുപോലുമില്ല. തന്റെ മക്കള്‍ക്ക് രാജ്യം കിട്ടണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. തന്റെ മക്കളെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ അയാളുടെ ദുരാഗ്രഹം സമ്മതിക്കുന്നുമില്ല. ഗാന്ധാരി സ്വാര്‍ത്ഥനായ ഭര്‍ത്താവിന്റെയും ധനമോഹികളും ദുര്‍മാര്‍ഗ്ഗികളുമായ മക്കളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു. എന്നാല്‍ ഗാന്ധാരി കണ്ണുമൂടികെട്ടാതിരുന്നെങ്കില്‍, ഒരുപക്ഷെ മക്കള്‍ ഇത്രയ്ക്കും ദുര്‍മാര്‍ഗ്ഗികളാവുകയില്ലായിരുന്നു. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കി  അവരെ നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകുമായിരുന്നു. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കാര്യത്തില്‍ നിന്നും ഒരു വീട്ടില്‍ കുടുംബനാഥന്‍ ഏതെങ്കിലും വിധത്തില്‍ ശക്തിഹീനനാണെങ്കില്‍, ഭാര്യ കണ്ണുംമൂടികെട്ടിയിരുന്നാല്‍ മക്കള്‍ താന്തോന്നികളായി നാലുവഴിക്കും പോകുകയേ ഉള്ളൂ എന്നു മനസ്സിലാക്കാം.

മഹാഭാരത യുദ്ധത്തില്‍ ദ്രൗപതിക്കും അവരുടേതായ പങ്കുണ്ട്. ചൂതുകളിച്ച് പരാജിതരായിരുന്ന പാണ്ഡവരുടെ മുന്നില്‍വച്ച് കൗരവര്‍ നടത്തിയ വസ്ത്രാക്ഷേപമാണ് ദ്രൗപതിയുടെ മനസ്സില്‍ കൗരവരോടുള്ള വൈരാഗ്യത്തെ വളര്‍ത്തിയത്. ഇതേ സഭയില്‍ വച്ചാണ് ഭീമന്‍ ദുര്യോധനനെ തുടയ്ക്കടിച്ച് കൊല്ലും എന്ന് ശപഥം ചെയ്യുന്നതും. ബാലന്‍മാരായിരിക്കെ തന്നെ ഭീമനും ദുര്യോധനനും ബദ്ധ ശത്രുക്കളാണ്. ചൂതുകളിയില്‍ എല്ലാം നഷ്ടപ്പെട്ട യുധിഷ്ഠിരന് പാഞ്ചാലിയേയും പണയം വയ്‌ക്കേണ്ടിവരുന്നു. ധര്‍മ്മനിഷ്ഠനായാലും യുധിഷ്ഠരന്‍ ചെയ്ത ഈ പ്രവൃത്തി ധര്‍മ്മത്തിന് നിരക്കാത്തത് അല്ലേ? പാഞ്ചാലി ഭീഷ്മരുടെ മുന്നില്‍ വച്ചുതന്നെ ഈ നീചപ്രവൃത്തിയെ ചോദ്യം ചെയ്യുന്നുമുണ്ട്. നമ്മുടെ ആള്‍ക്കാര്‍ക്കിടയില്‍ ഇന്നും നിലനില്ക്കുന്ന ഒന്നാണല്ലോ ചൂതുകളി. ഈ ചൂതുകളി എല്ലായിപ്പോഴും നാശമേവരുത്തുകയുള്ളൂ. ഈ ചുതുകളിയാണല്ലോ മഹാഭാരത യുദ്ധത്തിന്റെ ആദ്യ വിത്ത് വിതച്ചത്.

മഹാഭാരത യുദ്ധത്തിന് ശകുനി വഹിച്ച പങ്ക് നിസ്സാരമല്ല. തന്റെ സഹോദരിയായ ഗാന്ധാരിയെ ഭീഷ്മരെ ഭയന്നാണ് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവാഹം ചെയ്തു കൊടുത്തത്. അന്നുമുതല്‍ ശകുനിയുടെ മനസ്സില്‍ ഭീഷ്മരോടുള്ള പക നാള്‍കുനാള്‍ വളരുകയായിരുന്നു. എങ്ങിനെയും കൗരവകുലത്തെ നശിപ്പിക്കുക എന്നതായിരുന്നു ശകുനിയുടെ ലക്ഷ്യം. ദുര്യോധനന്റെ ഉപദേഷ്ടാവെന്നുകൂടി ശകുനിയെ വിശേഷിപ്പിക്കാം. പാണ്ഡവരെ അരക്കില്ലത്തില്‍ താമസിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. ചൂതുകളിക്ക് പാണ്ഡവരെ വിളിച്ച് കള്ളചൂതില്‍ പരാജയപ്പെടുത്തിയത്. എല്ലാത്തിനും പിന്നില്‍ പ്രവൃത്തിച്ചത് ശകുനിയുടെ കുടിലബുദ്ധിയായിരുന്നു. തങ്ങളുടേയും നാശം ആണ് അമ്മാവന്‍ ആഗ്രഹിക്കുന്നതെന്ന് പാവം ദുര്യോധനന്‍ അറിഞ്ഞിരുന്നില്ല. എത്ര അടുത്ത ബന്ധുക്കളായാലും നമ്മില്‍ നിന്ന് ഒരു നിശ്ചിത അകലം സൂക്ഷിക്കേണ്ടത് ആവശ്യമാണ്. മറ്റുള്ളവരുടെ വാക്കിന് എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നതും ബുദ്ധിപരമല്ല. തെറ്റായാലും ശരിയായാലും നമുക്ക് നമ്മുടേതായ ഒരു അഭിപ്രായം ഏതൊരു കാര്യത്തിനും വേണം.

