ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, June 1, 2016

അംഗാരവര്‍ണ്ണന്‍‌ പറഞ്ഞ കഥകള്‍‌.

അംഗാരവര്‍ണ്ണന്‍‌ പറഞ്ഞ കഥകള്‍‌.

അരക്കില്ലം കത്തിക്കരിഞ്ഞ് അനാധരായ പാണ്ഡവര്‍ വനവാസം ചെയ്യവേ, ഒരിക്കല്‍ ഒരു ബ്രാഹ്മണനെ കണ്ടുമുട്ടുന്നു. ബ്രാഹ്മണന്‍ താന്‍ പാഞ്ചാലീ സ്വയം വരത്തിനു പോവുകയാണെന്ന് പറയുന്നു..

പാഞ്ചാലിയെ അര്‍ജ്ജുനന് വിവാഹം ചെയ്തുകൊടുക്കാന്‍‍ യജ്ഞത്തില്‍ നിന്ന് ജനിച്ചതാണെന്നും, പക്ഷെ, പാണ്ഡവര്‍ അരക്കില്ലത്തില്‍ പെട്ട് വെന്തു മരിച്ചതുകൊണ്ട് ഇനി എന്തു ചെയ്യും എന്നറിയില്ല എന്നും ബ്രാഹ്മണന്‍ പറയുന്നു. അവിടെ ഒരു മരത്തില്‍ ഒരു കിളിയെ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. താഴെ ജലാശയത്തില്‍ അതിന്റെ പ്രതിബിംബം നോക്കി അമ്പെയത് അതിന്റെ കണ്ഠത്തില്‍ കൊള്ളിക്കുന്നവനു മാത്രമെ പാഞ്ചാലിയെ വരിക്കാനാകൂ, എല്ലാ രാജാക്കന്മാരും ബ്രാഹമണരും പോകുന്നുണ്ട്, നല്ല സദ്യയും ഉണ്ട്, ചിലര്‍ പാഞ്ചാലിയെ കാണാനും സദ്യയില്‍ പങ്കെടുക്കാനും ആയും പോകുന്നുണ്ട് എന്നൊക്കെ പറയുമ്പോള്‍ പാണ്ഡവരും ആ ബ്രാഹ്മണനോടൊപ്പം പാഞ്ചാലീ സ്വയംവര‍ത്തില്‍ പങ്കെടുക്കാനായി പോകുന്നു

വഴിയില്‍ വച്ച് വ്യാസമഹര്‍ഷിയെ കാണുകയും അദ്ദേഹം പാഞ്ചാലിയെ ‍ 5 പേരും ചേര്‍ന്ന് വേള്‍ക്കാന്‍ പറയുകയും ചെയ്യുന്നു. കാരണം കഴിഞ്ഞ ജന്മത്തില്‍ പാഞ്ചാലി പരമശിവനോട് നല്ല ഭര്‍ത്താവു വേണം എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍, പ്രത്യക്ഷനായ പരമശിവനോട് , പരിഭ്രമത്താല്‍, 5 പ്രാവശ്യം തനിക്ക് നല്ല ഭര്‍ത്താവ് വേണം എന്ന് പറഞ്ഞുപോയതുകൊണ്ട്, പരമശിവന്‍ പറയുന്നു, അടുത്ത ജന്മം നിനക്ക് അഞ്ചുഭര്‍ത്താക്കന്മാരുണ്ടാകും എന്നും, എന്നാല്‍ നിനക്ക് അതുകൊണ്ട് അപഖ്യാതി ഒന്നും ഉണ്ടാകില്ല എന്നും പറയുന്നു. കഥ പറഞ്ഞശേഷം, അതുകൊണ്ട് അഞ്ചുപേരും ചേര്‍ന്ന് പാഞ്ചാലിയെ വിവാഹം ചെയ്യാന്‍ അനുഗ്രഹിച്ച്, വേദവ്യാസമഹര്‍ഷി പാണ്ഡവരെ പാഞ്ചാലരാജ്യത്തേക്ക് അയക്കുന്നു.

