ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, June 12, 2016

ശിവലിംഗം എന്നാല്‍ എന്താണ്?

ശിവലിംഗം എന്നാല്‍ എന്താണ്? ശിവലിംഗ തത്ത്വം വിശദീകരിക്കാമോ? ലിംഗം എന്നാല്‍ ലൈംഗികാവയവം അല്ലേ? ഒരു ലൈംഗികാവയവത്തെ ആണോ ഹൈന്ദവര്‍ ആരാധിക്കുന്നത്?
ഉത്തരം:
ശിവം = മംഗളം, ലിംഗം = ബാഹ്യലക്ഷണം.
ശിവലിംഗം എന്ന് പറഞ്ഞാന്‍ ശിവം ലിംഗ്യതേ ഇതി ശിവലിംഗം. ശിവം എന്നാല്‍ മംഗളം എന്നര്‍ത്ഥം. മംഗളത്തെ സൂചിപ്പിക്കുന്നതെന്തോ അതിനെയാണ് ശിവലിംഗം എന്ന് പറയുന്നത്. 'ലിംഗം' എന്ന വാക്കിന്റെ അര്‍ത്ഥം 'ലിംഗ്യതേ ഇതി ലിംഗം' അതായത് സൂചിപ്പിക്കുന്നത് എന്തോ അത് ലിംഗം. സാധാരണ ഭാഷയില്‍ ലിംഗ ശബ്ദത്തിനു ബാഹ്യ ലക്ഷണം എന്നാണ് അര്‍ത്ഥം. ഒരു സംന്യാസിയുടെ ലക്ഷണം എന്തെന്ന് ചോദിച്ചാല്‍ ജ്ഞാനവും വൈരാഗ്യവുമാണ്. എന്നാല്‍ ഒരു സംന്യാസിയുടെ ലിംഗം (ബാഹ്യലക്ഷണം) എന്തെന്നു ചോദിച്ചാല്‍ കാഷായം, മുണ്ഡനം തുടങ്ങിയവയൊക്കെ പറയാം. അതുപോലെ ഒരു ബ്രഹ്മചാരിയുടെ ലിംഗമെന്തെന്നു ചോദിച്ചാല്‍ ശിഖയാണ് (തലയുടെ പിന്‍ ഭാഗത്ത്‌ നീട്ടി വളര്‍ത്തിയ മുടി) എന്നു പറയാം. അങ്ങിനെ എല്ലാവര്‍ക്കും ഓരോ ലിംഗം ഉണ്ട്. വാനപ്രസ്ഥന്റെ ലിംഗം എന്തെന്ന് ചോദിച്ചാല്‍ ജടയാണ് എന്ന് പറയാം. യഥാര്‍ത്ഥ ലക്ഷണം കുറെ കൂടി സൂക്ഷ്മമാണ്. ബാഹ്യ ലക്ഷണമാണ് ലിംഗം. അപ്പോള്‍ ശിവം ലിംഗ്യതേ ഇതി ശിവലിംഗം എന്ന് പറഞ്ഞാല്‍ ശിവത്തെ അഥവാ മംഗളത്തെ സൂചിപ്പിക്കുന്നത് എന്നര്‍ത്ഥം.
എന്താണിത്? ഉപാസനാ തലത്തില്‍ എന്താണിതിന്റെ പ്രാധാന്യം?
ഈശ്വരനു പ്രതിമയില്ല. 'ന തസ്യ പ്രതിമാ അസ്തി', അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്‍, 'അശബ്ദ അസ്പര്‍ശ അരൂപമവ്യയം'. ശബ്ദമില്ല, സ്പര്‍ശമില്ല, രൂപമില്ല, രസമില്ല. അപ്പോള്‍ ശബ്ദസ്പര്‍ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത അല്ലെങ്കില്‍ വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം ചെയ്യുവാന്‍ കഴിഞ്ഞേക്കാം. പക്ഷെ ജനസാമാന്യത്തിനു അഥവാ സാധാരണ ജനങ്ങള്‍ക്ക്‌, ആ ഒരു നിര്‍ഗുണ നിരാകാരമായ തത്വത്തെ അനുസന്ധാനം ചെയ്യുവാന്‍ കഴിയില്ല. അപ്പോള്‍ അപാരകൃപാവാന്മാരായ നമ്മുടെ ഋഷീശ്വരന്മാര്‍ എല്ലാവര്‍ക്കും ഉപാസിച്ചുയരാനുള്ള ചില സങ്കേതങ്ങളെ തന്നു. അവയാണ്‌ നാമ സഹായം, രൂപ സഹായം എന്നിവ. അതായത് നാമ രൂപങ്ങളുടെ സഹായത്തെ വിഗ്രഹങ്ങളിലൂടെ സ്വീകരിച്ചു. 