മഹാരാജാവിനോടു കിരാതന്‍ ചോദിച്ചു. ഘോരമായ ഈ കാട്ടില്‍ ആരേയും പേടിയില്ലാതെ രാത്രിയില്‍ നിസ്സാരരായ സേനാഗണത്തോടുകൂടി കിടക്കുന്നതാരാണ്? ഞാന്‍ ഈശ്വരനായിരിക്കുന്ന ഈ വനത്തില്‍ എന്റെ അനുവാദം കൂടാതെ മരങ്ങള്‍ മുറിക്കാനും പാറകള്‍ പൊട്ടിക്കാനും ആരാണ് പറഞ്ഞത്? നിങ്ങളെ താമസം കൂടാതെ ഞാന്‍ കൊല്ലുന്നുണ്ട്. പെട്ടെന്ന് തിരിച്ച് പോകുന്നതാണ് നിങ്ങള്‍ക്കുനല്ലത്. കിരാതന്റെ ദുര്‍വാക്കുകള്‍ കേട്ട് ഭൂപതി പറഞ്ഞു:- നിഷ്ഠൂര വാക്യങ്ങള്‍ ഈ വിധം പറയുന്ന ദുഷ്ടനെ ഞാന്‍ കൊല്ലാതെവിടുമോ? മദ്യപാനം ചെയ്തു മത്തനായി വന്നതാണെങ്കില്‍ ഞാന്‍ തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നു. ഞാന്‍ അഭയം തന്നിരിക്കുന്നു. ഉടന്‍ തന്നെ ഇവിടെനിന്നു പോവുക. രാജാവിന്റെ വാക്കുകള്‍കേട്ട് കോപിച്ച ഇന്ദ്രന്‍ വജ്രായുധവുമായി യുദ്ധത്തിനൊരുങ്ങി. അമ്പും വില്ലും ധരിച്ച രാജശേഖരനൃപന്‍ ഉടനെ അസ്ത്രവര്‍ഷം ചൊരിഞ്ഞു. രാജാവ് അയച്ച അസ്ത്രങ്ങളെല്ലാം വജ്രം കൊണ്ട് ഇന്ദ്രന്‍ ഖണ്ഡിച്ചു. പന്തളരാജാവിനെ കൊല്ലാനായി ഇന്ദ്രന്‍ ഉടന്‍തന്നെ വജ്രായുധം എടുത്തു വീശി. കിരാതനെ എതിരിടാന്‍ സാധിക്കില്ല എന്നു മനസ്സിലാക്കിയ മഹാരാജാവ് ഭൂതനാഥന്‍ സമ്മാനിച്ച ഛുരിക പ്രയോഗിച്ചു.
കത്തുന്നതീപോലെ ഛുരിക ഇന്ദ്രനു നേര്‍ക്ക് പാഞ്ഞടുത്തു. വജ്രായുധം നിഷ്ഫലമായതുകണ്ട് ഛുരികയെ ഭയന്ന് ഇന്ദ്രന്‍ ഓടിത്തുടങ്ങി. ഛുരിക ഇന്ദ്രനെ പിന്തുടര്‍ന്നു. ഒടുവില്‍ ഓടിയോടി ഇന്ദ്രന്‍ ഭൂതനാഥസ്വാമിവസിക്കുന്ന സ്വര്‍ണ്ണാലയത്തില്‍ എത്തിച്ചേര്‍ന്നു. ഭൂതനാഥനെ ദണ്ഡനമസ്‌ക്കാരം ചെയ്ത് ഇന്ദ്രന്‍ വന്ദിച്ചു. ഭൂതനാഥന്‍ ഇന്ദ്രനോട് പറഞ്ഞു – ഛുരികായുധം ഞാന്‍ പന്തളരാജാവിനു നല്‍കിയതാണ്. അതിനാല്‍ ആ ആയുധത്തില്‍ ഇപ്പോള്‍ എനിക്ക് ഒരു അധികാരവുമില്ല. ഭൂപതിയുടെ അടുത്തേക്ക് തന്നെ ചെല്ലുക. ഇവിടെ നിന്നാല്‍ അബന്ധം വരുന്നതാണ്. അവിടെത്തന്നെ ചെല്ലുന്നതാണ് നല്ലത്. എന്റെ ഭക്തനായ രാജശേഖരനൃപനു സ്വര്‍ഗ്ഗം വെറും തൃണം(പുല്ല്) പോലെയാണ് ഗംഗാനദീതീരത്തു വസിക്കുന്ന ഒരാള്‍ വെള്ളത്തിനായി കുളം കുഴിക്കുവാന്‍ ഒരുമ്പെടുമോ?
