തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം
__________________________________
കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി. ഐതീഹ്യങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും വിശിഷ്ട ദേവ സ്ഥാനം എന്ന നിലയിലാണ് തിരുനെല്ലി പ്രതിപാദിക്കുന്നത്. ശ്രീ തിരുനെല്ലി ക്ഷേത്രത്തെ ഓർത്താൽ തന്നെ ഐശ്വര്യവും മോക്ഷവും ലഭിക്കുമത്രേ. ബ്രഹ്മഗിരി മല നിരകളിലെ കമ്പമല, കരിമല, വരഡിഗമല എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രത്തിന് അമലക (നെല്ലിക്ക) ക്ഷേത്രം, സഹ്യമലക്ഷേത്രം, സിദ്ധക്ഷേത്രം എന്നീ പേരുകളുമുണ്ട്. മുപ്പത് കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. ദക്ഷിണകാശിയെന്നും ദക്ഷിണഗയയെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം പിതൃ ബലി തർപ്പണങ്ങൾക്ക് പ്രസിദ്ധമാണ് . മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ അമാവാസി (കറുത്തവാവ്) ദിവസങ്ങളിലാണ് ബലി ഇടുക
ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ചതുർ ഭുജങ്ങളുടെ രൂപത്തിൽ ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിനു സമർപ്പിച്ചുവെന്നും അതു കൊണ്ടാണ് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നുതെന്നുമാണ് ഒരു ഐതിഹ്യം. കുടക് മലകളോട് ചേർന്നു കിടക്കുന്ന ബ്രഹ്മഗിരിയുടെ ചേതോഹരയിൽ വന്നിറങ്ങിയ ബ്രഹ്മദേവൻ, അവിടുത്തെ സുമോഹന പ്രകൃതിയിൽ വിഷ്ണു സാന്നിധ്യം തിരിച്ചറിഞ്ഞു. മലയിൽ നിന്ന് കണ്ടെത്തിയ വിഷ്ണുശില ബ്രഹ്മഗിരിയുടെ താഴ്‌വാരപ്രദേശമായ തിരുനെല്ലിയിൽ പ്രതിഷ്ഠിച്ചു. ബ്രഹ്മാവിനു മുന്നിൽ പ്രത്യക്ഷപ്പെട്ട വിഷ്ണു ഭഗവാൻ ക്ഷേത്ര മാഹാത്മ്യം വിശദീകരിക്കുകയുംചെയ്തു.
ഇവിടെ വിഷ്ണു ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഒരു നെല്ലി മരത്തിലാണെന്നും അതിനാൽ ഈ സ്ഥലത്തിന് തിരുനെല്ലി എന്ന പേര് സിദ്ധിച്ചുവെന്നും ആ ഐതീഹ്യം തുടരുന്നു. മൈസൂരിലേക്ക് തീർത്ഥയാത്ര പോയ മൂന്നു മലയാളി നമ്പൂതിരിമാർക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോൾ ഇവർ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നിൽക്കുന്നത് കണ്ടു. അതിനടുത്തായി നിറയെ നെല്ലിക്കയുള്ള ഒരു നെല്ലിമരം കണ്ട് അവർ തങ്ങളുടെ പൈദാഹങ്ങൾ അകറ്റി. ഇവർ ഈ സ്ഥലത്തിന് തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളിൽ നെല്ലിമരങ്ങൾ ധാരാളമായി കാണാം. തൃശ്ശിലേരി, കാളിന്ദീ, പാപനാശിനി, പക്ഷിപാതാളം (ഋഷിപാതാളം) എന്നീ നാല് ദിവ്യസ്ഥാനങ്ങൾ തിരുനെല്ലി ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്നു. തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കു വച്ച്, പാപനാശിനിയിൽ ബലി തർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ വിഷ്ണുവിനെ വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്. തൃശ്ശിലേരിയിൽ ശ്രീപരമേശ്വരൻ ഗൃഹാവാസിയായി താമസിച്ചുവെന്ന് പറയുന്നു. ഇത് സ്വയംഭൂശിവനാണെന്ന് കരുതുന്നു. തൃശ്ശിലേരിക്ക് തിരുമത്തൂർ എന്നൊരു പേരും കൂടിയുണ്ട്. തിരുനെല്ലിയുടെ ശിരസ്സാണ് തൃശ്ശിലേരി എന്നാണ് ജ്ഞാനികളുടെ മതം. ശൈവ വൈഷ്ണവ സംഘർഷകാലത്ത് തിരുനെല്ലിയിൽ നിന്ന് മാറ്റി പ്രതിഷ്ഠിക്കപ്പെട്ട ശിവചൈതന്യമാണ് തൃശ്ശിലേരി ക്ഷേത്രത്തിൽ സ്ഥിതി ചെയ്യുന്നത് എന്ന് ചരിത്ര രേഖകൾ.
