കീർത്തിമുഖം .....കേട്ടിടുണ്ടോ?? ആരാണത്? വായിക്കൂ...
അഹങ്കാരനാശം ചെയ്യുന്ന കീർത്തിമുഖം .
പരമ്പരാഗതരീതിയില് നിർമ്മിക്കുന്ന ഹൈന്ദവക്ഷേത്രങ്ങളിലെ ഗോപുരകമാനങ്ങളുടെ മുകളില് കാണുന്ന സിംഹമുഖിയായ കീർത്തിമുഖം നമ്മുടെ ഉള്ളിലെ അഹങ്കാരത്തെയും ആസുരികവാസനകളെയും വിഴുങ്ങുന്നു എന്നാണ് സങ്കല്പം. ഉഗ്രനേത്രം, സിംഹത്തിന്റെ മുഖം , തുറന്ന വായ, പുറത്തേക്ക് നീളുന്ന വലിയ നാക്ക് ഇവയൊക്കെയാണ് കീർത്തിമുഖത്തിന്റെ പ്രത്യേകത. ദേവിയുടെ വാഹനമായ സിംഹവും മഹാകാലന്റെ സംഹാരശക്തിയായ തൃക്കണ്ണും പ്രതീകാത്മകമായി അതിൽ സമ്മേളിക്കുന്നു. ശ്രീനാരായണിയുടെ പ്രസിദ്ധവാഹനമായ സിംഹം ദേവിയുടെ ക്രിയാശക്തിയെ പ്രതിനിധീകരിച്ച് കാമക്രോധാദി ശത്രുക്കളുടെമേൽ വിജയം കൈവരിക്കുന്നു.
കീർത്തിമുഖത്തിന്റെ ഉൽഭവകഥ സ്കന്ദപുരാണത്തിലും ശിവപുരാണത്തിലും വിവരിക്കപ്പെട്ടിട്ടുണ്ട്. രാഹു ഒരിക്കൽ ജലന്ധരന്റെ ദൂതനായി മഹാദേവന്റെ സന്നിധിയില് എത്തി തന്റെറ യജമാനനായ ജലന്ധരന് പാർവ്വതീദേവിയെ നൽകണമെന്ന് ആവശ്യപ്പെട്ടു. രാഹുവിന്റെ വാക്കുകള് ശ്രവിച്ച് ഉഗ്രകോപം പൂണ്ട ഭഗവാൻ മഹാരുദ്രന്റെ തൃക്കണ്ണിൽ നിന്നു അതിഭയങ്കരരൂപിയായ ഒരു സത്വം പുറത്തുവന്നു. തീജ്വാലകള് തുപ്പുന്ന നേത്രങ്ങളും സിംഹത്തിന്റെ മുഖവും പുറത്തേക്ക് നീളുന്ന നാക്കോടുകൂടിയതുമായ ആ രൂപത്തെകണ്ട് ഭയന്നുവിറച്ച രാഹു ഉടനെ തന്നെ മഹാദേവന്റെ കാൽക്കൽ വീണു ക്ഷമയാചിച്ചു. കരുണാനിധിയായ ഭഗവാൻ രാഹുവിനോട് ക്ഷമിച്ചു. ആ ഉഗ്രരൂപത്തോടു സ്വന്തം ശരീരത്തെതന്നെ ഭക്ഷിക്കുവാൻ കല്പിച്ചു. കല്പനയനുസരിച്ച് ആ സത്വം തന്റെശരീരത്തെതന്നെ ഭക്ഷിച്ചു. ഒടുവിൽ മുഖം മാത്രം ബാക്കിയായി. ആ മുഖമാണ് കീർത്തിമുഖം. സ്വയം തന്റെ തന്നെ അഹംബോധത്തെ ഇല്ലായ്മചെയ്യുന്നതാണ് യഥാർത്ഥ കീർത്തി.
സ്വന്തം അഹംബോധത്തെ ഭക്ഷിച്ചാൽ ആത്മജ്ഞാനമാകുന്ന നമ്മുടെ യഥാർത്ഥമായ സ്വരൂപം അവശേഷിക്കും. അഹങ്കാരം നശിക്കുമ്പോൾ നാം ഭഗവൽപാദങ്ങളിലെത്തുന്നു. ഈശ്വരസന്നിധിയില് എത്തിച്ചേരുന്നതിന് ആദ്യം നാം നമ്മുടെ അഹംബോധത്തെ നശിപ്പിക്കണം എന്ന തത്വം ബോധിപ്പിക്കുന്നതാണ് ഗോപുരത്തിലെ കീർത്തിമുഖം.
No comments:
Post a Comment