വിഷ്ണുപദവും ശിശുമാരചക്രവും – ഭാഗവതം (126)
ഏതദു ഹ്വൈ ഭഗവതോ വിഷ്ണോഃ സര്‍വദേവതാമയം രൂപമഹരഹഃ സന്ധ്യായാം
പ്രയതോ വാഗ്യതോ നിരീക്ഷമാണ ഉപതിഷ്ഠേത നമോ ജ്യോതിര്‍ലോകായ
കാലായനായാ നിമിഷാം പതയേ മഹാപുരുഷായാഭിധീമഹീതി (5-23-8)
ഗ്യഹര്‍ക്ഷതാരാമയമാധി ദൈവികം പാപാപഹം മന്ത്രകൃതാം ത്രികാലം
നമസ്യതഃ സ്മരതോ വാ ത്രികാലം നശ്യേത തത്കാലജമാശു പാപം (5-23-9)
ശുകമുനി തുടര്‍ന്നുഃ
സപ്തര്‍ഷികള്‍ക്ക് പതിമൂന്നുലക്ഷം യോജന അപ്പുറത്താണ് ധ്രുവനക്ഷത്രം. അവിടമാണ് ഭഗവാന്‍ വിഷ്ണുവിന്റെ ഇരിപ്പിടം. ധ്രുവന്‍ അവിടെയാണ് നിരന്തരം വസിക്കുന്നുത്. ദേവതകളും സ്വര്‍ഗ്ഗവാസികളും ധ്രുവനെ ആരാധിക്കുന്നുണ്ടല്ലോ. എല്ലാ ജ്യോതിര്‍ഗോളങ്ങളും ഭഗവാനാല്‍ സ്വയം കാലചക്രത്തില്‍ ഉറപ്പിച്ചു വെച്ചതുപോലെ ചുറ്റിത്തിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അങ്ങനെ ദ്രവ്യോര്‍ജ്ജനിര്‍മ്മിതികളായ അസംഖ്യം ജീവജാലങ്ങള്‍ക്ക് കര്‍മ്മഫലമനുഭവിക്കുവാനും സ്വന്തം വിധിവിഹിതം നടപ്പിലാക്കുവാനും സാദ്ധ്യമാവുന്നു.
നക്ഷത്രങ്ങളും ജ്യോതിര്‍ഗോളങ്ങളുമെല്ലാം നിറഞ്ഞ ആകാശഗോളത്തെ തല താഴോട്ടാക്കി ചുരുണ്ടു കിടക്കുന്ന ഒരു കടല്‍പ്പന്നിയുടെ രൂപത്തില്‍ ഭഗവാനായി സങ്കല്‍പ്പിച്ച് ധ്യാനിക്കാവുന്നതാണെന്ന് അറിവുളളവര്‍ പറയുന്നു. വാലറ്റത്ത് ധ്രുവനക്ഷത്രം. വാലില്‍തന്നെയാണ് കശ്യപന്‍, അഗ്നി, ഇന്ദ്രന്‍, ധര്‍മ്മദേവന്‍ ഇവരെ പ്രതിനിധാനം ചെയ്യുന്ന നക്ഷത്രങ്ങള്‍. വാലിന്റെ കടക്കല്‍ ധാതാവും വിധാതാവും. ഇടുപ്പുഭാഗത്ത് സപ്തര്‍ഷികള്‍. കടല്‍പ്പന്നിയുടെ വലതുഭാഗത്ത് ഉത്തരാര്‍ദ്ധഗോളത്തിലെ പതിനാലു നക്ഷത്രങ്ങള്‍. ദക്ഷിണാര്‍ദ്ധഗോളത്തില്‍ മറ്റേ പതിനാലു നക്ഷത്രങ്ങളുടെ സമൂഹം. മുകളിലത്തെ താടിയെല്ല് ആഗസ്തി. താഴത്തേത് യമന്‍. വായില്‍ ചൊവ്വാഗ്രഹം. ജനനേന്ദ്രിയങ്ങളില്‍ ശനിഗ്രഹം. പുറത്ത് വ്യാഴം. മാറിടത്തില്‍ സൂര്യന്‍. ഹൃദയത്തില്‍ ഭഗവാന്‍ നാരായണന്‍. മനസില്‍ ചന്ദ്രന്‍. നാഭിപ്രദേശത്ത് ശുക്രന്‍. മുലകളില്‍അശ്വിനീദേവതകള്‍. ശ്വാസോഛ്വാസത്തില്‍ ബുധന്‍. കഴുത്തില്‍ രാഹു. ശരീരം മുഴുവന്‍ കേതു. മറ്റെല്ലാ നക്ഷത്രങ്ങളും ഈ ദിവ്യനായ കടല്‍പ്പന്നിയുടെ മുടിയില്‍ ഉറപ്പിച്ചിരിക്കുന്നു.
