ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 15, 2016

സപ്താഹം, മഹാരുദ്രം, അതിരുദ്രം, വിളക്കുപൂജ എന്നിവ നമ്മളെ പിന്നോട്ടടിപ്പിയ്ക്കുന്നതായി തോന്നുന്നു.

ചോദ്യം: ഇപ്പോൾ നാട്ടിൽ വളരെ ഏറെ പ്രചാരമായിട്ടുള്ള സപ്താഹം, മഹാരുദ്രം, അതിരുദ്രം, വിളക്കുപൂജ എന്നിവ നമ്മളെ പിന്നോട്ടടിപ്പിയ്ക്കുന്നതായി തോന്നുന്നു.ഇതിനു സ്വാമിയുടെ ഉപദേശം വളരെ ആവശ്യമാണ്.

സ്വാമി ചിദാനന്ദപുരി :

സപ്താഹം,മഹാരുദ്രം,അതിരുദ്രം,വിളക്കുപൂജ ഒക്കെ വളരെ വളരെ നല്ലതാണ്. അതിൻ്റെ യൊക്കെ ഗുണവശങ്ങൾ കണ്ടു ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് നമ്മൾ. തീർച്ചയായും അവ നാട്ടിൽ അത്യാവശ്യമാണ്. എന്നാൽ ശാസ്ത്ര ബോധമില്ലാത്ത ഒരു സമൂഹത്തിൽ അനധികാരികൾ ഇവയെ പ്രവർത്തിപ്പിയ്ക്കുമ്പോൾ അനർത്ഥത്തിനായി കൊണ്ട് തീരുന്നു അത്.. ഇതാണ് സംഭവിയ്ക്കുന്നത്. ഇതിൻ്റെ യൊക്കെ പേരിൽ നടക്കുന്ന താന്തോന്നിത്തരങ്ങളേയും, ചൂഷണങ്ങളേയും പറ്റി പറയാതിരിക്കുന്നതാണ് ഭേദം. ഉദാഹരണത്തിന് ഭാഗവത സപ്താഹം ഇന്ന് നാട്ടിൽ ഒരു ശാപമായി മാറിയിരിക്കുന്നു. സംശയമുണ്ടെങ്കിൽ ഭാഗവത സപ്താഹത്തിൻ്റെ നോട്ടീസ് നോക്കിയാൽ മതി. സന്ന്യാസിമാർ നടത്തുന്ന സപ്താഹങ്ങളിൽ പോലും ഇന്നതു ചെയ്താൽ ഇന്നത് കിട്ടും കംസവധം - ശത്രുനാശം, രുഗ്മിണി സ്വയംവരം - ഉദ്ദിഷ്ട കാര്യലാഭം പ്രത്യേകിച്ച് വിവാഹം ഇങ്ങനെ തീർത്തും സകാമമായ തലത്തിലേക്ക് അധ:പതിച്ചിരിയ്ക്കുന്നതായാണ് കാണുന്നത്. പലർക്കും വിരോധം തോന്നാം പക്ഷെ പറയുന്നത് സത്യം മാത്രം. പുരാണം പറയുന്നത് സത്യമാണെങ്കിൽ സപ്താഹം ആരംഭിച്ചത് നാരദമഹർഷിയാണ്. അദ്ദഹം ഇത് ആരംഭിച്ചത് ഭക്തിജ്ഞ ന വൈരാഗ്യങ്ങളുടെ സമന്വിതമായ പോഷണത്തിനു വേണ്ടിയാണ്. ഭക്തിയുടെ രണ്ടു സന്താനങ്ങൾ ജ്ഞാനവും, വൈരാഗ്യവും. ഈ രണ്ടു സന്താനങ്ങൾക്കും ചെറുപ്പത്തിൽ തന്നെ വാർദ്ധക്യം ബാധിച്ചു. ജര ബാധിച്ച ജ്ഞാന വൈരാഗ്യങ്ങളെ സ്വരൂപത്തിലേയ്ക്ക് കൊണ്ടുവരാൻ നാരദമഹർഷി ഒരു വഴിയും കണ്ടില്ല. അങ്ങനെ ഒരു പാട് അന്വേഷിച്ച് ഭാഗവത സപ്താഹമായി ചെയ്താൽ ഇരുവർക്കും വൃദ്ധിയുണ്ടാകും എന്ന ഉപദേശം കിട്ടി.. അങ്ങനെയാണ് ഭാഗവത സപ്താഹം ആരംഭിച്ചത്. ഇന്ന് ഇത് എത്ര പേർക്ക് അറിയാം? നാം ഒരു ഭാഗവതാചാര്യ നോട് ചോദിച്ചിട്ടുണ്ട് നിങ്ങളുടെ മകളുടെ കല്യാണം രുഗ്മിണിയുടെ കല്യാണം പോലെ നടത്താൻ ഇടയുണ്ടോ എന്ന്.. ഇല്ല സ്വാമീ അവളുടെ കല്യാണം കഴിഞ്ഞു അതു കൊണ്ട് പ്രശ്നമില്ല; വേറൊരിക്കൽ ചോദിച്ചു കൃഷ്ണൻ കംസനെ കൊന്ന പോലെ നിങ്ങളുടെ മരുമകൻ നിങ്ങളെ കൊല്ലാൻ താൽപര്യമുണ്ടോ എന്ന്. .എന്തിന് ചോദിക്കാതിരിയ്ക്കണം അത്ര താന്തോന്നിത്തരങ്ങളാണ് നടക്കുന്നത്. രുഗ്മിണി സ്വയംവരത്തിന് കത്തു വരെ അടിച്ച് വിതരണം ചെയ്യുന്നവരുണ്ട്. ഇന്ന സമയത്ത്, ഇന്ന ദിവസം വന്ന് സമംഗളമായി നടത്തിത്തരണമെന്ന് താൽപര്യപ്പെടുന്നു. Presents in blessings only.. അത് അവിടുന്നും മുന്നോട്ട് പോയി .. കേരളത്തിലെ പ്രസിദ്ധനായ ഒരു ഭാഗവതാ ചാര്യൻ പറഞ്ഞു നിങ്ങൾ ഇന്നു മുതൽ ദിവസവും മണ്ണ് കൊണ്ടുവരണം അങ്ങനെ ഗോവർദ്ധനോദ്ധാരണം വായിക്കാറായപ്പോഴേയ്ക്കും അവിടെ ഒരു മൺകൂനയുണ്ടായി. ഇനി ഗോവർദ്ധനോദ്ധാരണം കഴിഞ്ഞാൽ മൺകുനയ്ക്ക് ഒരു പൂജ , എന്നിട്ട് മൺകൂന മുറിച്ചെടുക്കുന്നു കഷ്ണങ്ങളായി. അതിൻ്റെ 30 % തൻ്റെ പോക്കറ്റിലേയ്ക്ക് 70% അമ്പലക്കമ്മിറ്റിയ്ക്കും .... ഏത് അമ്പല കമ്മിറ്റിയ്ക്കാണ് ഇത് ഇഷ്ട്ടമില്ലാതിരിയ്ക്കുക. നാം അപ്പോൾ ഒരു കാര്യം പറഞ്ഞു ഒരു ദിവസം ഈ മൺകൂന താൻ ഒരു വിരലിൽ പൊക്കി പിടിയ്ക്ക് ഒരു കഷ്ണം ഞാനും മേടിക്കാം, പൈസ തരും ഉറപ്പ്. എവിടെയെത്തി നമ്മൾ? പിന്നെയും മുന്നോട്ട് പോയി.. എത്ര പേർ വിശ്വസിയ്ക്കും എന്നറിയില്ല.. ശ്രീകൃഷ്ണൻ്റെ മരിച്ചു, അതു കൊണ്ട് ഇനി സപ്താഹം മുന്നോട്ട് പോകണമെങ്കിൽ നമുക്ക് പുലകുളി നടത്തണം .. എല്ലാവരും പോയി കുളിച്ച് വരിക.. ഇനി സപ്താഹത്തിൻ്റെ അഹം എന്ന ശബ്ദത്തിന് പകൽ എന്ന അർത്ഥമാണ് നാം മനസിലാക്കിയിട്ടുള്ളത്.. അപ്പോൾ ഉദയത്തിന് ഒരു നാഴിക കഴിഞ്ഞിട്ട്, അസ്തമയത്തിന് ഒരു നാഴിക മുൻപ് സപ്താഹം തുടങ്ങുകയും നിർത്തുകയും വേണം.