‘ശത്രുക്കളല്ല ശത്രുക്കളാകുന്നത്
മിത്രഭാവത്തോടരികെ വസിപ്പിന
ശത്രുക്കള്‍ ശത്രുക്കളാകുന്നിതേവരൂം”

ശകുനിയെ സംബന്ധിച്ച് രാമായണത്തിലെ പ്രസ്തുത വരികള്‍ എത്ര അര്‍ത്ഥവത്താണ്. ശകുനിയുടെ സ്നേഹമാണെന്നേ കൗരവര്‍ കരുതിയുള്ളൂ. കൗരവരെ എങ്ങനെയും നശിപ്പിക്കണം എന്ന ഒരൊറ്റ ചിന്തയെ ശകുനിക്കുണ്ടായിരുന്നുള്ളൂ. വിഷം തേനില്‍ അധികമെന്തിന്, ഒരു തുള്ളിപോരേ?

ജന്മനാതന്നെ തന്റെ കര്‍മ്മങ്ങളെ ഇച്ഛാനുസരണം നടത്തുവാനുളള യാതൊരു അധികാരവും ഇല്ലാതിരുന്ന മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ദാനവീരനായ കര്‍ണ്ണന്‍. വിവാഹത്തിനു മുന്‍പ് കുന്തിക്ക് സൂര്യഭഗവാനിലുണ്ടായ കുഞ്ഞാണ് കര്‍ണ്ണന്‍. അപമാന ഭാരത്താല്‍ കുന്തി കര്‍ണ്ണനെ ഒരു പെട്ടിയിലടച്ച് നദിയില്‍ ഒഴുക്കി. ഒരു തേരാളിയുടെ വളര്‍ത്തു പുത്രനായി കര്‍ണ്ണന്‍ വളര്‍ന്നു വലുതായി. ക്ഷത്രിയരോടൊപ്പം ആയുധാഭ്യാസം പഠിക്കാന്‍പോലും കര്‍ണ്ണു സാധിക്കുന്നില്ല. ഒരു ദിവസം കൗരവരും, പാണ്ഡവരും തമ്മിലുള്ള മത്സരത്തില്‍ കര്‍ണ്ണനും പങ്കെടുക്കാന്‍ പോകുന്നു. അവിടെ വച്ച് തേരാളിയുടെ പുത്രന് ആയുധാഭ്യാസത്തിനെന്തുകാര്യം എന്ന് ചോദിച്ച് അധിക്ഷേപിക്കുന്നു. ആ സമയത്ത് ദുര്യോധനനാണ് കര്‍ണ്ണന്റെ അഭിമാനം രക്ഷിക്കാനുണ്ടായിരുന്നത്.

ദുര്യോധനന്‍ കര്‍ണ്ണനെ ആ സഭയില്‍ വച്ചുതന്നെ അംഗരാജാവിയി വാഴിച്ചു. അന്ന് ആ സഭയില്‍ വച്ചുണ്ടായ കര്‍ണ്ണന്റെ ദുര്യോധനനോടുള്ള കടപ്പാടാണ് കര്‍ണ്ണനെ മരണം വരെ എത്തിച്ചത്. അന്നുമുതല്‍ കര്‍ണ്ണന്റെ ജീവിതം ദുര്യോധനനു വേണ്ടി മാത്രമായിരുന്നു. എന്തിന് സ്വന്തമായിട്ട് ഒരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യംപോലും കര്‍ണ്ണനുണ്ടായിരുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കില്‍ ആ ജീവിതത്തിന് എന്താണ് വില? പാണ്ഡവരും കൗരവരും തമ്മിലുള്ള യുദ്ധം നിശ്ചയിച്ച ശേഷം കുന്തി ഒരു ദിവസം കര്‍ണ്ണനോട് സത്യാവസ്ഥ തുറന്നുപറയുന്നു. പാണ്ഡവരുടെ ജ്യോഷ്ഠനാണെന്നും അതിനാല്‍ യുദ്ധത്തില്‍ അവരോടൊപ്പം പങ്കുചേരണം എന്നു പറയുന്നു. എന്നാല്‍ കടപ്പാടിനു നടുവില്‍ നില്ക്കുന്ന കര്‍ണ്ണന്‍ നിസ്സഹായനായിരുന്നു. എന്നിട്ടും എങ്ങനെയായാലും അമ്മയ്ക്ക് അഞ്ചുമക്കള്‍ എന്നും ജീവിച്ചിരിക്കും എന്ന് വാക്കും കൊടുത്തു. ഇതിനെല്ലാം കാരണം സ്വന്തം  പുത്രനെന്നു പറയാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ ദുരഭിമാനമല്ലേ.

