ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 29, 2016

പുരാണങ്ങൾ, വേദങ്ങൾ - സനാതനധർമ്മം


പുരാണങ്ങൾ പതിനെട്ടണ്ണം  ഉണ്ട് , അവ  താഴെ പറയുന്നവയാണ്‌

1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാർക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11 ബ്രഹ്മവൈവർത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂർമ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം



ബ്രഹ്മപുരാണം

ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.


വിഷ്ണുപുരാണം
.
മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.


ശിവപുരാണം

പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.


ഭാഗവതപുരാണം

പ്രധാന ലേഖനം: ശ്രീമഹാഭാഗവതം
ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.


പദ്മപുരാണം

പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.


നാരദപുരാണം

ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.


മാർക്കണ്ഡേയപുരാണം

ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.


ഭവിഷ്യപുരാണം

അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.


ലിംഗപുരാണം

അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.


വരാഹപുരാണം

ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.


ബ്രഹ്മവൈവർത്തപുരാണം
കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.


സ്കന്ദപുരാണം

സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.


വാമനപുരാണം

വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.


മത്സ്യപുരാണം

മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.


കൂർമ്മപുരാണം

കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.


ഗരുഡപുരാണം

പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.


ബ്രഹ്മാണ്ഡപുരാണം

അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.


അഗ്നിപുരാണം

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.





വേദങ്ങൾ

വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ


ഋഗ്വേദം

ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ്‌ ഋഗ്വേദം, ഇന്ദ്രൻ, വരുണൻ, അഗ്നി, വായു, സൂര്യൻ തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ്‌ ഋഗ്വേദത്തിൽ കൂടുതലായും ഉള്ളത്,പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു, 10600 പദ്യങ്ങളുള്ള 1028 മന്ത്രങ്ങൾ അഥഴാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്, ആയുർവേദം ഋഗ്‌വേദത്തിന്റെ ഉപവേദമാണ്.



യജുർവ്വേദം

നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.


സാമവേദം

യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്.


അഥർവവേദം

അഥർവ്വത്തിന്റെ വാഗർത്ഥം അഗ്നിപുരോഹിതനെന്നാണ്. ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു. മറ്റ് വേദങ്ങളേക്കാൾ ആധുനികമാണ് അഥർവ്വവേദം ചാതുർവർണ്ണ്യസാമൂഹികവ്യവസ്ഥ നിലനിന്നിരുന്നതായി ചില മന്ത്രങ്ങളിൽ നിന്നും മനസ്സിലാക്കാം.അഥർവൻ എന്ന ഒരു ഋഷിയിൽനിന്നാണ് ഈ പേരിന്റെ ഉത്പത്തി.




ശാസ്ത്രങ്ങൾ

ശിക്ഷ ,കല്പം ,വ്യാകരണം ,നിരുക്തം ,ഛന്ദസ് ,ജ്യോതിഷം എന്നിവയാണ്  ആറു ശാസ്ത്രങ്ങള്‍ ,വേദം ശരിയായി ചൊല്ലുന്നതിനു സഹായിക്കുന്നതാണ് ഛന്ദസ്സും ,വ്യാകരണവും ,നിരുക്തവും ,ശിക്ഷയും,അതിന്റെ വൈദിക വിധിയും ,അനുഷ്ട്ടാന കാലവും സൂചിപ്പിക്കുന്നതാണ് കല്പ്പവും ,ജ്യോതിഷവും. വേദത്തെ ഒരു ശരീരമായി (വേദ പുരുഷന്‍ ) സങ്കല്‍പ്പിച്ചാല്‍ ഛന്ദസ് പാദവും,കല്പം കൈകളും ,ജ്യോതിഷം കണ്ണും ,നിരുക്തം കേഴ്വിയും ,ശിക്ഷ ഘ്രാണവും,,വ്യാകരണം മുഖവും ആണെന്ന് അമരകോശം പറയുന്നു.
ശിക്ഷ---തൈത്തീരിയോപനിഷത്തില്‍ ആണ് ഇത് ആദ്യം സൂചിപ്പിക്കുന്നത് , ഉപദേശം എന്നാണു വാക്കിന്റെ അര്‍ഥം, വേദം പഠിക്കുമ്പോള്‍  ഉച്ചാരണത്തിന്റെ സ്ഥാനം ,സ്വര വ്യഞ്ജനങ്ങള്‍ ,ഉദാത്തം , അനുദാത്തം, സ്വരിതം ,മുതലായ ശബ്ദ ഭേദങ്ങള്‍ മുതലായവയാണ് ശിക്ഷയിലൂടെ പറയുന്നത് , യാജ്ഞവല്‍ക്യ ,പാണിനീയ ,മാണ്‍ഡൂക്യ,നാരദീയ ,ശിക്ഷാ സംഗ്രഹം ഇതില്‍ പെടുന്നു, ഇതിനെ പ്രാതിശാഖ്യം എന്ന് പറയുന്നു..! വേദമന്ത്രങ്ങള്‍ക്ക് പാഠഭേദം വരാതിരിക്കാനുള്ള നിയമങ്ങളാണ് ഇത് ..!


കല്‍പ്പം-----:യാഗങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കല്‍പ്പം ..! ദക്ഷിണം ,ഗാര്‍ഹപത്യം ,ആഹവനീയം എന്നീ മൂന്നു യാഗാഗ്നികളുടെയും ആരാധനാ ക്രമങ്ങള്‍ ,സോമയാഗം ,അഗ്നിഹോത്രം ,വാജപേയം ,രാജസൂയം ,അശ്വമേധം ,പുരുഷമേധം തുടങ്ങി അനേകം വിധികളിലുള്ള യാഗങ്ങളുടെയും ,അതിന്റെ അനുഷ്ട്ടാനങ്ങളുടെയും പ്രയോഗ വിധികളാണ് ഇതിന്റെ ഉള്ളടക്കം.


