ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, September 24, 2016

അച്ചൻകോവിൽ ശാസ്താക്ഷേത്രം

അച്ചൻകോവിൽ ശാസ്താക്ഷേത്രം


കൊല്ലം ജില്ലയിലെ (കേരളം, ഇന്ത്യ) പത്തനാപുരം താലൂക്കിൽ സ്ഥിതിചെയ്യുന്ന ദേവാലയമാണ്‌ അച്ചൻകോവിൽ ശാസ്താക്ഷേത്രം. കേരളത്തിന്റെ സുരക്ഷിതത്വത്തിനുവേണ്ടി പരശുരാമൻ സ്ഥാപിച്ചതാണ്‌ ഈ ക്ഷേത്രമെന്നാണ്‌ ഐതിഹ്യം. എന്നാൽ ഒരു തീർഥാടനകേന്ദ്രമെന്നനിലയിൽ മലയാളികളേക്കാൾ തമിഴ്നാട്ടിലുള്ള ഭക്തൻമാരെയാണ് ഇവിടം കൂടുതൽ ആകർഷിച്ചുവരുന്നത്. ആരണ്യശാസ്താക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ ഗൃഹസ്ഥാശ്രമിയായ ശാസ്താസങ്കല്പമാണ്. പത്നീസമേതനായ ശാസ്താവിന്റെ പ്രതിഷ്ഠ നടന്നത് കൊല്ലവർഷം 1106 മകരം 12നാണ്.

പത്തനാപുരം അലിമുക്കിൽ നിന്നും ക്ഷേത്രത്തിലേക്ക് വനത്തിലൂടെ പാതയുണ്ട്. തമിഴ്‌നാട്ടിലെ തെങ്കാശി വഴിയും ക്ഷേത്രത്തിലെത്താം.

ഉത്സവം

ധനു ഒന്നു മുതൽ പത്തുവരെ നടക്കുന്ന 'മണ്ഡലപൂജ' എന്ന ഉൽസവവും, മകരത്തിലെ 'രേവതിപൂജ' എന്ന പ്രതിഷ്ഠാദിനവുമാണ് ഇവിടുത്തെ മുഖ്യ ഉത്സവങ്ങൾ. മണ്ഡലപൂജയിൽ തേരോട്ടവും രേവതിപൂജയിൽ പുഷ്പാഭിഷേകവും പ്രധാന ചടങ്ങുകളാണ്. മൂന്നാം ഉത്സവദിവസം മുതൽ ചെറിയ തേരിന്റെ ആകൃതിയിൽ നിർമിച്ച ഒരു വാഹനത്തിൽ വർണശബളമായ ആടയാഭരണങ്ങളണിഞ്ഞ് വാളും പരിചയും കൈയിലേന്തിയുളള ശാസ്താവിന്റെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള എഴുന്നള്ളത്തു നടക്കുന്നു. ഇതിന് 'മണികണ്ഠമുത്തയ്യസ്വാമിയുടെ എഴുന്നള്ളത്ത്' എന്നാണ് പറഞ്ഞുവരുന്നത്. ഒമ്പതാമുത്സവത്തിന് ചക്രങ്ങൾ ഘടിപ്പിച്ച വലിയ രഥത്തിലാണ് എഴുന്നള്ളത്ത്. ദക്ഷിണേന്ത്യയിലെ മറ്റൊരു ദേവാലയത്തിലും ഇവിടുത്തെ രേവതിപൂജയിലെന്നപോലെ ഇത്രയധികം പുഷ്പങ്ങൾ അഭിഷേകത്തിനുപയോഗിക്കാറില്ലെന്ന് പറയപ്പെടുന്നു.

ഉപദേവാലയങ്ങൾ

ക്ഷേത്രമതിൽക്കെട്ടിനുളളിലും പരിസരങ്ങളിലും ധാരാളം ഉപദേവാലയങ്ങളുണ്ട്. അയ്യപ്പന്റെ പരിവാരങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്ന ചെറുമണ്ഡപങ്ങളും അമ്മൻകോവിലുകളും ഇവയിലുൾപ്പെടുന്നു. കറുപ്പസ്വാമി, കറുപ്പായിഅമ്മ, ചേപ്പാറമുണ്ടൻ, ചേപ്പാണിമാടൻ, കാളമാടൻ, കൊച്ചിട്ടാണൻ (കൊച്ചിട്ടിനാരായണൻ), ശിങ്കിലിഭൂതത്താൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മൂർത്തികളുടേതാണ് ഈ പ്രതിഷ്ഠകൾ. ചതുർബാഹുവായ വിഷ്ണുവിന്റെയും ചില ഭഗവതികളുടെയും പ്രതിഷ്ഠകളും ഇക്കൂട്ടത്തിലുണ്ട്.