തന്റെ കുറ്റം അല്ലെങ്കില്‍ പോലും മാതാവും സഹോദരങ്ങളും ജീവിച്ചിരിക്കെ ഏകനായി അന്യന്റെ ആജ്ഞാനുസരണം ജീവിക്കകു, ഒടുവില്‍ സഹോദരന്മാര്‍ക്കെതിരെ യുദ്ധം ചെയ്യുക, അങ്ങനെ ഒരു ദുഃഖ കഥാപാത്രമാണ് കര്‍ണ്ണന്‍. പാണ്ഡവരുടെ വിജയത്തിനു വേണ്ടി ഇന്ദ്രന്‍ ബ്രഹ്മവേഷധാരിയായി വന്ന് കര്‍ണ്ണനോട് കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്നു. ദാനവീരനായ കര്‍ണ്ണന്‍ യാതൊരു വിസ്സമ്മതവുമില്ലാതെ, പിതാവിന്റെ വാക്കുകളും ധിക്കരിച്ച് അത് ഇന്ദ്രന് ദാനം നല്‍കുന്നു. കര്‍ണ്ണന്റെ മരണത്തിനു കാരണവും ഇതാണല്ലോ, യുദ്ധസമയത്ത് എല്ലാം അറിയാവുന്ന ഭീഷ്മര്‍പോലും തന്റെ കൊടിക്കീഴില്‍ നിന്ന് കര്‍ണ്ണനെ യുദ്ധം ചെയ്യാന്‍ അനുവദിച്ചില്ല. ഭീഷ്മരുടെ പതനത്തിനു ശേഷമാണല്ലോ കര്‍ണ്ണന്‍ പ്രധാന സേനാപതിയായത്. നാം രാജാവിന്റെ മക്കളായി ജനിച്ചാലും ഒരു പാവപ്പെട്ടവന്റെ മക്കളായി ജനിച്ചാലും നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യമുണ്ട്. നമ്മുടെ ജീവിതം ഒരിക്കലും ആര്‍ക്കും കടപ്പെട്ടത് ആവരുത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ കര്‍ണ്ണന്റെ പിന്‍ബലം കൂടി ഉണ്ടായിരുന്നതുകൊണ്ടല്ലേ ദുര്യോധനന്‍ ഇത്ര അഹങ്കാരിയും ദുര്‍മ്മോഹിയും ആയിത്തീര്‍ന്നത്. യുദ്ധത്തിന്റെ കാരണങ്ങളില്‍ കര്‍ണ്ണനും തന്റെതായ പങ്കുവഹിക്കുന്നുണ്ട്.