ഇന്ന് സപ്താഹം രാത്രി 11 മണി വരെ ഒക്കെ നടത്തുന്നവരുണ്ട്. എന്നാൽ പിന്നെ പേരു മാറ്റി സപ്താഹം അഹോരാത്രം എന്നാക്കിയാൽ പ്രശ്നം ഇല്ലല്ലോ .. ഇതൊക്കെ എങ്ങോട്ടാണ് പോകന്നത്. മിക്ക ക്ഷേത്രങ്ങളിലും ഇപ്പോൾ സപ്താഹം തന്നെ ആണ്..ഇങ്ങനെ ശാസ്ത്ര വ്യഭിചാരം ചെയ്യുമ്പോൾ എന്താണിതിൻ്റെ പരിണാമം ? എത്ര പേർ " നിഗമകൽപതരോർഗളിതം ഫലം ", അതും "ശുകമുഖാമൃതധ്വയ സമ്യുതം " എന്ന് ഓർമ്മിക്കുന്നുണ്ട്? ചിന്തിക്കുക.ഭാഗവതത്തിൻ്റെ താല്പര്യ നിർണ്ണയമായ ഏകാദശ സ്കന്ദം റോക്കറ്റ് പോകുന്ന പോലെ ആണ് പോകുക. അതിന് മുൻപിൽ ഉള്ള ചില നിസാരങ്ങൾ ആയ കഥകൾ ഒക്കെ മണിക്കൂറുകൾ ചമൽകാര പൂർവ്വം പറഞ്ഞ് കോരിതരിപ്പിച്ച് ആളുകൾ, ഇതു നല്ല റോക്കറ്റ് പോകുന്ന പോലെ പോകും.. എന്താണിത് ? ചിന്തിക്കുക ഒരൽപം വിവേകം ഉണ്ടാവുക. അതു കൊണ്ട് ഉൽകൃഷ്ടമായ, വേദസാരമായ, അത്യുത്തമ ഭക്തി ശാസ്ത്രമായ, അതേ സമയത്ത് പ്രൗഢവേദാന്ത ഗ്രന്ഥമായ, അതും ചമൽക്കാര പൂർവ്വം അനേക കഥകളുടെ സഹായത്തോടു കൂടി വേദോപദേശം ചെയ്യുന്ന ഈ ഉദാത്തമായ ഒരു ഗ്രന്ഥത്തെ ഇങ്ങനെ നശിപ്പിയ്ക്കുന്നത് വളരെ കഷ്ട്ടമാണ്. സമൂഹത്തിന് ബോധമുണ്ടാക്കുക അപ്പോൾ തെറ്റു ചെയ്യുന്നതിന് നമ്മൾ കൂട്ടുനിൽക്കില്ല. ഒരാൾ തെറ്റു ചെയ്യുന്നത് കണ്ടാൽ നമുക്ക് ഇരിയ്ക്കാൻ പറ്റില്ല. ശാസ്ത്ര ബോധം നമുക്കുണ്ടെങ്കിൽ നമുക്ക് അയാളെ എതിർക്കേണ്ട ആവശ്യം ഇല്ല, എഴുന്നേറ്റ് പോകാമല്ലൊ..? ഇപ്പോൾ ഇവിടെ ചിദാനന്ദപുരി സ്വാമി വന്ന് ഭക്തി യോഗം എന്ന വിഷയം പറയാമെന്ന് പറഞ്ഞു .. ഇവിടെ വന്ന് യാതൊരു നിലവാരവുമില്ലാത്ത താൽക്കാലികമായി നിങ്ങളെ ചിരിപ്പിക്കുന്ന വില കുറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിയ്ക്കുകയാണെന്നു വെച്ചാൽ നിങ്ങൾക്കും സ്വാമിയെ എതിർക്കേണ്ട ആവശ്യം ഇല്ല, എഴുന്നേറ്റ് പോകാമല്ലൊ.. അങ്ങനെ 10 സ്ഥലത്ത് എഴുന്നേറ്റ് പോയിക്കഴിഞ്ഞാൻ ഞാൻ വിഢിത്തം പറയുമോ? ഞാനും ഒന്ന് തിരിഞ്ഞു ആലോചിക്കില്ലേ.. നേരെ മറിച്ച് തലയും കുലുക്കി ചിരിച്ചോണ്ടിരിയ്ക്കുമ്പോൾ ഞാൻ വിചാരിക്കും ഇത് നല്ലതാണെന്ന്., ഇതാണ് സംഭവിക്കുന്നത്.. ഇതിന് ഒരു പരീക്ഷയില്ല ആർക്കുമാവാം..

