അയ്യപ്പന്‍തീയാട്ടും അയ്യപ്പന്‍കൂത്തും
തീയാട്ട് രണ്ടു തരമുണ്ട്. ഭദ്രകാളിത്തീയാട്ടും അയ്യപ്പന്‍തീയാട്ടും. അയ്യപ്പന്‍തീയാട്ടിന് അയ്യപ്പന്‍കൂത്ത് എന്നും പേരുണ്ട്. അഭിനയത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തിയാവാം ഇത്.
മദ്ധ്യകേരളത്തിലാണ് അയ്യപ്പന്‍തീയാട്ടിന് പ്രചാരം. തീയാടി നമ്പ്യാരാണ് ഈ കല കൈകാര്യം ചെയ്യുന്നത്. പറയും ചെണ്ടയുമാണ് വാദ്യങ്ങള്‍. ഉച്ചക്ക് പറ കൊട്ടുന്നതോടെ തീയാട്ടിനുള്ള ആരംഭം കുറിക്കുകയായി. രാത്രിവരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കും. പ്രത്യേകമായി തയ്യാറാക്കിയ പന്തലിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. പന്തലില്‍ കളം വരയും. നായാട്ടിന് പോകുന്ന അയ്യപ്പന്റെ രൂപമാണ് കളത്തിന്. കൂത്തു നടത്തുന്ന നമ്പ്യാര്‍, വെളിച്ചപ്പാട് എന്നിവരാണ് രംഗത്ത്. കൂടെ സഹായികളും ഉണ്ടാകും. വൈകുന്നേരമാണ് കളം എഴുതുന്നത്. കളത്തിനു ചുറ്റും നെല്ല്, വെള്ളരി, നാളികേരം ഇവ വെക്കും. കളം വരഞ്ഞതിനു ശേഷം നമ്പ്യാര്‍ വീണ്ടും കൊട്ടിപ്പാടും. പഞ്ചവര്‍ണ്ണപ്പൊടികള്‍ കൊണ്ട് ചിത്രീകരിച്ച അയ്യപ്പന്റെ കളത്തിനു സമീപമിരുന്നുകൊണ്ട് തീയ്യാടി നമ്പ്യാര്‍ പാട്ടുപാടും. പറയും കുഴിത്താളവുമാണ് വാദ്യോപകരണങ്ങള്‍. അയ്യപ്പന്റെ അപദാനങ്ങളെ വര്‍ണ്ണിക്കുന്ന പാട്ടുകളാണിവ.
കൊട്ടിപ്പാടലിനുശേഷം ഗണികേശ്വരന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് നമ്പ്യാര്‍ കൂത്ത് അവതരിപ്പിക്കും. അയ്യപ്പന്‍ തീയാട്ടിന് മുഖത്ത് തേപ്പില്ല. ധരിക്കുന്ന കുപ്പായം കഥകളിക്കുള്ളതു പോലെയാണ്. ഞൊറിഞ്ഞുടുത്ത വെളുത്ത വസ്ത്രത്തിന് മുകളില്‍ ഉത്തരീയം ചുറ്റും. ചാക്യാര്‍കൂത്തിന് ഉപയോഗിക്കുന്ന രീതിയിലുള്ള കിരീടമാണ് തലയില്‍ ചൂടുന്നത്. കൊരലാരം, ചെവിപ്പൂവ്, വള, കടകം, തോട, പടിയരഞ്ഞാണം തുടങ്ങിയ ആഭരണങ്ങളാണ് അണിയുന്നത്. അയ്യപ്പന്റെ കഥയാണ് കൂത്തിന്റെ ഉള്ളടക്കം. തുടര്‍ന്ന് വെളിച്ചപ്പാട് വന്ന് കളം മായിക്കും. കോമരം മാറ്റ് തറ്റുടുത്ത് അരയില്‍ പട്ട് ചുറ്റി ശ്രീകോവിലില്‍ നിന്ന് നല്‍കുന്ന മാല കഴുത്തില്‍ അണിയും. നെറ്റിയിലും കൈത്തണ്ടയിലും ചന്ദനം പൂശും. തുടര്‍ന്ന് കോമരം വാളെടുത്ത് ഇളകിയാടും. കുരുത്തോലയും പൂക്കുലയും വാള് കൊണ്ട് തട്ടി തെറിപ്പിക്കും. കഥാഭിനയത്തിന് ശേഷമാണ് കളം മായിക്കുന്നത്. കാലുകള്‍ പ്രത്യേക രീതിയില്‍ ചലിപ്പിച്ച് കൊണ്ടാണ് കളം മായിക്കുന്നത്. ഭക്തന്മാര്‍ അവരുടെ പ്രയാസങ്ങള്‍ കോമരത്തോട് പറയും. ഇളകിയാടിക്കൊണ്ട് കോമരം അതിന് പോംവഴി നിര്‍ദേശിക്കും. കോമരത്തിന്റെ അരുളപ്പാടിനു ശേഷമാണ് അയ്യപ്പന്‍തീയാട്ട് സമാപിക്കുന്നത്. കളത്തിലെ പൊടി വെളിച്ചപ്പാട് പ്രസാദമായി ഭക്തര്‍ക്ക് നല്‍കും.
