ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 29, 2016

തേങ്ങാമുറി എന്ന നാട്ടാചാരം

തേങ്ങാമുറി എന്ന നാട്ടാചാരം

ഭാരതീയാചാരപ്രകാരം ഗണപതിപ്രീതിക്കു ശേഷമാണെല്ലാം. വിഘ്നങ്ങള്‍ മാറുവാനും സര്‍വ്വ സമ്പല്‍സമൃദ്ധിക്കും ഗണപതിയെ വണങ്ങി ഏതുകാര്യവും തുടങ്ങുന്നു.

പമ്പാസ്നാനം കഴിഞ്ഞു മലചവിട്ടാന്‍ തുടങ്ങുന്ന ഭക്തന്‍ ആദ്യം കാണുന്നത് പമ്പാഗണപതിയെയാണ്.

സന്നിധാനത്തില്‍ ഭഗവാന്റെ കന്നിമൂലയില്‍ സകലകല്യാണമൂര്‍ത്തിയായി ഗണപതി ഇരിക്കുന്നു.

അയ്യപ്പദര്‍ശനത്തിനൊരുങ്ങുന്ന ഭക്തന്‍ സ്വഭവനത്തിലും ഗണപതി പ്രീതിവരുത്തേണ്ടതുണ്ട്.

മാലയിട്ട് ഇരുപത്തിയൊന്നാമത്തെ ദിവസം 'തേങ്ങാമുറി' എന്നൊരാചാരമുണ്ട്. മാലയിടുമ്പോള്‍ അയ്യപ്പമന്ത്രം ചൊല്ലികൊടുത്ത ഗുരുസ്വാമിക്കാണിതിന്റെ അവകാശം.

മുറ്റത്ത് പന്തലിട്ട് കുരുത്തോല, മാവില, ആലില എന്നിവ തോരണം ചാര്‍ത്തി കന്നിരാശിഭാഗത്ത് ഗണപതിപീഠവും വയ്ക്കണം. മിഥുനം രാശിയിലോ ഇടവം രാശിയിലോ ശാസ്താപീഠവും വയ്ക്കണം. ഗണപതിപീഠത്തില്‍ ഗണപതിയെ വിധിപ്രകാരം ആവാഹിച്ചിരുത്തി നിവേദ്യം കൊടുത്തതിനുശേഷം ശാസ്താവിനേയും ആവാഹിച്ചിരുത്തി നിവേദ്യം കൊടുക്കുന്നു.

തുടര്‍ന്ന് ഗുരുസ്വാമി ഒരു ദൈവജ്ഞന്റെ സാന്നിദ്ധ്യത്തില്‍ ഗണപതിക്ക്‌ മുന്നില്‍ സര്‍വ്വവിഘ്ന പരിഹാരാര്‍ത്ഥം നാളികേരം മുറിക്കുന്നു.

ഈ ചടങ്ങാണ് 'തേങ്ങാമുറി'. ശേഷം മുറികള്‍ ഗണപതിപീഠത്തിനു  മുമ്പില്‍ മലര്‍ത്തിവെച്ച് വീണ്ടും അതില്‍ വെള്ളമൊഴിച്ച് നിറച്ച് അതില്‍ ചെത്തിപ്പൂവിട്ട് ചുറ്റിച്ച് പൂവടുക്കുന്ന ദിക്കുനോക്കി ഫലം മനസ്സിലാക്കി തടസ്സങ്ങളുണ്ടെങ്കില്‍ അതിനുള്ള പൂജകള്‍ നടത്തുന്നു.

ഇവിടെ ഗണപതിക്കുടച്ച നാളികേരവും നിവേദ്യം വച്ച മലരും ഉണക്കി മലയാത്രയ്ക്കുനേദ്യമായി കൊണ്ടുപോകുന്നു. തേങ്ങാമുറിക്കുശേഷം ഒരു നല്ല കരിങ്കല്ലുകഴുകി പന്തലിനുമുന്നില്‍ സ്ഥാപിക്കുന്നു. ഈ കല്ലില്‍ ഗണപതിയെ സങ്കല്‍പ്പിച്ച് നാളികേരമുടക്കുന്നു.

ഓരോ അയ്യപ്പന്മാരുടെ ഭവനത്തിലും ഇത്തരം ചടങ്ങുകള്‍ നടത്തുകയും അവിടെയെല്ലാം നാടും നഗരവും ഒന്നുചേരുകയും ചെയ്യും.

വ്രതം 30 ദിവസങ്ങള്‍ കഴിയുമ്പോള്‍ സന്നിധാനത്തിലേയ്ക്കുള്ള യാത്രയ്ക്ക് തുടക്കമാകുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ പച്ച നെല്ലുകുത്തി എടുത്ത അരി ഉണക്കി അതാണ്‌ കെട്ടിലിടുന്നത്. കൂടാതെ മുദ്രയും നിറയ്ക്കുന്നു. നാളികേരത്തില്‍ ശുദ്ധമായ പശുവിന്‍നെയ്യാണ് മുദ്രയായി നിറയ്ക്കുന്നത്. ഈ നെയ്യ് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുവാനാണ് നമ്മള്‍ കൊണ്ടുപോകുന്നത്.

വ്രതശുദ്ധികൊണ്ട് പവിത്രീകരിച്ച ആത്മാവിനെ ആചാരനിഷ്ഠകൊണ്ട് ശുദ്ധമാക്കിയ നാളികേരത്തില്‍ നിറച്ച് ഭഗവാനെ അടിമുടി അഭിഷേകം ചെയ്യുന്നതിനായി സമര്‍പ്പിക്കുമ്പോള്‍ മോക്ഷം എന്ന അനന്തമായ സമാധാന ലക്ഷ്യം നമ്മള്‍ സാക്ഷാത്ക്കരിക്കുന്നു.

#ഭാരതീയചിന്തകൾ

No comments:

Post a Comment