ഒരു നേരമ്പോക്ക് പറയാം, നേരമ്പോക്കല്ല വളരെ അർത്ഥവത്തായ ഒരു സംഭവമാണ്. പൂജ്യ കാശികാനന്ദഗിരി സ്വാമികൾ ഒരു ചികിത്സയുമായി ബന്ധപ്പെട്ട് ഒറ്റപ്പാലത്ത് മൂന്ന് നാല് വർഷം മുൻപ് വന്ന സമയത്ത് ഞാൻ കാണാൻ പോയി. സന്ദർഭവശാൽ ചിൻമയാമി ഷനിലെ അശേഷാനന്ദസരസ്വതി സ്വാമികളും അതേ സമയത്താണ് വന്നത്. വളരെ സന്തോഷമായി നമ്മൾ ഒന്നിച്ചങ്ങനെ സ്വാമിജിയുമായി സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോൾ പലതും സംസാരിക്കുമ്പോൾ സ്വാമിജി വളരെ ഗൗരവത്തോടെ ചോദിച്ചു, കേരളത്തിൽ ഏറ്റവും വലിയ വിദ്വാൻ ആരായിരിയ്ക്കും എന്ന്. മഹാത്മാക്കൾ ചോദിച്ചാൽ നമ്മൾ മിണ്ടാതിരിയ്ക്കാൻ പാടില്ല. മഹാത്മാവിനടുത്തെത്തിയാൽ ഇരിക്കാൻ പറഞ്ഞാൽ ഇരുന്നോളണം, അപ്പോൾ ബഹുമാനം കാണിച്ച് നിൽക്കാൻ പാടില്ല .അത് നിന്ദിയ്ക്കലാണ്.നില്ക്കൂ എന്ന് പറഞ്ഞാൽ നിൽക്കുകയും വേണം, അതാണ് സമ്പ്രദായം. ചോദിച്ചാൽ മറുപടി പറഞ്ഞോളണം.. എന്താ ഭഗവാനേ പറയുക? ഒരു ഉപായം കണ്ടു, നമ്മൾ മുഖത്തോട് മുഖം നോക്കി ഒടുവിൽ ചോദിച്ചു ,"ഏതു മേഖലയിലാ സ്വാമിജീ" എന്ന്. ഉടൻ " ന്യായത്തില് " എന്ന് അദ്ദേഹം പറഞ്ഞു. " അറിയില്ല സ്വാമി ജീ, ചിലപ്പോൾ പ്രഫസർ വാസുദേവൻ പോറ്റി ആകാൻ സാധ്യതയുണ്ട് ". ഉടനെ ചോദ്യം വന്നു "വേദാന്തത്തിലോ " എന്ന്.. "ഞാനാ എൻ്റെ ഭാഷയിൽ, സ്വാമിജിയുടെ ഭാഷയിൽ സ്വാമിജിയാ .. അതുപോലെ നന്മൾ ആയിരകണക്കിന് പേരുണ്ട്. ഒരോരുത്തരും വിചാരിയ്ക്കുന്നത് ഞാനാണ് ഏറ്റവും വലിയ വിദ്വാൻ എന്നാണ് ". സ്വാമിജി പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു "യേ കേസേ ഹോ സകതാ ഹെ ", ഇതെങ്ങനെ സാധിയ്ക്കും? " പരീക്ഷാ നഹീ ഹെ" ഒററ കാരണമേയുള്ളു", പരീക്ഷയില്ല.. നമ്മളെ പരീക്ഷിയ്ക്കുന്നുണ്ടോ ആരെങ്കിലും? മൈക്ക് കിട്ടുന്നു, നിങ്ങളെ പോലെ കുറെ പേരെ കിട്ടുന്നു, ഞാൻ പഠിച്ച വേദാന്തമൊക്കെ വിളമ്പുന്നു, ദക്ഷിണ കിട്ടുന്നു, പുരസ്ക്കാരങ്ങൾ കിട്ടുന്നു .. വേദരത്നം, പണ്ഡിത രത്നം എന്നിങ്ങനെ ഒരോ പുരസ്ക്കാരങ്ങൾ കിട്ടുമ്പോൾ വിചാരിയ്ക്കുന്നു താനാണ് ഏറ്റവും വലിയ വിദ്വാൻ, ഇങ്ങനെ ഓരോരുത്തരും വിചാരിക്കുകയാണ് താനാണ് വിദ്വാൻ എന്ന്. പരീക്ഷ വന്നാലല്ലേ അറിയൂ ആരാണ് വിദ്വാൻ എന്ന്. വിദ്വാൻ്റെ ലക്ഷണം ഒരിടത്തും പ്രസംഗം പറഞ്ഞിട്ടില്ല .. വിദ്വാൻ്റെ ലക്ഷണം " ആനന്ദം ബ്രാഹ്മണോ വിദ്വാൻ ന വിഭേതി കുതശ്ചന, ആനന്ദം ബ്രാഹ്മണോ വിദ്വാൻ ന വിഭേതി കഥാചന " . വിദ്വാൻ ഒരിയ്ക്കലും ഒന്നിൽ നിന്നും ഭയപ്പെടുന്നില്ല, ഒരിയ്ക്കലും ഭയപ്പെടുന്നില്ല. ഭയരാഹിത്യമാണ് വിദ്വാൻ്റെ ലക്ഷണം. അതു കൊണ്ട് ഈ അനർത്ഥങ്ങളൊക്കെ തുടരുന്നത് പരീക്ഷയില്ലാത്തതു കൊണ്ടാണ്, സംശയമില്ല. ഇനി ഇതിനേക്കാൾ അപ്പുറത്താണ് രുദ്രവും, അതിരുദ്രവും, മഹാരുദ്രവും, വിളക്കുപൂജയും ഒക്കെ. ഇതൊക്കെ അത്യാവിശ്യമാണ്, ഉത്കൃഷ്ഠമാണ്, സമാജത്തിൽ ചിത്ത ശുദ്ധിയും, ഏകാഗ്രതയും, ഭക്തിരസവും ഐക്യവും ഒക്കെ വളർത്തുന്നതിന് ഇവ നിർബന്ധമാണ്. പക്ഷെ ശാസ്ത്ര ബോധമില്ലാത്ത സമൂഹത്തിൽ, അനധികാരികൾ പ്രവർത്തിപ്പിയ്ക്കുമ്പോൾ അനർത്ഥത്തിനായിത്തീരുന്നു. അതിന് എന്താ പരിഹാരമെന്ന് ചോദിച്ചാൽ ഒരു പരിഹാരമെയുള്ളൂ, നമ്മുക്ക് സ്വയം ശാസ്ത്രേ ബോധം ഉണ്ടാകുക. അതു കൊണ്ട് വേദത്തിൽ ഋഷി പറഞ്ഞതു പോലെ "സ്വാധ്യായ പ്രവചനാഭ്യാനപ്രമദിദവ്യം ". സ്വാധ്യായം, പ്രവചനം എന്നിവയിൽ നിന്ന് ഒരിയ്ക്കലും പ്രമാദം ചെയ്യരുത്. സ്വാധ്യായം ആവർത്തിച്ച് ആവർത്തിച്ച് ചെയ്യേണ്ടതാകുന്നു. സ്വാധ്യായ പ്രവചനങ്ങൾ തന്നെയാണ് തപസ്സ് എന്ന് പറഞ്ഞിട്ട് മതിയാവാതെ ഉപനിഷത്ത് പറയുന്നുണ്ട് "തത്ദിതപ തത്ദിതപ", അതായത് സ്വാധ്യായ പ്രവചനങ്ങൾ തന്നെയാണ് തപസ്. ഈ തപസ് നമ്മളൊക്കെ ചെയ്താൽ ഒരു വലയിലും കുടുങ്ങില്ല. അല്ലെങ്കിൽ നമ്മൾ പലതിലും കുടുങ്ങി പോകും, എന്തിലൊക്കെ എന്ന് പറയുന്നില്ല .. പലതിലും ,അങ്ങിനെയാണ് ലോകത്തിൻ്റെ പോക്ക്.

