ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, June 11, 2016

എറണാകുളം ശിവക്ഷേത്രം

24) എറണാകുളം ശിവക്ഷേത്രം

എറണാകുളം നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള കൊച്ചികായലിലേക്ക് ദർശനം ചെയ്തു എറണാകുളത്തപ്പന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശിവനാണ്‌ മുഖ്യ പ്രതിഷ്ഠ. പണ്ട് ക്ഷേത്രം ചേരാനെല്ലൂർ കർത്താക്കന്മാരുടെ വകയായിരുന്നു. കർത്താക്കന്മാരും കൊച്ചി രാജാക്കന്മാരും ആണ്‌‍ ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്. ശിവക്ഷേത്രത്തിന്‌ സമീപം ഹനുമാൻക്ഷേത്രവും സുബ്രഹ്മണ്യക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പരശുരാമ പ്രതിഷ്ഠിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത് [1]

ഐതിഹ്യം

ദ്വാപരയുഗത്തിൽ കുലമുനി എന്നുപേരായ ഒരു മുനി ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന് ദേവലൻ എന്ന പേരിൽ ഒരു ശിഷ്യനുണ്ടായിരുന്നു. ഒരിയ്ക്കൽ കുലുമുനി നടത്താൻ നിശ്ചയിച്ച ഹോമത്തിന് പൂജാദ്രവ്യങ്ങൾ ശേഖരിയ്ക്കാൻ ദേവലനും സഹപാഠികളും കൂടി കാട്ടിലേയ്ക്കുപോയി. പോകുന്ന വഴിയ്ക്കുവച്ച് അവർ ഒരു പാമ്പിനെ കണ്ടു. അതിനെ കണ്ടപ്പോൾത്തന്നെ മറ്റു ശിഷ്യന്മാരെല്ലാം പേടിച്ച് ഓടിപ്പോയി ചെടികൾക്കിടയിൽ മറഞ്ഞിരുന്നു. എന്നാൽ ദേവലനാകട്ടെ അടുത്തുകണ്ട ഒരു കാട്ടുവള്ളി കണ്ട് അതുകൊണ്ട് കുരുക്കിട്ടുപിടിച്ച് പാമ്പിനെ കൊന്നു. സഹപാഠികളിൽ നിന്ന് വിവരമറിഞ്ഞ കുലുമുനി ദേവലനെ ശപിച്ചു: 'പാമ്പിനെ കൊന്ന നീ പാമ്പിന്റെ തലയും മനുഷ്യന്റെ ഉടലുമുള്ള ഭീകരജീവിയായി മാറട്ടെ'. ഇതുകേട്ട ദേവലൻ ശാപമോക്ഷം അഭ്യർത്ഥിച്ചപ്പോൾ ശാന്തനായ കുലുമുനി അവന് ശാപമോക്ഷം കൊടുത്തു: "ഇവിടെനിന്ന്‌ കിഴക്ക്‌ ദിക്കിലായി ഇലഞ്ഞിമരച്ചുവട്ടിൽ നാഗം പൂജ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശിവലിംഗമുണ്ട്‌. ഈ വിഗ്രഹം പൂജ നടത്തുവാനായി നീ വാങ്ങി ദക്ഷിണ ദിക്കിലേക്ക്‌ പോകുക. ഒരു സ്ഥലത്ത്‌ വച്ച്‌ നീ പൂജ ചെയ്യുമ്പോൾ ആ വിഗ്രഹം അവിടെ ഉറച്ചുപോകും.....