വിഷചികിത്സ

വിഷഹാരിയാണ് അച്ചൻകോവിൽ ശാസ്താവെന്നാണ് വിശ്വാസം. ശാസ്താവിന്റെ കൈക്കുമ്പിളിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സർപ്പവിഷത്തിനെതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയിൽ അവശ്യമാത്രയിൽ നടതുറക്കുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണിത്. വിഷമേറ്റു വരുന്നവർക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോൾ വേണമെങ്കിൽ പോലും സഹായമഭ്യർത്ഥിക്കാം. വിഷമേറ്റു വരുന്നവർക്ക് ശാസ്താവിഗ്രത്തിന്റെ വലതുകൈക്കുമ്പിളിലെ ചന്ദനം തീർത്ഥത്തിൽ ചാലിച്ച് നൽകും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണമുണ്ട്. ആദ്യദിവസം കടുംചായ മാത്രം. പിന്നീടുള്ള ദിവസം ഉപ്പു ചേർക്കാത്ത പൊടിയരിക്കഞ്ഞി. ദാഹിക്കുമ്പോൾ ക്ഷേത്രക്കിണറ്റിലെ ജലം മാത്രം. വിഷം പൂർണ്ണമായി മാറിയ ശേഷം മാത്രമേ രോഗിയെ വിട്ടയക്കൂ.

രഥോത്സവം

കേരളത്തിൽ രഥോത്സവം നടക്കുന്ന പ്രധാന ക്ഷേത്രമാണ് അച്ചൻകോവിൽ. ക്ഷേത്രനടയിൽ അലങ്കരിച്ചു നിർത്തിയ രഥത്തിലേക്ക് പന്ത്രണ്ട് മണിയോടെ മണിമുത്തയ്യനെ (അയ്യപ്പൻ) എഴുന്നള്ളിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും. രഥത്തിനിരുവശവും കെട്ടിയ ചൂരൽവള്ളി ഭക്തർ കൈകളിലേന്തി മന്ത്രധ്വനിയും ശരണം വിളികളും കുരവയും ഉയർത്തും. കാന്തമലയിൽനിന്ന് അയ്യപ്പൻ കൊടുത്തയച്ച തങ്കവാളും കൈകളിലേന്തി എക്‌സിക്യൂട്ടീവ് ഓഫീസർ മുന്നിലും പിന്നിലായി കറുപ്പനും, കോന്നിയിൽ നിന്നെത്തിച്ച അന്നക്കൊടിയും ഉണ്ടാകും. ഏറ്റവും ഒടുവിൽ രഥത്തിൽ അയ്യപ്പൻ സഞ്ചരിക്കും. ക്ഷേത്രത്തിനു ചുറ്റുമായുള്ള രഥവീഥിക്കിരുവശവും സമീപത്തെ മരങ്ങൾക്ക് മീതെയും ഭക്തർ നിരക്കും. പടിഞ്ഞാറെ നടയിലെ അമ്മൻ കോവിലിലെത്തുമ്പോൾ കറുപ്പൻ ഉറഞ്ഞുതുള്ളും. വടക്കെ നടയിലെത്തുമ്പോൾ രഥം മൂന്നുതവണ അങ്ങോട്ടുമിങ്ങോട്ടും വലിക്കും. അയ്യപ്പനെ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതായും എന്നാൽ നാട്ടുകാർ ഇവിടെത്തന്നെ പിടിച്ചു നിർത്തുന്നതായുമുള്ള ഐതിഹ്യത്തിന്റെ ഓർമ്മപ്പെടുത്തലാണിത്. ക്ഷേത്രത്തിന് മുന്നിൽ ഒരു വലം വക്കുന്നതോടെ എഴുന്നള്ളത്ത് അവസാനിക്കും.

No comments:

Post a Comment