'ധര്‍മ്മം' എന്തെന്നറിയാന്‍ വേദം പഠിക്കണം
ഭാരതീയസംസ്ക്കാരത്തിന്റെ മാത്രമല്ല മാനവസംസ്ക്കാരത്തിന്റെ തന്നെ മൂലസ്രോതസ്സ് ചതുര്‍വേദങ്ങളാണ്. ഋക്, യജുസ്, സാമം, അഥര്‍വ്വം, എന്നിങ്ങനെ ഈ വേദങ്ങള്‍ സൃഷ്ടിയുടെ ആദിയില്‍ ഈശ്വരന്‍, അഗ്നി, വായു, അംഗിരസ്സ്, ആദിത്യന്‍ എന്നീ നാലു ഋഷിവര്യൻ മാരുടെ ഹൃദയകമലത്തില്‍ പ്രകാശിപ്പിച്ചു. ഇതേക്കുറിച്ചുള്ള ഒരു വേദവാണി അനുവാചകരുടെ ശ്രദ്ധയ്ക്കായി ഉദ്ധരിക്കാം 'കിലാലാപസോമപൃഷ്ഠായ വേധസേ ഹൃദ്വമതിമ് ജനയേ ചാരുമഗ്നയേ'' കിലാലാപന്‍ (വായു ഋഷി), സോമപൃഷ്ഠന്‍ (അംഗിരാഋഷി), വേധാ (ആദിത്യ ഋഷി), അഗ്നി ഋഷി എന്നിവരുടെ ഹൃദയങ്ങളില്‍ ഞാന്‍ (ഈശ്വരന്‍) വേദവിജ്ഞാനം പ്രകാശിപ്പിക്കുന്നുവെന്ന് ഈ മന്ത്രഭാഗത്തിന് സാമാന്യമായി അര്‍ത്ഥം പറയാം. സൃഷ്ടിയുടെ ആദ്യത്തില്‍ത്തന്നെ പരമേശ്വരന്‍ വെളിവാക്കിയതാണ് വേദമെന്ന് സാരം. ദയാലുവായ പരമേശ്വരന്‍ സ്വപ്രജകളായ ജീവികളുടെ സൌഖ്യത്തിനായി കായ്കനികളും ഈ പ്രപഞ്ചവും സര്‍വ്വസ്വവും രചിച്ചപോലെ സര്‍വ്വജ്ഞാനവാരിധിയായ വേദവും നല്‍കി. ശതപഥത്തില്‍ ഈശ്വരന്റെ ഉണ്മയില്‍ നിന്നാണ് വേദാവിര്‍ഭാവമെന്ന് പറഞ്ഞിട്ടുണ്ട്. 'മഹത്തായ ആകാശത്തിനേക്കാളും ബൃഹത്തായ പരമേശ്വരോണ്മയില്‍നിന്ന് ഋഗ്വേദാദി ചതുര്‍വേദങ്ങള്‍ നിശ്വാസംപോലെ സഹജമായി പുറപ്പെട്ടതാണെന്ന് അര്‍ത്ഥം വരുന്ന ഒരു പ്രസ്താവന ഇങ്ങനെയാണ്.
'ഏവം വാ അരേള സ്യ മഹതോ ഭൂതസ്യ നിശ്വസിത ദേതമ് യദ് ഋഗ്വേദോയജുര്‍വ്വേദ സാമവേദോളഥര്‍വാങ്ഗിരസ'' (ശതപഥം 14 /5 4 10 )
വേദങ്ങളുടെ ഉത്ഭവവും തിരോധാനവും ശ്വാസോച്ഛ്വാസം പോലെ സംഭവിക്കുന്നുവെന്നര്‍ത്ഥം. പക്ഷിമൃഗാദികള്‍ക്ക് ജന്മനാ തന്നെ ചില വാസനകളുണ്ടെന്ന് നമുക്ക് കാണാം. തൂക്കണാം കുരുവിയെ കൂടുകെട്ടാന്‍ ആരും പഠിപ്പിക്കേണ്ട എന്നത് ഒരു ഉദാഹരണം മാത്രം. എന്നാല്‍ മനുഷ്യന്റെ അവസ്ഥ തീര്‍ത്തും വ്യത്യസ്തമാണ്. അവന് വേണ്ടവിധത്തിലുള്ള അനുജ്ഞയും വഴി കാട്ടിക്കൊടുക്കലും ആവശ്യമാണ്. വിദ്യാരഹിതനായ ഒരാളെ കാര്യങ്ങള്‍ പറഞ്ഞുപഠിപ്പിക്കാത്തപക്ഷം അപരിഷ്കൃതനായി വളരുന്നു. അതിനാലാണ് സൃഷ്ടിയുടെ ആദ്യത്തില്‍ ആദിമമനുഷ്യന് അറിവായി വേദം ഉദിച്ചത്. മനുഷ്യന്റേത് സഹജമായ ജന്മവാസനകളാല്‍ നിയന്ത്രിതമായ ഒരു ജീവിതസാഹചര്യമല്ല. ആഹാരം കഴിക്കുന്നതുതൊട്ട് വസ്ത്രധാരണരീതി വരെ അവനെ പഠിപ്പിക്കേണ്ടിവരുന്നു. പ്രപഞ്ചസൃഷ്ടിയുടെ ആദ്യത്തില്‍ മനുഷ്യനെ പഠിപ്പിക്കാന്‍ ഈശ്വരനൊഴികെ ആരുമില്ലായിരുന്നുവെന്നാണ് വൈദികമതം. ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള സകല അറിവും മാനവന് പ്രദാനം ചെയ്യാന്‍ ഈശ്വരനല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ഇതുള്‍ക്കൊണ്ടാണ് പതഞ്ജലി ഈശ്വരന്‍ ഗുരുക്കൻമാരുടേയും ഗുരുവാണെന്ന് പറഞ്ഞുവെച്ചത്.
