ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 13, 2018

പുരാണകഥകൾ - ശ്രീരാമസഖ്യം നമ്മളിൽ ഒളിഞ്ഞിരിക്കുന്ന ശക്തിയെ പുറത്തെത്തിക്കുന്നു





ബാലിയെ ഭയന്ന്‌ നാടുവിട്ടോടി ബാലികേറാമല എന്നറിയപ്പെടുന്ന ഋഷ്യമൂകാചലത്തിൽ ഒളിവുജീവിതം നയിച്ച സുഗ്രീവൻ, രാമനിൽ കണ്ടതു സമാനദുഃഖിതനെയായിരുന്നു. രാവണനാൽ ബലാൽ അപഹരിക്കപ്പെട്ട സീതയുടെ ഭർത്താവായ രാമനിൽ ബാലിയാൽ ബലാൽ അപഹരിക്കപ്പെട്ട രുമയുടെ ഭർത്താവായ സുഗ്രീവൻ സമാന ദുഃഖിതനെ കണ്ടതു സ്വാഭാവികം. അതിനാൽ ഭാര്യയെ വീണ്ടെടുക്കാൻ സഹായിക്കാം എന്നവർ പരസ്പരം സഖ്യവും ചെയ്തു. സുഗ്രീവപത്നിയായ രുമയെ വീണ്ടെടുക്കുവാൻ ബാലിവധം അനിവാര്യമായിരുന്നു. രാമൻ ബാലിവധം ചെയ്തു വാക്കുപാലിച്ചു.



 എന്നാൽ ലങ്കയിൽ സീതയെ എവിടെ ഒളിപ്പിച്ചിരിക്കുന്നു എന്നു കണ്ടെത്തി രാവണവധം ചെയ്തു സീതയെ വീണ്ടെടുക്കുവാൻ ശ്രീരാമനെ സഹായിക്കാം എന്ന പ്രതിജ്ഞ കിഷ്ക്കിന്ധയുടെ രാജാവായതോടെ സുഖഭോഗങ്ങളിൽ മുഴുകിയ സുഗ്രീവൻ പാടെ വിസ്മരിച്ച മട്ടായി. അധികാരത്തിൽ ഇല്ലാതിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ അധികാരത്തിൽ ഏറിയാൽ മറന്നുപോവുക എന്നത്‌ അഥവാ വാഗ്ദാനങ്ങൾ വിസ്മരിക്കുക എന്നതു ഇക്കാലത്തെ രാഷ്ട്രീയകക്ഷികളുടെ മാത്രം സ്വഭാവമല്ല അക്കാലത്തെ രാജാക്കന്മാരുടെയും സ്വഭാവമാണെന്നുള്ളതിൽ ദൃഷ്ടാന്തമാണ്‌ സുഗ്രീവൻ. സുഗ്രീവന്റെ മന്ത്രിയായ ഹനുമാൻ ഇത്തരം വാഗ്ദാന ലംഘന സ്വഭാവവും വാഗ്ദാന വിസ്മരണയും ശുഭകരമല്ലെന്നും നാശകാരിയാണെന്നും സുഗ്രീവനെ സധൈര്യം ഓർമ്മപ്പെടുത്തുന്നുണ്ട്‌.



“പ്രത്യുപകാരം മറക്കുന്ന പുരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും”

എന്നുതന്നെ ഹനുമാൻ പറയുന്നു. ഈ ഹനുമൽ വാക്യം എല്ലാ രാഷ്ട്രീയകക്ഷികളും അവരുടെ ആസ്ഥാനമന്ദിരത്തിനകത്ത്‌ വലിയ അക്ഷരത്തിൽ എഴുതിവയ്ക്കുന്നത്‌ വാഗ്ദാനവിസ്മരണം ഒഴിവാക്കുവാൻ ഒരുപക്ഷേ അവരെ സഹായിച്ചേക്കാം.



എന്തായാലും ഹനുമാന്റെ കുറിക്കുകൊള്ളുന്ന ഹിതോപദേശം ഫലിച്ചു. വാഗ്ദാനലംഘനത്തിൽ കോപിഷ്ഠനായ ലക്ഷ്മണനെ അനുനയിപ്പിക്കുവാനും പറഞ്ഞ വാക്കു പാലിക്കുവാൻ എന്തുവിലകൊടുത്തും പരിശ്രമിക്കാനും ശ്രീരാമസന്നിധിയിലെത്തി സുഗ്രീവൻ തയ്യാറായി. അംഗദൻ (ബാലിപുത്രൻ) ജാംബവാൻ, ഹനുമാൻ എന്നിവരുൾപ്പെട്ട വാനരവീരസംഘം ലങ്കയിലേയ്ക്ക്‌ കടത്തപ്പെട്ട സീതയെ കണ്ടെത്തി വീണ്ടെടുക്കുവാൻ ത്വരിതാന്വേഷണം ആരംഭിച്ചു. ലങ്കയിൽ എത്തുവാൻ കടൽ കടക്കണം. ഒരു മരത്തിൽ നിന്നു മറ്റൊരു മരത്തിലേയ്ക്ക്‌ എടുത്തുചാടി അഭ്യാസം കളിക്കുന്നപോലെ എളുപ്പമുള്ള കാര്യമല്ല സമുദ്രതരണം എന്നു സുഗ്രീവാജ്ഞ പാലിക്കുവാൻ പുറപ്പെട്ടു അലയാഴിത്തീരത്തെത്തിയ വാനരപ്രമുഖർക്ക്‌ ബോധ്യമായി. സുഗ്രീവാജ്ഞ നിറവേറ്റാതിരുന്നാൽ സുഗ്രീവനാൽ കൊല്ലപ്പെടും. സുഗ്രീവാജ്ഞ നിറവേറ്റുവാൻ കടൽച്ചാടിക്കടക്കുവാൻ ശ്രമിച്ചാൽ കടലിൽ മുങ്ങിച്ചാവേണ്ടിയും വരും. ഇതായിരുന്നു സീതാന്വേഷണത്തിനു പുറപ്പെട്ടു കടൽക്കരയോളമെത്തിയ വാനരപ്രമുഖരുടെ ദുർഘടാവസ്ഥ. 



ഒടുവിൽ സുഗ്രീവ സേനയിലെ ഭീഷ്മ പിതാമഹൻ എന്നു വിശേഷിപ്പിക്കാവുന്ന ജാംബവാൻ ഹനുമാന്റെ അരികിലെത്തി ഈ സമുദ്രം ഒരു തോടുപോലെ തരണം ചെയ്യാനുള്ള ശക്തി നിന്നുലുണ്ടെന്നു പറഞ്ഞ്‌ ഉദ്ബോധിപ്പിച്ച്‌ ഹനുമാനെ വർധിത വീര്യനാക്കി. കൃഷ്ണാവതാരത്തിനു മുമ്പാണ്‌ രാമാവതാരം എന്ന പൗരാണിക ക്രമമനുസരിച്ചുള്ള യുക്തിയിൽ ചിന്തിച്ചാൽ എന്തു ചെയ്യേണ്ടു എന്നറിയാതെ വിഷാദിച്ച അർജ്ജുനനെ ചെയ്യേണ്ടതു ചെയ്യാൻ പ്രാപ്തനാക്കി യുദ്ധക്കളത്തിൽ വീര്യം വീണ്ടെടുത്തുകൊടുത്ത ഭഗവദ്ഗീതയേക്കാൾ മുമ്പുണ്ടായ പ്രചോദനാത്മകപ്രസംഗമാണ്‌ ജാംബവാൻ ഹനുമാനു നൽകുന്ന ഉദ്ബോധനം എന്നു പറയാം.



“നിൻ കയ്യിലല്ലയോ തന്നതു രാഘവ-
നംഗുലീയമതുമെന്തിനെന്നോർക്കനീ!
ത്വൽബല വീര്യവേഗങ്ങൾ വർണ്ണിപ്പതി-
നി പ്രപഞ്ചത്തിങ്കലാർക്കുമാമല്ലെടോ”


“സീതയെ കണ്ടാൽ, രാമദൂതനാണു താനെന്നു അവൾക്കു ബോധ്യപ്പെടുവാൻ കാണിക്കുവാനുള്ള അടയാളമായ മോതിരം നിന്നെഏൽപ്പിച്ച ശ്രീരാമൻ അല്ലയോ ഹനുമാനേ ഒന്നും കാണാതെ അതു ചെയ്യുമോ?” എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള ജാംബവാന്റെ പ്രസംഗത്താൽ പ്രചോദിതനാകുന്ന ഹനുമാനിലാണ്‌ കിഷ്ക്കിന്ധാകാണ്ഡം അവസാനിക്കുന്നത്‌. 


ശബ്ദസൗന്ദര്യം മുറ്റിയ സുന്ദരകാണ്ഡമാകട്ടെ, കടൽതരണം ചെയ്ത്‌ ലങ്കയിൽ എത്തുന്ന ഹനുമാനോടെയാണ്‌ അതിന്റെ ആരംഭഭാഗങ്ങൾ അവതരിപ്പിക്കുന്നതും. അർത്ഥമോ പ്രയോഗമോ പിഴയ്ക്കാതെ സാരമാത്രമായി  സംസാരിക്കുന്ന ഹനുമാനെ ആദ്യസമാഗമത്തിൽ തന്നെ ശ്രീരാമൻ അഭിനന്ദിക്കുന്നുണ്ട്‌. ഹനുമാന്റെ ബുദ്ധിവൈഭവത്തിനെയാണ്‌ ആ രാമായണ സന്ദർഭം ദൃഷ്ടാന്തീകരിക്കുന്നത്‌. എന്നാൽ സമുദ്രതരണം, ലങ്കാദഹനം എന്നിവ ചെയ്യുന്ന ഹനുമാനെ കാട്ടിത്തരുന്ന സുന്ദരകാണ്ഡം ഹനുമാന്റെ കായികബലത്തെയാണ്‌ ദൃഷ്ടാന്തീകരിക്കുന്നത്‌.   ബാലിയുടെ ബലം ഭയന്ന്‌ ഋഷ്യമൂകാചലത്തിൽ ഒളിച്ചു കഴിഞ്ഞ സുഗ്രീവനെയും ഹനുമാൻ ഉൾപ്പെട്ട കൂട്ടാളികളെയും ദേവേന്ദ്രനും ഭയം ജനിപ്പിക്കുന്ന രാവണനെപ്പോലും കിടുകിടെ വിറപ്പിക്കുവാൻ തക്കവിധം അവരിലൊളിഞ്ഞിരുന്ന ബലത്തെ പുറത്തേയ്ക്കെടുപ്പിക്കുന്നതിനു രാമസഖ്യം സഹായകമായി. ദുർബലരുടെ ബലത്തെ കണ്ടെത്തുവൻ ദുർബലരെ സഹായിക്കുന്ന കലയാണു മഹത്തായ സംഘാടനം! അതു ശ്രീരാമനു ഉണ്ടായിരുന്നു.
  

No comments:

Post a Comment