ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 2, 2018

കര്‍മ്മഫലത്തില്‍ ആഗ്രഹമില്ലാതാവാന്‍




ശ്രീ രാമഗീത

നാജ്ഞാനഹാനിര്‍ ന ച രാഗസംക്ഷയോ
ഭവേത്തതഃ കര്‍മ്മ സദോഷമുദ്ഭവേത്
തതഃ പുനഃ സംസൃതിരപ്യവാരിതാ
തസ്മാദ് ബുധോ ജ്ഞാനവിചാരവാന്‍ ഭവേത്.


അജ്ഞാനം ഇല്ലാതാക്കാന്‍ കര്‍മ്മത്തിനാവില്ല. ഇവിടെ ”അജ്ഞാനം” എന്നതിന് അതിന്റെ കാര്യമായ ”അഹന്ത”, അതായത് കര്‍ത്തൃത്വഭോക്തൃത്വാഭിമാനരൂപമായ ജീവഭാവം എന്നര്‍ത്ഥം. 

കര്‍മ്മരംഗത്തുനിന്ന് കര്‍ത്തൃത്വാഭിമാനത്തെ പൂര്‍ണമായും നീക്കാനാവില്ല. എത്ര കരുതലോടെ പ്രവര്‍ത്തിച്ചാലും കര്‍മ്മം കര്‍ത്തൃത്വാഭിമാനത്തെ പോഷിപ്പിക്കുകയേ ഉള്ളൂ എന്നതാണ് വാസ്തവം.



”ഞാനിതു ചെയ്യുന്നു” എന്ന അഭിമാനത്തോടെ കര്‍മ്മം ചെയ്യുന്ന ഒരാള്‍ക്ക് ആ കര്‍മ്മത്തിന്റെ ഫലം അനുഭവിക്കണമെന്ന ഇച്ഛ ഉണ്ടാവാതിരിക്കില്ല. കര്‍ത്തൃത്വബുദ്ധിയോടൊപ്പം ഭോക്തൃത്വബുദ്ധിയും ഉണ്ടാവുമെന്നര്‍ത്ഥം. ഇതു രണ്ടും ചേര്‍ന്നതാണ് ജീവഭാവം-അഹന്ത. ഈ മിഥ്യാഭിമാനങ്ങള്‍ കര്‍മ്മംകൊണ്ട് നീക്കാവതല്ല. കര്‍മ്മത്തിന് ”കര്‍മ്മഫല”ത്തെ ഉണ്ടാക്കാനേ കഴിയൂ. പുതിയൊരു കര്‍മ്മരംഗവും അതില്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയ പുതിയൊരു ശരീരവും ഉല്‍പ്പാദിപ്പിക്കുന്നു; വാസനകള്‍ തീര്‍ക്കാന്‍ പുതിയ കര്‍മ്മങ്ങളിലേര്‍പ്പെടേണ്ടിയും വരുന്നു. അതിനായി ഈ ജീവിതത്തില്‍തന്നെ ഒരു കര്‍മ്മരംഗത്തുനിന്ന് മറ്റൊരു കര്‍മ്മരംഗത്തേയ്ക്കും, മരണശേഷം മറ്റൊരു ദേഹത്തിലേക്കും നീങ്ങാന്‍ ജീവന്‍ നിര്‍ബന്ധിതനായിത്തീരുന്നു. ഇങ്ങനെ സംസാരത്തിലെ ചുറ്റിത്തിരിയല്‍ അനിവാര്യമായിത്തീരുന്നുവെന്നര്‍ത്ഥം.
അതിനാല്‍ വിവേകിയായ സാധകന്‍ അര്‍പ്പണഭാവത്തില്‍ സ്‌നേഹപൂര്‍ണമായ നിസ്വാര്‍ത്ഥസേവനം അനുഷ്ഠിച്ച് വാസനകളെ ശുദ്ധീകരിച്ചശേഷം ”പരമാത്മതത്ത്വത്തെക്കുറിച്ച് വിചാരം ചെയ്യണ”മെന്ന് ശ്രീരാമന്‍ ഉപദേശിക്കുന്നു. തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ അര്‍ത്ഥത്തെ ഗാഢമായും നിഷ്ഠയോടേയും വിചാരം ചെയ്യലാണ് ജ്ഞാനസാധന. ഇത്-ആത്മവിചാരം-അവധാനതയോടെ ചെയ്യേണ്ടതാണ്.



നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ എപ്പോഴും സന്നിധാനം ചെയ്യുന്ന ആത്മാവ് കര്‍മ്മംകൊണ്ട് നേടേണ്ടതോ നേടാവുന്നതോ അല്ല. സര്‍വ്വേശ്വരനില്‍ ഭക്തിയോടെയും സഹജാതരില്‍ സ്‌നേഹത്തോടെയും സമൂഹനന്മയ്ക്കായി അനുഷ്ഠിക്കപ്പെടുന്ന നിസ്വാര്‍ത്ഥ സേവനം നമ്മുടെ വാസനകളെ തീര്‍ച്ചയായും ശുദ്ധീകരിക്കും. സാത്ത്വികവാസനകള്‍ വികസിക്കുമ്പോള്‍ മനോബുദ്ധികളുടെ ബഹിര്‍മുഖത്വം നീങ്ങുന്നു; നമ്മുടെ ചിന്ത ശാന്തവും ജാഗരൂകവും ഏകാഗ്രഹവുമാവാന്‍ തുടങ്ങുന്നു. ഇങ്ങനെ ശുദ്ധമായ ഹൃദയമാണ് ആത്മാനുസന്ധാനം ചെയ്യാന്‍ സമര്‍ത്ഥമായ ഉപകരണം.
ധ്യാന സാധന തുടരുന്നതിന്നനുസരിച്ച് അന്തരാത്മാവില്‍ ചിത്തമുറപ്പിക്കാനുള്ള, ധ്യാനനിഷ്ഠ നിലനിര്‍ത്താനുള്ള കഴിവ് വര്‍ധിച്ചുവരും. അതോടൊപ്പം പെരുകിപ്പെരുകിവരുന്ന ആനന്ദനിര്‍വൃതി സാധകന്നനുഭവപ്പെടുകയും ചെയ്യും.



ശ്രീരാമഗീതയുടെ അവതാരികയാണ് ഈ ശ്ലോകമെന്ന് പറയാം. കര്‍മ്മയോഗമനുഷ്ഠിച്ച് അന്തഃകരണം ശുദ്ധമാക്കിയ ഒരുത്തമസാധകനായി ശിഷ്യനായ ലക്ഷ്മണനെ ഗുരുവായ ശ്രീരാമന്‍ കാണുന്നു. അത്തരമൊരു സാധകന്‍ ഇനി അനുഷ്ഠിക്കേണ്ടത് ധ്യാനയോഗമാണ്. താഴ്ന്ന ക്ലാസില്‍ പഠിക്കുന്ന കുട്ടി തന്റെ അദ്ധ്യാപകനോടുള്ള സ്‌നേഹബന്ധം കാരണം, ക്ലാസുകയറ്റം കിട്ടിയാലും പുതിയ ക്ലാസിലേക്ക് പോവാന്‍ കൂട്ടാക്കുന്നില്ല. അപ്പോള്‍ രക്ഷിതാക്കള്‍ ഇടപെട്ട് അനുനയവാക്കുകളെക്കൊണ്ട് ബോധ്യപ്പെടുത്തിയോ ശാസിച്ചോ അവനെ അടുത്ത ക്ലാസില്‍ കൊണ്ടുചെന്നാക്കുന്നു.



പുതിയ അദ്ധ്യാപകനും പുതിയ കൂട്ടുകാരുമായി ഇടപഴകുന്നതുവരെ കുട്ടിക്ക് മനഃപ്രയാസമുണ്ടാവും. അതുപോലെ ഗുരുവിനും തന്റെ ശിഷ്യനെ സാവധാനം കര്‍മ്മരംഗത്തുനിന്ന് വിടുവിട്ട് ധ്യാനമാര്‍ഗത്തിലേക്ക് നയിക്കേണ്ട ചുമതലയുണ്ട്. ഇതുവളരെ സൂക്ഷിച്ചുവേണം ചെയ്യാന്‍. വിശ്വാസം തകര്‍ക്കാന്‍ എളുപ്പം കഴിയും; സൃഷ്ടിക്കുക എളുപ്പമല്ല.
ശ്രീരാമന് ലക്ഷ്മണന്റെ ഹൃദയം നന്നായറിയാം. അതിനാല്‍ ജീവനെ സംസാരബന്ധത്തില്‍നിന്ന് വിമുക്തനാക്കാന്‍ കര്‍മത്തിനാവില്ലെന്ന് ശ്രീരാമന്‍ വെട്ടിത്തുറന്ന് പറയുന്നു. ”ജ്ഞാനംകൊണ്ടേ അജ്ഞാനം നീങ്ങൂ. കര്‍മ്മം അജ്ഞാനത്തിന്റെ സന്തതിയാണ്, വിരോധല്ല.”

No comments:

Post a Comment