ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, July 11, 2017

ദോഷപരിഹാരത്തിന്‌ രാമായണപാരായണം




പൗരാണികകാലം മുതല്‍തന്നെ ഹിന്ദുക്കള്‍ രാമായണപരായണത്തിന്‌ അതീവ പ്രാധാന്യവും വൈശിഷ്ട്യവും കല്‍പ്പിച്ചുപോരുന്നു. ബാലകാണ്ഡം, അയോദ്ധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴ്‌ കാണ്ഡങ്ങളിലായി 24000 ശ്ലോകങ്ങളാണ്‌ വാല്‍മീകിരാമായണത്തിലുള്ളത്‌. ഈ ശ്ലോകങ്ങളില്‍ ഗായത്രിമന്ത്രം തുടര്‍ച്ചയായി വിന്യസിക്കപ്പെട്ടിട്ടുണ്ട്‌ എന്നാണ്‌ പണ്ഡിതമതം. അതുകൊണ്ടുതന്നെ രാമായണപാരായണം പല ദോഷപരിഹാരങ്ങള്‍ക്കും അത്യുത്തമമായി കരുതിവരുന്നു.


ഏഴു കാണ്ഡങ്ങളില്‍ സുന്ദരകാണ്ഡമാണ്‌ ഏറ്റവും വിശിഷ്ടമായി ഭക്തജനങ്ങള്‍ കരുതുന്നത്‌. പാരായണമാഹാത്മ്യം ഏറ്റവും കൂടുതലുള്ളത്‌ സുന്ദരകാണ്ഡത്തിനാണ്‌. ഭക്താഗ്രേസരനായ ഹനുമാന്‍ ലങ്കയിലെത്തി സീതയെ കാണുന്നതും രാമനാമാങ്കിതമായ അംഗുലീയം സീതയ്ക്കു നല്‍കുന്നതും പകരം രാമന്‌ നല്‍കാന്‍ സീത ചൂഡാരത്നം നല്‍കുന്നതും തുടര്‍ന്നുള്ള ലങ്കാദഹനവും മറ്റുമാണ്‌ സുന്ദരകാണ്ഡത്തിലെ പ്രതിപാദ്യം.
സങ്കടമോചനം, വിഘ്നനിവാരണം, ഐശ്വര്യം തുടങ്ങിയവയൊക്കെ പ്രദാനം ചെയ്യാന്‍ കഴിവുള്ളതാണ്‌ സുന്ദരകാണ്ഡപാരായണം. 68 സര്‍ഗങ്ങളിലായി 2800 ല്‍പരം ശ്ലോകങ്ങളാണ്‌ വാല്‍മീകി രാമായണത്തിലുള്ളത്‌. ഇവ മുഴുവനും നിത്യവും പാരായണം ചെയ്യുക പ്രായോഗികമല്ലാത്തതിനാല്‍ പല പാരായണ രീതികള്‍ അനുവര്‍ത്തിച്ചിട്ടുണ്ട്‌.

സുന്ദരകാണ്ഡ പാരായണക്രമങ്ങള്‍: 68 ദിവസങ്ങള്‍കൊണ്ട്‌ മൂന്നോ അഞ്ചോ ഏഴോ പതിനൊന്നോ തവണ പാരായണം ചെയ്യുക.

ഒന്നാം ദിവസം ഒന്നുമുതല്‍ 38 വരെ സര്‍ഗങ്ങള്‍, രണ്ടാം ദിവസം 39 മുതല്‍ 68 വരെ സര്‍ഗങ്ങള്‍ ഇങ്ങനെ 64 ദിവസങ്ങള്‍കൊണ്ട്‌ 32 തവണ പാരായണം ചെയ്യുക. സമാപനദിവസം യുദ്ധകാണ്ഡം 131-ാ‍ം സര്‍ഗം (ശ്രീരാമപട്ടാഭിഷേകം) കൂടി പാരായണം ചെയ്യുക. സര്‍വരോഗനിവൃത്തി, ആയുസ്സ്‌, പുത്രമിത്രാദിവിരോധനാശം, ഋണമോചനം, ശത്രുജയം, സന്താനലാഭം, സര്‍വാര്‍ത്ഥസിദ്ധി എന്നിവയൊക്കെ ഈ പരായാണം കൊണ്ട്‌ സിദ്ധിക്കുന്നു.

ഒന്നാം ദിവസം മുതല്‍ പതിനഞ്ചുവരെ, രണ്ടാംദിവസം 16മുതല്‍ 41 വരെ, മൂന്നാം ദിവസം 42 മുതല്‍ 68 വരെ സര്‍ഗങ്ങള്‍. ഇങ്ങനെ 72 ദിവസം കൊണ്ട്‌ 24 തവണ പാരായണം ചെയ്യുക. സമാപനദിവസം യുദ്ധകാണ്ഡം 131-ാ‍ം സര്‍ഗംകൂടി പാരായണം ചെയ്യുക. രണ്ടാമത്‌ പാരായണക്രമത്തിന്‌ പറഞ്ഞ ഫലശ്രുതി തന്നെയാണ്‌ ഇതിനുമുള്ളത്‌.


ഒന്നാംദിവസം ഒന്നുമുതല്‍ 15 വരെ സര്‍ഗങ്ങള്‍,
രണ്ടാം ദിവസം 16 മുതല്‍ 32 വരെ,
മൂന്നാംദിവസം 33 മുതല്‍ 51 വരെ,
നാലാം ദിവസം 52 മുതല്‍ 68 വരെ,
ഇങ്ങനെ 48 ദിവസങ്ങള്‍കൊണ്ട്‌ 12 തവണയാണ്‌ പാരായണം ചെയ്യുക. ഇതും സര്‍വസിദ്ധിപ്രദമാണ്‌. ഇവിടെയും സമാപനദിവസം യുദ്ധകാണ്ഡം 131-ാ‍ം സര്‍ഗം പാരായണം ചെയ്യണമെന്നാണ്‌ അഭിജ്ഞമതം.


ഒരു വെള്ളിയാഴ്ച തുടങ്ങി നിത്യവും 9 സര്‍ഗം വീതം പാരായണം ചെയ്യുക. 8-ാ‍ം ദിവസം ഒടുവിലത്തെ അഞ്ചുസര്‍ഗവും യുദ്ധകാണ്ഡം 131-ാ‍ം സര്‍ഗവും പാരായണം ചെയ്യുക. ഇത്‌ ഐശ്വര്യപ്രദമാണെന്ന്‌ വിശ്വസിക്കപ്പെടുന്നു.
ആദ്യദിവസം 5, തുടര്‍ന്ന്‌ 10, 5, 6, 7 7 12, 8, 8 എന്നീ ക്രമത്തില്‍ സര്‍ഗങ്ങള്‍ പാരായണം ചെയ്യുക. സമാപനദിവസം യുദ്ധകാണ്ഡം 131-ാ‍ം സര്‍ഗവും പാരായണം ചെയ്യുക. ഇത്‌ കന്യകയ്ക്ക്‌ മംഗല്യസിദ്ധിയുണ്ടാകുന്നതിന്‌ അതീവഫലപ്രദമാണ്‌.


സുന്ദരകാണ്ഡപാരായണം സ്വാഭാവികമായും ഹനുമദ്‌ ഉപാസനകൂടിയായതിനാല്‍ പൂര്‍ണമായും സസ്യാഹാരശീലം, ബ്രഹ്മചര്യം എന്നിവ പാരായണകാലത്ത്‌ പുലര്‍ത്തണം.



– ഡോ. ബാലകൃഷ്ണവാര്യര്‍



No comments:

Post a Comment