രണ്ടെന്നതൊഴിഞ്ഞാല്‍ അവിടെ നമ്മുടെ പ്രേമപ്രകാശം സ്വയം പരക്കുകയായി. അത് ആത്മസ്വഭാവമാണ്. ഭേദഭാവനയും ഭയവും അഹങ്കാരവുമൊക്കെയാണിന്നിപ്പോളതിന് തടസ്സമായി നില്‍ക്കുന്നത്. അവ നശിച്ചാല്‍പ്പിന്നെ അവിടെ സ്നേഹം മാത്രമവശേഷിക്കുന്നു. സ്നേഹം ജീവിതമായിത്തീരുന്നു. അത് പകരം എന്തെങ്കിലും പ്രതീക്ഷിച്ചിട്ടുള്ള കാമ്യതയല്ല. തിരിയെ സ്നേഹം കിട്ടട്ടെ, കിട്ടാതിരിക്കട്ടെ, നമ്മുടെ സ്നേഹപ്രവാഹത്തെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല. ആ പ്രേമത്തിന്റെ നദിയില്‍ ആര്‍ക്കുവേണമെങ്കിലും മുങ്ങിക്കുളിക്കാം. രോഗിയാകട്ടെ ആരോഗ്യവാനാകട്ടെ, യുവാവാകട്ടെ, വൃദ്ധനാകട്ടെ, ആണാകട്ടെ, പെണ്ണാകട്ടെ, ദരിദ്രനാകട്ടെ, ധനവാനാകട്ടെ പ്രേമനദി ആരെയും നിരസിക്കുന്നില്ല. ആരെങ്കിലും കുളിക്കട്ടെ, കുടിക്കട്ടെ, മുങ്ങുകയോ നീന്തുകയോ എന്തുവേണമെങ്കിലുമാകട്ടെ, അല്ലെങ്കില്‍ കുളിക്കാനും കുടിക്കാനും വിസമ്മതിച്ചുകൊള്ളട്ടെ, പ്രേമനദി അനുസ്യൂതം ഒഴുകുന്നു അത്രതന്നെ. ആ പ്രേമപ്രവാഹം ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും കവിഞ്ഞൊഴുകുമ്പോള്‍ അതിനെ നമ്മള്‍ കാരുണ്യമെന്ന് വിളിക്കുന്നു.
– മാതാ അമൃതാനന്ദമയീദേവി
– മാതാ അമൃതാനന്ദമയീദേവി
No comments:
Post a Comment