ഭദ്രകാളിത്തീയാട്ടും അയ്യപ്പന്‍തീയാട്ടും തമ്മില്‍ പല കാര്യങ്ങളിലും സമാനതകളുണ്ട്. ചില കാര്യങ്ങളില്‍ വ്യത്യാസങ്ങളും കാണാം. പഴയ കൊച്ചിരാജ്യത്തിന്റെ വടക്കും മലബാര്‍ പ്രദേശത്തുമാണ് അയ്യപ്പന്‍ കൂത്തിന് പ്രചാരം. കൊച്ചിരാജ്യത്തിന്റെ തെക്കന്‍ പ്രദേശത്തും തിരുവിതാംകൂറിന്റെ വടക്കന്‍ പ്രദേശങ്ങളിലുമാണ് ഭദ്രകാളിത്തീയാട്ടിന് പ്രാമുഖ്യം. അയ്യപ്പന്‍ തീയാട്ടില്‍ വാള് എഴുന്നെള്ളിക്കുമ്പോള്‍ ഭദ്രകാളിത്തീയാട്ടില്‍ അഷ്ടമംഗല്യത്തില്‍ ദേവീചൈതന്യത്തെ ആവാഹിച്ചാണ് എഴുന്നെളളിക്കുന്നത്. ഭദ്രകാളിത്തീയാട്ട് പാട്ടില്‍ ഭദ്രകാളിയെ കുറിച്ച് പാടുമ്പോള്‍ അയ്യപ്പന്‍കൂത്തില്‍ അയ്യപ്പനെ കുറിച്ച് പാടുന്നു. കളമെഴുത്തിലെ സാങ്കേതിക സംവിധാനം രണ്ടിലും ഒന്നാണെങ്കിലും സങ്കല്പം വിഭിന്നമാണ്. ഭദ്രകാളിത്തീയാട്ടില്‍ കളം മായിച്ച ശേഷമാണ് കഥാഭിനയം. അയ്യപ്പന്‍തീയാട്ടില്‍ കഥാഭിനയത്തിന് ശേഷമാണ് കോമരം കളം മായിക്കുന്നത്. തിരിയുഴിച്ചല്‍ രണ്ടിന്റേയും മുഖ്യ ചടങ്ങാണ്. അയ്യപ്പന്‍ തീയാട്ടില്‍ ചിലയിടങ്ങളില്‍ തിരിയുഴിച്ചല്‍ ആദ്യമേ നടത്താറുണ്ട്. അയ്യപ്പന്‍തീയാട്ടില്‍ കഥാഭിനയത്തിനണിഞ്ഞ ആളല്ല കളത്തിലാട്ടം നടത്തുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അതേ ആള്‍ തന്നെ ചെയ്യുന്നതും കാണാം. അയ്യപ്പന്‍തീയാട്ടില്‍ കളത്തിലാട്ടത്തിന് പ്രത്യേകം പാട്ടുകളുണ്ട്. കോമരമല്ല പാടുന്നത്. പറ കൊട്ടുന്ന തീയാടി നമ്പ്യാരാണ് പാടുന്നത്.
കേരളീയരുടെ ആരാധനാ സമ്പ്രദായത്തിലെ പ്രാമുഖ്യമുള്ള രണ്ട് ദേവതകളുടെ - അയ്യപ്പനും ഭദ്രകാളിയും - അനുഷ്ഠാനങ്ങളുടെ സങ്കലനമാണ് തീയാട്ട് എന്നു കാണാം.
No comments:
Post a Comment