ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, September 16, 2016

അനുഷ്ഠാനങ്ങൾ - സംപ്രദായങ്ങൾ

അനുഷ്ഠാനങ്ങൾക്ക് വൈദികമെന്നും താന്ത്രികമെന്നും രണ്ട് സംപ്രദായങ്ങളാണ് നിലവിലുള്ളത്.
 തനു വിസ്തരണെ എന്ന ധാതുപ്രകാരം ജ്ഞാനത്തെ വിശദമായി പ്രതിപാദിക്കുന്ന ശാസ്ത്രമെന്നാണ് തന്ത്രത്തിനര്ഥം. സാധകന്മാരെ ത്രാണനം ചെയ്യുന്നതുകൊണ്ടും തന്ത്രമെന്ന് പറയാറുണ്ട്. തന്ത്രത്തിനെ ആഗമമായി സ്വീകരിച്ചാൽ, ഭോഗത്തിനും മോക്ഷത്തിനും ഉള്ള ഉപായം ഏതൊന്നിൽ നിന്നാണോ സാധകന്മാരുടെ ബുദ്ധിയിൽ വന്നുചേരുന്നത് അതിന് ആഗമമെന്ന് ശ്രീവാചസ്പതിമിശ്രാചാര്യർ പറയുന്നു. ദേവതകളുടെ സ്വരൂപം ഗുണം കര്മം മുതലായവയുടെ ചിന്തനത്തിനാധാരഭൂതമായ മന്ത്രങ്ങളെ ഉദ്ധരിക്കുക, ആ മന്ത്രങ്ങൾ യന്ത്രത്തിൽ സംയോജിപ്പിച്ച് പടലം, പദ്ധതി, കവചം, നാമസഹസ്രം, സ്തോത്രം ഈ അഞ്ച് അംഗങ്ങളോടുകൂടി ദേവതകളുടെ ധ്യാനത്തേയും ഉപാസനയേയും വ്യവസ്ഥപ്പെടുത്തികാണിക്കുക തുടങ്ങിയവയെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾക്ക് തന്ത്രമെന്ന് പറയാം.
ശാക്തേയം, ശൈവം, വൈഷ്ണവം, ഗാണപത്യം, സ്കാന്ദം, സൌരം എന്നിങ്ങനെ ആറു തരത്തിലുള്ള സിദ്ധാന്തമതങ്ങളാണ് പ്രധാനമായും ഭാരതത്തിൽ നിലവിലുള്ളത്. സച്ചിദാനന്ദസ്വരൂപവും പൂര്ണവുമായ ഒരു ശക്തിതത്ത്വമാണ് ശാക്തധര്മത്തിന്റെ മുഖ്യസിദ്ധാന്തം.  കൌളം, സമയം, മിശ്രം എന്നിങ്ങനെ മൂന്നു പ്രധാനപ്പെട്ട ശാഖകളാണ് ശാക്തേയസംപ്രദായത്തിനുള്ളത്. ദേവിയുടെ പ്രതീകമായി ശ്രീചക്രം, തരുണി മുതലായ അവലംബങ്ങളിൽ ബാഹ്യപൂജാവിധാനങ്ങളോടു കൂടി ആരാധിക്കുന്നവരെ കൌളന്മാരെന്നും, ഹൃദയാകാശത്തിൽ ദേവിയെ അഭേദരൂപമായി ഭാവന ചെയ്യുന്നവരെ സമയാചാരികളെന്നും, സമയവും കൌളവും ചേര്ത്തു ആരാധിക്കുന്നവരെ മിശ്രസംപ്രദായം എന്നും വിളിക്കുന്നു. ബാഹ്യപൂജാവിധാനത്തിന് പ്രാധാന്യം കല്പിക്കുന്നവരാണ് കൌളവിഭാഗം, ഭാവനയ്കാണ് സമയികൾ പ്രാമാണ്യം നൽകുന്നതെങ്കിൽ ബാഹ്യവസ്തുക്കൾക്കും ഭാവനയ്കും പ്രാധാന്യം കല്പിക്കുന്നവരാണ് മിശ്രസംപ്രദായക്കാർ.
