ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, September 21, 2016

ഉത്സവം

ഉത്സവം

"ഉത്സൂതേ ഹര്‍ഷം ഇത്യുത്സവം :"


പുണ്യഭൂമിയായ ഭാരതത്തില്‍ അനേകം ആരാധനാലയങ്ങളുണ്ട് ..വേഗത്തില്‍ പാപം നശിച്ച് പുണ്യവര്‍ദ്ധനക്കുള്ള മഹാത്മ്യമേറിയ തപം തന്നെയാണ് വിധി പ്രകാരമുള്ള ക്ഷേത്രദര്‍ശനം..ആചാര്യന്മാരുടെ ഉപദേശമനുസരിച്ച് ആചാരക്രമമനുസരിച്ചുള്ള ക്ഷേത്രദര്‍ശനം ശരീരത്തിനും.മനസ്സിനും സര്‍വ്വോപരി സമൂഹത്തിനും ഉന്മേഷവും ശ്രേഷ്ഠതയും പ്രദാനം ചെയ്യുന്നു...സനാതനമായ ആര്‍ഷസംസ്കാരത്തിന്റെ പ്രതീകങ്ങളാകുന്നു ആരാധനാലയങ്ങള്‍ ....

"അഥ പ്രതിഷ്ടാ സ് നപനാദ്യനന്തരം
സമാചരേല്‍ സര്‍വസു പര്‍വസൂല്‍സവം
തതോ/നു സംവത്സരമുക്തവാസര-
വ്യവസ്ഥയാ ചാഖില സമ്പദാപ്തയെ..."

എന്നാണ് ഉത്സവത്തെ കുറിച്ച് തന്ത്ര സമുച്ചയത്തിലെ ഒമ്പതാം പടലം ഒന്നാം ശ്ലോകം പ്രസ്താവിക്കുന്നത് ...

പ്രതിഷ്ടാ കര്‍മ്മങ്ങള്‍ക്ക് ശേഷം എല്ലാ സമ്പത്തിന്റെയും പ്രാപ്തിക്കായി ,സമഗ്രമായ ശ്രേയസ് ഉദ്ദേശിച്ചു വര്ഷം തോറും നിശ്ചിത ദിവസ,സമയ മുഹൂര്‍ത്തമനുസരിച്ച് ഉത്സവം നടത്തണമെന്നാണ് വിധി...ക്ഷേത്രദേശാഭിവൃദ്ധിക്കുവേണ്ടി ആവശ്യമായ അഞ്ചു ഘടകങ്ങളില്‍ ഒന്നാണ് ഉത്സവം..തന്ത്രാചാര്യന്റെ കഠിനതപം,വേദമാന്ത്രജപങ്ങള്‍ ,നിത്യ നിദാന ചടങ്ങുകള്‍ ,ഉത്സവം , അന്നദാനം എന്നിങ്ങനെയാണ് ആ അഞ്ചു ആവശ്യഘടകങ്ങള്‍..ഈ ഘടകങ്ങള്‍ എല്ലാം ഭംഗിയായി നടക്കുന്ന ക്ഷേത്രങ്ങള്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കുന്നതായി നമ്മുടെ ചുറ്റുപാടും കാണാന്‍ സാധിക്കും...ക്ഷേത്രങ്ങളിലെ വിശേഷദിനങ്ങളില്‍ വിശേഷപ്പെട്ട ദിനങ്ങളാണ് ഉത്സവദിനങ്ങള്‍ ...ആനന്ദം ജനിപ്പിക്കുന്നതാണ് ഉത്സവം ....ലോകത്തിനു ഹിതമായ മംഗളമുണ്ടാകുന്നതാണ് ഉത്സവമെന്നു പ്രമാണഗ്രന്ഥങ്ങള്‍ ഉദ്ഘോഷിക്കുന്നു ....

ഒരു വര്‍ഷത്തിനിടയ്ക്ക് ബിംബത്തില്‍നിന്നും നഷ്ട്ടപെട്ടു പോയേക്കാവുന്ന ദേവചൈതന്യം പുനസ്ഥാപിക്കുന്ന ഉത്കൃഷ്ടവും വിശിഷ്ടവുമായ കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യമുഹൂര്‍ത്തങ്ങള്‍ കൂടിയാണ് ഉത്സവങ്ങള്‍ ....
ഒരു വര്‍ഷം തന്ന ഒന്നില്‍കൂടുതല്‍ ഉത്സവങ്ങള്‍ നടക്കുന്ന ക്ഷേത്രങ്ങള്‍ ഉണ്ട് ...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രം ഇതിനൊരു ഉദാഹരണമാണ്

കൊടിയേറ്റ്
കലശാഭിഷേകം
ശ്രീഭൂതബലി
ഉത്സവബലി
പള്ളിവേട്ട
ആറാട്ട്

 ഈ ചടങ്ങുകളൊക്കെ ഉത്സവക്രമങ്ങളില്‍ ഉള്‍കൊള്ളുന്നു...ദേശ,ദേവ ഭേദമനുസരിച്ച് ഉത്സവച്ചടങ്ങുകളില്‍ മാറ്റമുണ്ടാവാറുണ്ട് ,,,പ്രത്യേക സന്ദര്‍ഭങ്ങളില്‍ കൊല്ലംതോറും നടന്നുവാരാറുള്ള മതപരവും സാംസ്കാരികവും ആദ്ധ്യാത്മികവുമായ കര്‍മ്മമാണ്‌ ഉത്സവമെന്നു പറയാം...ധര്‍മ്മം,അര്‍ഥം ,കാമം,മോക്ഷം,എന്നീ പുരുഷാര്‍ത്ഥങ്ങളുടെ സര്‍വ്വപ്രാപ്തിയാണ് എല്ലാ ഉത്സവങ്ങളുടെയും പരമമായ ലക്‌ഷ്യം...ശാരീരികവും,മാനസികവുമായ ഉന്നതിയും ആനന്ദവും സര്‍വ്വചരാചരങ്ങള്‍ക്കും പ്രാപ്തമാക്കുന്ന ഉത്സവങ്ങളും ക്ഷേത്രങ്ങളും ദൈവത്തിന്റെ വരദാനങ്ങളാണ് ...

No comments:

Post a Comment