ഭൂതനാഥന്‍ ഇങ്ങനെ അരുളിചെയ്ത സമയമത്രയും ഇന്ദ്രനെ ആക്രമിക്കാതെ മറഞ്ഞുനിന്ന ഛുരിക എണ്ണ ഒഴിച്ചാല്‍ ആളിപ്പടരുന്ന അഗ്നിയെന്നപോലെ കത്തിജ്വലിച്ച് ഇന്ദ്രനെ സമീപിച്ചു. ജംഭാന്തകനായ ഉമ്പര്‍കോന്‍ ഒടുവില്‍ പന്തളേശനെ തന്നെ അഭയം പ്രാപിച്ചു. കാരുണ്യവാനായ രാജാവ് ഇന്ദ്രന് അഭയം നല്‍കി. ഉടന്‍ തന്നെ ശാന്തമായ ഛുരിക രാജാവിന്റെ കൈകളില്‍ മടങ്ങിയെത്തി. നാണവും ക്ഷീണവും പൂണ്ട് ഇന്ദ്രന്‍ ക്ഷോണീപതിയോടു പറഞ്ഞു: ഞാന്‍ ഇന്ദ്രനാണ് എന്നറിയുക. നിന്നുടെ വീര്യം അറിയുവാനായി വന്നതാണ് ഞാന്‍. ഭൂതേശഭക്തന്മാരുടെ മാഹാത്മ്യം ജഗത്രയങ്ങളിലുമുള്ള ഭക്തര്‍ പുകഴ്ത്തട്ടെ. മഹാരാജാവ് വിനീതനായി ഇന്ദ്രനെ വന്ദിച്ചു പറഞ്ഞു: മനുഷ്യരായ ഞങ്ങളോട് വാനവരായ നിങ്ങള്‍ ഈവിധം തുടങ്ങിയാല്‍ അതു ശരിയല്ല എന്നു പറയാന്‍ ഈശ്വരനല്ലാതെ ശക്തരായി മറ്റാരുമില്ല. ഭവാന്‍ എന്നോട് തോറ്റു എന്ന് മനസ്സില്‍ ചിന്തിക്കുന്നതു ന്യായമാവുകയില്ല. സാക്ഷാല്‍ ജഗദീശ്വരനോടു തോല്‍ക്കുകയാണെങ്കില്‍ ആര്‍ക്കും ആക്ഷേപമില്ലല്ലോ?.
രാജാവിന്റെ വാക്കുകള്‍ കേട്ട് ലജ്ജയോടുകൂടി മുഖം കുനിച്ച് ഇന്ദ്രന്‍ പറഞ്ഞു. സംഭവിച്ചതൊക്കെ സംഭവിച്ചു. സഖേ, ഭവാന് ഇനി മേല്‍ക്കുമേല്‍ നല്ലതുവന്നുചേരും. ഭൂതനാഥന്റെ ആലയത്തിനുസ്ഥാനം കാണുവാന്‍ ഞാന്‍ വിശ്വകര്‍മ്മാവിനെ അയയ്ക്കുന്നതാണ്. അങ്ങയുടെകൂടെയുള്ള ശില്പികളില്‍~ഒരാളെപ്പോലെ കൂടെ നിന്ന് വിശ്വകര്‍മ്മാവ് സ്ഥാനം നിര്‍ണ്ണയിക്കുന്നതാണ്. ഇത്രയും പറഞ്ഞ് വൃത്രാരി അപ്രത്യക്ഷനായി. സൂര്യന്‍ ഉദിച്ചുയര്‍ന്നു. ആചാര്യനോടും ബ്രഹ്മണരോടുംകൂടി സ്‌നാനവും നിത്യകര്‍മ്മാദികളും അനുഷ്ഠിച്ച് രാജാവ് ക്ഷേത്രശിലാസ്ഥാപനത്തിന് ഒരുങ്ങി. ഉത്തമമായ ഒരു മുഹൂര്‍ത്തം ആചാര്യന്‍ വിധിച്ചു. നല്ലതുപോലെ മഹാരാജാവ് ദാനങ്ങള്‍ നല്‍കി. മംഗളവാദ്യങ്ങള്‍ മുഴങ്ങി. ദേവവൃന്ദങ്ങള്‍ അത്ഭുതപ്പെട്ട് അനുഗ്രഹം ചൊരിഞ്ഞു. ശില്പിമാരില്‍ ഒരുവനെപ്പോലെ ദേവശില്പി വന്നു ചേര്‍ന്നു. വിശ്വകര്‍മ്മാവിനെ തിരിച്ചറിഞ്ഞ ആചാര്യന്‍ മഹാരാജാവിനു ദേവശില്പിയെ കാണിച്ചുകൊടുത്തു. ആമോദത്തോടെ രാജാവ് വിശ്വകര്‍മ്മാവിനെ വന്ദിച്ചു. വിശ്വകര്‍മ്മാവ് ക്ഷേത്രത്തിനുള്ള സ്ഥാനം നിര്‍ണ്ണയിച്ചു.