ഹൃദയാകാശത്തിൽ ദേവിയെ പൂജിക്കുന്നതാണ്  സമയമാര്ഗമായി പറയുന്നത്. സമയമാര്ഗത്തിൽ ദേവി ഹൃദയാന്തരത്തിൽ സ്ഥിതിചെയ്യുന്ന ചിത് സ്വരൂപിണിയാണ്. ആചാരമെന്ന നിലയിൽ സമയത്തിൽ രണ്ടു മാര്ഗങ്ങൾ പറയപ്പെടുന്നു. ഒന്നു ഹഠയോഗപ്രധാനവും മറ്റൊന്നു ഭാവനാപ്രധാനവും.  മൂലാധാരത്തിലുറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സ്വാധിഷ്ഠാനാദി ചക്രങ്ങളിലൂടെ സഹസ്രാരപദ്മത്തിൽ കൊണ്ടു ചെന്ന് അവിടെ വിരാജിക്കുന്ന സദാശിവതത്ത്വത്തോടു ഐക്യപ്പെടുത്തുന്നതാണ്  ഹഠയോഗമാര്ഗം. ഹൃദയകമലത്തിൽ ഭാവനാമയമായ അനുഷ്ഠാനമാണ്  ഭാവനാപ്രധാനമായ സമയാചാരത്തിലുള്ളത്. ഈ രണ്ടു മാര്ഗങ്ങളിലും ദേവിയെ സാധകനിൽ നിന്നും ഭിന്നമല്ലാതെ സ്വാത്മാവിൽ തന്നെ ആരാധിക്കുന്ന പദ്ധതിയാണുള്ളത്.  അത്യന്തം ഗഹനവും അതിശ്രേഷ്ഠവും എന്നാൽ ഗൂഢവുമായ ഈ പദ്ധതി സാമാന്യവിശദീകരണത്തിന് അതീതമായതിനാൽ രഹസ്യവിദ്യയായി തന്നെയാണ്   അനുഷ്ഠിക്കപ്പെടുന്നത്. സമയാന്തസ്ഥാ, സമയാചാരതത്പരാ, ഭവാനീ, ഭാവനാഗമ്യാ തുടങ്ങിയ നാമങ്ങൾ സമയാചാരത്തെ വിശദമാക്കുന്നതാണ്.
ബാഹ്യപൂജാ സമ്പ്രദായമാണ് കൌളമാര്ഗ്ഗമായി പറയപ്പെടുന്നത്. വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട പദമാണ് കൌളമെന്നത്.  കേവലം ബാഹ്യമായ വസ്തുക്കളും വാച്യാര്ഥവും മാത്രവും സ്വീകരിച്ച്  താന്ത്രികമായ അനുഷ്ഠാനങ്ങളോടു കൂടി ഉപാസനചെയ്യുന്ന പദ്ധതിയാണ്  പൊതുവെ ആളുകൾ കൌളാചാരമായി തെറ്റിദ്ധരിക്കുന്നത്. എന്നാൽ സാത്വികമായ കൌളസംപ്രദായം മുന്നോട്ടു വയ്കുന്നത്  സച്ചിദാനന്ദസ്വരൂപമായ ബ്രഹ്മപ്രാപ്തി തന്നെയാണ്.
കുലത്തോടു ചേര്ന്നവനാണ് കൌളൻ. ഏകവിജ്ഞാനവിഷയത്വരൂപമായ ത്രിപുടി എന്ന് ഭാസ്കരറായാചാര്യർ പറയുന്നു. അറിയുന്നവൻ, അറിയപ്പെടുന്ന വിഷയം, അറിവ്  ഇതു മൂന്നും ആണ് ത്രിപുടി. മേയമാതൃമിതി ലക്ഷണം കുലം എന്ന് ചിദ്ഗഗനചന്ദ്രികയിൽ കാളിദാസനും കുലത്തെ ത്രിപുടിരൂപത്തിൽ നിർവചിച്ചിരിക്കുന്നു. അതിനാൽ ജ്ഞാതൃജ്ഞാനജ്ഞേയരൂപമായ ത്രിപുടി അദ്വൈതഭാവനാകാരമായിത്തീരുന്ന ആളിനെ കൌളൻ എന്നു പറയുന്നു.  കൌളാചാരത്തിൽ പഞ്ചമകാരപൂജയാണ് പ്രധാനമായി പറയുന്നത്. താമസികളായ ആളുകൾ ഈ പദാര്ഥങ്ങളുടെ വാച്യാര്ഥമെടുത്ത് നിന്ദ്യകര്മങ്ങളിൽ ഏര്പ്പെടുന്നു. എന്നാൽ ഈ പഞ്ചമകാരങ്ങൾ അന്തർയാഗങ്ങളുടെ പ്രതീകങ്ങളും ഉത്തമമായ തത്ത്വത്തെ പ്രതിനിധീകരിക്കുന്നതുമാണ്.
