ഇനി നമുക്ക് പഴനിമല വേൽമുരുകനെ ദർശനം നടത്താം. ഈ വേളയിൽ സർവ്വ പ്രഥമമായി ദർശനം ചെയ്യേണ്ടത് മൂലസ്ഥനമായ തിരുവാവിനംകുടി ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ ഭക്തരെ സ്വാഗതം ചെയ്യുന്നത് ഒരു രാജഗോപുരവും മുഖമണ്ഡപവുമാണ്. അകത്തേക്ക് പ്രവേശിച്ചാൽ ഇടതു ഭാഗത്തുള്ള ഗണപതിയെ വണങ്ങി മുരുകന്റെ സന്നിധിയിൽ എത്തണം. മയിലിനു മേലേയാണ് ഇവിടെ ഭഗവാൻ ഇരിക്കുന്നത്. അതിനാൽ തന്നെ ഇവിടെത്തെ സ്വാമിയെ കുഴന്തൈ വേലായുധസ്വാമി എന്ന തിരുനാമത്തിൽ അറിയപ്പെടുന്നു. ഉപദേവതകളായി ദുർഗ, ശനീശ്വരൻ, നക്കീരർ മുനി എന്നിവരും കുടികൊള്ളുന്നു. ക്ഷേത്രത്തിന് അൽപം വടക്കുകിഴക്കു മാറി ശരവണ തീർത്ഥം സ്ഥിതി ചെയ്യുന്നു. ആറു പടൈ വീടുകളിൽ ഈ തീർത്ഥം ഉണ്ട്.
അങ്ങനെ ഇവിടെത്തെ ദർശനത്തിനു ശേഷം പഴനിമലയുടെ അടിവാരത്തുള്ള ഗണപതി സന്നിധിയിലെത്തണം. ഇവിടെ ഗണപതിക്ക് നാളികേരം ഉടച്ച് കർപ്പുരം കത്തിച്ച് പ്രാർത്ഥിച്ച് ഒരു പ്രദിക്ഷണം ചെയ്യുക. ( ചില ഭക്തന്മാർ ഗിരി പ്രദക്ഷിണം നടത്താറുണ്ട്. ഗിരിപ്രദക്ഷിണം എന്നു പറയുന്നത് മലയെ ഒരു വലംവയ്ക്കലാണ്.). ഇനി മല കയറണം, മലകയറുമ്പോൾ ഇരുവശങ്ങളിലുമായി പരിവാര ദേവതമാരുടെ സന്നിധികൾ കാണാം. പാദവിനായകരുടെ സന്നിധിയുടെ മുന്നിലുള്ള മണ്ഡപത്തിൽ കണ്ണപ്പനയനാർ ദേവയാനി കല്യാണം, ശൂരസംഹാര സുബ്രഹ്മണ്യസ്വാമി, വീരബാഹു തുടങ്ങിയവരുടെ ശില്പങ്ങൾ കാണാം. ഇതിനടുത്തുള്ള മണ്ഡപമാണ് മയിൽ മണ്ഡപം. പടിഞ്ഞാറ് പാതയിൽ ഇടക്ക് വള്ളിനായകി, വിനായകർ, ഹിഡുംബൻ, ചന്ദ്രൻ ഇവരുടെ ശില്പങ്ങളും കാണാം.
693 പടികൾ പിന്നിട്ടുവേണം 1068 അടി ഉയരത്തിലുള്ള പഴനിമല ക്ഷേത്രത്തിലെത്താൻ. കുത്തനെയുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുളളവർക്ക് അൽപം പടികൾ പിന്നിട്ട ശേഷം ക്ഷേത്രത്തിലെ എഴുന്നളളത്തിന് ആനയെ കൊണ്ടു പോകുന്നതിനുള്ള ആനപ്പാതയെന്ന ആനച്ചാൽ വഴി പോകാവുന്നതാണ്. ഈ വഴിയിൽ ഇടക്കു മാത്രം മന്നുനാലു പടികൾ വീതം കാണാം. ഈ വഴിയിലൂടെ പോകുമ്പോൾ ഭഗവാൻ അവ്വയാർക്ക് ദർശനം കൊടുക്കുന്നതും ഹിഡുംബൻ മലകൾ ചുമന്നുകൊണ്ട് വരുന്നതുമായ ശില്പങ്ങൾ കാണാം. ഇതിനും ബുദ്ധിമുട്ടുണ്ടെങ്കിൽ മലകയറുന്നതിനായി വിഞ്ച് റയിൽ എന്നറിയപ്പെടുന്ന ചെറു ബോഗികൾ അടങ്ങിയ റയിൽ സംവിധാനം അതുമല്ലെങ്കിൽ റോപ് കാർ തുടങ്ങിയവ ആശ്രയിക്കാം. കാൽനടത്തം തന്നെയാണ് ഏറ്റവും നല്ലത്.