വ്യാകരണം ------: വേദം പ്രയോഗിക്കുന്ന സമയത്ത് ഏതു
വാക്ക് ഏത് അർത്ഥത്തിൽ എവിടെ പ്രയോഗിക്കണം
എന്ന് വ്യാകരണം സൂചിപ്പിക്കുന്നു..!
പാണിനി ,കാത്യായന്‍,പതഞ്‌ജലി മുതലായ മഹര്‍ഷിമാര്‍ പ്രാതിശാഖ്യത്തിലൂടെ ഇത് വ്യക്തമാക്കിയിട്ടുണ്ട് ..!
പാണിനീയ ത്തി ന്റെ വ്യാഖ്യാനമായ പതഞ്ജലിയുടെ മഹാഭാഷ്യം ഇതില്‍ പെടും ..! ഇവരെ വ്യ വൈയാകരണന്മാര്‍   എന്ന് പറയുന്നതും ഇതുകൊണ്ടാണ് ..!



നിരുക്തം -------;നിഘണ്ടു എന്ന് തത്വത്തില്‍ പറയാം ..!വേദത്തിലെ ഒരേ പദത്തിനുള്ള അനേകമനേകം അര്‍ത്ഥങ്ങള്‍,അവയുടെ വിവിധ ഫലങ്ങള്‍ ,അവയുടെ പര്യായങ്ങള്‍ ഇതെല്ലാം നിരുക്തത്തില്‍ പെടും ..! ഉദാഹരണത്തിന് :"സാരംഗം "എന്ന പദത്തിന് മുപ്പത്തിയാറ് അര്‍ത്ഥം പറയുന്നു ..! അതില്‍ ശംഖ് ,അരയന്നം എന്നീ അര്‍ത്ഥങ്ങളും ഉണ്ട് ..! ക്ഷേത്ര വാദ്യത്തില്‍ സാരംഗം കയ്യില്‍ എടുത്ത്‌ ഊതുക എന്ന് പറഞ്ഞാല്‍ അരയന്നം എന്ന് മാത്രം അറിയുന്നവന്‍ എന്ത് ചെയ്യും ..? (അത്തരത്തിലാണ് ഇന്ന് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നത് സത്യം ) യാസ്ഖ്യ മഹര്‍ഷിയാണ് നിരുക്തത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്‌ ..! നിരുക്ത സഹായം ഇല്ലാതെ മന്ത്രങ്ങളുടെ പാദ പാഠവും അര്‍ത്ഥ ജ്ഞാനവും നിര്‍ണ്ണയിക്കാന്‍ കഴിയില്ല ..!



ഛന്ദസ്---------: ആഹ്ലാദിപ്പിക്കുന്നത് എന്ന് സംസ്കൃത അര്‍ഥം ..! വേദ മന്ത്രങ്ങള്‍ കേട്ടാല്‍ ഒരു ഇമ്പം നമുക്ക് തോന്നും ,അതായത് അതിന്റെ ട്യൂണ്‍ ..! പദ്യത്തില്‍ , കാകളി ,കേക ,മഞ്ജരി തുടങ്ങിയ വൃത്തങ്ങള്‍ നാം പഠിച്ചിട്ടുണ്ട് ..! അതേപോലെ വേദത്തിനും ഉണ്ട് ..! അതിനെ വൈദിക വൃത്തങ്ങള്‍ എന്ന് പറയും ..! മാത്ര അനുസരിച്ചും ,മൂന്ന്‍ അക്ഷരം വീതമുള്ള ഗണങ്ങള്‍ അനുസരിച്ചും ഇത് തരംതിരിക്കുന്നു ..! ത്രിഷ്ട്ടുപ്പ്‌ ,അനുഷ്ട്ടുപ് ,ഗായത്രി ,മുതലായ അനേകം ഛന്ദസ്സുകള്‍ ഉണ്ട് ..! ദുര്‍ഗ്ഗാചാര്യര്‍,പിംഗളാചാര്യര്‍ മുതലായവരുടെ പ്രാമാണിക ഗ്രന്ഥങ്ങള്‍ ഇതിനുണ്ട് ..! ഇത് പഠിക്കാതെ വേദം ചൊല്ലിയിട്ടു യാതൊരു ഫലവുമില്ല ..!



ജ്യോതിഷം -----: വൈദിക അനുഷ്ട്ടാനങ്ങള്‍ നടത്താന്‍ സമയം നിശ്ചയിക്കുക ,അതിനായി സൂര്യ ചന്ദ്രന്‍ മാരുടെയും ,നക്ഷത്രങ്ങളുടെയും ,സ്ഥാനം നിര്‍ണ്ണയിക്കുക ഇതെല്ലാമാണ് ജ്യോതിഷം കൊണ്ട് അര്‍ത്ഥം ആക്കുന്നത് ..! ദേവപ്രശ്നം ,ജാതകം ,തുടങ്ങി ഇന്ന് നമ്മുടെ നാട്ടില്‍ പ്രയോഗിക്കുന്ന ജ്യോതിഷം ഈ വേദാംഗം തന്നെയാണ് ..! പക്ഷെ ഇങ്ങനെ പ്രയോഗിക്കാന്‍ വേദം അനുവാദം തരുന്നുണ്ടോ എന്നത് ചിന്തനീയം. ഈ ആറെണ്ണ ത്തില്‍ ഏറ്റവും എളുപ്പം പഠിക്കാന്‍ പറ്റുന്നത് ജ്യോതിഷം മാത്രമാണ് .

No comments:

Post a Comment