മദ്യശബ്ദത്തിന് കള്ള് ചാരായം മുതലായ മാദകദ്രവ്യങ്ങളെന്നാണല്ലോ സാമാന്യാര്ഥം. ഇവയെല്ലാം ശരീരത്തിനും മനസ്സിനും അനാരോഗ്യവും മാലിന്യവും ഉണ്ടാക്കുന്ന നിഷിദ്ധവസ്തുക്കളാകുന്നു. ന സുരാം പിബേത് എന്ന് മദ്യപാനത്തെ വേദം നിഷേധിക്കുന്നുണ്ട്. മദ്യപാനം അഞ്ചുമഹാപാതകങ്ങളിലൊന്നായി എല്ലാ സ്മൃതികാരന്മാരും പ്രഖ്യാപിക്കുന്നു. അതിനാൽ മുക്തിയ്കു വേണ്ടി നിര്ദേശിക്കുന്ന മദ്യം ലൌകികമായ മാദകപദാര്ഥമല്ലെന്ന് നിസ്സംശയം തീരുമാനിക്കാം.
മദ്യത്തിന്  സഹസ്രാരപദ്മത്തിൽ നിന്നും ഊറിവരുന്ന മധുവെന്നാണ്  കുളാര്ണവതന്ത്രത്തിലും ഗന്ധർവതന്ത്രത്തിലും അര്ഥം പറഞ്ഞിരിക്കുന്നത്.  യോഗികൾ  ഖേചരീ മുദ്ര ബന്ധിച്ച് സഹസ്രാരത്തിൽ നിന്ന്  ഊറിവരുന്ന അമൃതം സേവിക്കാറുണ്ട്. ചിദ്ഗുഹ എന്നു കൂടി പേരുള്ള സുഷുമ്നാ മുഖത്ത് നാക്കു പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ചൂടു നിമിത്തം ശിരസ്സിലുള്ള ചന്ദ്രമണ്ഡലത്തിൽ നിന്നും അമൃത് ഊറിവരും. ഈ അമൃത് അമൃതവാരുണീ എന്ന് പറയപ്പെടുന്നു. ഈ അമരവാരുണിയാണ് കൌളന്മാർ മോക്ഷദായകമായി ഉപദേശിക്കുന്ന മദ്യം. ജിഹ്വാപ്രവേശസംഭൂത വഹ്നിനോത്പാദിതഃ ഖലു. ചന്ദ്രാത് സ്രവതി യസ്സാരഃ സാ സ്യാദമരവാരുണീ എന്ന്  ഗോരക്ഷാ പദ്ധതിയിൽ പറയുന്നു. ഖേചരീ മുദ്രകൊണ്ട് സുഷുമ്നാ മുഖം അടയ്കുമ്പോൾ ഇഡയിലും പിംഗളയിലും കൂടിയുള്ള ശ്വാസപ്രശ്വാസഗതി നിരോധിക്കപ്പെടും. അപ്പോൾ പ്രാണൻ സുഷുമ്നയിൽ പ്രവേശിക്കുകയും കുണ്ഡലിനീ ശക്തി ഉണര്ന്ന് സഹസ്രാരപദ്മത്തിലെത്തി ശിവനോടു സമ്മേളിക്കുകയും ചെയ്യും. ശിവശക്തികളുടെ ഐക്യരൂപമായ അദ്വൈതാനുഭൂതി അഥവാ സമാധി സുഖം സാധകന് അനുഭവപ്പെടും. അതിനാൽ മദ്യമെന്ന ശബ്ദം കൊണ്ട് ഖേചരീ മുദ്ര നിമിത്തമുണ്ടാകുന്ന അമൃതപാനവും സമാധിസ്ഥിതിയും കൂടി ഗ്രഹിക്കപ്പെടണം.    