ഭൂതനാഥന്‍ അയച്ച അസ്ത്രം തറച്ചുനില്‍ക്കുന്നതിന്റെ സമീപത്ത് മഹാരാജാവ് ഛുരിക സ്ഥാപിച്ചു. അസ്ത്രത്തിന്റേയും ഛുരികയുടേയും മധ്യത്തില്‍ ക്ഷേത്രത്തിനുള്ള ശിലയിട്ടു. അഗ്നികോണിലേക്ക് മുഖമായി ആ ശിലനില്‍ക്കുന്നതുകണ്ട് നിമിത്തലക്ഷണാദികളില്‍ വിദഗ്ദ്ധനായ ആചാര്യന്‍ പറഞ്ഞു. മഹാരാജാവേ, എന്നെങ്കിലും ഈ ക്ഷേത്രത്തില്‍ അഗ്നിബാധ ഉണ്ടാകുമെന്ന് എനിക്കുതോന്നുന്നു. ഇതുകേട്ട് മഹാരാജാവ് ചോദിച്ചു. ആചാര്യാ, അഗ്നിബാധ ഉണ്ടാകാതിരിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്ന് പറഞ്ഞാലും. ഈ സമയത്ത് ആകാശത്തു നിന്നും ഒരു അശരീരി (ആകാശവാണി) പുറപ്പെട്ടു. ഘോരനായ കലിയുടെ കാലത്തുവന്നു ചേരുന്ന അശുദ്ധികളെയെല്ലാം കെടുക്കുവാന്‍ അഗ്നിബാധ എനിക്ക് ഇഷ്ടമാണ്. മഹാരാജാവേ, അങ്ങ് ഭഗ്നാശനാവേണ്ടതില്ല. ഇനി വേണ്ടതെല്ലാം ആചാര്യന്‍ പറഞ്ഞുതരുന്നതാണ്. ആലയം പണികഴിപ്പിച്ചുകൊള്ളുക. ആകാശവാണി കേട്ട് ശാന്തചിത്തനായ രാജാവ് ക്ഷേത്രം നിര്‍മ്മിക്കുവാനുള്ള ആജ്ഞ ശില്പികള്‍ക്കു നല്‍കി.
വൃശ്ചികമാസത്തിലെ ഒന്നാം ദിവസമാണ് ഭൂതനാഥക്ഷേത്രനിര്‍മ്മാണത്തിന് പ്രസ്തരസ്ഥാപനം (കല്ലിടല്‍) നടത്തിയത്. കല്ലുകള്‍ ഉയര്‍ത്തിക്കെട്ടി അതില്‍ മണ്ണുകൊണ്ട് മഞ്ച സമാനമായ ആലയം പണിതീര്‍ത്തു. പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ആ ആലയം അസ്ത്രത്തിന്റേയും ചുരികയുടേയും മുകളിലായാണ് നിര്‍മ്മിച്ചത്. ഭൂതനാഥന്റെ ആലയത്തിന്റെ ഇടതുഭാഗത്ത് മഞ്ജമാതാവിനുള്ള ആലയവും മഹാരാജാവ് പണികഴിപ്പിച്ചു. കടുശബ്ദനും (കടുത്ത), ധന്യനായ ഗിരിസത്തമനും ആലയങ്ങള്‍ നിര്‍മ്മിച്ചു. മഞ്ജാംബികയുടെ ആലയത്തിനുസമീപത്ത് മഹാരാജാവിനും, താപസന്മാര്‍ക്കും, ബ്രഹ്മണര്‍ക്കും വിശ്രമിക്കുവാനുള്ള ഒരു ആലയവും പണിതീര്‍ത്തു. ഭൂതനാഥന്റെ വിഗ്രഹം ഏതുവിധത്തില്‍ നിര്‍മ്മിക്കണമെന്ന് ശില്പികള്‍ മഹാരാജാവിനോടും മുനിമാരോടും ബ്രാഹ്മണരോടും ചോദിച്ചു.
