ദേവീ മാഹാത്മ്യം
മഹിഷാസുര നിഗ്രഹം കഴിഞ്ഞപ്പോൾ പുഷ്പവൃഷ്ടി ചെയ്ത് ദേവിയെ സ്തുതിച്ച ദേവന്മാരോട് ദേവി പറഞ്ഞു-”നിങ്ങളൾക്ക് എപ്പോഴൊക്കെയാണോ ദുർഘടങ്ങൾ വരുന്നത് അപ്പോഴെല്ലാം എന്നെ സ്മരിച്ചാൽമതി. ഞാൻ നിങ്ങളുടെ എല്ലാ ആപത്തുകളും തീർക്കാം” എന്ന്. അങ്ങനെ ദേവകളെയെല്ലാം സംതൃപ്തരാക്കി പരാശക്തി അപ്രത്യക്ഷയായി.
ശുംഭൻ, നിശുംഭൻ എന്ന രണ്ട് അസുരന്മാർ തപസ്സുചെയ്ത് ബ്രഹ്മാവിനെ പ്രസാദിപ്പിച്ച് വരം വാങ്ങിയശേഷം ഇന്ദ്രലോകം കയ്യടക്കി. ഘോരമായ തപസ്സു ചെയ്ത് അസുരന്മാർ മരണത്തെ ജയിക്കാനുള്ള വരത്തെ നേടുന്നത് സഹജമാണ്. അതുപോലെതന്നെയാണ് ശുംഭനും നിശുംഭനും ”സ്ത്രീയല്ലാതെ തങ്ങളെ മറ്റാരും കൊല്ലരുതെന്നാണ് വരം വാങ്ങിയത്.” മഹിഷാസുരനും ഇത്തരത്തിലുള്ള വരം തന്നെയാണ് ബ്രഹ്മാവില്നിന്ന് നേടിയത്. ജനിച്ചവർക്കൊക്കെ മരണം നിശ്ചയമാണെന്ന് ബ്രഹ്മാവ് എത്ര പറഞ്ഞിട്ടും ”സ്ത്രീ അബലയല്ലേ? അവൾക്ക് ആരെയും ജയിക്കാനാകില്ല, പ്രത്യേകിച്ച് തങ്ങളെപ്പോലെ പരാക്രമികളായവരെ!” കേവലം ഒരു സ്ത്രീക്ക് ഒന്നും ചെയ്യാന് സാധിക്കില്ലെന്ന് കരുതിയാണ് ”സ്ത്രീയാൽ മാത്രം വധിക്കപ്പെടാം” എന്ന വരം നേടിയത്. വരത്തിന്റെ ബലത്താല് അഹങ്കരിക്കുന്ന ശുംഭ-നിശുംഭന്മാരുടെ ഉപദ്രവത്താൽ വിഷമിച്ച ദേവന്മാർ തങ്ങളുടെ ഗുരുവായ ബൃഹസ്പതിയോട് ചോദിച്ചു. ”ശത്രുക്കളില്ലാതാകാൻ എന്തു യാഗമാണ് ചെയ്യേണ്ടത്? എന്ന്!
അതുകേട്ട് ദേവഗുരുവായ ബൃഹസ്പതി പറഞ്ഞു-”വേദോക്തമായ മന്ത്രങ്ങൾക്ക് ഫലം കൊടുക്കേണ്ട ദേവകളാണ് നിങ്ങൾ. ആ നിങ്ങളാണ് ഇപ്രകാരം ദുഃഖിക്കുന്നത്. അറിവുളളവർ പറയുന്നൂ- ”ദൈവമാണ് ഏറ്റവും ബലമായത്!’ എന്ന്. മറ്റു ചിലർ പറയുന്നൂ ”ഉപായമാണ് വേണ്ടത്” എന്ന്. എന്നാൽ ഞാൻ പറയുന്നത് ”ദൈവം ചെയ്യട്ടെ! എന്നു കരുതി വെറുതെ ഇരിക്കരുത്! എന്താണ്? എങ്ങനെയാണ്? രക്ഷപ്പെടാനുള്ള മാർഗ്ഗം (ഉപായം) എന്ന് അന്വേഷിക്കണം. മഹിഷാസുരനെ കൊന്ന ദേവി നിങ്ങളോട് അന്നു പറഞ്ഞു-”ആപത്ത് എപ്പോഴെല്ലാം ഉണ്ടാകുന്നുവോ അപ്പോഴെല്ലാം എന്നെ സ്മരിച്ചാൽമതി” എന്ന്. അതിനാൽ ആ?? ചണ്ഡികയെ ആരാധന ചെയ്യൂ! ദേവി നിങ്ങളെ അനുഗ്രഹിക്കും (രക്ഷിക്കും)!