വ്യോമപങ്കജനിഷ്യന്ദസുധാപാനരതോ നരഃ മധുപായി സമഃ പ്രോക്തസ്ത്വിതരേ മദ്യപായിനഃ എന്നുള്ള കുളാര്ണവതന്ത്രവാക്യത്തിൽ സഹസ്രാരപദ്മത്തിൽ നിന്ന് ഊറിവരുന്ന സുധ ആസ്വദിക്കുന്ന മനുഷ്യൻ മധുപാനം ചെയ്യുന്നവനും മറ്റുള്ളവരെല്ലാം മദ്യപാനം ചെയ്യുന്നവരുമാണെന്ന് വ്യക്തമായി പറയുന്നു. ജിഹ്വയാ ഗളസംയോഗാത് പിബേത് തദമൃതം തദാ യോഗിഭിര്പീയതേ തത്തു ന മദ്യം ഗൌഢപൈഷ്ടികം എന്ന് ഗന്ധർവതന്ത്രവാക്യം, യോഗികൾ പാനം ചെയ്യുന്ന മദ്യം ശര്ക്കരയിൽ നിന്നോ ധാന്യങ്ങളിൽ നിന്നോ ഉണ്ടാക്കുന്ന സാധാരണ മദ്യമല്ലെന്നും അത് ഖേചരീമുദ്രകൊണ്ട് ലഭിക്കുന്ന അമൃതമാണെന്നും സ്പഷ്ടമായി പറയുന്നുണ്ട്. ഇത്രയും കൊണ്ട് കൌളാചാരത്തിൽ മോക്ഷദായകമായി പുകഴ്ത്തുന്ന മദ്യം ഏറ്റവും പരിശുദ്ധമായ സുധാരസമാണെന്ന്  സിദ്ധിക്കുന്നു.
ശാക്തന്മാർ പുണ്യപാപങ്ങളെ പശുക്കളായി കല്പിക്കുന്നു. പുണ്യപാപരൂപമായ പശുക്കളെ ജ്ഞാനഖഡ്ഗം കൊണ്ട്  കൊന്നിട്ട് മനസ്സിനെ ബ്രഹ്മത്തിൽ ലയിപ്പിക്കുന്നതിന് മാംസാഹാരം എന്നും കുളാര്ണവത്തിൽ പറയുന്നു. പുണ്യാപുണ്യപശും ഹത്ത്വാ ജ്ഞാനഖഡ്ഗേണ യോഗവിത്  പരേ ലയം നയേത് ചിത്തം മാംസാശീ സ നിഗദ്യതേ എന്ന് കുളാര്ണവതന്ത്രം. പുണ്യപാപരൂപമായ മൃഗത്തെ ജ്ഞാനഖഡ്ഗം കൊണ്ട് കൊല്ലുകയും ചിത്തത്തെ ബ്രഹ്മത്തിൽ ലയിപ്പിക്കുകയും ചെയ്യുന്നതാണ് യോഗികളുടെ മാംസാഹാരമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ഫലകാമനയോടും കര്തൃത്വബുദ്ധിയോടും കൂടി ചെയ്യുന്ന ശുഭകര്മങ്ങളിൽ നിന്ന് പുണ്യവും, അശുഭകര്മങ്ങളിൽ നിന്ന് പാപവും ഉണ്ടാകുന്നു. പുണ്യപാപങ്ങൾ മനസ്സിനെ ബഹിര്മുഖമാക്കിതീര്ക്കുന്നതിനാൽ പുണ്യപാപങ്ങളെ ജ്ഞാനം കൊണ്ട് നശിപ്പിക്കണമെന്ന് ശാസ്ത്രങ്ങൾ ഉദ്ഘോഷിക്കുന്നു. സ്ഥൂലസൂക്ഷ്മകാരണശരീരാദി സർവദൃശ്യങ്ങളും അനാത്മാവാണെന്നും അവയെ അറിയുന്നതും പ്രകാശിപ്പിക്കുന്നതുമായ സാക്ഷീചൈതന്യം ആത്മാവാണെന്നും ജ്ഞാനം കൊണ്ട്  സാധകനു മനസ്സിലാക്കാൻ കഴിയും. അതോടു കൂടി സാധകനായ യോഗിയുടെ മനസ്സ് ബ്രഹ്മത്തിൽ ലയിക്കുകയും ചെയ്യും. ഇതുകൊണ്ട്  മാംസഭക്ഷണത്തിന് മനസ് ആത്മാവിൽ ലയിക്കുക എന്ന അര്ഥമാണ് യോഗികൾ സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാകുന്നു.