അവിടെ വച്ച്‌ നീ ശാപമോചിതനാകും." ശാപം കാരണം ദേവലൻ നാഗർഷി എന്നുപേരായ ഒരു നാഗമായി മാറി. നാഗർഷി ശിവലിംഗവുമായി ദക്ഷിണദിക്കിലേക്ക്‌ യാത്രയായി. യാത്രയ്ക്കിടയിൽ ഒരുപാട് സ്ഥലങ്ങൾ നാഗർഷി സന്ദർശിച്ചു. എറണാകുളത്തെത്തിയപ്പോൾ നാഗർഷി വൃക്ഷത്തണലിൽ വിഗ്രഹത്തെ വച്ചിട്ട്‌ അടുത്തുള്ള കുളത്തിലിറങ്ങി കുളിച്ച്‌ വന്ന്‌ പൂജ ചെയ്തു. രാവിലെ കുളക്കടവിൽ കുളിക്കാൻ എത്തിയവർ ഒരു ഭീകരജീവി നടത്തുന്ന പൂജ കണ്ട്‌ ഭയന്ന്‌ ആളുകളെ വിളിച്ചുകൂട്ടി. അവരെത്തി നാഗർഷിയെ ഉപദ്രവിക്കുവാൻ തുടങ്ങിയതോടെ ശിവലിംഗവുമായി രക്ഷപ്പെടാൻ ശ്രമിച്ച നാഗർഷിക്ക്‌ ശിവലിംഗം അവിടെ ഉറച്ചിരിക്കുന്നതായി കണ്ടു. ശിവലിംഗത്തിന്‌ മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി നാഗർഷി ശാപമോചിതനായി. കുളികഴിഞ്ഞുവന്ന നാട്ടുകാർ ദേശാധിപനായ തൂശത്തുകൈമളെ ഈ വിവരം അറിയിക്കുകയും ശിവലിംഗം ഇരുന്ന സ്ഥാനത്ത്‌ ഒരു ക്ഷേത്രം പണിയിക്കുകയും ചെയ്തതായിട്ടാണ്‌ ഐതിഹ്യം.

ക്ഷേത്രം

പരശുരാമഭൂമിയിലെ 108 ശിവക്ഷേത്രങ്ങളിലൊന്നായ എറണകുളം ശിവക്ഷേത്രം എറണാകുളം നഗരമദ്ധ്യത്തിൽ ദർബാർ ഹാൾ മൈതാനത്തിന് സമീപം സ്ഥിതിചെയ്യുന്നു. പ്രധാനമൂർത്തിയായ ശിവൻ പാർവ്വതീസമേതനായി പടിഞ്ഞാട്ട് ദർശനമായി വാഴുന്നു. പ്രധാനവിഗ്രഹം സ്വയംഭൂവാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ആദ്യം ഇവിടത്തെ ശിവൻ കിഴക്കോട്ട് ദർശനമായിരുന്നത്രേ. എന്നാൽ ഉഗ്രമൂർത്തിയായ ശിവന്റെ കോപം കാരണം കിഴക്കുഭാഗത്തുള്ള നിരവധി സ്ഥലങ്ങൾ അഗ്നിക്കിരയാകുകയും തുടർന്ന് വില്വമംഗലം സ്വാമിയാരുടെ അഭ്യർത്ഥനപ്രകാരം ശിവൻ സ്വയം പടിഞ്ഞാട്ട് ദർശനമാകുകയും ചെയ്തു. ക്ഷേത്രത്തിന് കിഴക്കുള്ള 'കരിത്തറ' എന്ന സ്ഥലത്തിന് ആ പേരുവരാൻ തന്നെ കാരണം ശിവന്റെ കോപാഗ്നിയാണത്രേ. കിഴക്കേനടയിൽ പാർവ്വതീസാന്നിദ്ധ്യമുള്ളതായി വിശ്വസിയ്ക്കപ്പെടുന്നു. ആ നട തുറക്കാറില്ല.....