സൃഷ്ടിയുടെ ആദിയിലേ നല്‍കിയ വൈദികജ്ഞാനമെന്ന ആര്‍ഷസിദ്ധാന്തം അഴിവില്ലാത്തതാണ്, ഒപ്പം യുക്തിഭദ്രവും. ഈശ്വരവചനങ്ങള്‍ കാലപ്പഴക്കത്തില്‍ ജീര്‍ണ്ണിക്കുന്നില്ല. കാരണം ഈശ്വരനെപ്പോലെ അതും പൂര്‍ണ്ണമായിരിക്കും. അതിനാല്‍ തന്നെ, പിന്നെ ഇടയ്ക്കിടെ പുതിയ ഈശ്വരവാണികള്‍ പുറപ്പെടുവിക്കേണ്ടതുമില്ലെന്ന് ന്യായദര്‍ശനം കരുതുന്നു. ഈ സത്യം മേക്സ്മ്യൂലരും പറഞ്ഞിട്ടുണ്ട്. കാണുക.
'സ്വര്‍ഗ ഭൂമി ആദികള്‍ സൃഷ്ടിച്ച സര്‍വ്വശക്തനായ ഒരു ദൈവമുണ്ടെങ്കില്‍ മോസസ്സിന് മുമ്പ് ജനിച്ച കോടാനുകോടി ജനങ്ങള്‍ക്കും ദിവ്യജ്ഞാനം മറച്ചുവെച്ചതിന്റെ അന്യായം അദ്ദേഹത്തിനുവരും. 'ന്യായകാരിയായ ഈശ്വരന്‍ അതുകൊണ്ട് തീര്‍ച്ചയായും സൃഷ്ടിയുടെ ആദിയില്‍ തന്നെ ദിവ്യജ്ഞാനം നല്‍കിയിട്ടുണ്ടെന്ന് കരുതാം. ഇത്തരമൊരു അറിവില്‍ വ്യക്തിഗതചരിത്രത്തിനോ വംശചരിത്രത്തിനോ യാതൊരു സ്ഥാനവുമില്ലതാനും.
ഇനി 'വേദം' എന്ന വാക്കിന്റെ അര്‍ത്ഥമെന്താണെന്ന് ചിന്തിക്കാം. വേദമെന്ന വാക്കിന്നര്‍ത്ഥം 'ജ്ഞാനം' എന്നാണ്. അറിയുക എന്നര്‍ത്ഥം വരുന്ന 'വിദ്' ധാതുവില്‍ നിന്നാണ് ഈ ശബ്ദത്തിന്റെ ഉല്പത്തി. ഈ പദത്തെക്കുറിച്ച് അല്പമൊന്ന് ചിന്തിക്കാം. 1. വിദ് ജ്ഞാനേ (അറിയുക) 2. വിദ് വിചാരണേ (വിചിന്തനം ചെയ്യുക) 3. വിദ് സത്തായാമ് (സത്യത്തെ സംബന്ധിച്ച) 4. വിദ് ലൃലാഭേ (ലഭ്യമായത്)
വേദശബ്ദത്തിന്റെ അര്‍ത്ഥം ഈ ധാതുക്കളില്‍ നിന്ന് കണ്ടെത്താവുന്നതാണ്. ഈശ്വരനില്‍നിന്ന് പകര്‍ന്നുനല്‍കിയതും, അതിന്റെ നിറവും മണവുമുള്ള ഈ ഗ്രന്ഥത്തിന് 'ജ്ഞാനം' എന്നു തന്നെ പേരായി ലഭിച്ചത് ഗ്രഹണീയമാണ്.
വേദങ്ങള്‍ രചിച്ചിട്ടുള്ളത് ഏറ്റവും പ്രാചീനമായ ഭാഷയിലാണ്. അതാകട്ടെ ആരുടേയും മാതൃഭാഷയൊട്ടല്ലതാനും. ആ ഭാഷ സമൃദ്ധവും വിസ്തൃതവുമായിരുന്നു. ഇന്ന് ഭാഷകളില്‍ കണ്ടുവരുന്ന അപഭ്രംശങ്ങളോ തദ്ഭവങ്ങളോ സ്വരശുദ്ധിഹീനതയോ ഇല്ലായിരുന്നു ആ ഭാഷയില്‍. ഇങ്ങനെയുള്ള ആ വൈദികഭാഷയ്ക്ക് ദേവവാണി, ദൈവീവാക്, ദിവ്യഭാഷ എന്നെല്ലാം പേരുണ്ട്. ഈ ഭാഷ കേട്ടു പഠിക്കാന്‍ കഴിവുള്ള ശ്രുതിയിലായിരുന്നു. എന്നാല്‍ ക്രമേണ കേട്ടുമനസ്സിലാക്കാന്‍ വിഷമമായപ്പോള്‍ പദച്ഛേദം, സ്വരവിന്യാസം, പാഠരീതി, ധാതുമൂലം എന്നീ ശിക്ഷാവ്യാകരണനിയമങ്ങള്‍ ആവിഷ്കരിച്ചുവെന്ന് പ്രാചീന വ്യാകരണകാരണവർമാര്‍ പറയുന്നു.
Acharya M. R. Rajesh
No comments:
Post a Comment