ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 10, 2018

മഹാഭാരതകഥകൾ - പുരാണകഥകൾ





നമോസ്തുതേ വ്യാസ, വിശാല ബുദ്ധേ!
ഫുല്ലാരവിന്ദായ തപത്ര നേത്ര!
യേന   ത്വയാ ഭാരതതൈലപൂർണ്ണ:
പ്രജ്ജ്വാലിതോ ജ്ഞാനമയ: പ്രദീപ


ഉപമന്യുവിന്റെ പരീക്ഷ:-

ഉപാദ്ധ്യായൻ ഉപമന്യുവിനെ വിളിച്ച് " ഉണ്ണീ! ഉപമന്യു, നീ പയ്ക്കളെ മേയ്ക്കൂ ". എന്നു പറഞ്ഞയച്ചു. അവൻ ഉപാദ്ധ്യായന്റെ കല്പനപ്രകാരം പകലെല്ലാം പൈക്കളെ മേയ്ച്ചിട്ട് സന്ധ്യക്ക് ഉപാദ്ധ്യായന്റ അടുക്കൽ വന്നു നമസ്കരിച്ചു.
" ഉണ്ണീ, നീ തടിച്ചിരിക്കുന്നല്ലോ എന്തുകൊണ്ടാണ് ഉപജീവനം കഴിക്കുന്നത്;? എന്നുള്ള ഉപാദ്ധ്യായന്റെ ചോദ്യത്തിന് " ഞാൻ ഭിക്ഷയെടുത്താണ് ജീവിക്കുന്നത് " എന്ന വൻ പറഞ്ഞു. അവനോട് ഉപാദ്ധ്യായൻ പറഞ്ഞു.


" ഭിക്ഷ കിട്ടിയത് എനിക്കു കൊണ്ടുവന്നു തരാതെ ഉപയോഗിക്കരുത് " അതിനു ശേഷം അവന് ഭിക്ഷ കിട്ടിയതു മുഴുവൻ അദ്ദേഹം വാങ്ങിച്ചു. അന്നും പകലൊക്കെ പൈക്കളെ മേച്ച് സന്ധ്യയ്ക്ക് ഗുരുകുലത്തിലെത്തി ഉപാദ്ധ്യായനെ വന്ദിച്ചു അവൻ മുമ്പത്തെപ്പോലെ തടിച്ചു കണ്ടിട്ട് ഉപാദ്ധ്യായൻ ചോദിച്ചു.. 

" ഉണ്ണീ! ഉപമന്യൂ ! നിനക്ക് കിട്ടിയ ഭിക്ഷ മുഴുവൻ ഞാൻ വാങ്ങുന്നുണ്ട്. പിന്നെ നീ എന്തുകൊണ്ട് വൃത്തി കഴിക്കുന്നു?"

ഇതു കേട്ടിട്ടവൻ ഉപാദ്ധ്യായനോട് പറഞ്ഞു: മുമ്പു കിട്ടിയ ഭിക്ഷ ഭഗവാനു തന്നിട്ട് രണ്ടാമതും ഭിക്ഷയേറ്റു കഴിയുകയാണ്."

ഇതു മര്യാദയായ ഗുരുവൃത്തിയല്ല: ഇങ്ങനെ കഴിയുന്ന നീലുബ്ധനാണ്. " എന്നു ഗുരു പറഞ്ഞതിനാൽ അവൻ അതു സമ്മതിച്ചു.രണ്ടാമതു ഭിക്ഷയേൽക്കാൻ പോയില്ല. അന്നും ഗുരുവിന്റെ മുന്നിൽ ചെന്നപ്പോൾ അദ്ദേഹം അവനെ തടിച്ചു കണ്ടിട്ട് 

" ഉണ്ണീ നിന്റെ ഭിക്ഷ മുഴുവൻ ഞാൻ വാങ്ങുന്നുണ്ട്. നീ പിന്നെ ഭിക്ഷയേൽക്കുന്നതുമില്ല. നീ എന്തുകൊണ്ട് ഉപജീവനം കഴിക്കുന്നു?"

ഇതു കേട്ടിട്ട് ഉപമന്യു " ഞാൻ പൈക്കളുടെ പാലു കൊണ്ടാണ് ഉപജീവനം കഴിക്കുന്നത് " എന്നു പറഞ്ഞു.