ഇതും വില്വമംഗലം സ്വാമിയാരുടെ അഭ്യർത്ഥനപ്രകാരമാണുണ്ടായതത്രേ. ഇന്ന് അവിടെ പാർവ്വതിയുടെ ചെറിയൊരു കണ്ണാടിവിഗ്രഹമുണ്ട്. അവിടെ ദിവസവും വിളക്കുവപ്പുമുണ്ട്. ക്ഷേത്രത്തിന് പടിഞ്ഞാറും കിഴക്കുമായി രണ്ട് ഗോപുരങ്ങളുണ്ട്. ക്ഷേത്രേശന്റെ ദർശനം പടിഞ്ഞാട്ടായതിനാൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് പ്രധാനം. രണ്ടുനിലകളുള്ള പടിഞ്ഞാറേ ഗോപുരത്തിന് ഇരുവശവും ത്രികോണാകൃതിയിൽ ചെരിഞ്ഞുനിൽക്കുന്ന മേൽക്കൂരയും ഒരുവശത്തേയ്ക്ക് തെന്നിമാറിനിൽക്കുന്ന ജനാലകളുമുണ്ട്. കിഴക്കേഗോപുരം ഈയിടെയാണ് നവീകരിച്ചത്. രണ്ടുഭാഗത്തും ആനക്കൊട്ടിലുകളുണ്ട്. ദർശനവശമായ പടിഞ്ഞാറുഭാഗത്ത് വളരെ ഉയരം കൂടിയ ഒരു സ്വർണ്ണക്കൊടിമരമുണ്ട്. ശ്രീകോവിൽ വൃത്താകൃതിയിലാണ്. വടക്കുഭാഗത്ത് മറ്റൊരു ശിവപ്രതിഷ്ഠയുണ്ട്. കിരാതമൂർത്തിഭാവത്തിലുള്ള പ്രതിഷ്ഠയാണ്. പടിഞ്ഞാട്ടുതന്നെയാണ് ഇതിന്റെയും ദർശനം. അർജുനൻ പൂജിച്ചതാണ് ഈ ശിവലിംഗമെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഈ ശിവലിംഗമാണ് ആദ്യത്തെ പ്രതിഷ്ഠ. അർജുനന് പാശുപതാസ്ത്രം നൽകാൻ ശിവനെടുത്ത രൂപമാണ് കിരാതമൂർത്തി എന്ന് മഹാഭാരതം പറയുന്നു. തെക്കുപടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് ദർശനമായി ഗണപതി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറുഭാഗത്തായി അയ്യപ്പൻ, നാഗങ്ങൾ എന്നിവർ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

വടക്കുപടിഞ്ഞാറുഭാഗത്താണ് സുബ്രഹ്മണ്യക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ് ശൈലിയിലാണ് സുബ്രഹ്മണ്യക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്. ഒരു തമിഴ് ബ്രാഹ്മണനായിരുന്ന കൊച്ചി ദിവാൻ വെങ്കടസ്വാമിയുടെ കാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. കൊച്ചിയിലെ തമിഴ് ബ്രാഹ്മണസഭയുടെ വകയാണ് ഈ ദേവാലയം. തമിഴ് താന്ത്രികാചാരപ്രകാരമാണ് നിത്യപൂജകൾ നടക്കുന്നത്......
വള്ളി, ദേവസേന എന്നീ രണ്ട് പത്നിമാരോടുകൂടിയ സുബ്രഹ്മണ്യസ്വാമിയാണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. വിഷ്ണു, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗ്ഗ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.

വടക്കുകിഴക്കുഭാഗത്താണ് ഹനുമാൻക്ഷേത്രം സ്ഥിതിചെയ്യുന്നത്. കന്നഡിഗ ഉഡുപ്പി ശൈലിയിലാണ് ഹനുമാൻക്ഷേത്രം നിർമ്മിച്ചിരിയ്ക്കുന്നത്. ഒരു കന്നഡ ബ്രാഹ്മണനായിരുന്ന മറ്റൊരു കൊച്ചി ദിവാൻ വെങ്കടറാവുവിന്റെ കാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്. ദ്വൈതസിദ്ധാന്തത്തിന്റെ സ്ഥാപകനായിരുന്ന മധ്വാചാര്യർ നിർദ്ദേശിച്ച ക്രമത്തിലാണ് നിത്യപൂജകൾ നടക്കുന്നത്. മാധ്വസമ്പ്രദായപ്രകാരം പൂജകൾ നടക്കുന്ന ദേവാലയങ്ങളിൽ ശ്രീകൃഷ്ണൻ പ്രധാനപ്രതിഷ്ഠയല്ലാത്ത അപൂർവം ദേവാലയങ്ങളിലൊന്നാണിത്. പ്രധാനപ്രതിഷ്ഠകൾ ശ്രീരാമനും ഹനുമാനുമാണ്. പടിഞ്ഞാട്ട് ദർശനം. നാഗങ്ങൾ, ഗണപതി, ശ്രീ രാഘവേന്ദ്രസ്വാമികൾ എന്നിവരാണ് ഉപദേവതകൾ.