ഈ സമയത്ത് സാക്ഷാല്‍ പരശുരാമന്‍ ഒരു അഞ്ജനശാസ്ത്രജ്ഞന്റെ രൂപമെടുത്ത് മഹാരാജാവിന്റെ സമീപത്ത് വന്ന് മന്ദഹാസപൂര്‍വ്വം പറഞ്ഞു. രാജാവേ, ഇവിടെ ഭൂതേശന്‍ ഇരുന്നരുളുന്നത് ഏതു വിധമെന്ന് അഞ്ജനംകൊണ്ട് ഞാന്‍ അങ്ങേയ്ക്ക് തെളിവാര്‍ന്നു കാണിച്ചുതരാം. അപ്രകാരമാവട്ടെ എന്നു രാജാവ് സമ്മതിച്ചു. അഞ്ജനത്തില്‍(മഷിയില്‍) നോക്കിയ രാജാവ് വിസ്മയിച്ചു. ഭട്ടബന്ധത്തോടെ ചിന്മുദ്രായുതനായ അഷ്ടമൂര്‍ത്തിസുതന്റെ എണ്ണമറ്റ വിഗ്രഹങ്ങളും, അസ്ത്രങ്ങളും, ചുരികകളും, കത്തിയക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും മഹാരാജാവ് കണ്ടു. ചിന്മുദ്രയോടുകൂടി കേവലാനന്ദത്തോടെ മണികണ്ഠദേവന്‍ ഇരിക്കുന്നതും മറ്റ് എണ്ണമറ്റ വിസ്മയങ്ങളും കണ്ട് ഭൂപതി അഞ്ജന ശാസ്ത്രജ്ഞനോടു ചോദിച്ചു: എണ്ണമറ്റ ബിംബങ്ങളും, ഛുരികാസ്ത്രങ്ങളും ഇങ്ങനെ ഇവിടെ കാണുവാന്‍ കാരണമെന്താണ്? ധന്യമതേ, അങ്ങ് പറഞ്ഞാലും.
പരശുരാമന്‍ പറഞ്ഞു: ഭൂപതേ, പറയാം. അങ്ങയേപ്പോലെയുള്ള പന്തളരാജാക്കന്മാര്‍ മുമ്പും ഭൂമിയില്‍ ഉണ്ടായിരുന്നു. ധന്യരായ അവര്‍ ഭൂമിയില്‍ പ്രതിഷ്ഠിച്ച ബിംബങ്ങളാണ് എണ്ണമറ്റതായി ഭവാന്‍ കണ്ടത് എന്നറിയുക. ദേവേന്ദ്രനെ ജയിക്കുവാന്‍ ഛുരികയും ദേവന്‍ അപ്പോള്‍ അവര്‍ക്കു നല്‍കാറുണ്ട്. ഇന്ദ്രനെ ആദ്യമായി ജയിച്ച രാജാവ് ഞാനാണ് എന്ന് മനസ്സില്‍ വൃഥാ ചിന്തിച്ചു മദിക്കേണ്ട. പരശുരാമന്റെ വാക്കുകള്‍ ശ്രവിച്ച് ലജ്ജയോടുകൂടി രാജശേഖരന്‍ പറഞ്ഞു: കാരുണ്യവാരിധേ, കല്പങ്ങള്‍തോറും ഇതേവിധം സംഭവിക്കുമെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. ഇന്ദ്രനും ഞാനും തമ്മിലുള്ള പ്രശ്‌നം ഇതുവരെ മറ്റാരും അറിഞ്ഞിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ അതെല്ലാം നിന്തിരുവടി അറിഞ്ഞത് ആശ്ചര്യമായിരിക്കുന്നു. ഭവാന്‍ ആരാണ് എന്നുപറഞ്ഞുതന്നാലും. ഭൂപാലവാക്യം കേട്ട് ഭാര്‍ഗ്ഗവരാമന്‍ ആനന്ദപൂര്‍വ്വം പറഞ്ഞു ‘ഭാര്‍ഗ്ഗവീനായകാ, കേരളം സൃഷ്ടിച്ച ഭാര്‍ഗ്ഗവരാമനാണ് ഞാന്‍ എന്നറിയുക. അഷ്ടാദശപീഠയുക്തനായി കേരളഭൂമിയെ സംരക്ഷിച്ചുകൊള്ളാമെന്ന് ഭൂതനാഥന്‍ എന്നോട് സത്യം ചെയ്തിരിക്കുന്നു. അതില്‍ മുഖ്യമായത് ഇവിടം തന്നെയാണ്. മററ് പതിനേഴു പീഠങ്ങളും സന്തോഷപൂര്‍വ്വം ഞാന്‍ ഉടന്‍തന്നെ പ്രതിഷ്ഠിക്കും. ഇവിടെ പ്രതിഷ്ഠിക്കേണ്ട ബിംബത്തേക്കുറിച്ചു ഞാന്‍ പറയാം. ഭട്ടബന്ധംപൂണ്ട് ചിന്മുദ്രയോടുകൂടിയ ഒരു കരം മുട്ടില്‍ ചേര്‍ത്ത് ഇരിക്കുന്നവിധത്തിലുള്ള വിഗ്രഹമാണ് നിര്‍മ്മിക്കേണ്ടത്. ഈ വാക്കുകള്‍ കേട്ട് എല്ലാവരും ഭാര്‍ഗ്ഗവരാമനെ താണുവണങ്ങി.
ജന്മഭൂമി:
No comments:
Post a Comment