രാത്രി അര്‍ജ്ജുനന്‍ ഒരു പന്തവും കൊളുത്തി ഗംഗാനദി കടക്കുവാന്‍ ശ്രമിക്കുമ്പോള്‍ അംഗാരവര്‍ണ്ണന്‍ എന്ന ഗന്ധര്‍വ്വന്‍ പരിവാരസമേതം അവിടെ കുളിക്കുന്നതു കാണാനിടയായി. പാണ്ഡവരെ കണ്ട് കുപിതനായി അംഗാരവര്ണ്ണന്‍, ‘രാത്രി ഇതുവഴി മനുഷ്യര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദമില്ലെന്നും അങ്ങിനെ മനുഷര്‍ പെട്ടുപോയാല്‍ യക്ഷ രാക്ഷസ ഗന്ധര്‍വ്വന്മാര്‍ അവരെ കൊന്നു തിന്നും എന്നും, താന്‍ പാണ്ഡവരെ കൊല്ലാന്‍ പോവുകയാണെന്നും പറയുന്നു.

ഇതുകേട്ട് ദേഷ്യം വന്ന അര്‍ജ്ജുനന്‍ തങ്ങള്‍ സാധാരണ മനുഷ്യരല്ലെന്നും, തന്നോട് യുദ്ധം ചെയ്ത് ജയിക്കാന്‍ അംഗാരവര്‍ണ്ണനെ വെല്ലുവിളിക്കയും ചെയ്യുന്നു. അംഗാരവര്‍ണ്ണനും അര്‍ജ്ജുനനും തമ്മില്‍ നടത്തിയ യുദ്ധത്തില്‍ അര്‍ജ്ജുനന്‍ ആഗ്നേയാസ്ത്രം തൊടുത്ത് അംഗാരവര്‍ണ്ണനെ തോല്‍പ്പിക്കുന്നു. അംഗാരവര്‍ണ്ണനെ കൊല്ലാതെ വിടാന്‍ അംഗാരവര്‍ണ്ണന്റെ ഭാര്യ അപേക്ഷിക്കയാല്‍ അപ്രകാരം ചെയ്യുന്നു അര്‍ജ്ജുനന്‍. പ്രത്യുപകാരമായി അംഗാരവര്‍ണ്ണന്‍ അര്‍ജ്ജുനന് ‘ചാക്ഷുഷി’ എന്ന വിദ്യ ഉപദേശിച്ചു കൊടുക്കുന്നു. അര്‍ജ്ജുനന്‍ ഗന്ധര്‍വ്വനു ‘ആഗ്നേയാസ്ത്ര’വും പറഞ്ഞുകൊടുത്ത്, ഇരുവരും ഉറ്റമിത്രങ്ങളാവുന്നു.

അപ്പോള്‍ അംഗാരവര്‍ണ്ണന്‍ പാണ്ഡവരോട്, “താപത്യന്മാരായ നിങ്ങള്‍ എന്തു കര്‍മ്മവും ചെയ്യുമ്പോള്‍ അത് ഒരു ബ്രാഹ്മണനെ മുന്‍‌നിര്‍ത്തി വേണം ചെയ്യാന്‍” എന്നു ഉപദേശിക്കുന്നു.

അപ്പോള്‍ അര്‍ജ്ജുനന്‍, “അങ്ങ് എന്താണ് ഞങ്ങളെ താപത്യന്മാ‍ര്‍ എന്നു വിളിച്ചത്?” എന്നു ചോദിക്കുന്നു.

അതിനു മറുപടിയായി ബ്രാഹ്മണനായ വസിഷ്ഠമഹര്‍ഷിയെ മുന്‍‌നിര്‍ത്തി വിജയസാധ്യം വരിച്ച സംവരണന്റെ കഥ അംഗാരവര്‍ണ്ണന്‍ പറയുന്നു...

സൂര്യദേവന്റെ പുത്രിയായിരുന്നു തപതി. തപതി അതീവസുന്ദരിയായിരുന്നു. അവളെ തന്റെ ഭക്തന്‍ -ഋഷകന്റെ പുത്രനായ - സംവരണനു വിവാഹം കഴിച്ചുകൊടുക്കണമെന്നും സൂര്യദേവന്‍ നിശ്ചയിച്ചിരിക്കെ,

ഒരിക്കല്‍ സംവരണന്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അതീവ സുന്ദരിയായി തപതിയെ കണ്ട് മോഹിതനായി, അവളോടെ വിവാഹാഭ്യര്‍ത്ഥന നടത്തുന്നു.