ബ്രഹ്മഗിരിയുടെ നിഗൂഢതകളിൽ എവിടെയോ നിന്നു ഉറവെടുക്കുന്ന ഋണമോചിനി, ഗുണിക, ശതബിന്ദു, സഹസ്രബിന്ദു, വരാഹ (ശംഖ, ചക്ര, ചെറു ഗദ, പത്മ, പാദ) എന്നീ തീർത്ഥങ്ങൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തു പഞ്ചതീർത്ഥ കുളത്തിൽ ഒന്നിച്ചു ചേർന്ന് പാപ നാശിനി അരുവിയായി ഒഴുകുന്നു.
പഞ്ചതീർത്ഥകുളത്തിന്റെ നടുവിൽ നെല്ലിക്കകൾ വീണ് കല്ലായി തീർന്നുവെന്ന് വിശ്വസിക്കുന്ന പിണ്ഡപാറയിൽ ശംഖ്, ചക്രം, ഗദ, പത്മം എന്നിവയും മഹാവിഷ്ണുവിന്റേതെന്ന സങ്കല്പത്തിൽ പാദമുദ്രയും കൊത്തിയിരിക്കുന്നു. ഇവിടെ നിന്നുകൊണ്ട് മഹാവിഷ്ണു ബ്രഹ്മാവിനു ദിവ്യോപദേശം നൽകി എന്നൊരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ഔഷധ ഗുണ പ്രധാനങ്ങളായ അപൂർവ്വ സസ്യങ്ങളുടെ കേദാരം കൂടിയാണ് ബ്രഹ്മഗിരി. എല്ലാ രോഗങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യ ശക്തി പാപനാശിനിക്ക് ഉണ്ടെന്നും പാപനാശിനിയിലെ പുണ്യ ജലത്തിൽ ഒന്നു മുങ്ങിയാൽ ജന്മാന്തര പാപങ്ങളിൽ നിന്നും മോചിതരാവുമെന്നും വിശ്വസിക്കപ്പെടുന്നു. മരിച്ചവർക്കായി തിരു നെല്ലിയിൽ പിണ്ഡം വയ്ക്കുന്നത് പിണ്ഡപാറയിലാണ്. പിണ്ഡപാറയിൽ ശ്രാദ്ധമൂട്ടിയാൽ ഗയാ ശ്രാദ്ധത്തിന്റെ ഫലം ലഭിക്കുമെന്നും തീർഥ ജലത്തിൽ പതിച്ച് പിണ്ഡം ഒഴുകിപ്പോകുമ്പോൾ പരേതാത്മാവിനു മുക്തി ലഭിക്കും എന്നുമാണ് വിശ്വാസം. പരശുരാമനും ശ്രീരാമനും പാപനാശിനിയിൽ പിതൃകർമ്മം അനുഷ്ഠിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം.
തിരുനെല്ലിയിൽ പോകുന്നതിന്നു മുമ്പ് തൃശ്ശിലേരിയിൽ ദർശ്ശനം ചെയ്യണം. തിരുനെല്ലി പോകുന്ന വഴിക്കാണ് ഈ ക്ഷേത്രം.
No comments:
Post a Comment