എല്ലാ സൂര്യോദയത്തിലും അസ്തമയത്തിലും ഭഗവാന്‍ വിഷ്ണുവിന്റെ ദിവ്യതാനിര്‍ഭരമായ ഈ രൂപത്തെ ധ്യാനിച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കണ. “ദേവന്മാരുടെ ദൈവവും, കാലചക്രത്തിന്റെ വിധാതാവും പരമസത്വവും ആയ അങ്ങയെ ഞങ്ങള്‍ ധ്യാനിക്കുന്നു.” ഈ പ്രാര്‍ത്ഥന ദിവസവും മൂന്നു തവണയെങ്കിലും ആവര്‍ത്തിക്കുന്നവര്‍ക്ക് സര്‍വ്വപാപങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു. ഭഗവാന്റെ ഈ ദിവ്യരൂപം മനസില്‍വെച്ച് ധ്യാനം ചെയ്യുന്നുവരുടെ പാപങ്ങളെല്ലാം ക്ഷണനേരം കൊണ്ട് തുടച്ചു മാറ്റപ്പെടുന്നു. (സമയത്തിന്റെ സങ്കല്‍പ്പം ഭൂമിയുടെ ചുറ്റലിനേയും സൗരയൂഥത്തിന്റെ സംക്രമണത്തിനേയും ആശ്രയിച്ചാണല്ലോ ഉളളത്. ഈ ക്രമങ്ങളെല്ലാം ഭഗവല്‍നിയന്ത്രിതവും അവിടത്തെ പരമബോധത്തില്‍ നിന്നുളവായതുമാണ്)
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
രാഹ്വാദികളുടെ സ്ഥിതിയും, അതലാദികളായ ഏഴ് അധോലോകങ്ങളും – ഭാഗവതം (127)
തദ് ഭക്താനാമാത്മവതാം സര്‍വേഷാമാത്മന്യാത്മദ ആത്മതയൈവ (5-24-21)
ശുകമുനി തുടര്‍ന്നുഃ
സൂര്യന് പതിനായിരം യോജന താഴെയാണ് രാഹു. ഇവിടത്തെ അധിദേവത ഒരു രാക്ഷസനായിരുന്നെങ്കിലും ഭഗവല്‍കൃപയാല്‍ അയാള്‍ക്ക് ചിരഞ്ജീവിത്വം ലഭിച്ചു. അയാള്‍ക്ക് സൂര്യനോടും ചന്ദ്രനോടും പകയുണ്ടായിരുന്നു. (അതിന്റെ കഥ പിന്നീട് വിവരിക്കാം). രാഹുവാണ് സൂര്യഗ്രഹണത്തിനും ചന്ദ്രഗ്രഹണത്തിനും കാരണം. രാഹുവിനും പതിനായിരം യോജന താഴെയാണ് ദിവ്യപുരുഷന്മാരുടെ വാസം. സിദ്ധര്‍, ചരണര്‍, വിദ്യാധരര്‍ ഇവരെല്ലാം ഇവിടെയത്രേ. ഇതിനും താഴെയാണ് രാക്ഷസന്മാരുടേയും ഭൂതങ്ങളുടേയും മറ്റു പ്രേതങ്ങളുടേയും വിഹാരരംഗം. ഈ ആകാശതലത്തിന് നൂറു യോജന താഴെയാണ് നേരത്തെ വിവരിച്ച ഭൂമി. ദൈത്യരും, ദാനവരും, ഇഴജന്തുക്കളും ജീവിക്കുന്ന ഏഴ് അധോലോകങ്ങളുണ്ട്. ഈ ലോകങ്ങളില്‍ മണിമാളികകളും രത്നങ്ങളുമുണ്ട്. ഇവിടുളളവര്‍ക്ക് രാത്രിപകലുകളുടെ വ്യത്യാസമില്ല. ഋതുക്കളും അവിടില്ല. അതീവ ശക്തിമാന്മാരും ദീര്‍ഘായുഷ്മതികളുമാണിവര്‍.
