ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 4, 2018

അന്യസ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നു ലക്ഷ്മണനിലൂടെയെങ്കിലും ഇന്നത്തെ ലോകം പഠിക്കട്ടെ*




വാല്മീകിയെന്ന മാമുനി പണ്ട് ലോകത്തിന് ആദികാവ്യം തന്നു. രാമന്റെയും സീതയുടെയും കഥ പറയുന്ന വെറും കാവ്യപുസ്തകമല്ല രാമായണം. അതിലെ ഓരോ സന്ദർഭവും സദാചാരത്തിന്റെ അമൃതബിന്ദുക്കളാണു ലോകത്തിനു നൽകുന്നത്. ഒരു സന്ദർഭം ഇങ്ങനെ:



രാവണൻ സീതയെ അപഹരിച്ചതിനു ശേഷം രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചു കാട്ടിലാകെ നടക്കുകയാണ്. അതിനിടെ സുഗ്രീവൻ, ഹനുമാൻ തുടങ്ങിയ വാനരനേതാക്കളെ കണ്ടുമുട്ടി. ഒരു സ്ത്രീയെ ഒരു രാക്ഷസൻ വിമാനത്തിൽ തട്ടിക്കൊണ്ടുപോകുന്നതു താൻ കണ്ടെന്നു സുഗ്രീവൻ രാമനോടു പറഞ്ഞു. ഈ മലയുടെ മുകളിൽ തങ്ങളെ കണ്ടപ്പോൾ ആ സ്ത്രീ അവരുടെ ആഭരണങ്ങൾ ഊരി താഴെയിട്ടു എന്നു പറഞ്ഞ് സുഗ്രീവൻ ആ ആഭരണങ്ങൾ രാമനു മുന്നിൽ വച്ചു. ആഭരണങ്ങൾ കണ്ടപാടേ സീതാവിരഹം കൊണ്ടുള്ള ദുഃഖം മൂലം രാമൻ ആകെ വിവശനായി. എന്നിട്ടു ലക്ഷ്മണനോടു പറഞ്ഞു:

 ‘ലക്ഷ്മണാ, ഈ ആഭരണങ്ങൾ സീതയുടേതു ന്നെയാണോ എന്നു പരിശോധിക്ക്’ എന്ന്.
അപ്പോൾ ലക്ഷ്മണൻ രാമനോടു പറയുകയാണ്:

 ‘‘നാഹം ജാനാമി കേയൂരേ നാഹം ജാനാമി കുണ്ഡലേ നൂപുരേ ത്വഭിജാനാമി നിത്യം പാദാഭിവന്ദനാത്’’ എന്ന്. ‘ജ്യേഷ്ഠ, ജ്യേഷ്ഠത്തിയമ്മ മാറിലണിയുന്ന ആഭരണങ്ങളും തോൾവളകളും കമ്മലുമൊന്നും എനിക്കു കണ്ടാൽ തിരിച്ചറിയില്ല. പക്ഷേ, ഈ പാദസരം എനിക്കു നന്നായി അറിയാം. എന്നും ആ കാൽക്കൽ നമസ്കരിക്കുമ്പോൾ ഞാൻ കാണുന്നവയാണല്ലോ അവ’ എന്നാണു ലക്ഷ്മണൻ രാമനോടു പറയുന്നത്. ഇന്നു വരെ ആ കാൽക്കലേക്കല്ലാതെ മറ്റെവിടേക്കും ഞാൻ സൂക്ഷിച്ചു നോക്കിയിട്ടില്ല എന്നാണു ലക്ഷ്മണൻ പറഞ്ഞത്.


ഒരു സ്ത്രീയും ഭർതൃസഹോദരനും തമ്മിലുള്ള ബന്ധത്തിലെ ഉദാത്തമായ സദാചാരമൂല്യമാണു വാല്മീകി ലക്ഷ്മണന്റെ വാക്കുകളിലൂടെ നമുക്കു മുന്നിൽ വച്ചത്. സദാചാരസംസ്കാരത്തെ ഇത്രയും സുന്ദരമായി അവതരിപ്പിച്ച മാമുനിയുടെ  വാക്യം ഇന്നും ഏറെ പ്രസക്തമാണ്. അന്യസ്ത്രീകളോട് എങ്ങനെ പെരുമാറണമെന്നു ലക്ഷ്മണനിലൂടെയെങ്കിലും ഇന്നത്തെ ലോകം പഠിക്കട്ടെ.

No comments:

Post a Comment