ധര്‍മ്മം, ഈശരഭക്തി, ഗുരുഭക്തി, സത്യം, ദയ, നീതിസ്‌നേഹം, ത്യാഗം എന്നീ ഗുണങ്ങളുടെ മൂര്‍ത്തിഭൂതമാണ് യുധിഷ്ഠരന്‍. എന്നാല്‍ ധര്‍മ്മം നിലനിര്‍ത്താന്‍ വേണ്ടി ഈ യുധിഷ്ഠരന്‍ പോലും യുദ്ധ സമയത്ത് അശ്വത്ഥാമാ മരിച്ചു എന്നു കള്ളം പറഞ്ഞു. വാസ്തവത്തില്‍ അശ്വസ്ഥമായെന്ന ആനയാണല്ലോ മരിച്ചത്. ചൂതുകളിയില്‍ എല്ലാം നഷ്ടമായ യുധിഷ്ഠരന്‍ അവസാനം ഭാര്യയായ പാഞ്ചാലിയെയും പണയം വയ്‌ക്കേണ്ടിവരുന്നു. ഇതും ധര്‍മ്മമാണോ?  ധര്‍മ്മം നിലനിര്‍ത്താന്‍വേണ്ടി അധര്‍മ്മം പ്രവര്‍ത്തിക്കുന്നതില്‍ യാതൊരുതെറ്റും ഇല്ലെന്നാണല്ലോ ഭഗവാന്‍ കൃഷ്ണന്റെ പക്ഷം എന്തൊക്കെയായാലും യുദ്ധാവസാനം കൗരവരുടെ നാശത്തോടെ പാണ്ഡവര്‍ ഹസ്തിനപുരം വീണ്ടെടുത്തുവെങ്കിലും യുധിഷ്ഠിരന് തങ്ങള്‍ ചെയ്ത പ്രവൃത്തിയില്‍ കുറ്റബോധം തോന്നുന്നു. തങ്ങളുടെ രാജ്യമോഹം ആണല്ലോ ജ്യേഷ്ഠനായ കര്‍ണ്ണന്റെ മരണത്തിന് കാരണമാക്കിയതെന്ന് യുധിഷ്ഠിരന്‍ ചിന്തിക്കുന്നു. പശ്ചാത്താപവിവശനായ യുധിഷ്ഠരനോട് നാരദമുനി കര്‍ണ്ണനെ കുറിച്ച് പറയുന്നു.

പരശുരാമന്റെ അടുക്കല്‍ ബ്രാഹ്ണനാണെന്ന് പറഞ്ഞ് കര്‍ണ്ണന്‍ വിദ്യ അഭ്യസിച്ചു. ഒരു ദിവസം പരശുരാമന്‍ കര്‍ണ്ണന്റെ മടിയില്‍ തലവച്ച് ഉറങ്ങുകയായിരുന്നു. ആ സമയം ഒരു വണ്ട് കര്‍ണ്ണന്റെ തുടയില്‍ കടിച്ചിരുന്നു. ഗുരുവിന്റെ ഉറക്കത്തിന് വിഘ്നം വരുത്താതിരിക്കാന്‍ വേദനയും സഹിച്ചിരുന്നു. പെട്ടെന്നുണര്‍ന്നു പരശുരാമന്‍ കണ്ട കാഴ്ച അദ്ദേഹത്തിനെ കോപാകുലനാക്കി. ബ്രാഹ്മണനാണെന്ന് കള്ളം പറഞ്ഞ കര്‍ണ്ണനെ അദ്ദേഹം ശപിച്ചു. ആ ശാപത്തിന്റ ഫലമാണ് യുദ്ധത്തിനിടയില്‍ കര്‍ണ്ണന്റെ തേര് ചെളിയില്‍ താണുപോയത്. ഭീമന്റെ പുത്രനായ ഘടോല്‍കചന്‍ യുദ്ധത്തിനിടയില്‍ പ്രത്യക്ഷപ്പെടുന്നത് കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ്. കാരണം കര്‍ണ്ണന്റെ കയ്യില്‍ അതിശക്തിയുള്ള ഒരു വേലുണ്ട്. അത് നഷ്ടമാക്കാന്‍ വേണ്ടിയായിരുന്നു ഘടോത്കചന്‍ പ്രത്യക്ഷപ്പെടുന്നതുതന്നെ. നാരദമുനി ഇത്രയൊക്കെ പറഞ്ഞിട്ടും യുധിഷ്ഠിരന്റെ ദുഃഖത്തിന് ഒരു കുറവും വന്നില്ല. യുധിഷ്ഠിരന്റെ രാജ്യാഭിഷേകശേഷം കൃഷ്ണനോടൊപ്പം പാണ്ഡവര്‍ ഭീഷ്മരെ കാണാന്‍ എത്തുന്നു. യുധിഷ്ഠരനോടുള്ള ഭീഷ്മരുടെ ഉപദേശം മഹാഭാരതത്തിലെ പ്രധാന ഭാഗമാണ്. അതിനുശേഷം ഭീഷ്മര്‍ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നു. ഭീഷ്മോപദേശത്തോടുകൂടി  15ആംമത്തെ പര്‍വ്വമായ ശാന്തി പര്‍വ്വം ഭംഗിയായി പര്യവസാനിക്കുകയാണ്.