ഏറെക്കുറെ പകുതി ഭാഗം പിന്നിടുമ്പോൾ ഹിഡുംബൻ സന്നിധി കാണാം. ഇവിടെ ഹിഡുബന് നാളികേരമുടച്ച് കർപ്പൂരം കത്തിച്ചും പ്രാർത്ഥിക്കുന്നു. ഇവിടെ കുറുവടിവേലൻ എന്നൊരു സന്നിധിയും കാണാം. വീണ്ടും യാത്ര മലമുകളിലേക്ക്... മുകളിലെത്തുമ്പോൾ പടികൾ അവസാനിക്കുന്ന ഭാഗത്ത് മരച്ചുവട്ടിലിരിക്കുന്ന ഗണപതി ഭഗവാനെ വണങ്ങുക. തുടർന്ന് പഴനിമല മുരുക ക്ഷേത്രത്തെ പുറത്ത് കൂടെ ഒരു പ്രദക്ഷിണം വച്ച് അകത്ത് കയറാവുന്നതാണ്. ഈ പ്രദക്ഷിണ വഴിയിൽ അറുപടൈ വീടുകളിലെ മൂത്തികളുടെ ശില്പങ്ങളുണ്ട്. അകത്തേക്കു പ്രവേശിക്കുന്ന ഭാഗത്ത് മണിക്കെട്ടുമണ്ഡപം അതിനടുത്ത് വല്ലഭ വിനായക സന്നിധിയും സ്ഥിതി ചെയ്യുന്നു.
മണിക്കെട്ട് മണ്ഡപത്തിന്റെ സമീപമുള്ള നായ്ക്കർ മണ്ഡപത്തിൽ സുബ്രഹ്മണ്യ വിനായകർ, നക്കീരർ, അരുണഗിരിനാഥർ ഇവരുടെ സന്നിധികളുണ്ട്. അങ്ങനെ അഞ്ചു നിലകളുള്ള ഗോപുരം കടന്നാൽ പദവേൽ മണ്ഡപവും നവരംഗ മണ്ഡപവും സ്ഥിതി ചെയ്യുന്നു. 12 കൽത്തുണുകളിൽ നിൽക്കുന നവരംഗ മണ്ഡപത്തിന്റെ ആരംഭത്തിൽ കുക്കുടധ്വജം കാണാം. ഈ കൊടിമരത്തിന്റെ മുകളിൽ ജീവനുള്ള ഒരു പൂവൻകോഴി വന്നിരിന്നു കൂവുമത്രെ! നടരാജനി നവവീരന്മാർ, വേലായുധ വിശ്വനാഥൻ എന്നിവരുടെ മണ്ഡപമാണ് അടുത്തത്. ഈ മണ്ഡപം കഴിഞ്ഞ് ആദ്യ പ്രദക്ഷിണ വഴിയിൽ വടക്കു ഭാഗത്ത് മലെെകെശ്ശനീശ്വരൻ, അംബിക നവവീരന്മാർ, ചണ്ഡീശ്വരൻ മുതലായവരുടെ സന്നിധികളുമുണ്ട്.
ഇനി നമ്മൾ ദർശിക്കുവാൻ പോകുന്നത് പടിഞ്ഞാറ് ദർശനമായി നിൽക്കുന്ന സാക്ഷാൽ ദണ്ഡായുധപാണി സ്വാമിയുടെ പ്രതിഷ്ഠക്ക് മുന്നിലാണ്.നവപാഷാണത്തിൽ നിർമ്മിതമായ ഈ വിഗ്രഹത്തിനെ കുറിച്ച് ഒന്നു നോക്കാം.