അതലത്തില്‍ മയന്റെ പുത്രനായ ബലാസുരന്‍ വസിക്കുന്നു. മന്ത്രവാദത്തിന്‍റേയും ആഭിചാരവൃത്തികളുടേയും തുടക്കം ബലാസുരനില്‍ നിന്നത്രെ. ഒരിക്കല്‍ തന്റെ കോട്ടുവായില്‍നിന്നു് ബലാസുരന്‍ മൂന്നു ദുഷ്ടസ്ത്രീകളെ സൃഷ്ടിച്ചു. സ്വൈരിണി, കാമിനി പുംശചലി എന്നീ സ്ത്രീകള്‍ കാമാര്‍ത്തകളായിരുന്നു. അവര്‍ അതലത്തില്‍ പ്രവേശിക്കുന്ന ഏതൊരുവനേയും ഹാടക പ്രയോഗത്തില്‍ മയക്കി അതീവ ശക്തിമാനാക്കി തങ്ങളുടെ കാമത്തിനു വേണ്ടി ഉപയോഗിക്കുന്നു. ലഹരിപൂണ്ട അവനോ സ്വയം ശക്തിമാനെന്നു വൃഥാ അഭിമാനിച്ചു കഴിയുന്നു. വിതലത്തില്‍ ഭഗവാന്‍ ശിവന്‍ തന്റെ ഭൂതഗണങ്ങളോടൊപ്പം ഭാര്യയുമൊത്ത് ഹാടകേശ്വരന്‍ എന്ന പേരില്‍ വസിക്കുന്നു. ഹാടക നദിയുടെ ഉത്ഭവം ശിവനില്‍ നിന്നുത്രെ. ഈ നദിയുടെ പതയും കുമിളയുമെല്ലാം ഖനീഭവിച്ചുണ്ടാകുന്ന സ്വര്‍ണ്ണം രാക്ഷസന്മാരും രാക്ഷസികളും ആഭരണങ്ങളായി അണിയുന്നു.
സുതലത്തില്‍ വിരോചനന്റെ പുത്രനായി ബലി വസിക്കുന്നു. ബലിയുടെ അധീനതയില്‍ ഉണ്ടായിരുന്ന മൂന്നുലോകങ്ങളും എങ്ങനെയാണ് ഭഗവാന്‍ ഇന്ദ്രനെ പ്രീതിപ്പെടുത്താന്‍ വേണ്ടി തട്ടിയെടുത്തതെന്നു പിന്നീട് പറയാം. ബലിക്കാകട്ടെ ഭഗവാന്റെ ഈ ലീല അതീവസന്തോഷപ്രദമായിത്തീര്‍ന്നു. ഇന്ദ്രന്‍ കയ്യടക്കിയ മൂന്നു ലോകങ്ങളുടേയും രാജപദവി, ഭഗവല്‍പ്രസാദത്തേക്കാളും വലുതല്ല എന്ന് ബലിക്കറിയാമായിരുന്നു. എല്ലാത്തിന്‍റേയും ആത്മസത്തയായ ഭഗവാന്‍ സ്വയം ഭക്തര്‍ക്കായി നിലകൊളളുന്നു. സ്വര്‍ഗ്ഗത്തിലെ രാജപദവി, ഭഗവാനെ മറക്കാനിടയാക്കുന്നു. തലാതലത്തില്‍ മന്ത്രവാദപ്രവീണനായ മയന്‍ കഴിയുന്നു. താന്‍ കീഴടക്കിയ മൂന്നു നഗരങ്ങളും പരമശിവന്‍ ചുട്ടുചാരമാക്കിയതത്രെ. (ശിവന് ത്രിപുരാന്തകന്‍ എന്നും പേര്‍). മഹാതലത്തില്‍ ക്രോധവാസന്‍, കുഹകന്‍, തക്ഷന്‍, കാളിയന്‍, സുസേനന്‍ എന്നീ അനുചരന്മാരോടൊപ്പം കഴിയുന്നു. രസാതലത്തില്‍ ശക്തരായ രാക്ഷസര്‍, ദേവന്മാരുടെ ശത്രുക്കളായി കഴിയുന്നു. പാതാളത്തില്‍ അനേക ശിരസുകളുളള സര്‍പ്പങ്ങള്‍ വാഴുന്നു. അവരുടെ ഫണങ്ങളും വിളങ്ങുന്നു രത്നമണികളുടെ പ്രകാശത്താല്‍ അധോലോകങ്ങളെല്ലാം പ്രകാശമയമായിത്തീരുന്നു.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം
No comments:
Post a Comment