അതുകേട്ട് ദേവന്മാരാൽ സ്തുതിക്കപ്പെട്ട ശ്രീപാർവ്വതിയുടെ ദേഹത്തുനിന്ന് ഒരു രൂപമുണ്ടായി. അതിന് ‘കൌശികി’ എന്ന് പേരുവന്നു. കറുത്ത രൂപവും ഭയമുണ്ടാക്കുന്നവളുമായതുകൊണ്ട് അവൾക്ക് ‘കാളി’ എന്നും പേരുണ്ടായി.
ഉപവനത്തില് (ഉദ്യാനത്തില്) പാട്ടുപാടി ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്ന ദേവിയെ കണ്ട് ചണ്ഡനെന്നും മുണ്ഡനെന്നും പറയുന്ന ശുംഭ-നിശുംഭന്മാരുടെ സേവകർ -ദേവിയുടെ സൗന്ദര്യത്തെക്കുറിച്ച് ശുംഭനോടും നിശുംഭനോടും വർണ്ണിക്കുന്നു. ദേവിയുടെ സൗന്ദര്യാധിക്യം കേട്ട അവർ ദേവിയെ ഉടനെ കൂട്ടിക്കൊണ്ടുവരുവാൻ ദൂതനെ നിയോഗിക്കുന്നു. അതിനു മറുപടിയെന്നോണം ദേവി ‘തന്നെയും യുദ്ധം ചെയ്തു ജയിക്കുന്നവരെ ഭര്ത്താവായി സ്വീകരിക്കാമെന്ന് പറയുന്നു. അതുകേട്ട ചണ്ഡനും മുണ്ഡനും ദേവിയുമായി യുദ്ധം ചെയ്ത് മരണമടയുന്നു. അങ്ങനെ ദേവി ‘ചണ്ഡിക’ എന്നും അറിയപ്പെട്ടു.
പിന്നീട് രക്തബീജൻ എന്ന അസുരൻ . ദേവിയുമായി യുദ്ധം ചെയ്തു. അവന്റെ ദേഹത്തുനിന്നും വീഴുന്ന ഓരോ തുള്ളി ചോരയിൽനിന്നും അനേകായിരം രക്തബീജന്മാർ ഉണ്ടാകും എന്നതായിരുന്നു അവന്റെ വിശേഷം!
ദേവി കൂടെയുണ്ടായിരുന്ന ‘കാളിക’യോട് വായവലുതാക്കി രക്തബീജന്റെ ശരീരത്തില്നിന്നും വീഴുന്ന രക്തം മുഴുവന് ഒരു തുള്ളിപോലും ഭൂമിയില് വീഴാതെ കുടിക്കുവാൻ'' പറഞ്ഞു. അങ്ങനെ കാളികയാൽ കുടിക്കപ്പെട്ടു. അതോടെ ക്ഷീണിതനായി രക്തബീജന് വധിക്കപ്പെട്ടു.
പിന്നീട് ശുംഭന്റെ ദൈത്യപ്പടകൾ വന്ന് ദേവിയെ നേരിട്ടു. അവരെ എതിരിടാൻ, ഓരോ ദേവന്മാർക്കുള്ള രൂപവും ആയുധങ്ങളുമെടുത്ത് അനേകം രൂപങ്ങളായിത്തീർന്നു. ബഹുരൂപിണിയായ ചണ്ഡികയോട് ഒറ്റക്കുവന്ന് തങ്ങളെ എതിരിടാൻ ശുംഭനും നിശുംഭനും പറഞ്ഞു. അതുകേട്ട ദേവി ആ രൂപങ്ങളെല്ലാം ഒന്നായിച്ചേര്ന്ന് യുദ്ധം ചെയ്ത് ശുംഭനെയും നിശുംഭനെയും വധിച്ചു.
