ചെർപ്പുളശേരി അയ്യപ്പൻ കാവ്
“മലബാറിലെ ശബരിമല” എന്ന് അറിയപെടുന്ന ഈ ക്ഷേത്രം മലബാറിലെ സുപ്രധാന അയ്യപ്പക്ഷേത്രമാവുന്നു. മലബാർ ദേവസ്വം ബോർഡിനാണ് നടത്തിപ്പ് ചുമതല. ചൈതന്യ സ്വരൂപനായ അയ്യപ്പനാണ് മുഖ്യ പ്രതിഷ്ഠ. അയ്യപ്പനോടൊപ്പം ഇവിടെ ശിവൻ, ഗണപതി, നഗദേവന്മാർ, നവഗ്രഹങ്ങൾ, ഉപദേവന്മാരും ഈ ക്ഷേത്രത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കുന്നു. മണ്ഡലകാലം ഇവിടുത്തെ ഏറ്റവും വിശേഷപെട്ട ദിവസങ്ങളാണ്. പുണ്യ വൃശ്ചിക മാസമിവിടെ മണ്ടലോത്സവമായി ആഘോഷിക്കപെടുന്നു. കുംഭ മാസത്തിൽ പത്തു ദിവസം നീണ്ടു നില്കുന്ന ഉത്സവം കൊണ്ടാടാറുണ്ട് ഇത് ഇവിടുത്തെ ഏറ്റവും പ്രധാനപെട്ട വിശേഷമാണ്.
ആയിരത്തിലധികം വർഷങ്ങളുടെ ചരിത്രമുള്ള ശ്രീ അയ്യപ്പൻ കാവ് ഒരു ബ്രാഹ്മണാലയം ദേവാലയമായി മാറിയതാണെന്ന് പറയപ്പെടുന്നു. ഒരു കാലത്ത് 32 ൽ ഇല്ലങ്ങൾ ചെർപ്പുളശേരിയിൽ ഉണ്ടായിരുന്നത്രേ. മിക്കവാറും എല്ലാം അന്യം നിന്ന് പോയി. അവയിൽ ഒന്നായിരുന്നുവത്രെ ചെർപ്പുളശേരി മന. ആ മനക്കലെ ഒരു നമ്പൂതിരി ഇഷ്ടസന്താനലബ്ധിക്ക് വേണ്ടി പെരുമനത്തുപോയി ഭജനമിരുന്നുപോൽ. വർഷങ്ങൾക്ക് ശേഷം അദ്ദേഹം സ്വന്തം ഇല്ലത്തേക്ക് മടങ്ങി. സന്ധ്യയോടെ എത്തിയ പരമഭക്തനായി കഴിഞ്ഞിരുന്ന അദ്ദേഹം കാലത്തുണർന്നു നോക്കിയപ്പോൾ നടുമിറ്റത്ത് ഉയർന്നു നില്ക്കുന്ന ചുരിക (അയ്യപ്പൻറെ ആയുധം) കണ്ട് ആനന്ദസ്ഥതനായി നിന്നുപോയി. സ്പർശിച്ച മാത്രയിൽ ചുരിക ഭൂമിയിലേക്ക് താണുപോയെങ്കിലും തൽസ്ഥാനത്ത് സ്വയംഭൂവായി അയ്യപ്പൻ ഉയർന്നുവരികയായി. പരമഭക്തനും പരമദരിദ്രനും ആയിരുന്ന നമ്പൂതിരി ഇല്ലത്ത് അവശേഷിച്ചിരുന്ന സ്വല്പം അരിപ്പൊടിയും, ശർക്കരയും ഉപയോഗിച്ച് അടയുണ്ടാക്കി ഒട്ടും അമാന്തിച്ചില്ല ആദ്യത്തേതായ ആ ഉപകാരം ശ്രീ അയ്യപ്പന് ഇന്നും ഏറ്റവും പ്രിയപെട്ട നിവേദ്യമായിതന്നെ നിൽക്കുന്നു. 101 നാഴി അരി അട വഴിപാട് പ്രസിദ്ധമാണല്ലോ
ക്ഷിപ്ര പ്രസാദിയും കരുണമൂർത്തിയുമായ ശാസ്താവ് തന്റെ ഭക്തന് അഭീഷ്ടസിദ്ധി കൈവരിച്ചു കൊടുത്തു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. മകനായി ജനിച്ച ഉണ്ണിയും പരംഭക്തനായി തന്നെ വളർന്നു വന്നു. അച്ഛന്റെ മരണശേഷം സദാ അയ്യപ്പ നാമ സങ്കീർത്തനവും ചിന്തയുമായി കഴിഞ്ഞ ഉണ്ണി നമ്പൂതിരി വിവാഹം കഴിക്കാനും കൂടി മറന്നുപോയത് കാരണം ഇല്ലം അന്യം നിന്ന് പോവുക തന്നെ ചെയ്തു ഇഷ്ടസന്താനലബ്ധിക്കായി ഇന്നും ഇവിടെ ഗർഭിണികളായ സ്ത്രീകൾ ദർശനം നടത്തുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുന്നു.
