ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, September 20, 2016

സുബ്രഹ്മണ്യൻ

മുരുകൻ, സ്കന്ദൻ, കുമാരൻ, കുഴന്തൈവേലൻ, ഷൺമുഖൻ, സ്വാമിനാഥൻ, ശരവണൻ, കുമാരസ്വാമി, കാർത്തികേയൻ എന്നെല്ലാം ഭക്തരാൽ വിളിക്കപ്പെടുന്ന ദേവനാണ് സുബ്രഹ്മണ്യൻ. ഹിന്ദുപുരാണങ്ങളിൽ ദേവസേനാധിപതിയായി വിവരിക്കപ്പെടുന്ന ഈ ശിവപാർവതി പുത്രനാണ് തമിഴ്ജനതയ്ക്ക് മറ്റേതൊരു ദേവനെക്കാളും പ്രിയങ്കരൻ. തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള പേരുകളിൽ ഏറെയും മുരുകന്റെ പര്യായങ്ങളാണ്. തമിഴ് കടവുൾ എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന മുരുകന് തമിഴ്നാട്ടിലുളളത് ആറു പ്രധാന ക്ഷേത്രങ്ങൾ അഥവാ വസതികൾ.

തിരുവള്ളൂരിലെ തിരുത്തണി, തഞ്ചാവൂരിലെ സ്വാമിമലൈ, ഡിണ്ടിഗലിലെ പഴനി, മധുരയിലെ പഴമുതിർചോലൈ, മധുരയിൽ തന്നെയുള്ള തിരുപ്പറംകുൺട്രം, തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ എന്നിവയാണ് അറുപടൈവീടുകൾ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രങ്ങൾ. അസുരന്മാരുമായുള്ള യുദ്ധത്തിൽ സുബ്രഹ്മണ്യനു കീഴിൽ ദേവന്മാർ താവളമടിച്ച സ്ഥലങ്ങളാണ് പടൈവീടുകൾ എന്ന പേരിനു പിന്നിൽ. ഇവയിൽ കേരളത്തിനോടുള്ള സാമീപ്യം കൊണ്ടും വിശ്വാസപ്പെരുമ കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരം പഴനിയാണ്. മലയടിവാരത്തിലെ തിരുഅവിനാൻകുടി, മലമുകളിലെ പഴനി സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് പഴനിയിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങൾ. വ്യത്യസ്ത വിളകൾ കൃഷിചെയ്യുന്നതിലൂടെ വിവിധകാലങ്ങളിൽ നിറങ്ങളുടെ കുടമാറ്റം പകരുന്ന താഴ്വാരത്തിന് നടുവിൽ പ്രകൃതി പച്ചപ്പു പുതപ്പിച്ച മലയിലുള്ള പഴനിമലൈ ക്ഷേത്രം ഭക്തരിൽ പകരുന്നത് മനസിൽ ഭക്തിയും കണ്ണിന് ആനന്ദവും നിറഞ്ഞ തീർഥാടനമാണ്.