ദോഗരും ദണ്ഡായുധപാണിയും
ദക്ഷിണ ദേശത്തെ പതിനെട്ടു സിദ്ധന്മാരിൽ ഒരാളായ ഭോഗര്‍ മഹര്‍ഷിയാണ് മുരുകന്റെ വിഗ്രഹം പഴനി മലയില്‍ സ്ഥാപിച്ചതെന്നു കരുതുന്നു. നവപാഷാണത്തിന്റെ ഒരു മിശ്രിതമാണത്രെ ഇതിനുപയോഗിച്ചത്. ആദിയിൽ ഭോഗർ പഴനിമലയിൽ പഞ്ചലോഹ വിഗ്രഹം വെച്ചാണ് പൂജ നടത്തിയത്. വൈദ്യവിധി അറിയാവുന്ന അദ്ദേഹത്തിന് വിവിധ മൂലികകൾ ചേർത്ത ഔഷധ ഗുണമുള്ള ഒരു വിഗ്രഹം നിർമാണം ചെയ്ത് പ്രതിഷ്ഠിക്കണമെന്ന് ഒരാഗ്രമുണ്ടായി. പക്ഷേ പഞ്ചലോഹ വിഗ്രഹത്തിന്റെ പൂജകൾ മുടക്കി പോകുവാൻ മനഃപ്രയാസവും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ അദ്ദേഹത്തിന് ഒരു ശിഷ്യനെ കിട്ടി. പുലിപ്പാണിയെന്നായിരുന്നു ശിഷ്യന്റെ പേര്. അദ്ദേഹം ശിഷ്യന് മൂലമന്ത്രം ഉപദേശിച്ചു. പൂജാവിധാനങ്ങൾ ചൊല്ലി കൊടുത്ത് കൂടെ പാർപ്പിച്ചു. ആ ഉത്തമ ശിഷ്യൻ ശീഘ്രം തന്നെ ഉപാസനയും പൂജയും നല്ല വിധം അഭ്യസിച്ചു. ആ സമയം ഗുരു ശിഷ്യനെ വിളിച്ച് തന്റെ ആഗ്രഹം അറിയിച്ചു. ഔഷധ ഗുണമുള്ള വിഗ്രഹനിർമ്മാണത്തിനാവശ്യമായ മൂലികകൾ തേടി താൻ ഹിമാലയത്തിലേക്ക് പോകുകയാണ്. താൻ തിരിച്ചു വരുന്നതുവരെ മുരുകന്റെ പൂജ മുടങ്ങാതെ കൃത്യമായി നടത്തുവാൻ ശിഷ്യനെ ഏർപ്പാട് ചെയ്ത് ഗുരു ഹിമാലയത്തിൽ പോയി.
അങ്ങനെ കാലങ്ങൾ വളരെ പിന്നിട്ടു. അങ്ങനെ ഒരു ദിവസം ഭോഗർ മൂലാധികൾ ശേഖരിച്ച് തിരിച്ചെത്തി. പക്ഷേ അപ്പോഴെക്കും ദോഗർ മൂലമന്ത്രം മറന്നിരിന്നു. അദ്ദേഹം പുലിപ്പാണിയോട് ആ മന്ത്രം ഉപദേശിക്കുവാൻ നിർദേശിച്ചു. പുലിപ്പാണി വഴങ്ങിയില്ല. കാരണം ഗുരുവിനെ താൻ ഉപദേശിക്കുന്നത് മഹാപാപമാണ്. അതിനാൽ ഭോഗർ ദണ്ഡ് വച്ചു കൊടുത്തു. നീ ഈ ദണ്ഡിന് ഉപദേശിക്കുക, താൻ ദണ്ഡിൽ നിന്നും ഉപദേശം വാങ്ങിക്കോളാം എന്ന് നിർദ്ദേശിച്ചു. അങ്ങനെ ഭോഗരുടെ ഗുരുവായി മാറി ഈ ദണ്ഡ്. തുടർന്ന് നവപാഷാണം കൊണ്ട് വിഗ്രഹം നിർമ്മിച്ചു. വളരെ വേഗം ഉറക്കുന്ന ഒരു രാസമിശ്രിതം ആണ് ഇത്. അതുകൊണ്ടു തന്നെ ശില്പിക്ക് വളരെ പെട്ടെന്നു തന്നെ വിഗ്രഹം സൗന്ദര്യവൽകരിക്കാനുള്ള പ്രയത്നം തുടങ്ങേണ്ടി വന്നു. എന്നിരിക്കിലും, വിഗ്രഹത്തിന്റെ മുഖം, വളരെ വിശിഷ്ടമായ രീതിയില്‍ പൂര്‍ത്തീകരിക്കാനായി അദ്ദേഹം വളരെയധികം സമയമെടുത്തു. അതുകൊണ്ടു തന്നെ, വിഗ്രഹത്തിന്റെ മറ്റു ഭാഗങ്ങള്‍ മുഖം പോലെ തന്നെ മനോഹരമാക്കാന്‍ ശില്പിക്കു സാധിച്ചില്ല. മുരുകസ്വാമിയുടെ വിഗ്രഹത്തില്‍ മുഖവും, ശരീരത്തിന്റെ ബാക്കി ഭാഗങ്ങളുമായുള്ള ഒരു തുലനമില്ലായ്മ കാണാന്‍ കഴിയും, സൗന്ദര്യത്തിന്റെ കാര്യത്തില്‍. വിഗ്രഹനിർമാണം പൂർത്തിയായപ്പോൾ ഇടക്കാലം കൊണ്ട് തന്റെ ഗുരുവായ ദണ്ഡിനെ ഭഗവാന് സമർപ്പിച്ചു. ഇപ്രകാരം ഭഗവാൻ ദണ്ഡായുധപാണി എന്ന നാമത്തിൽ അറിയപ്പെടുന്നു. ഈ ദണ്ഡിനെ ജ്ഞാനദണ്ഡ് എന്നും അറിയപ്പെടുന്നു.
