ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, July 11, 2017

ശ്രീമഹാദേവൻ



ഓം മഹാദേവായനമ:


Image result for bhagavan  sivan


ദേവാധിദേവന്‍ മഹാദേവന്‍ ശിവപരമാത്മാവിന്റെ മാഹാത്മ്യം ചുരുക്കം ചിലവാക്കുകളാല്‍ ഇവിടെ സൂചിപ്പിക്കുവാന്‍ ശ്രമിക്കുന്നതിന്റെ മഠയത്തരം മനസ്സിലാക്കിക്കൊണ്ടുതന്നെ ചില അറിവുകള്‍ ഇവിടെ പരാമര്‍ശിക്കട്ടെ.


ശിവന്‍

സംഹാരകാരകനായ ശിവന്‍ തമോഗുണമൂര്‍ത്തിയാണ്‌. തമോഗുണാത്മകമായ ലയാവസ്ഥയുടെ (സംഹാരം അഥവാ നാശം) നാഥന്‍ എന്ന നിലയില്‍ ശിവരൂപത്തില്‍ അതുമായി ബന്ധപ്പെട്ട വസ്‌തുക്കളോ അടയാളങ്ങളോ കാണപ്പെടുന്നു. ഭഗവാന്‍ പൂശുന്ന ചുടലഭസ്‌മം, ധരിച്ചിരിക്കുന്ന അസ്‌തിമാല, കപാലം, ആഭരണമായ സര്‍പ്പങ്ങള്‍ കണ്‌ഠത്തിലെ വിഷം, ത്രിനേന്ത്രം തുടങ്ങിയവയെല്ലാം സംഹാരത്തിന്റെ പ്രതീകങ്ങളാണ്‌. ആദിപരാശക്തി തന്റെ ആത്മാംശം ശിവന്‌ പ്രദാനം ചെയ്‌തിരിക്കുന്നു. തീഷ്‌ണതയുടെ മൂര്‍ത്തീഭാവമായ ശിവന്റെ നെറ്റിയിലെ മൂന്നാംകണ്ണ്‌ അഗ്നി വമിപ്പിക്കുന്നു. 'ആദിശേഷനെ' പൂണൂലായും, 'പത്മന്‍' 'പിംഗളന്‍' എന്നീ സര്‍പ്പങ്ങളെ കുണ്‌ഡലങ്ങളായും 'കംബളന്‍','ധനഞ്‌ജയന്‍' എന്നീ സര്‍പ്പങ്ങളെ തോള്‍വളയായും 'അശ്വതരനെ' വലതു കൈയ്യിലെ വളയായും 'തക്ഷകനെ' ഇടത്തേ കൈയ്യിലെ വളയായും ശിവന്‍ അണിഞ്ഞിരിക്കുന്നു. ശിവന്റെ അരക്കെട്ടില്‍ നീലാഞ്‌ജന നിറമുള്ള 'നീലന്‍' പിണഞ്ഞ്‌ കിടക്കുന്നു, ഒരു അരഞ്ഞാണമായി.
ഭഗീരഥന്റെ പ്രാര്‍ത്ഥനയാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും പ്രവഹിച്ച ഗംഗയുടെ അഹങ്കാരം മനസിലാക്കിയ ഭഗവാന്‍ ഗംഗയെ തന്റെ കേശഭാരത്തിലൊളിപ്പിച്ചു. ഭഗീരഥന്റെ തപസില്‍ പ്രീതനായ ശിവന്‍ തന്റെ ജട അഴിച്ച്‌ കുടഞ്ഞപ്പോള്‍ അതില്‍ നിന്നും വീണ ഏഴു തുള്ളികള്‍ ഏഴ്‌ കൈവഴികളിലായി ഭൂമിയിലൂടെ ഗംഗ ഒഴുകാന്‍ തുടങ്ങി. ആ കാരുണ്യ പ്രവാഹം യുഗയുഗാന്തരങ്ങളായി ഇന്നും തുടരുന്നു.