ഗോദാവരി തീരത്ത് രാമകുണ്ഡത്തിൽ ധാരാളം പേർ പിതൃകർമ്മങ്ങൾ ചെയ്യാൻ വരുന്ന ഒരു മാസത്തിൽ, നമ്മൾ അവിടെ സന്യാസത്തിനു മുൻപ് തെണ്ടി നടക്കുന്ന കാലത്താണ് .. ഒരു വിദ്വാൻ്റെയടുത്തു എപ്പോഴും തിരക്കു കൂടുതലാണ്. എന്താ രഹസ്യം ?.. ഞാൻ ഇയാളുമായി ചങ്ങാത്തത്തിലായി.. സംഭവമെന്താണെന്നുവച്ചാൽ പിതൃകർമ്മങ്ങൾ ചെയ്യാൻ വരുന്ന ജനങ്ങൾ കലശത്തിലെ സഞ്ചയനം ചെയ്ത അസ്ഥികൾ, വിശിഷ്ടമായ പത്മം പോലെയൊക്കെ വരച്ച് അതിൽ പൂക്കളൊക്കെയിട്ട് അതിൻ്റെ മുകളിൽ വെച്ച ഡാൾഡയുടെ ഒരു ടിന്നിൽ ഇടും. കൊണ്ടുവന്ന പാത്രം നദീജലം തളിച്ചു കളയണം, വെറുതെ കളഞ്ഞാൽ പറ്റില്ല.. അതിന് എല്ലാവരും പോകുകയും വേണം. അപ്പോഴേയ്ക്കും അയാൾ ആ ടിൻ അമർത്തി ഒരു പ്രത്യേക രീതിയിൽ വെയ്ക്കും, ഇതു കഴിഞ്ഞ് അയാൾ മന്ത്രം ചൊല്ലി കർമ്മങ്ങൾ തുടങ്ങും. ബാക്കിയുള്ളവർ അപ്പോഴേയ്ക്കും വന്ന് ഭക്തിപൂർവ്വം ഇരിക്കുന്നുണ്ടാകും. അപ്പോൾ അയാൾ പറയും, നിങ്ങളുടെ ശ്രദ്ധാപൂർണ്ണമായ പ്രാർത്ഥനയും വേണം. ഈ ജീവന് ഉദ്ഗതി ഉണ്ടാവുകയാണെങ്കിൽ അsപ്പ് താനേ തുറക്കും, ഇല്ലെങ്കിൽ തുറക്കില്ല. അങ്ങനെ ഇയാൾ മന്ത്രം ചൊല്ലി ചൊല്ലി ഒരു പ്രത്യേക സമയമെത്തുമ്പോൾ ആ പാത്രത്തിൽ ഒന്നു തൊടും. ഒരു പ്രത്യേക രീതിയിൽ അമർത്തി വെച്ചിരിയ്ക്കുകയാണല്ലോ ആ പാത്രം, പ്രഷർ കാരണം അതു sപ്പ് എന്ന് ഒറ്റയടിയ്ക്ക് തുറക്കും.. എന്തൊക്കെ വിദ്യയാണ്. ഒരിയ്ക്കൽ, വളരെ പ്രസിദ്ധനായ ഒരു സ്വാമിയാരാണ്, പരിപാടിയ്ക്ക് പോകുന്നതിന് മുൻപ് കുറച്ച് സിന്ദൂരം കയ്യിലെടുത്ത് ഒരു പാട് നേരം തിരുമ്മും.. എന്താ പ്രയോഗം എന്നറിയാൻ നോക്കുമ്പോൾ മുഖത്തൊരു തിരുമ്മൽ.. എന്താണെന്നു ചോദിച്ചപ്പോൾ നല്ല തേജസ്സ് തോന്നുമത്രെ പ്രഭാഷണം കേൾക്കുന്ന ജനങ്ങൾക്ക്.. " ബ്രഹ്മ വർചസി ഭൂയാസം " എന്ന് സങ്കൽപ്പിച്ച ഋഷി, ഈ പ്രയോഗം വല്ലതും ആലോചിച്ചോ? അതു കൊണ്ട് പറയട്ടെ, നമുക്ക് ശാസ്ത്രബോധമില്ലെങ്കിൽ നമ്മൾ പലതിലും പെടും, സംശയമില്ല. വേറെ ആരെയും കുറ്റം പറയുന്നില്ല, ഈ പറഞ്ഞ പലരുടെയും ജീവിയ്ക്കാനുള്ള സാമർത്ഥ്യം നാം ബഹുമാനിക്കുന്നു. കാരണം ശ്രീരുദ്രം നമ്മൾ പഠിയ്ക്കുന്നുണ്ട് " സ്തേതാ നാം പതയേ നമ: ,ചോരാണാം പതയേ നമ: , തസ്ക്കരാണാം പതയേ നമ: " എല്ലാവരിലും കുടികൊള്ളുന്നത് പരമശിവനാണ് , ആരെയും നിന്ദിയ്ക്കരുത്, പക്ഷെ ആരാലും വഞ്ചിയ്ക്കപ്പെടരുത്. ഒറ്റ വഴിയേ ഉള്ളു ശാസ്ത്രം.. ശാസ്ത്രം.. ശാസ്ത്രം..

No comments:

Post a Comment