ശരീരത്തിലുള്ള ഇഡ പിംഗളാ നാഡികളിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുന്ന ശ്വാസപ്രശ്വാസങ്ങളെ മത്സ്യങ്ങളായിട്ടാണ് കല്പിക്കുന്നത്. ഈ ശ്വാസപ്രശ്വാസങ്ങളെ നിയന്ത്രിച്ച് സമാധിയിലെത്തുന്നതിനെ  മത്സ്യഭക്ഷണമെന്ന് ആഗമസാരത്തിൽ പ്രസ്താവിക്കുന്നു. ഗംഗാ യമുനയോര്മദ്ധ്യേ ദ്വൌ മത്സ്യൌ ചരതഃ സദാ തൌ മദ്ധ്യൌ ഭക്ഷയേദ്യസ്തു സ ഭവേത് മത്സ്യസാധകഃ എന്ന് ആഗമസാരം. ഗംഗയുടേയും യമുനയുടേയും മദ്ധ്യത്തിൽ കൂടി എപ്പോഴും രണ്ട് മത്സ്യങ്ങൾ സഞ്ചരിക്കുന്നു. ആ മത്സ്യങ്ങളെ ഭക്ഷിക്കുന്നവനാണ് മത്സ്യസാധകൻ എന്നാണ് പ്രസ്തുതശ്ലോകത്തിന്റെ ആശയം. ഇവിടെ ഗംഗയെ ഇഡാനാഡിയായിട്ടും യമുനയെ പിംഗളയായിട്ടും അവയിൽ കൂടി സഞ്ചരിക്കുന്ന മത്സ്യങ്ങളെ ശ്വാസപ്രശ്വാസങ്ങളായും വിഭാവനം ചെയ്തിരിക്കുന്നു. പ്രാണായാമം കൊണ്ട് ശ്വാസപ്രശ്വാസഗതിയെ നിരോധിക്കുമ്പോൾ പ്രാണവായു സുഷുമ്നയിൽ പ്രവേശിച്ച് കുണ്ഡലിനീശക്തിയെ ഉണര്ത്തി സഹസ്രദളപദ്മത്തിലെത്തിക്കുന്നു. അതിനാൽ കൌളാചാരത്തിലെ മത്സ്യഭക്ഷണം പ്രാണനിരോധരൂപമായ സമാധിയാണെന്ന് സ്പഷ്ടമാകുന്നു.
സത്സംഗം കൊണ്ട്  മുക്തിയും ദുര്ജ്ജനസംഗം കൊണ്ട് ബന്ധവുമുണ്ടാകുന്നു. ദുര്ജ്ജനസംസര്ഗം സത്സംഗത്താൽ ഉപേക്ഷിക്കുന്നതിന്  മുദ്ര എന്ന് വിജയതന്ത്രം പറയുന്നു. സത്സംഗേണ ഭവേന്മുക്തി അസത്സംഗേഷു ബന്ധനം അസതാം മുദ്രണം യദ്യത്  താ മുദ്രാഹ പരികീര്ത്തിതാഃ. ജ്ഞാനത്തിനും അദ്ധ്യാത്മികസാധനകള്ക്കും പ്രതിബന്ധമായ ദുര്ജനസംസര്ഗത്തെ പാടെ ഉപേക്ഷിച്ച്  സജ്ജനസംസര്ഗം സമ്പാദിക്കുക എന്നതാണ് മുദ്ര എന്ന പദത്തിന്  അര്ഥമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.