ഒരിക്കല്‍ ഭിക്ഷാംദേഹിയായ ശിവന്‍ കാടുകളിലൂടെ അലഞ്ഞു നടക്കുമ്പോള്‍ മുനിമാരുടെ ഭാര്യമാര്‍ അദ്ദേഹത്തെ കണ്ട്‌ മോഹിക്കാനിടയായി. കോപിഷ്‌ഠരായ മുനിമാര്‍ അദ്ദേഹത്തെ വകവരുത്താന്‍ ഒരു കഠിന യാഗം തുടങ്ങി. യാഗാഗ്നിയില്‍ നിന്നും ഉഗ്രരൂപിയായ ഒരു പുലി ഭഗവാന്റെ നേര്‍ക്ക്‌ പാഞ്ഞു ചെന്നു. അദ്ദേഹം അതിനെ കൊന്ന്‌ തോലുരിച്ച്‌ വസ്‌ത്രമാക്കി. കൂറ്റന്‍ കൊമ്പോടുകൂടിയ ഒരു മാനാണ്‌ യാഗാഗ്നിയില്‍ നിന്നും പിന്നീട്‌ പുറത്ത്‌ വന്നത്‌ ഭഗവാന്‍ ആ കലമാനിനെ കൈയില്‍ വഹിച്ചു. അതിനുപിന്നാലെ ചുട്ടുപഴുത്ത ഒരു ഇരിമ്പ്‌ ദണ്‌ഡ്‌ പുറത്തുവന്നു ശിവന്‍ അതിനെ ആയുധമാക്കി. പിന്നീട്‌ പുറത്തു വന്ന ഉഗ്രവിഷമുള്ള നാഗങ്ങളെ ആഭരണങ്ങളാക്കി ശരീരത്തിലണിഞ്ഞു. ഇത്‌ കണ്ട്‌ ഭയന്ന മുനിമാര്‍ ഭഗവാന്റെ സമക്ഷത്തില്‍ മാപ്പിരന്നു. ഏറെക്കാലത്തിനുശേഷം 'ഗയന്‍' എന്നു പേരായ ഒരു അസുരന്‍ ആനയുടെ രൂപം പൂണ്ട്‌ മഹര്‍ഷിമാരെ കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ശിവനെ അഭയം പ്രാപിച്ചു. ശങ്കരഭഗവാന്‍ ആ അസുരനെ കൊന്ന്‌ ആനത്തോല്‍ ഉത്തരീയമാക്കി.


സംഹാരത്തിന്റെ ദേവനാണ്‌ ശിവന്‍ എങ്കിലും സര്‍വ്വ സരാചരങ്ങള്‍ക്കും ജീവശക്തി പ്രദാനം ചെയ്യുന്നത്‌ ശിവന്‍ തന്നെയാണ്‌.  ബ്രഹ്മാവിന്റെയും വിഷ്‌ണുവിന്റേയുമടക്കം തലയോടുകള്‍ കോര്‍ത്ത മാല ശിവന്‍ നിര്‍വ്വഹിച്ച സൃഷ്‌ടി, സ്ഥിതി, സംഹാരങ്ങളുടെ എണ്ണമറ്റ പുനരാവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്നു.


'ലിംഗം' എന്ന പദത്തിന്‌ പ്രതീകം, അര്‍ത്ഥം തുടങ്ങിയ അര്‍ത്ഥകല്‍പനകള്‍ ആണ്‌ ഉള്ളത്‌ സ്‌തൂല ശരീരത്തില്‍ സൂക്ഷമ ചൈതന്യം കുടികൊള്ളുന്തുപോലെ ലിംഗശരീരത്തിലും ഈശ്വര ഭാവം കുടികൊള്ളുന്നു. ത്രിമൂര്‍ത്തി സംഗമവും ശിവലിംഗത്തില്‍ സങ്കല്‌പിക്കുന്നു. ദര്‍ശനീയമായ ലിംഗഭാഗം ശിവനായും അദൃശ്യമായ അഷ്‌ട ദളാകൃതിയിലുള്ള പീഠ ഭാഗം വിഷ്‌ണുവായും അതിനടിയിലുള്ള ചതുരഭാഗം ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു.