മഹാഭാരതം കഥയില്‍ ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രധാന കഥാപാത്രം ആണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍. യശോദയുടേയും നന്ദഗോപരുടേയും മകനായി പിറന്ന കൃഷ്ണന്റെ ജനനോദ്ദേശ്യം തന്നെ അധര്‍മ്മത്തെ തുടച്ചുനീക്കി ധര്‍മ്മത്തെ സ്ഥാപിക്കുകയും, ദുഷ്ടരെ നിഗ്രഹിച്ച് ശിഷ്ടരെ പരിപാലിക്കുകയും ആണല്ലോ കൗരവരും, പാണ്ഡവരും തമ്മിലുള്ള യുദ്ധത്തില്‍ ധര്‍മ്മവൃക്ഷമാകുന്ന യുധിഷ്ഠരന്‍ ബ്രഹ്മസ്വരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണനാകുന്ന പേരിന്‍ മേലാണ് നിലനില്ക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് പാണ്ഡവരെ എല്ലാ ആപത്തുകളില്‍നിന്നും രക്ഷിച്ചത്. പാണ്ഡവര്‍ ഈശ്വരവിശ്വാസികളും, ഭക്തന്മാരുമാണ്. കൗരവരുടെ കാര്യത്തില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് എത്രയൊക്കെ ധനവും, സമ്പത്തും, ഐശ്വര്യവും, ഉണ്ടായിരുന്നാലും അഹങ്കാരിയും, എളിമയില്ലാത്തവനും, ആയിരുന്നാല്‍ അവരുടെ ജന്മം പാഴായി പോവുകയേഉള്ളൂ. ആ ജന്മം കൊണ്ട് എന്ത് ഫലം. ധൃതരാഷ്ട്രര്‍ക്കും, ഗാന്ധാരിക്കും 101 മക്കളും, രാജ്യവും ധനാദികളും ഉണ്ടായിരുന്നിട്ടും ഒരു ദിവസം എങ്കിലും അവര്‍ മനസന്തോഷത്തോടെ കഴിഞ്ഞിട്ടുണ്ടോ? മക്കളെക്കുറിച്ച് അവര്‍ക്ക് ദുഃഖം അല്ലാതെ എന്തെങ്കിലും നേടിയിട്ടുണ്ടോ? യുദ്ധാവസാനം എല്ലാ മക്കളും, ബന്ധുക്കളും നഷ്ടപ്പെട്ടശേഷം അവര്‍ വനവാസത്തിനു പോകുന്നു. മഹാഭാരതത്തില്‍ നിന്നും പഠിക്കേണ്ട അതിപ്രധാനമായ ഒരു തത്ത്വമാണ്.

‘ദൈവമേവ ബലം മന്യേ
പൗരുഷം ഹി നിരര്‍ത്ഥകം’

ദുര്യോധനാദികള്‍ക്ക് ബന്ധുബലവും സൈന്യബലവും ഉണ്ടായിരുന്നു. പ്രധാനമായുണ്ടായിരിക്കേണ്ട ഒരേയൊരു ഗുണത്തിന്റെ കുറവ് വേണ്ടതിലധികം അനുഭവപ്പെട്ടിരുന്നു. അതാണ് ഈശ്വരാനുകൂല്യം. ധര്‍മ്മമെവിടെയാണോ അവിടെ ജയവും, അധര്‍മ്മമുള്ളിടത്ത് പരാജവും ആണെന്നുളള  മഹത് തത്ത്വം ഇന്നത്തെ ജനങ്ങള്‍ മനസ്സിലാക്കേണ്ട ഒന്നാണ്

അയ്യപ്പകീര്‍ത്തനം

നന്മമേലില്‍ വരുവതിനായ്‌
നിര്‍മ്മലാ! നിന്നെ സേവ ചെയ്‌തീടുന്നു
സമ്മതം മമ വന്നു തുണയ്ക്കേണം
ഹരിഹരപുത്രനയ്യപ്പാ പാഹി മാം

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

മന്നിലിന്നു മഹാഗിരി തന്നില-
ത്യുന്നതമാം ശബരിമല തന്നില്‍
സേവിച്ചീടും ജനങ്ങളെയൊക്കെയും
പാലിച്ചീടുക സ്വാമി നിലവയ്യാ!

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

ശിവസുത! ഞങ്ങള്‍ക്കുള്ള മാലൊക്കെയും
തിരുവടിതന്നെ തീര്‍ത്തു രക്ഷിക്കണം
കരുണാവാരിധേ! കാത്തിടേണം തവ
തിരുമലരടി വന്ദേ നിലവയ്യാ!

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

വരണം ഞങ്ങള്‍ക്കു സമ്പത്തു മേല്‌ക്കുമേല്‍
തരണം സന്തതിയുമടിയങ്ങള്‍ക്ക്‌
പലഗുണങ്ങള്‍ ശരീരസൗഖ്യങ്ങളും
വരണമേ നിത്യം സ്വാമി നിലവയ്യാ!

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

എപ്പോഴും തവ പാദങ്ങളല്ലാതെ
മടൊരു മനസ്സില്ലാ കൃപാനിധേ
തൃക്കണ്‍പാര്‍ക്കണം ഞങ്ങളെ നിത്യവും
വിഷ്‌ണുനന്ദന! സ്വാമി നിലവയ്യാ!

അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം
അയ്യപ്പാഹരേ അയ്യപ്പപാഹിമാം
ശബരിമാമല ശാസ്താവേ പാഹിമാം

ഗോവർദ്ധനഗിരി പൂജ

      ഭഗവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശത്തിൽ ഗോവർദ്ധനഗിരിയെ പൂജിച്ച ദിവസമാണിന്ന് എന്നു വിശ്വസിക്കപ്പെടുന്നു. ഹിന്ദുധർമ്മത്തിൽ പ്രകൃതി പൂജയുമായി അദേദ്ധ്യ ബന്ധമുണ്ട്.
     മഴ പെയ്യിക്കുന്നതും, നിയന്ത്രിക്കുന്നതും ഇന്ദ്രനാണെന്ന അന്ധമായ വിശ്വാസത്തിൽ ,ഗോകുല നിവാസികൾ സ്ഥിരമായി ഇന്ദ്രനെ പ്രീതിപ്പെടുത്തുവാൻ പൂജ നടത്തിവന്നിരുന്നു. തന്റെ പിതാവടക്കം ഈ പൂജ ചെയ്യുന്നതിൽ പങ്കാളിയായിരുന്നു എന്നു മനസ്സിലാക്കിയ, ശ്രീകൃഷ്ണൻ,ഒരിക്കലും ഈ കാര്യം അന്ധമായി വിശ്വസിച്ചു, ഇന്ദ്രനെ പൂജചെയ്യുതെന്നും അതിനു തുനിഞ്ഞവരെ കാര്യം മനസ്സിലാക്കിച്ചു, ഭഗവാൻ തിരിച്ചുവിളിച്ചു. മഴയുടെ കാരണം തന്നെ പർവ്വതങ്ങളും അതിൽ നിൽക്കുന്ന,വൃക്ഷലതാതികാളാണെന്നും ആയതിനാൽ  അതിനടുത്തു കിടക്കുന്ന ഗോവർദ്ധന പർവ്വതത്തെയാണ് പൂജിക്കേണ്ടതെന്നും ഭഗവാൻ ഗോകുല നിവാസികളോട് ഉപദേശിച്ചു. കാര്യം മനസ്സിലാക്കി അവർ ഭഗവാൻ കൃഷ്ണന്റെ നേതൃത്വത്തിൽ പൂജ തുടങ്ങി. അതറിഞ്ഞ ഇന്ദ്രന് കലികയറി, ഇന്ദ്രൻ ഗംഭീരവും ഭയാനകവുമായി നിർത്താതെ മഴ പെയ്യിച്ചു. നിവാസികൾ ഭയന്നു നിർത്താതെ മഴ പെയ്തതിനാൽ എല്ലായിടത്തും വെള്ളപ്പൊക്കം വന്നു തുടങ്ങി. ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ വിരൽതുമ്പൽ ഗോവർദ്ധന പർവ്വതത്തെ ഉയർത്തി ജനങ്ങളെയും, പശുക്കളെയും അതിനു് കീഴിൽ, സംരക്ഷിച്ചു. ആ മഴ ഏഴു പകലും ഏഴു രാത്രിയും പെയ്യിച്ചു ഇന്ദ്രൻ. ഒന്നും സംഭവിച്ചില്ല, ഗോകുല നിവാസികൾക്കും പശുക്കൂട്ടങ്ങൾക്കും .ഇന്ദ്രൻ, ഭഗവാൻ കൃഷ്ണന്റെ മുന്നിൽ താൻ ആരുമല്ലെന്ത ഭഗവാൻ ശ്രീകൃഷ്ണൻ,പരമശക്തനാണെന്ന് മനസ്സിലാക്കി, ഭഗവാന്റെ,കാലിൽ വീണ് നമസ്ക്കരിച്ചു.

    ഈ പുരാണ കഥ എല്ലാർക്കും പ്രത്യേകിച്ചു ഇന്നത്തെ കാലത്തിലൂടെ കടന്നു പോകുന്ന നമ്മൾക്കു ഒരു സന്ദേശം തരുന്നുണ്ട്.പ്രകൃതിയെ സ്നേഹിക്കുക, പർവ്വതങ്ങൾ, വൃക്ഷലതാദികൾ, എന്നിവ നശിപ്പിക്കുന്നവരിൽ സംരക്ഷിക്കുക, എങ്കിൽ ദേശം മുഴുവൻ ഐശ്വര്യമുണ്ടാകും, നല്ല കാലാവസ്ഥ എന്നും നിലനിർത്തപ്പെടും, മഴ ക്ഷാമമുണ്ടാകില്ല., തൻ നിമിത്തം ജലക്ഷാമം ഒരിക്കലും അഭിമുഖീകരിക്കേണ്ടി വരില്ല, ഉരുൾപൊട്ടൽ ഉണ്ടാകില്ല. ഇന്ന് എവിടെ നോക്കിയാലും, പർവ്വതങ്ങളും, മലകളും കുന്നുകളും വിഴുങ്ങുന്ന മനുഷ്യന്മാരുടെ കർമ്മമേകാണാനുള്ളൂ വന വൃക്ഷങ്ങൾ കൊത്തി നശിപ്പിക്കുന്നതും, വിൽപ്പന ചെയ്യുന്നതും മാത്രമേ കാണാനുള്ളു. പുരാണങ്ങളിലെ കഥകളിലൂടെ ഉരുത്തിരിയുന്ന സുന്ദേശം ഉൾക്കൊള്ളുക, നാം ഓരോരുത്തരും, എങ്കിലേ നാട്ടുപുരോഗമിക്കൂ

