ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, June 19, 2016

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

36) ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്താണ് ഈ മഹാശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ ചരിത്രരേഖകളുടെ കുറവുകാണുന്നുണ്ട്. ഖരപ്രതിഷ്ഠയാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു. നാലേക്കറിൽ കൂടുതൽ വരുന്ന സ്ഥലത്ത് പടിഞ്ഞാട്ട് ദർശനമായിട്ടാണ് ഏറ്റുമാനൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഐതിഹ്യം

ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ ഉദ്ഭവത്തെപ്പറ്റി രസകരമായ ഒരു ഐതിഹ്യമുണ്ട്. രാവണന്റെ സഹോദരനായ ഖരൻ (അല്ലെങ്കിൽ, അതേ പേരുകാരനായ മഹർഷി) മുത്തച്ഛനായ മാല്യവാനിൽനിന്ന് ശൈവവിദ്യ ഗ്രഹിച്ച് ചിദംബരത്ത് ചെന്ന് ശിവനെ ഭജിച്ച് തപസ്സിരുന്നു. തപസ്സിന്റെ കാലാവധി കഴിഞ്ഞപ്പോൾ പ്രത്യക്ഷപ്പെട്ട ശിവൻ അവന് മൂന്ന് ശിവലിംഗങ്ങൾ കൊടുത്തു. അവയിൽ ഒന്ന് വലത്തെ കയ്യിലും മറ്റേത് ഇടത്തെ കയ്യിലും ശേഷിച്ച ഒന്ന് വാകൊണ്ട് കടിച്ചും പിടിച്ച് ഖരൻ ആകാശമാർഗ്ഗേണ യാത്രയായി. യാത്ര കാരണം ക്ഷീണിച്ച അവൻ ഒരു സ്ഥലത്തെത്തിയപ്പോൾ അവിടെ വിശ്രമിയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് മൂന്ന് ശിവലിംഗങ്ങളും ഇറക്കിവച്ച് ഖരൻ വിശ്രമിച്ചു. വിശ്രമത്തിനുശേഷം എഴുന്നേറ്റുപോകാൻ നിന്ന ഖരൻ ശിവലിംഗങ്ങൾ ഉറച്ചിരിയ്ക്കുന്നതായി കണ്ടു. അപ്പോൾത്തന്നെ ശിവന്റെ ഒരശരീരി മുഴങ്ങി: "ഇവിടെയാണ് ഞാൻ താമസിയ്ക്കാൻ കണ്ടുവച്ചിരിയ്ക്കുന്ന ഏറ്റവും ഉചിതമായ സ്ഥലം". തുടർന്ന് മൂന്ന് ശിവലിംഗങ്ങളും അവിടെയുണ്ടായിരുന്ന വ്യാഘ്രപാദൻ എന്ന മഹർഷിയെ ഏല്പിച്ച് ഖരൻ മുക്തി നേടി.

ഖരൻ വലത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം വൈക്കത്തും ഇടത്തെ കയ്യിൽ പിടിച്ചിരുന്ന ശിവലിംഗം ഏറ്റുമാനൂരിലും വാകൊണ്ട് കടിച്ചുപിടിച്ച ശിവലിംഗം കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഈ മൂന്നിടത്തും ഒരേ ദിവസം ദർശനം ഉച്ചയ്ക്കുമുമ്പ് നടത്തുന്നത് ഉത്തമമാണത്രേ. ഇന്നും പല ഭക്തരും ഈ രീതി തുടർന്നുവരുന്നുണ്ട്.

ക്ഷേത്ര നിർമ്മിതി

വൈക്കത്തേതുമായി നോക്കുമ്പോൾ താരതമ്യേന വളരെ ചെറിയ മതിൽക്കകമാണ് ഏറ്റുമാനൂരിലേത്. എങ്കിലും, ഏകദേശം അഞ്ചേക്കർ വിസ്തീർണ്ണം വരും. എം.സി. റോഡിന്റെ കിഴക്കുഭാഗത്ത് അതിമനോഹരമായ ക്ഷേത്രകവാടം കാണാം. ആ കവാടത്തിനകത്തുതന്നെയാണ് വാഹനപാർക്കിംഗ് സൗകര്യവും ഒരുക്കിയിരിയ്ക്കുന്നത്. ഇതും കഴിഞ്ഞ് അല്പദൂരം നടന്നാൽ ഏതൊരു ക്ഷേത്രത്തിലേതും പോലെ വലിയ ആൽമരം കാണാം. ദിവസവും രാവിലെ ഈ ആൽമരത്തെ പ്രദക്ഷിണം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിന് നാലുഭാഗത്തും ഗോപുരങ്ങളുണ്ടെങ്കിലും പടിഞ്ഞാറുഭാഗത്തുള്ളതാണ് ഏറ്റവും വലുതും മനോഹരവും. ഇതിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നു. 'കീഴ്തൃക്കോവിൽ ക്ഷേത്രം' എന്നാണ് ഇതിന്റെ പേര്.