ഈശാനം, തത്‌പുരുഷം, അഘോരം, വാമദേവം, സദേ്യാജാതം എന്നിങ്ങനെ പഞ്ച മുഖത്തോടുകൂടിയവനാണ്‌ മഹാദേവന്‍. അനോകം മൂര്‍ത്തീഭാവങ്ങളില്‍ ഭഗവാനെ ആരാധിക്കുന്നു അതില്‍ – 

തൃപുരാന്തകമൂര്‍ത്തി,  
കാമാന്തകമൂര്‍ത്തി,
ഗജാസുരസംഹാരമൂര്‍ത്തി
കാലാരിമൂര്‍ത്തി,
സരഭേശമൂര്‍ത്തി,
ബ്രഹ്മശിവശ്ചേദമൂര്‍ത്തി,
ഭൈരവമൂര്‍ത്തി,
വീരഭദ്രമൂര്‍ത്തി,
ജലന്ധരഹരമൂര്‍ത്തി
അന്തകാസുരവധമൂര്‍ത്തി,
അഘോരമൂര്‍ത്തി,
മഹാകാലമൂര്‍ത്തി


ഇവയാണ്‌ ശിവന്റെ സംഹാരമൂര്‍ത്തി ഭാവങ്ങള്‍ ഇതിനുപുറമേ 


സദാശിവന്‍,
മൃത്യുഞ്‌ജയന്‍,
ദക്ഷിണാമൂര്‍ത്തി,
കീരാതമൂര്‍ത്തി
അഘോരമൂര്‍ത്തി,
നീലകണ്‌ഠന്‍
ചന്ദ്രശേഖരന്‍
വിശ്വനാഥന്‍
ശ്രീകണ്‌ഠന്‍
ഉമാമഹേശ്വരന്‍
സ്ഥാണുമലയന്‍
നടരാജന്‍,
അന്തിമഹാകാളന്

എന്നിങ്ങനെ അസംഖ്യം മൂര്‍ത്തികളെ കേരളീയക്ഷേത്രങ്ങളില്‍ പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌.



ദക്ഷിണാമൂര്‍ത്തിഭാവം തന്നെ യോഗദക്ഷിണാമൂര്‍ത്തിയായും ജ്ഞാനദക്ഷിണാമൂര്‍ത്തിയായും ഭാവഭേദങ്ങളുണ്ട്‌. ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂര്‍ത്തി ക്ഷേത്രം പ്രസിദ്ധമാണ്‌. അര്‍ജുനനെ പരീക്ഷിക്കുവാനായി കാട്ടാളരൂപം ധരിച്ച ശിവഭാവമാണ്‌ കീരാതമൂര്‍ത്തിക്കുള്ളത്‌. പാറശാല മഹാദേവനും, എറണാകുളത്തപ്പനും കിരാതഭാവത്തിലുള്ളതാണ്‌. കാളകൂടവിഷം പാനം ചെയ്‌ത്‌ നീലകണ്‌ഠനായ ഭഗനാനെ നീലകണ്‌ഠനായി ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ പലതുണ്ട്‌ കേരളത്തില്‍ ചേര്‍ത്തലക്ക്‌ സമീപം തിരുവിഴക്ഷേത്രത്തില്‍ നീലകണ്‌ഠനായി ഭഗവാനെ ആരാധിക്കുന്നു. അവിടെ കൈവിഷശാന്തിക്കായി നടക്കുന്ന ചികിത്സ പ്രസിദ്ധമാണ്‌. കാസര്‍ഗോഡ്‌ ഉള്ള നീലശേ്വരത്ത്‌ നീലകണ്‌ഠനെ നീലേശ്വരന്‍ ആയി ആരാധിക്കുന്നു.


ഓം നമഃശിവായ

No comments:

Post a Comment