മൈഥുനമെന്നാൽ രണ്ടിന്റെ ചേര്ച്ച എന്നര്ഥം. ശിവതത്ത്വത്തോടു കുണ്ഡലിനിയുടെ ചേര്ച്ചയായും, ബ്രഹ്മാത്മൈകത്വമായും മൈഥുനത്തെ പറയുന്നു.  പ്രാണനും സുഷുമ്നയുമായുള്ള സംസര്ഗത്തിനും ശിവനും ശക്തിയും തമ്മിലുള്ള സംയോഗത്തിനും മൈഥുനമെന്ന് തന്ത്രശാസ്ത്രത്തിൽ പ്രസ്താവമുണ്ട്. ഇഡാ പിംഗളയോഃ പ്രാണാൻ സുഷുമ്നായാം പ്രവര്ത്തയേത് സുഷുമ്നാ ശക്തിരുദ്ദിഷ്ഠാ ജീവോ യസ്തു പരശ്ശിവഃ. തയോസ്തു സംഗമോ ദേവൈഃ സുരതം നാമ കീര്തിതം എന്നുള്ള തന്ത്രഭാഗപ്രകാരം ഇഡാ പിംഗളാ നാഡികളിൽ നിന്ന്  പ്രാണൻ സുഷുമ്നയിൽ പ്രവേശിക്കുന്നതിനും   സുഷുമ്നാ രൂപമായ കുണ്ഡലിനീ ശക്തിയും ജീവരൂപനായ ശിവനും തമ്മിൽ സംഗമിക്കുന്നതിനും വിദ്വാന്മാർ സുരതം അഥവാ മൈഥുനം എന്ന് പറയുന്നതായി തെളിയുന്നു. സാധാരണ മനുഷ്യൻ സ്ത്രീപുരുഷസംഗമത്തിൽ നിന്നുണ്ടാകുന്ന സുഖമാണ് ഏറ്റവും വലുതായി പരിഗണിച്ചിരിക്കുന്നത്. എന്നാൽ പ്രാണശക്തി സുഷുമ്നയിൽ പ്രവേശിക്കുമ്പോഴുണ്ടാകുന്ന സുഖവും, കുണ്ഡലിനീ ശക്തി സഹസ്രാരത്തിലെത്തി ശിവനിൽ ലയിക്കുമ്പോഴുണ്ടാകുന്ന പരമാനന്ദവും ലൌകികമായ മൈഥുനസുഖത്തേക്കാൾ മഹത്തരവും ശുദ്ധവും പൂര്ണവുമാണ്. അനുഭവവേദ്യമായ സുഖത്തെ ലൌകികഭാഷയിൽ മൈഥുനമെന്നു പറയുന്നു എന്നേയുള്ളു. ആത്മരതി, ആത്മക്രീഡൻ, ആത്മമിഥുനൻ, ആത്മാനന്ദൻ എന്ന് ജ്ഞാനികളെ ഉപനിഷത്തിൽ നാലായി വിഭജിച്ചിട്ടുണ്ട്. അവരിൽ ആത്മമിഥുനന്  എപ്പോഴും ആത്മാവുമായുള്ള മൈഥുനം അഥവാ സംസര്ഗമുണ്ട്. അതിൽ നിന്നുള്ള സുഖം അനുഭവിക്കുന്നതുകൊണ്ടാണ് ആ പേരു സിദ്ധിച്ചത്. ഈ വിവരണത്തിൽ നിന്ന് കുണ്ഡലിനീ ശക്തി ശിവനോടു ചേരുമ്പോഴുണ്ടാകുന്ന അനിർവചനീയമായ ആത്മസുഖത്തെയാണ് കൌളന്മാർ മൈഥുനപദം കൊണ്ട് നിര്ദേശിക്കുന്നതെന്നും അല്ലാതെ കേവലം സ്ത്രീപുരുഷസംയോഗസുഖമല്ല എന്നും മനസ്സിലാക്കാം.
ഇത്തരത്തിൽ മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നീ അഞ്ചുതത്ത്വങ്ങളും ഉത്കൃഷ്ടമായ അര്ഥത്തെ ദ്യോതിപ്പിക്കുന്നതാണ് എന്ന് വ്യക്തമാണ്.  അല്ലാതെ താമസികരാൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ കേവലം വാച്യാര്ഥമായ മദ്യമൈഥുനാദികളല്ല എന്ന്  ഉപാസകർ അറിഞ്ഞിരിക്കേണ്ടതാണ്. പരദ്രവ്യേഷു യോന്ധശ്ച പരസ്ത്രീഷു നപുംസകഃ പരാപവാദേ യോ മൂകഃ സർവദാ വിജിതേന്ദ്രിയഃ തസ്യൈവ ബ്രാഹ്മണസ്യാത്ര വാമേ സ്യാത് അധികാരിതാ എന്ന പ്രമാണമനുസരിച്ച്  പരദ്രവ്യത്തിൽ അന്ധനെപോലെയും, പരസ്ത്രീയിൽ നപുംസകത്തെ പോലെയും പരനിന്ദയിൽ മൂകനെപോലെയും ഇരിക്കുന്ന ജിതേന്ദ്രിയനുമാത്രമെ ദേവ്യുപാസനയ്ക്  അധികാരിതയുള്ളു എന്ന് കാണാം. ലളിതാസഹസ്രനാമത്തിൽ മദശാലിനീ, മദഘൂര്ണിതരക്താക്ഷീ, മദപാടലഖണ്ഡഭൂ, ചന്ദനദ്രവദിഗ്ധാംഗീ, ചാമ്പേയകുസുമപ്രിയാ, കൌളമാര്ഗ്ഗതത്പരസേവിതാ തുടങ്ങിയ നാമങ്ങൾ ഈ മഹത്തായ കൌളാചാരത്തെ പ്രതിപാദിക്കുന്നതാണ്. 