ശിരസ്സ് മുണ്ഡനം ചെയ്ത് വെള്ള കൗപീനവും ധരിച്ച് ആണ്ടിയായിട്ടാണ് ഭഗവാൻ നിൽക്കുന്നത്. വൈകുനേരത്തെ അഭിഷേകം കഴിഞ്ഞ് മാത്രം ഭഗവാനെ രാജകീയ അലങ്കാരത്തിൽ ദർശിക്കാവുന്നതാണ്. ഭഗവാനെ കൺനിറയെ കണ്ടു കൊണ്ട് കൈകൂപ്പി തോഴുതുകഴിഞ്ഞാൽ ഭോഗര്‍ മഹര്‍ഷിയുടെ സന്നിധിയിൽ ചെല്ലണം. ഈ ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറേ ഇടനാഴിയില്‍ സ്ഥാപിച്ചിട്ടുള്ളതാണ് ഭോഗർ സന്നിധി. ഇവിടെയാണ് ഭോഗർ പണ്ടുകാലത്ത് വസിച്ചിരുന്നത്. അന്ന് ദോഗർ പൂജിച്ചിരുന്ന ഭുവനേശ്വരീ വിഗ്രഹം ഇന്നും ഇവിടെ പൂജിക്കപ്പെടുന്നു. ഇവിടെ നിന്നും ദണ്ഡായുധപാണി സ്വാമിയുടെ ഗർഭഗൃഹത്തിലേക്ക് ഒരു തുരങ്ക പാതയുണ്ട്. ഇവിടെയാണ് ഇദ്ദേഹം, അഷ്ടദിക്പാലകന്മാരുമായി ധ്യാനത്തിലേര്‍പ്പെടുന്നത് എന്നു വിശ്വസിക്കുന്നു. ഒരു നാൾ ഭോഗർ ഈ തുരങ്ക പാതവഴി പോകുന്നത് കണ്ടവരുണ്ട്. ഭോഗരെ പിന്നെ ആരും കണ്ടിട്ടില്ല. അതിനാൽ തന്നെ ഇന്ന് നാം കാണുന്ന ഭോഗർ സന്നിധി അദ്ദേഹത്തിന്റെ സമാധി സ്ഥാനമായി കരുതുന്നു. ഉൾപ്രകാരത്തിൽ അടുത്തകാലത്തായി പ്രശസ്തരായ 18 സിദ്ധന്മാരുടെ മൂർത്തികൾ പ്രതിഷ്ഠിച്ചു.
01. അഗസ്ത്യർ
02. ഭോഗർ
03. പുലിപ്പാണി
04. തിരുമൂലർ
05. ഇടയ്ക്കാടർ
06. രാമദേവർ
07. കമലമുനി
08. കരുവൂരാർ
09. കുരുംബൈ സിദ്ധർ
10. കൊങ്കണർ
11. കോരക്കർ
12. ജഡൈ മുനി
13. ചന്ദ്രാനന്ദർ
14. ധന്വന്തരി
15. നാന്ദിദേവർ
16. പതഞ്ജലി
17. പാമ്പാട്ടി
18. മത്സമുനി
അങ്ങനെ ഈ 18 സിദ്ധന്മാരെയും അവരുടെ സമീപമുള്ള ഗണപതിയേയും വണങ്ങി പുറത്തിറങ്ങി ഒന്നു കൂടെ പഴനിയാണ്ടവനെ വണങ്ങി മലയിറങ്ങണം. പഴനിയാണ്ടവാ ഹരഹരോ ഹരഹരാ.......
No comments:
Post a Comment