ഇല്ലത്തെ കാര്യസ്ഥനായിരുന്ന ഉമികുന്നതു നായർ ഉടനടി ചെയ്യേണ്ടത് ചെയ്തു. അദ്ദേഹം ബ്രാഹ്മാണാലയം ദേവാലയമാക്കി മാറ്റി. നടുമിറ്റത്തെ മുല്ലപന്തൽ ശ്രീകോവിലായി. നാലുകെട്ട് തിടപള്ളിയും മറ്റുമായി. നായരുടെ ശ്രദ്ധയും ഭക്തിയും പുതിയ ദേവാലയത്തിന്റെ യശസ്സ് വർദ്ധിപ്പിച്ചു . ധാരാളം ഭക്തജനങ്ങളുടെ വരവോടുകൂടി ദേവന്റെ ചൈതന്യം അത്യധികമായി പ്രകാശിക്കാനും തുടങ്ങി. ചുരുങ്ങിയ കാലത്തിനുള്ളിൽ 36000 പറ നെല്ല് പാട്ടം വരവുള്ള സമ്പന്നതയിലെത്തി അയ്യപ്പക്ഷേത്രം.
ചരിത്രം
ഐതിഹ്യത്തെ തുടർന്ന് അൽപ്പം ചരിത്രം. ക്ഷേത്രത്തിന്റെ പ്രശസ്തിയിലും സമ്പത്തിലും കണ്ണ് വെച്ചിരുന്ന ഒരു നാടുവാഴി നെടുങ്ങാതിരിപാട് ക്ഷേത്രഭരണം ബലം പ്രയോഗിച്ച് കൈക്കലാക്കി. അദ്ദേഹം ക്ഷേത്രത്തിനു അഭിവൃദ്ധി മാത്രമേ വരുതിയുള്ളൂ. പക്ഷെ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാമൂദിരിപാടിന്റെ പ്രതിനിധിയായി കരിമ്പുഴയിൽ നാടുവാണിരുന്ന ഏറാൾപ്പാട് നെടുങ്ങാതിരിയെ തോല്പിച്ച് നാട് പിടിച്ചടക്കി നെടുങ്ങാതിരിക്ക് ക്ഷേത്ര ഭരണം മാത്രം ഏല്പ്പിച്ചുകൊടുത്തു. നെടുങ്ങാതിരിയും അദ്ദേഹത്തിന്റെ അനുജനും ട്രസ്റ്റി മാരായി താമസിയാതെ പാരമ്പര്യ ട്രസ്റ്റിമാർ തമ്മിലുള്ള സ്വരചേർച്ച അന്ത: ചിദ്രതിലെത്തുകയും, ക്ഷേത്രഭരണം കുഴപ്പത്തിലാവുകയും ചെയ്ത സന്ദർഭത്തിൽ 1928 ൽ മദിരാശി സർക്കാർ ബോർഡിൻറെ പേരിൽ ക്ഷേത്രഭരണം ഏറ്റെടുത്തു നെടുങ്ങാതിരിപ്പാടും മറ്റും പേരിനു മാത്രം ട്രസ്റ്റികളായി തുടർന്ന് പോന്നു. കേരളത്തിലെ ഭൂനിയമം നടപ്പയതോടുകൂടി ദേവസ്വം സ്വത്തുക്കൾ ഏകദേശം പൂർണമായും നഷ്ട്ടപെട്ടുപോയി. ശ്രീ അയ്യപ്പൻറെ തേജസ്സ് നാട്ടുകാരെ രംഗത്തിറക്കി. ഇപ്പോൾ നിത്യനിദാനത്തിനുപൊലും തികയാത്ത വർഷാശനം മാത്രമാണ് സർക്കാർ അനുവദിച്ചുട്ടുള്ളതെങ്കിലും ഭക്തജനങ്ങൾ ക്ഷേത്രത്തിലെ എല്ലാ പരിപാടികളും പൂർവാധികം ഭംഗിയായി നടത്തികൊണ്ടു പോരുന്നു. ഇപ്പോൾ ദേവസ്വത്തിന്റെ ഭരണം മലബാർ ദേവസ്വം ബോർഡ് നിയമിച്ചു വരുന്ന രണ്ടു പാരമ്പര്യ ട്രസ്റ്റിമാരും , മൂന്നു പാരമ്പര്യേതര ട്രസ്റ്റിമാരും ഉൾപ്പെടുന്ന ട്രസ്റ്റി ബോർഡിന്റെ കീഴിലാണ്. ഏതായാലും ഒരിക്കലെങ്കിലും ഭക്ത്യാദരവോടെ ചെരോ അയ്യപ്പൻ കാവിൽ വന്ന് ദേവനേ ദർശിച്ചു പോകുന്ന ഏതൊരാൾക്കും ബോധ്യം വരും ധർമ്മശാസ്താവ് ഒരിക്കലും തന്നെ ഉപേക്ഷിക്കുകയില്ല എന്ന്.