ക്ഷേത്രത്തിനു വടക്കുകിഴക്കായാണ് ക്ഷേത്രക്കുളം. ഋഷിനാഗക്കുളം എന്നാണിതിന്റെ പേർ. നാഗർഷി ശിവപൂജയ്ക്കുമുമ്പ് കുളിച്ച കുളമായതിനാലാണ് ഋഷിനാഗക്കുളം എന്ന പേരുവന്നത്. ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായതാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. 200 വർഷം പഴക്കമുള്ള ഒരു അരയാൽ കുളക്കരയിലുണ്ട്.

വഴിപാടും വിശേഷങ്ങളും

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് എറണാകുളം ശിവക്ഷേത്രം. രാവിലെ മൂന്നുമണിയ്ക്ക് നട തുറക്കുന്നു. തുടർന്ന് നിർമ്മാല്യദർശനം. മറ്റുക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു മണിക്കൂറാണ് നിർമ്മാല്യദർശനം. നിർമ്മാല്യദർശനത്തിനുശേഷം അഭിഷേകം നടത്തുന്നു. നാലേകാലിന് ഭഗവാന് മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. അഞ്ചുമണിയ്ക്ക് ഉഷഃപൂജയും ആറുമണിയ്ക്ക് എതിരേറ്റുപൂജയും നടത്തുന്നു. എതിരേറ്റുപൂജയ്ക്കിടയിൽത്തന്നെ ഗണപതിഹോമവും നടത്തുന്നു......

ആറരയോടെ എതിരേറ്റുശീവേലി തുടങ്ങുന്നു. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം സമർപ്പിയ്ക്കുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിലാണ് ഈ ആചാരം. ശീവേലി കഴിഞ്ഞാൽ ജലധാരയും നവകാഭിഷേകവും നടത്തുന്നു. എട്ടുമണിയ്ക്ക് പന്തീരടി പൂജ. പത്തരയോടെ ഉച്ചപൂജയും പതിനൊന്നരയോടെ ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു.

വൈകീട്ട് നാലുമണിയ്ക്ക് നട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് രാത്രി ഏഴരമണിയ്ക്ക് അത്താഴപൂജയും എട്ടരമണിയ്ക്ക് അത്താഴശീവേലിയും നടത്തി ഒമ്പതുമണിയ്ക്ക് നട വീണ്ടും അടയ്ക്കുന്നു.

ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ആയിരത്തൊന്നുകുടം ജലധാരയാണ്. ഇത് ഇവിടെയില്ലാത്ത ദിവസങ്ങൾ കുറവാണ്. ശിവലിംഗത്തിൽ ധാര നടത്തുന്നതിനുപിന്നിൽ പറയപ്പെടുന്ന ഒരു കാര്യമുണ്ട്: ശിവലിംഗത്തിന്റെ മൂന്നിലൊരുഭാഗം മാത്രമേ നമുക്ക് കാണാൻ കഴിയൂ. അവയിൽ ഏറ്റവും മുകളിൽ ദർശനീയമായ ഭാഗം ശിവനെയും, അതിന് തൊട്ടുതാഴെയുള്ള ഭാഗം വിഷ്ണുവിനെയും, ഏറ്റവും താഴെയുള്ള ഭാഗം ബ്രഹ്മാവിനെയും പ്രതിനിധീകരിയ്ക്കുന്നു എന്ന് വിശ്വസിയ്ക്കപ്പെടുന്നു.. തന്മൂലം ശിവലിംഗം ത്രിമൂർത്തിസ്വരൂപമായി കണക്കാക്കപ്പെടുന്നു. ഇവയിൽ ശിവന്റെ ഭാഗം അണ്ഡാകൃതിയിലും വിഷ്ണുവിന്റെ ഭാഗം അഷ്ടകോണാകൃതിയിലും ബ്രഹ്മാവിന്റെ ഭാഗം ചതുരാകൃതിയിലുമാണ്. അണ്ഡാകൃതിയുടെ പ്രത്യേകത ഏറ്റവുമധികം ഊർജസംഭരണശേഷിയുള്ള ആകൃതിയാണ് അതെന്നതാണ്. ശിവന്റെ മൂന്നാം കണ്ണ് തുറന്നുകഴിഞ്ഞാൽ സകലതും ഭസ്മമാകും എന്നാണ് പുരാണകഥകളിൽ പലതിലും പറയുന്നത്. തന്മൂലം ശിവന് സംഭവിയ്ക്കുന്ന ഭയങ്കരമായ താപം കുറയ്ക്കുന്നതിന് ഓരോ തുള്ളിയായി ശിവലിംഗത്തിൽ വെള്ളമൊഴിച്ചുകൊണ്ടിരിയ്ക്കുന്നു. ലോകമെമ്പാടുമുള്ള ആണവ റിയാക്ടറുകൾക്കെല്ലാം ശിവലിംഗത്തിന്റെ ആകൃതിയാണ്......

ആണവ റിയാക്ടറുകളിൽ താപം കൂടി പൊട്ടിത്തെറിയുണ്ടാകുന്നത് ഒഴിവാക്കാൻ കഠിനജലം ഒഴുക്കിവിട്ട് റിയാക്ടർ ശുദ്ധീകരിയ്ക്കുന്നതിനുപിന്നിലുള്ള കാര്യവും ഇതുതന്നെയാണ്.

മറ്റൊരു പ്രധാന വഴിപാട് എള്ളുകൊണ്ട് തുലാഭാരം നടത്തുന്നതാണ്. കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലുമുള്ളതാണ് തുലാഭാരം വഴിപാട്. വഴിപാടുകാരന്റെ തൂക്കത്തിനനുസരിച്ച് സാധനങ്ങൾ തൂക്കുന്ന വഴിപാടാണ് തുലാഭാരം. ഓരോ ആവശ്യത്തിനും ഓരോ വസ്തുകൊണ്ടും തുലാഭാരം നടത്താറുണ്ട്. മൂത്രരോഗവിമുക്തിയാണ് എള്ളുകൊണ്ടുള്ള തുലാഭാരത്തിന്റെ ഫലം.

ക്ഷേത്രത്തിലെ വെടിവഴിപാടും പ്രധാനമാണ്. ക്ഷേത്രത്തിലെ ഓരോ ചടങ്ങിനും വെടിയുണ്ടാകും. കിരാതമൂർത്തിയായ ഭഗവാന്റെ വേട്ടയ്ക്കുള്ള പുറപ്പാടിനെ സൂചിപ്പിയ്ക്കാനാണ് ക്ഷേത്രത്തിൽ വെടിവയ്ക്കുന്നതെന്നും അതല്ല, പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിനുകാരണമായ സ്ഫോടനതത്ത്വത്തിന്റെ പ്രതീകമായാണ് വെടിവയ്ക്കുന്നതെന്നും വിശ്വസിയ്ക്കപ്പെടുന്നു.

ഉത്സവങ്ങൾ

എറണാകുളം ക്ഷേത്രത്തിലെ ഉത്സവം മകര മാസത്തിലാണ്. ഏഴ്‌ ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തിരുവാതിര ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ഗംഭീര ആനയെഴുന്നള്ളിപ്പും മേളവും വിവിധ കലാപരിപാടികളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു. കൂടാതെ കുംഭമാസത്തിൽ ശിവരാത്രി, ധനുമാസത്തിൽ തിരുവാതിര, എല്ലാ തിങ്കളാഴ്ചകളും, പ്രദോഷവ്രതം തുടങ്ങിയവയും ആചരിച്ചുവരുന്നു.
���������

           ✍ശുഭം ✍

No comments:

Post a Comment