" ഇതു നീ ചെയ്യന്നത് ന്യായമല്ല ഞാൻ അനുവദിച്ചിട്ടില്ല" എന്നു ഗുരു പറഞ്ഞു 'അവൻ അതും സമ്മതിച്ച് പിന്നെയും പശുക്കളെ മേച്ച് ഗുരുഗൃഹത്തിലെത്തി.
"നീ ഇപ്പോൾ എന്തുകൊണ്ടാണ് ഉപജീവനം കഴിക്കുന്നത് " എന്ന ഗുരുവിന്റെ ചോദ്യത്തിന് അവൻ "മുലകുടിച്ച പൈക്കുട്ടികളുടെ വായിൽ നിന്നൊഴുകുന്ന നുരയാണ് ഞാൻ ഭക്ഷിക്കുന്നത് " എന്ന് പറഞ്ഞു. നുരയും ഭക്ഷിക്കരുതെന്ന് ഗുരുവിലക്കിയതോടെ പൈക്കളെ മേച്ച് കാട്ടിൽ നടക്കുമ്പോൾ അവന് വിശന്നു വയ്യാതായി.കാട്ടുചെടികളുടെ ഇല പറിച്ചുതിന്ന കൂട്ടത്തിൽ എരിക്കിലയും തിന്നു 


'ക്ഷാര തിക്ത കടുകങ്ങളും, തീക്ഷ്ണവിപാകങ്ങളുമായ എരിക്കലകൾ തിന്നതിനാൽ അവന് കണ്ണിന് ദീനം വന്ന് കണ്ണും പൊട്ടി. അന്ധനായിട്ട് സഞ്ചരിച്ച അവൻ ഒരു പൊട്ടക്കിണറ്റിൽ വീണു 'സൂര്യൻ അസ്തമിച്ചിട്ടും അവൻ വരാത്തതു കൊണ്ട് ഉപമന്യു വന്നില്ലല്ലോ എന്ന് ഗുരുശിഷ്യരോട് പറഞ്ഞു.മറ്റു ശിഷ്യരേയും കൂട്ടി അദ്ദേഹം കാട്ടിൽ ചെന്ന് അന്വേഷിച്ചു. ഉപാദ്ധ്യായന്റെ ഒച്ച കേട്ടിട്ട് അവൻ കിണറ്റിൽ വീണു കിടക്കുകയാണെന്ന് വിളിച്ചു പറഞ്ഞു "നീ എങ്ങിനെ കിണറ്റിൽ വീണു "ഗുരു ചോദിച്ചു.
" എരിക്കില തിന്നു കണ്ണുപൊട്ടുകയാൽ കിണറ്റിൽ വീണു പോയി. " എന്നവൻ പറഞ്ഞു 


"ദേവ വൈദ്യന്മാരായ അശ്വിനീ ദേവകളെ സ്തുതിക്കുക. അവർ നിനക്കു കണ്ണുണ്ടാക്കി തരും': എന്ന് ഉപാദ്ധ്യായൻ ഉപദേശിച്ചു. അപ്പോൾ ഉപമന്യു ഋക്കുകളെക്കൊണ്ട് അശ്വനീ ദേവകളെ സ്തുതിച്ചു.അശ്വിനീ ദേവകൾ വന്ന് സന്തോഷത്തോടു കൂടി " അങ്ങീ അപ്പം തിന്നൂ. എന്നു പറഞ്ഞു.: ഉപമന്യു പറഞ്ഞു "ഞാൻ ഗുരുവിന് കൊടുക്കാതെ ഈ അപ്പം തിന്നുകയില്ല." അപ്പോൾ അശ്വിനീ ദേവകൾ പറഞ്ഞു "മുമ്പു ഞങ്ങൾ നിന്റെ ഗുരുവിനു അപ്പം കൊടുത്തു.ഗുരുവിനു കൊടുക്കാതെ അദ്ദേഹമതു തിന്നുകയും ചെയ്തു. ഉപാദ്ധ്യായൻ ചെയ്തതുപോലെ അങ്ങു ചെയ്യു" അതു കേട്ടിട്ട് അവൻ ഉത്തരം പറഞ്ഞു


 "അശ്വിനീ ദേവകളേ ഇതാ ഞാൻ നിങ്ങളെ പ്രസാദിപ്പിക്കുന്നു 'ഗുരുവിന് കൊടുക്കാതെ ഈ അപ്പം തിന്നാൻ ഞാൻ വിചാരിക്കുന്നില്ല" അവന്റെ ഗുരുഭക്തി കണ്ട് അശ്വിനീ ദേവകൾ സന്തോഷിച്ച് അവന് " കണ്ണ് കാണാറാകും, ശ്രേയസ്സും വരും' ' എന്നനുഗ്രഹിച്ചു.
കണ്ണ് കാണാറായപ്പോൾ അവൻ ഗുരുവിന്റെ അടുക്കലെത്തി വിവരം അറിയിച്ചു. അദ്ദേഹം അതു കേട്ട് സന്തോഷിച്ചു. അവനെ അനുഗ്രഹിച്ചു. " അശ്വിനീ ദേവന്മാർ പറഞ്ഞതുപോലെ നിനക്കു ശ്രേയസ് വരും സർവ്വ വേദങ്ങളും സർവ്വധർമ്മശാസ്ത്രങ്ങളും പ്രകാശിക്കും: 'അദ്ദേഹം അവനെ ഗൃഹത്തിൽ പോകാനനുവദിച്ചു.

No comments:

Post a Comment