തീയാട്ട്
കണ്ടകശനി എഴരശനി മുതലായ ശനിദോഷ പരിഹാരത്തിനായി ശനി ദേവനായ ശാസ്താവിന്റെ പ്രീതിക്കായി മധ്യ കേരളത്തിൽ തൃശൂർ പാലക്കാട് ജില്ലകളിലായി വസിക്കുന്ന തീയാടി നമ്പ്യാർ എന്നാ ആവാന്തര ബ്രാഹ്മണ കുടുംബക്കാർ അവരുടെ കുലതോഴിലായി അനുഷ്ടിച്ചു വരുന്ന ഒരു കർമ്മമാണ് അയ്യപ്പൻ തീയാട്ട് എന്ന കലാരൂപം
പാലാഴി മഥനം കഴിഞ്ഞതിനു ശേഷം വിഷ്ണു ഭഗവാന്റെ മോഹിനി രൂപം കാണുവാൻ ശിവൻ ആഗ്രഹിക്കുകയും ശിവന്റെ നിർബന്ധത്തിനു വിധേയമായി വിഷ്ണു ഭഗവാൻ മോഹിനി രൂപം കാണിച്ചുകൊടുത്തതിൽ ആകൃഷ്ടനായി ശിവൻ മോഹിനിയേ ആലിംഗനം ചെയ്യുകയും അതിൽ നിന്ന് മോഹിനിക്ക് ദിവ്യ ഗർഭം ഉണ്ടാവുകയും മോഹിനിയുടെ വലത്തേ തുട കീറി അതുവഴി അയ്യപ്പൻ അവതരിക്കുകയും ചെയ്തു തുടർന്ന് എല്ലാവിധ വിദ്യകളും അഭ്യസിച്ച് അയ്യപ്പൻ ഇന്ദ്രലോകത്ത് പോയി ദേവേന്ദ്രനെ വേദത്തിൽ പരാജയപെടുത്തി സർവജ്ഞ്യ പീഠം കയറി ഇരിക്കുകയും ചെയ്തതിനു ശേഷം അയ്യപ്പനെ ശിവൻ നിർബന്ധമായി ഭൂമിയിലേക്ക് പറഞ്ഞയക്കുകയും അയ്യപ്പന് വാഹനമായി കുതിരെയേയും ആയുധമായി കത്തി, അമ്പ് , കട്ടാരം, അമ്പും വില്ലും, വാളും(ചുരിക) പരിചയും മറ്റും നല്കിയും ശിവഭൂതഗണങ്ങളിൽ നിന്ന് 12000 ഭൂതഗണങ്ങളെ അയ്യപ്പൻറെ പടജനമായി വിട്ടുകൊടുത്തും ഭൂമിയിൽ മനുഷ്യർക്ക് കുലദൈവമായി ഇരിക്കുവാൻ യാത്രയാക്കുകയും അയ്യപ്പൻ ഭൂമിയിൽ അവതരിച്ച് 108 കാവുകളിലായി കുടികൊണ്ടു അധിവസിക്കുകയും ചെയ്യുന്നു എന്നാണ് ഐതിഹ്യം
അയ്യപ്പനോടുകൂടി വന്ന 12000 പടജനങ്ങളേയും അയ്യപ്പനേയും സന്തത സഹചാരിയായ ശനീശ്വരനെയും പ്രീതിപെടുത്തു ന്നതിനായി 12000 തേങ്ങയേറും അയ്യപ്പന് സർവജ്ഞ്യപീഠം കയറുവാൻ വിഷ്ണുഭഗവാൻ ഭാര്യയും പുത്രനുമായി അവതാരിച്ചതിന്റെ സ്മരണയായി അയ്യപ്പൻ, പ്രഭ, സത്യകൻ എന്നീ രൂപങ്ങൾ അടങ്ങിയ മൂന്നു രൂപം കളം വരച്ച് തീയ്യാട്ടും തീയാടി നമ്പ്യാർ അവരുടെ കുലതോഴിലായി നടത്തിവരുന്നു.
No comments:
Post a Comment