ഗീതാധ്യാനം


ഓം

പാര്‍ത്ഥായ പ്രതിബോധിതാം
ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ
മദ്ധ്യേമഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീം
ഭഗവതീം അഷ്ടാദശാദ്ധ്യായനീം
അംബ! ത്വാമനുസന്ദധാമി
ഭഗവല്‍ഗീതേ! ഭവദ്വേഷിണീം.
(സാക്ഷാല്‍ ശ്രീനാരിയണഭഗവാന്‍ അര്‍ജ്ജുനനുപദേശിച്ചതും, പുരാണമുനിയായ വ്യാസഭഗവാന്‍ മഹാഭാരതം ഗ്രന്ഥത്തിന്‍റെ മദ്ധ്യേ നിബന്ധിച്ചതും, അദ്വൈതമാകുന്ന അമൃതത്തെ വര്‍ഷിക്കുന്നതും, 18അദ്ധ്യായങ്ങള്‍ ഉള്ളതുമായ അമ്മേ! ഭഗവത്ഗീതേ! സംസാരദോഷങ്ങളെ ദൂരീകരിക്കുന്ന അവിടുത്തെ ഞാന്‍ നിത്യം മനഃസില്‍ ധരിച്ചുകൊള്ളുന്നു)-1

നമോസ്തുതേ വ്യാസ! വിശാലബുദ്ധേ!
ഫുല്ലാരവിന്ദായതപത്രനേത്ര!
യേന ത്വയാ ഭാരതതൈലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോ ജ്ഞാനമയ പ്രദീപഃ
(അല്ലയോ, വിശാലബുദ്ധിയും വികസിച്ച ചെന്താമരപ്പൂവിന്‍റെ ദലം പോലെ നീണ്ടും പ്രസന്നമായും ഇരിക്കുന്ന നേത്രങ്ങളോടും കൂടിയ ശ്രീ വ്യാസഭഗവൊനേ! എന്‍റെയീ നമസ്ക്കാരത്തെ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. അവിടുന്നാണല്ലോ ഭാരതമാകുന്ന എണ്ണ നിറഞ്ഞിരിക്കുന്ന വിളക്കില്‍ ജ്ഞാനമാകുന്ന ദീപം പ്രകാശിപ്പിച്ചിരിക്കുന്നത്.)-2

പ്രപന്നപാരിജാതായ
തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ
ഗീതാമൃതദുഹേ നമഃ
(ശരണം പ്രാപിച്ചവര്‍ക്ക് ചതുര്‍വ്വിധപുരുഷാര്‍ത്ഥങ്ങളെ നല്കുന്ന പാരിജാതമായും ഒരു കൈയ്യില്‍ ചമ്മട്ടിയും മറുകൈയ്യില്‍ ജ്ഞാനമുദ്രയും ധരിച്ചും, ഗീതയാകുന്ന അമൃതത്തെ വര്‍ഷിച്ചുംകൊണ്ടിരിക്കുന്ന ശ്രീകൃഷ്ണഭഗവാന് നമസ്ക്കാരം)-3

സര്‍വ്വോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ത്ഥോ വത്സഃ സുധീര്‍ഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്.
(സര്‍വ്വ ഉപനിഷത്തുക്കളുമാകുന്ന പശുക്കള്‍, കറവക്കാരന്‍ ഗോപാലനന്ദനന്‍ (ശ്രീകൃഷ്ണന്‍), കന്നുകുട്ടി പ്രബുദ്ധനായ അര്‍ജ്ജുനന്‍. പാല്‍ മഹത്തായ 'ഗീത'യാകുന്ന അമൃതം)-4

വസുദേവസുതം ദേവം
കംസചാണൂരമര്‍ദ്ദനം
ദേവകീ പരമാനന്ദം
കൃഷ്ണം വന്ദേ ജഗത്ഗുരും
(വസുദേവരുടെ പുത്രനും, കംസ-ചാണൂരന്മാരെ നിഗ്രഹിച്ചവനും, ദേവകീമാതാവിനെ പരരമാനന്ദത്തില്‍ ആറാടിച്ചവനുമായ ജഗത്ഗുരുവായ കൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.)-5