താന്‍ സൂര്യദേവന്റെ പുത്രി തപതിയാണെന്നും തന്റെ പിതാവിനെ പ്രാര്‍ത്ഥിച്ച് സമ്മതം വാങ്ങിയാല്‍ അങ്ങയെ വിവാഹം കഴിക്കാം എന്നും പറഞ്ഞ് തപതി പോകുന്നു.

സംവരണന്‍ മോഹവിവശനായി ‘തപതി’ ‘തപതി’ എന്നും ഉരുവിട്ട് മോഹാത്സ്യപ്പെട്ട് വീഴുന്നു.

സംവരണന്റെ ബുദ്ധിമാനായ മന്ത്രി സംവരണനെ സമാധാനിപ്പിച്ച്, വസിഷ്ഠമഹര്‍ഷിയെ സേവിച്ചാല്‍ അദ്ദേഹം സഹായിക്കും എന്നു പറയുന്നു.

അപ്രകാരം വസിഷ്ഠമഹര്‍ഷിയെ പൂജിച്ച് , വസിഷ്ഠമഹര്‍ഷി എത്തുമ്പോള്‍ സംവരണന്‍ തന്റെ ദുഃഖം വസിഷ്ഠനെ അറിയിച്ച് പോംവഴി ആരായുന്നു.

വസിഷ്ഠമഹര്‍ഷി സൂര്യദേവനെ ധ്യാനിച്ച്, സൂര്യദേവന്‍ പ്രത്യക്ഷമാവുമ്പോള്‍ സംവരണന്‍ തപതിയില്‍ അനുരക്തനാണെന്നും വിവാഹം കഴിച്ചുകൊടുക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

അങ്ങ് എന്തപേക്ഷിച്ചാലും തനിക്ക് വിസമ്മതിക്കാന്‍ നിര്‍വ്വാഹമില്ലെന്നും, എന്നാല്‍ തപതിയെ താന്‍ ആദ്യമേ സംവരണനു നല്‍കാന്‍ ഉദ്ദേശിച്ചിരുന്നതാണെന്നും പറഞ്ഞ് അവരുടെ വിവാഹം നടത്തുന്നു.

കഥ പറഞ്ഞു തീര്‍ത്തശേഷം അംഗാരവര്‍ണ്ണന്‍ പാണ്ഡവരോട് പറയുന്നു, “ഈ കഥ പറയാന്‍ കാരണം സംവരണന്‍ വസിഷ്ഠനെ മുന്‍‌നിര്‍ത്തി വിവാഹാഭ്യര്‍ത്ഥന നടത്തിയതുകൊണ്ടാണ് വിഘ്നങ്ങളൊന്നും കൂടാതെ ശുഭമായി എല്ലാം കലാശിച്ചത്. അതുകൊണ്ട് നിങ്ങളും ഒരു ബ്രാഹ്മണനെ മുന്‍‌നിര്‍ത്തി എല്ലാം ചെയ്ക” എന്ന്.

അംഗാരവര്‍ണ്ണന്‍ തുടര്‍ന്ന് കല്‍മാഷചരിതവും, ഔര്‍വ്വചരിതവും, പാണ്ഡവര്‍ക്ക് വിവരിക്കുന്നു.

കഥകളൊക്കെ കേട്ടശേഷം അര്‍ജ്ജുനന്‍, ‘തങ്ങള്‍ ഏതു ബ്രാഹ്മണനെ മുന്‍‌നിര്‍ത്തി എല്ലാം ചെയ്യും?’ എന്ന് ചോദിക്കുമ്പോള്‍, ‘നിങ്ങള്‍ ധൌമ്യമഹര്‍ഷിയെ സേവ ചെയ്യുക’ എന്നു ‍ പറയുന്നു. അങ്ങിനെ ധൌമ്യമഹര്‍ഷിയെ പ്രീതിപ്പെടുത്തി, അദ്ദേഹത്തോടൊപ്പമാണ് പാണ്ഡവര്‍ പാഞ്ചാലീ സ്വയംവരത്തിനെത്തുന്നത്.

No comments:

Post a Comment