പ്രതിഷ്ഠകൾ

പ്രധാനമൂർത്തിയായ ഏറ്റുമാനൂരപ്പൻ പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിൽ വാഴുന്നു. ശിവലിംഗത്തിന് 3 അടി പൊക്കമുണ്ട്. ശ്രീകോവിലിൽ ഓരോ ദിവസവും മൂന്നു ഭാവത്തിൽ ഏറ്റുമാനൂരപ്പൻ വിളങ്ങുന്നു. ഉച്ച വരെ ഭക്തന്മാർ ദർശിക്കുന്നത് അപസ്മാര യക്ഷനെ ചവിട്ടി മെതിക്കുന്ന രൂപത്തിലും , ഉച്ചക്കു ശേഷം അത്താഴ പൂജ വരെ ശരഭരൂപത്തിലും , അത്താഴ പൂജ മുതൽ നിർമ്മാല്യ ദർശനം വരെ ശിവ ശക്തി രൂപത്തിലുമാണ്.

ഉപദേവാലയങ്ങൾതിരുത്തുക
ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപപ്രതിഷ്ഠകൽ. കൂടാതെ വടക്കുപടിഞ്ഞാറ് കീഴ്തൃക്കോവിലിൽ അഭിമുഖമായി മഹാവിഷ്ണുവും കിഴക്ക് പാർവതിയുമുണ്ട്.

ആട്ടവിശേഷങ്ങൾ

തിരുവുത്സവം

ഇവിടെ കുംഭ മാസത്തിലെ തിരുവാതിരക്ക് ആറാട്ട് നടത്തുന്നതിനു 10 ദിവസം മുമ്പ്‌ സ്വർണ്ണ ധ്വജത്തിൽ കൊടിയേറി ഉത്സവം ആരംഭിക്കുന്നു. ഈ ദിനങ്ങളിൽ ശ്രീ പരമേശ്വരൻ അനവധി ആനകളുടെ അകമ്പടിയോടെ എഴുന്നള്ളുന്നു. എട്ടാംദിവസമാണ്‌ ചരിത്ര പ്രസിദ്ധമായ ആസ്ഥാന മണ്ഡപത്തിലെ കാണിക്ക ഇടൽ ചടങ്ങ്‌. പത്താം ദിവസം തിരുവിതാംകൂർ മഹാരാജാവ് നടയ്ക്കു വെച്ച ഏഴര പൊന്നാനകൾ ശ്രീ പരമേശ്വരന്റെ എഴുന്നള്ളത്തിനു അകമ്പടി സേവിക്കുന്നു.

നിത്യപൂജകൾ

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള ഒരു മഹാക്ഷേത്രമാണ് ഏറ്റുമാനൂർ ക്ഷേത്രം. പുലർച്ചെ മൂന്നുമണിയ്ക്ക് പള്ളിയുണർത്തൽ. തുടർന്ന് നാലുമണിയ്ക്ക് നടതുറക്കും. തുടർന്ന് അരമണിക്കൂർ നിർമ്മാല്യദർശനം. പിന്നീട് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. അഭിഷേകം കഴിഞ്ഞാൽ നിവേദ്യം, പിന്നീട് ഉഷഃപൂജ. ഉഷഃപൂജയ്ക്ക് 'മാധവിപ്പള്ളിപ്പൂജ' എന്നു പേരുണ്ട്. ഇതിനുപിന്നിലുള്ള ഒരു ഐതിഹ്യം ഇതാണ്: കോഴിക്കോട് സാമൂതിരിയ്ക്ക് മാധവി എന്നുപേരുള്ള ഒരു സഹോദരി ഉണ്ടായിരുന്നു. യൗവനാരംഭത്തിൽ അവൾക്ക് ഒരു ഗന്ധർവന്റെ ആവേശമുണ്ടായി. അതിനെത്തുടർന്ന് വിദഗ്ദ്ധചികിത്സകൾ നടത്തിയിട്ടും കാര്യമുണ്ടായില്ല. തുടർന്ന് ഏറ്റുമാനൂരിൽ ഭജനമിരുത്തുകയും രോഗം മാറുകയും ചെയ്തു. പിന്നീട് സാമൂതിരി ഉഷഃപൂജയ്ക്ക് സഹോദരിയുടെ പേരുനൽകി, അത് തന്റെ വകയാക്കി മാറ്റി.