പഴനിമല ഐതിഹ്യം

കൈലാസപതിയായ മഹാദേവന് നാരദമഹർഷി ഒരിക്കൽ ദിവ്യമായ പഴം നൽകി. പത്നീസ്നേഹത്തിന്റെ മൂർത്തിമദ്ഭാവമായ മഹാദേവൻ അത് പാർവതിക്കു നൽകി. എന്നാൽ മാതൃസ്നേഹം നിറഞ്ഞ മനസോടെ മക്കൾക്ക് അത് നൽകാനാണ് പാർവതി പറഞ്ഞത്. ജ്ഞാനാമൃതം നിറഞ്ഞ പഴം മുറിച്ചു നൽകേണ്ടെന്ന നാരദവാക്യം കേട്ട മഹാദേവൻ പുത്രന്മാരായ ഗണപതിയേയും സുബ്രഹ്മണ്യനേയും അടുത്തുവിളിച്ച ശേഷം മക്കളിൽ ആരാണ് ആദ്യം ലോകം ചുറ്റിവരുന്നത് അവർക്ക് ആ പഴം നൽകുമെന്ന് പറഞ്ഞു. മൽസരബുദ്ധിയിൽ മുന്നിലുള്ള സുബ്രഹ്മണ്യൻ ഉടൻ തന്നെ മയിൽവാഹനമേറി ഭൂലോകപ്രദക്ഷിണത്തിനായി യാത്രതിരിച്ചു. സ്വതവേ തടിയനും കുടവയറനുമായ ഗണപതിയാവട്ടെ ഭൂപ്രദക്ഷിണം എളുപ്പമല്ലെന്നു കണ്ട് ബുദ്ധിപരമായ ഒരു നിലപാടാണ് സ്വീകരിച്ചത്. മാതാപിതാക്കളായ പാർവതിപരമേശ്വരന്മാരെ വലംവച്ച ശേഷം ഗണപതി പരമേശ്വരനോട് പഴം ആവശ്യപ്പെട്ടു. ലോകപിതാക്കൾ കൂടിയായ പാർവതീപരമേശ്വരന്മാരിൽ പ്രപഞ്ചം മുഴുവൻ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഇതിന് ഗണപതിയുടെ വ്യാഖ്യാനം. മകന്റെ വിവേകത്തിൽ തൃപ്തനായ മഹാദേവൻ പഴം ഗണപതിക്കു സമ്മാനിച്ചു. ലോകം ചുറ്റിയെത്തിയ സുബ്രഹ്മണ്യൻ പഴം കൈക്കലാക്കിയ ഗണപതിയേയാണ് കണ്ടത്. പരാജിതനായതിലെ നിരാശയിൽ സർവ ആഡംബരങ്ങളും പരിത്യജിച്ച് പണ്ടാരവേഷം ധരിച്ച് ബാലമുരുകൻ കൈലാസത്തിൽ നിന്ന് തെക്കോട്ടു തിരിച്ചതായും പഴനിമലയുടെ താഴ്വാരത്തിലെ തിരുഅവിനാൻകുടിയിലെ ദണ്ഡായുധപാണിയായി നിലകൊണ്ടുവെന്നുമാണ് വിശ്വാസം. സകലഅറിവിന്റെയും പൊരുൾ നീ തന്നെയാണ് എന്ന ആത്മീയഅർഥത്തിൽ പഴം നീയാണ് എന്നു പറഞ്ഞ് മകനെ സമാധാനിപ്പിക്കാൻ അവിടെയെത്തിയ പാർവതീപരമേശ്വരന്മാർ ശ്രമിച്ചതിനാലാണ് പഴനി എന്ന പേര് മലയ്ക്കു ലഭിച്ചതെന്നാണ് വിശ്വാസം. ഏകാന്തവാസമാണ് തനിക്കുചിതം എന്ന വാദത്തിൽ സുബ്രഹ്മണ്യൻ തിരുഅവിനാൻകുടിയിൽ നിലകൊണ്ടുവെന്നും ഇവിടെ നിന്നാണ് പിന്നീട് പഴനിമലയിലേക്ക് ഭഗവാൻ അധിവാസം ചെയ്തതെന്നുമാണ് ഐതിഹ്യം. ആറുമുഖങ്ങളോടു സുബ്രഹ്മണ്യനാണ്(ഷണ്മുഖൻ) തിരുഅവിനാൻകുടി ക്ഷേത്രത്തിലെ പ്രതിഷ്ഠ. മലമുകളിലെ പഴനിക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരിൽ പലരും ഈ ഐതിഹ്യത്തിന്റെ പിൻപറ്റി തിരുഅവിനാൻകുടി ക്ഷേത്രവും സന്ദർശിച്ചാണ് മടങ്ങുക.

ബിസി മൂന്നാം നൂറ്റാണ്ടിലേതെന്നു കരുതുന്ന തമിഴ് സാഹിത്യത്തിൽ പഴനിമലയെക്കുറിച്ച് സൂചനകളുണ്ട്. ആൾവാർ, അവ്വയാർ തുടങ്ങി പല യോഗികൾക്കും പഴനിയിൽ ഭഗവൽദർശനം ലഭിച്ചതായി അവരുടെ കൃതികളിൽ പരാമർശിക്കുന്നു. അരുണഗിരിനാഥർ എúന്ന യോഗി പഴനിയാണ്ടവനെക്കുറിച്ച് നിരവധി കീർത്തനങ്ങൾ എഴുതിയിട്ടുണ്ട്. സംഘം കൃതികളിലും ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നു. തിരുഅവിനാൻകുടിക്കു സമീപമുള്ള ശരവണപൊയ്കയിലോ ഷൺമുഖ നദിയിലോ സ്നാനം ചെയ്തു വേണം മല ചവിട്ടാനെന്നാണ് വിശ്വാസം. വഴിപാട് നടത്താനായി എത്തുന്നവർ അടിവാരത്തിൽ വച്ചു തലമുണ്ഡനം ചെയ്തു കുളിച്ച ശേഷമാണ് മല കയറുന്നത്.
തുടരും

No comments:

Post a Comment