അതുകണ്ട ഇന്ദ്രാദിദേവകള് സന്തോഷത്തോടെ ദേവിയെ സ്തുതിച്ചു. പുഷ്പവൃഷ്ടി ചെയ്തു. അതോടെ മറ്റു അസുരന്മാര് തങ്ങളുടെ ആയുധങ്ങളെല്ലാം ദേവിക്ക് സമർപ്പിച്ച് പാതാളത്തിൽ ഒളിച്ചു.
ശുംഭ-നിശുംഭന്മാരുടെ ഈ കഥ കേൾക്കുന്നവരുടെ സകലപാപങ്ങളും തീർത്ത് സർവ്വ ഐശ്വര്യങ്ങളും അവർക്ക് സിദ്ധിക്കും എന്നാണ് ഫലശ്രുതി.
ആപത്തുകളിൽ സ്മരണമാത്രേണ ഓടിയെത്തി നമ്മെ സംരക്ഷിക്കുന്ന ആ ദേവിയെ, ശരത്കാലത്തിലെ അമാവാസി കഴിഞ്ഞ് വരുന്ന ഈ നവരാത്രിനാളുകളിൽ ഉപാസിക്കുന്നത് അതിവിശിഷ്ടമാണ്. നവരാത്രിയിലെ ഒമ്പത് ദിവസവും ഉപാസിക്കാൻ പറ്റാത്തവർ- അഷ്ടമി, നവമി, ദശമി നാളുകളിൽ തീർച്ചയായും ഭജിക്കണം. നെയ്യും ശർക്കരയും തേനും ചേർത്ത് നൈവേദ്യം സമർപ്പിക്കണം. വില്വപത്രം (കൂവളത്തിന്റെ ഇല), ചുവന്ന അരളിപ്പൂവ്, താമര മുതലായ പുഷ്പങ്ങളാൽ ദേവിക്ക് അർപ്പിക്കണം. അഷ്ടമിയായിലും നവമിയിലും നല്ല പായസംവെച്ച്, ശർക്കരയും എള്ളും ചേര്ത്ത് ഉണ്ടാക്കിയ അപ്പവും അവിലക്ക്, മലർ
പഴങ്ങൾ എന്നിവയും വെച്ച് നിവേദിച്ച് കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ച് വ്രതമെടുത്ത് ദേവിയെ ഭക്തിയോടെ പൂജിക്കണം. ധൂപം, ദീപം, ഫലം, പുഷ്പം, നൈവേദ്യം എന്നിവകൊണ്ട് പൂജിച്ച് സ്തോത്രങ്ങളും കീർത്തനങ്ങളും പാട്ടുകളും പാടി ദേവിയെ സന്തോഷിപ്പിക്കണം. പിന്നീട് ദശമിയിൽ (വിജയദശമിയിൽ) പാരണ ചെയ്ത് ദേവീപൂജ പൂർത്തിയാക്കണം. അതായത് ദശമിനാളിൽ വെളുത്ത പുഷ്പങ്ങളും പാൽ പാൽസവും വെച്ച് ദേവിക്ക് നിവേദിച്ച്, സാധിക്കുന്ന വിധം പൂവ്, പഴം, വസ്ത്രം, കുങ്കുമം, മഞ്ഞൾ എന്നിവയോടെ, വരുന്ന അതിഥികള്ക്ക്. ദക്ഷിണയും നൽകണം.
ഇങ്ങനെ ദേവിയെ ആരാധന ചെയ്താൽ- ശത്രുക്കൾ ഇല്ലാതായി, എല്ലാവിധ ഐശ്വര്യങ്ങളും അവർക്കുണ്ടാകും! തീർച്ച!
പൂജ ചെയ്യാനും ദേവിയുടെ അനുഗ്രഹം ഉണ്ടാകണം.
No comments:
Post a Comment