ശാക്തേയസംപ്രദായത്തിലെ സദാചാരനിഷ്ഠന്മാരായ വിവേകികൾ പഞ്ചമകാരങ്ങളെ ബാഹ്യപൂജയിൽ പ്രതീകാത്മകമായി ഉപയോഗിക്കാറുണ്ട്.  മദ്യത്തിന്റെ സ്ഥാനത്ത്  പാൽ, നെയ്യ്, തേൻ, വെള്ളം എന്നിവ ഉപയോഗിക്കുന്നു. മാംസത്തിന്റെ സ്ഥാനത്ത്  ഉപ്പ്, ചുക്ക്, എള്ള്, വെളുത്തുള്ളി എന്നിവയും, മത്സ്യത്തിന്റെ സ്ഥാനത്ത്  വെളുത്ത വഴുതനങ്ങ, ചുവന്ന മുള്ളങ്കി, ചുവന്ന എള്ള്,  പാണിഫലം എന്നിവയും, മുദ്രയുടെ സ്ഥാനത്ത്  നെല്ല്, അരി, ഗോതമ്പ്, പയറ് എന്നിവയും ഉപയോഗിക്കുന്നു. മൈഥുനസ്ഥാനത്ത്  കച്ഛപമുദ്രയാൽ ബന്ധിക്കപ്പെട്ട കൈകൊണ്ട്  ലിംഗചിഹ്നമായ കരവീരവും (അരളിപ്പൂവ്) യോനിചിഹ്നമായ അപരാജിതാ(വിഷ്ണുക്രാന്തി) പുഷ്പവും കൂട്ടിചേര്ത്ത്  പുഷ്പാഞ്ജലി കഴിക്കുന്നു. രക്തവര്ണാ, പായസാന്നപ്രിയാ, ശ്യാമാഭാ,സ്നിഗ്ധൌദനപ്രിയാ, രക്തവര്ണാ, ഗുഢാന്നപ്രീതമാനസാ, പീതവര്ണാ, ദധ്യന്നാസക്തഹൃദയാ, മുഗ്ദൌദനാസക്തചിത്താ,  ഹരിദ്രാന്നൈകരസികാ, സർവവര്ണോപശോഭിതാ, സർവൌദനപ്രീതചിത്താ തുടങ്ങിയ നാമങ്ങൾ മുകളിൽ പറഞ്ഞ വിഷയങ്ങളെ പ്രതിപാദിക്കുന്നതാണ്.
പലശാഖക്കാരും പലവിധത്തിൽ പഞ്ചതത്ത്വങ്ങളെ സ്വീകരിച്ച് ആരാധന നടത്തുമെങ്കിലും ഈ പഞ്ചമകാരങ്ങൾ ബാഹ്യപദാര്ഥങ്ങളെയല്ല മറിച്ച്  ഉത്കൃഷ്ടമായ സാധനകളേയും അവയിൽ നിന്നുണ്ടാകുന്ന ദിവ്യാനുഭൂതികളേയും കുറിക്കുന്നതാണ്.  ഇങ്ങിനെ ഉത്കൃഷ്ടമായ ശാക്തോപാസന ഉത്കൃഷ്ടനായ സാധകനു മാത്രമേ ചെയ്യാനാകു. സകല ജഗത്തിനും അധീശ്വരിയായ ദേവി തന്നെയാണ് താനെന്ന അദ്വൈത ബോധത്തിലേക്കുള്ള യാത്രയാണ് യഥാര്ഥത്തിൽ കൌളമെന്ന  ദേവ്യുപാസന.


കടപ്പാട് : കൃഷ്ണകുമാർ ജി

No comments:

Post a Comment