'വിഗ്രഹം' എന്ന് പറഞ്ഞാല്‍ 'വിശേഷേണ ഗ്രാഹയതി'. വിശേഷേണ നമ്മെ ഗ്രഹിപ്പിക്കുന്നതെന്തോ അതാണ്‌ വിഗ്രഹം. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അദ്ധ്യാപകന്‍ നമ്മെ എണ്ണം പഠിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ കൈവിരലുകള്‍ ഉപയോഗിക്കുവാന്‍ ഉപദേശിച്ചു. അങ്ങിനെ നമുക്ക് സംഖ്യകളും എണ്ണവും എളുപ്പം മനസ്സിലായി. വിരലുകളുടെ സഹായത്തോടെ നമ്മള്‍ സംഖ്യകളെ കൂട്ടുകയും കുറക്കുകയും ചെയ്തു. കൈ വിരലുകള്‍ ഉപയോഗിച്ച്പത്ത് വരെയും പിന്നെ കാല്‍ വിരലുകളെ കൂട്ടി ഇരുപത് വരെയും കുട്ടികള്‍ ചെറിയ ക്ലാസ്സുകളില്‍ എണ്ണം പഠിച്ചു. എന്നാല്‍ അതെ കുട്ടികള്‍ വലിയ ക്ലാസുകളില്‍ എത്തുമ്പോള്‍ വിരലുകളുടെ സഹായമില്ലാതെ തന്നെ വലിയ സംഖ്യകള്‍ കൂട്ടാനും, കുറക്കാനും ഗുണിക്കാനും ആയാസരഹിതമായി ചെയ്യുവാന്‍ പഠിച്ചു. ഇവിടെ അമൂര്‍ത്തമായ സംഖ്യ എന്ന സങ്കലപ്പത്തിനു എപ്രകാരം മൂര്‍ത്തമായ വിരലുകളുടെ സഹായം ഒരു കുട്ടി സ്വീകരിച്ചുവോ അതുപോലെ അമൂര്‍ത്തമായി ഇരിക്കുന്ന ഈശ്വര തത്വത്തെ ഉപാസന ചെയ്യുന്നതിന് മൂര്‍ത്തങ്ങളായ വിഗ്രഹങ്ങളെ, നാമ, രൂപ വിഗ്രഹങ്ങളെ നാം സ്വീകരിക്കുന്നു. അത് വ്യത്യസ്തങ്ങളായ സത്വ, രജ, തമോ ഗുണഭേദമനുസരിച്ചിട്ടുള്ള ദേവതകള്‍ക്ക് അതിനനുസരിചിട്ടുള്ള വിഗ്രഹഭേദങ്ങളുണ്ട്. ഋഷീശ്വരന്മാര്‍ ദര്‍ശിച്ചു നിര്‍ദേശിച്ചിട്ടുള്ള ധ്യാനശ്ലോകങ്ങള്‍ക്കനുസരിച്ചാണ് അത്തരം ഓരോ വിഗ്രഹങ്ങളും രൂപകല്പന ചെയ്യുന്നത്. വ്യത്യസ്തമായ ദേവതാരൂപങ്ങളെല്ലാം തന്നെ ഈ ധ്യാനശ്ലോകങ്ങള്‍ക്കനുസരിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. അവയെല്ലാം സഗുണമാണ്, സാകാരമാണ് ഒന്നു കൂടെ സ്പഷ്ടമായി പറഞ്ഞാല്‍ സകലീകൃതമാണ്, അംഗപ്രത്യംഗങ്ങളോട് കൂടിയതാണ്. അങ്ങനെയുള്ള വിഗ്രഹങ്ങളിലൂടെ ഞാന്‍ ദേവതകളെ ഉപാസിക്കുന്നു. ആ ദേവതകളിലൂടെ ഈശ്വരന്‍ ലക്ഷീകരിക്കപ്പെടുന്നു. ഇങ്ങനെ സഗുണ സാകരമായ, സകലീകൃതമായ ഉപാസനാ പദ്ധതികളാണ് ക്ഷേത്രങ്ങളിലെല്ലാം തന്നെ പ്രചരിക്കുന്നത്. അതിലൂടെ മനുഷ്യന്‍ ഏകാഗ്രതയെ, ശുദ്ധിയെ നേടുന്നു. ഇതാണ് ക്ഷേത്രോപാസനയുടെ അടിസ്ഥാനം.
ശിവലിംഗത്തിനു അവയവങ്ങള്‍ സങ്കല്‍പ്പിക്കാമോ? ഉദാഹരണമായി ശിവലിംഗത്തിനു മുഖച്ചാര്‍ത്തു തുടങ്ങിയവ അണിയിക്കാമോ?
ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങള്‍ മാത്രമല്ല വിശിഷ്ഠങ്ങളായ മന്ത്രങ്ങള്‍, അത്യന്ത സൂക്ഷ്മ ഉപാസനാ ശക്തിയോടുകൂടിയ ആചാര്യന്റെ അഥവാ തന്ത്രിയുടെ സങ്കല്‍പ്പങ്ങള്‍, അനേകം ഉപാസകന്മാരുടെ സങ്കല്‍പ്പങ്ങള്‍ ഇവയെല്ലാം സമ്മേളിക്കുന്നു. അടിസ്ഥാനപരമായി നോക്കുമ്പോള്‍ ക്ഷേത്രം ഒരു പ്രതീകമാണ്, വിഗ്രഹമാണ്‌. എന്നാല്‍ കേവലം അതൊരു വിഗ്രഹമല്ലതാനും. അവിടെ മന്ത്ര ചൈതന്യം പറയേണ്ടതുണ്ട്, ഉപാസനാനിഷ്ഠനായ തന്ത്രിയുടെ സങ്കല്‍പം പറയേണ്ടതുണ്ട്, അനേകായിരം ഉപാസകന്മാരുടെ സങ്കല്പങ്ങള്‍ പറയേണ്ടതുണ്ട്. ഇവയില്ലാം വച്ച് ഏറ്റവും പ്രധാനം മന്ത്രമാണ്. ക്ഷേത്രം ഒരു പ്രതീകമാണെന്ന് ആദ്യമേ പറയുന്നുവെങ്കിലും അത് വെറുമൊരു പ്രതീകമല്ല. ഇങ്ങനെയുള്ള ഉപാസനാ പദ്ധതി, അംഗ പ്രത്യംഗങ്ങളോടു കൂടിയ, തികച്ചും മാനുഷിക ഭാവത്തോടു കൂടിയ വിഗ്രഹങ്ങള്‍ എന്നിവയില്‍ നിന്നും ആരംഭിച്ച് ക്രമികമായി ഉയര്‍ന്ന്, സര്‍വ്വ വിഗ്രഹങ്ങള്‍ക്കും ഉപരിയുള്ള പരമമായ സത്യാനുസന്ധാനത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്‌. ക്ഷേത്രോപാസനയിലൂടെ തന്നെ സകല ഉപാസനകളെയും അതിക്രമിക്കുവാന്‍ ഒരാള്‍ക്ക്‌ സാധിക്കും.
ഇത്രയും മനസ്സിലാക്കിയെങ്കില്‍ പറയട്ടെ, സഗുണസാകാരമായ തലത്തിനും, നിര്‍ഗുണ നിരാകാരമായ തലത്തിനും ഇടക്കുള്ള ഒരു ഘട്ടമാണ് നാം ശിവലിംഗോപാസനയില്‍ കാണുന്നത്. അവിടെ വിഗ്രഹമുണ്ട്, പക്ഷെ വിഗ്രഹത്തിന് അവയവങ്ങള്‍ ഇല്ല. ശിവലിംഗ സങ്കല്പത്തില്‍ അതിനു ആദിയും അന്തവും ഇല്ലാത്തതാണ്. ശിവലിംഗം എന്നാല്‍ ഒരു പീഠത്തില്‍ ആദ്യന്തരഹിതമായ ഒരു വിഗ്രഹം ഇറക്കി വച്ചിരിക്കുകയാണ്. ആ ശിവലിംഗത്തിന് ഒരു പ്രത്യേക ആകാരമുണ്ട് എന്നു പറയാന്‍ സാധിക്കില്ല. അത് ദീര്‍ഘമല്ല, ചതുരമല്ല, വൃത്തവുംമല്ല. ഈ ശിവലിംഗോപാസന സാധാരണയായിട്ടുള്ള സഗുണ സാകരാമായ ഉപാസനക്ക് ഒരു പടി ഉയര്‍ന്നതും എന്നാല്‍ നിര്‍ഗുണ നിരാകാര തത്ത്വാനുസന്ധാനം ആയിട്ടില്ലാത്തതുമായ ഒരു തലത്തിലെ ഉത്കൃഷ്ടമായ ഉപാസനയാണ്.
പക്ഷെ നമ്മള്‍ പലപ്പോഴും ഈ ഉത്കൃഷ്ടതലത്തില്‍ നിന്നും ശിവലിംഗോപാസനയെ ഇറക്കികൊണ്ടുവരുന്നു. ശിവലിംഗത്തിനു കണ്ണും, കാതും, മൂക്കും ഒക്കെ വച്ച് നാം അവയെ അലങ്കരിക്കുന്നു. അതിലും ഭേദം ധ്യാനമഗ്നനായ ശിവന്റെ വിഗ്രഹമാണ്‌ അല്ലെങ്കില്‍ നൃത്തമാടുന്ന നടരാജ രൂപമാണ്. ഉന്നതമായ ശിവലിംഗോപാസനയെ നാം ഒരിക്കലും ഇറക്കി കൊണ്ടു വരരുത്.
( 2013 നവംബര്‍ മാസത്തില്‍ എറണാകുളം TDM ഹാളില്‍ വച്ച് നടത്തിയ ഉപനിഷത്ത് വിചാരസത്രത്തിലെ ഒരു ചോദ്യത്തിന് കുളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദ പുരി നല്‍കിയ മറുപടി.)

No comments:

Post a Comment