ഭീഷ്മദ്രോണതടാ ജയദ്രഥജലാ
ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ
കര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്‍ണ്ണഘോരമകരാ
ദുര്യോധനാവര്‍ത്തിനീ
സോത്തീര്‍ണ്ണാ ഖലു പാണ്ഡവൈ
രണനദീ കൈവര്‍ത്തകഃ കേശവഃ
(ഭീഷ്മരും, ദ്രോണരുമാകുന്ന തീരങ്ങള്‍. ജയദ്രഥനാകുന്ന ജലം.ഗാന്ധാരനാകുന്ന കരിമ്പാറ. ശല്യരാകുന്ന മുതല. കൃപരാകുന്ന ഒഴുക്ക്. കര്‍ണ്ണനാകുന്ന വേലിയേറ്റത്താല്‍ കലക്കം. അശ്വത്ഥാമാ, വികര്‍ണ്ണന്‍ എന്നീ ഘോരമത്സ്യങ്ങള്‍. ദുര്യോധനനാകുന്ന ചുഴി. എന്നിലയോടുകൂടിയ യുദ്ധമാകുന്ന നദി കടക്കാന്‍ കേശവനായ ശ്രീകൃഷ്ണന്‍ കടത്തുകാരനായി)-6

പാരാശര്യവചഃ സരോജമമലം
ഗീതാര്‍ത്ഥഗന്ധോത്ക്കടം
നനാഖ്യാനകകേസരം
ഹരികഥാസംബോധനാബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹഃ
പേപീയമാനം മുദാ
ഭൂയാത് ഭാരതപങ്കജം
കലിമലപ്രധ്വംസി നഃ ശ്രേയസേ.
(വ്യാസവചസ്സാകുന്ന നിര്‍മ്മല താമരപ്പൂവ്, ഭഗവത്ഗീതാര്‍ത്ഥം കൊണ്ട് ശ്രേഷ്ഠസുഗന്ധപൂര്‍ണ്ണവും, നാനാകഥകളാകുന്ന കേസരങ്ങളും, ഹരികഥയെ പ്രബോധനം ചെയ്യുന്നതും, സജ്ജനങ്ങളാകുന്ന വണ്ടുകള്‍ സസന്തോഷം ആസ്വദിക്കുന്നതുമായ ഭാരതമാകുന്ന താമര ഞങ്ങള്‍ക്കുണ്ടായേക്കാവുന്ന കലിദോഷങ്ങളെ നശിപ്പിച്ച് ശ്രേയസ്സ് നല്‍കുന്നതായി ഭവിക്കേണമേ.)-7

മൂകം കരോതി വാചാലം
പംഗും ലംഘയതേ ഗിരിം
യത് കൃപാ തമഹം
വന്ദേ പരമാനന്ദമാധവം.
(യാതൊരുവന്‍റ കാരുണ്യം ഊമയെ വാചാലനും, മുടന്തനെ പര്‍വ്വതതരണത്തിനും പ്രാപ്തനാക്കുന്നുവോ, പരമാനന്ദമൂര്‍ത്തിയായ ശ്രീകൃഷ്ണനെ വന്ദിക്കുന്നു.)-8

യം ബ്രഹ്മാവരുണേന്ദ്രമരുതഃ
സ്തുന്വന്തി ദിവ്യൈഃ സ്തവൈഃ
വേദൈഃ സാംഗപദക്രമോപനിഷദൈഃ
ഗായന്തി യം സാമഗാഃ
ധ്യാനാവസ്ഥിതതത്ഗതേന മനഃസാ-
പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദുഃ സുരാ-
സുരഗണാ ദേവായ തസ്മൈ നമഃ
(ബ്രഹ്മ, വരുണ, ഇന്ദ്ര, മരുദ്ദേവന്മാര്‍ ദിവ്യസ്തോത്രങ്ങളാല്‍ യാതൊരുവനെ സ്തുതിക്കുന്നുവോ, സാമവേദികള്‍ യാതൊരുവനെ കീര്‍ത്തിക്കുന്നുവോ, ധ്യാനനിഷ്ഠയില്‍ മനഃസുറപ്പിച്ച് യോഗികള്‍ യാതൊരുവനെ ദര്‍ശിക്കുന്നുവോ, ദേവാസുരന്മാരായ ആരും യാതൊരുവന്‍റ ആദ്യവസാനം അറിയുന്നില്ലയോ, അപ്രകാരമുള്ള ദേവന് (ശ്രീകൃഷ്ണന്) നമസ്ക്കാരം.