ഉഷഃപൂജ കഴിഞ്ഞ ഉടനെ എതിരേറ്റുപൂജ അഥവാ എതൃത്തപൂജ തുടങ്ങും. സൂര്യോദയസമയത്താണ് ഈ പൂജ നടക്കുന്നത്. പിന്നീട് തന്റെ ഭൂതഗണങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി ഭഗവാൻ ഇറങ്ങുന്നു. ഇതാണ് കാലത്തെ ശീവേലി. മേൽശാന്തി ശ്രീകോവിലിൽനിന്നിറങ്ങി ബലിക്കല്ലുകളിൽ ബലി തൂകുന്നു. തുടർന്ന് തിടമ്പ് കയ്യിലെടുത്ത് കീഴ്ശാന്തി ആനപ്പുറത്ത് കയറുന്നു. ശീവേലിയ്ക്ക് എല്ലാ ക്ഷേത്രവാദ്യങ്ങളും അകമ്പടി സേവിയ്ക്കുന്നു. ശീവേലിയ്ക്ക് ഭഗവാന്റെ പിന്നാലെ ഭക്തരും പ്രദക്ഷിണം വയ്ക്കുന്നു. അവസാനപ്രദക്ഷിണം ഓട്ടപ്രദക്ഷിണമായിരിയ്ക്കും.

നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്ത്, അതായത് രാവിലെ എട്ടുമണിയ്ക്ക്, പന്തീരടിപൂജ തുടങ്ങും. പന്ത്രണ്ടടിനീളം വരുന്ന സമയത്ത് നടത്തുന്ന പൂജയായതുകൊണ്ടാണ് പന്തീരടിപൂജ എന്നു വിളിയ്ക്കുന്നത്. പന്തീരടിപൂജ കഴിഞ്ഞ ഉടനെ ധാര തുടങ്ങും.
ഉഗ്രമൂർത്തിയായ ശിവന്റെ കോപം തണുപ്പിയ്ക്കുന്നതിനാണ് ധാര എന്നു വിശ്വസിയ്ക്കപ്പെടുന്നു. ഭാരതത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും ധാര പ്രധാനവഴിപാടാണ്. പിന്നീട് നവകാഭിഷേകം. ഉച്ചപ്പുജയും ശീവേലിയും കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ നടയടയ്ക്കുന്നു.

വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയത്ത് ദീപാരാധന നടക്കുന്നു. പിന്നീട് അത്താഴപ്പൂജയും ശീവേലിയും. അവകഴിഞ്ഞാൽ തൃപ്പുക തുടങ്ങുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ശ്രീകോവിലിൽ അഷ്ടഗന്ധം പുകയ്ക്കുന്ന ചടങ്ങാണിത്. തൃപ്പുക കഴിഞ്ഞാൽ നടയടയ്ക്കുന്നു.

ക്ഷേത്രത്തിലെ പ്രത്യേകതകൾ

കൊല്ലവർഷം 720 ഇൽ ഭഗവാൻ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. പുലർച്ചക്കുള്ള ആദ്യ പൂജയെ മാധവിപള്ളിപൂജ എന്നു പറയുന്നു. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത്.

ഉത്സവത്തിനു ആസ്ഥാന മണ്ഡപത്തിൽ കാണിക്ക അർപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഏഴരപ്പൊന്നാനയാണു ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. തടിയിൽ നിർമ്മിച്ചു സ്വർണ്ണ തകിടു പൊതിഞ്ഞ 7 വലിയ ആനകളും ഒരു കുട്ടിയാനയും കൂടുന്നതാണു ഏഴരപ്പൊന്നാന. ക്ഷേത്രത്തിലെ ഉൽസവക്കാലത്തു എട്ടാം ഉൽസവദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാൻ അഭൂതപൂർവ്വമായ തിരക്കാണു ഉണ്ടാകുന്നത്.
❣❣❣❣❣❣❣❣❣❣

               ✍ശുഭം ✍

No comments:

Post a Comment