മൈഥിലിമാരുടെ മാതാപിതാക്കള്‍ ജനകനും സുനയനയും തീര്‍ച്ചയായും ഏറ്റവും ഗുണവതികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ. മിഥില ! സുഗന്ധമൂറുന്ന മണ്ണ്. മണ്ണും വെള്ളവും അവിടെ എപ്പോഴും ചന്ദനവും തീര്‍ഥവും പോലെ യോജിച്ചു. നാമ്പുകള്‍ പൊടിപ്പിക്കാനായി മാത്രമുള്ള ധന്യമായ മണ്ണ്. സ്വാഭാവികമായും അവിടത്തെ രാജാവിന്റെ ചിഹ്നം കലപ്പയായതില്‍ അദ്ഭുതപ്പെടാനൊന്നുമില്ല.
ഭൗതികതയിലും അര്‍ഥത്തിലും അഭിരമിച്ച ദശരഥന്‍ പുത്രന്മാരുടെ ജനനത്തിനായി യാഗമനുഷ്ഠിക്കുന്നു. പദാര്‍ഥങ്ങളുടെ വ്യര്‍ഥത ഗ്രഹിച്ച ജനകനാകട്ടെ പുത്രനിലും പുത്രിയിലും കുടികൊള്ളുന്ന ആത്മാവ് ഒന്നാണെന്ന തത്ത്വം ഗ്രഹിച്ചു. രാജര്‍ഷിയായിരുന്ന ജനകന്റെ സഭയില്‍ എത്രയോ ഋഷിവര്യന്മാര്‍ വിളങ്ങി. ലോകത്തിന് അക്ഷരബ്രഹ്മജ്ഞാനം ലഭിച്ചത് ജനകസദസ്സില്‍ വെച്ച് ഗാര്‍ഗീദേവി യാജ്ഞവല്ക്യനോട് ഉന്നയിച്ച ചോദ്യങ്ങള്‍ക്കുത്തരമായിട്ടാണ്. ലോകത്തിന് ആത്മതത്ത്വം യാജ്ഞവല്ക്യമഹര്‍ഷി നല്കിയത് മൈത്രേയിയുടെ ചോദ്യത്തിനുത്തരമായിട്ടാണ്. അമൃതത്വത്തെ പ്രാപിക്കാനുതകുന്ന ആത്മതത്ത്വം ഗ്രഹിച്ച ദമ്പതിമാരായിരുന്നു ജനകനും സുനയനയും.
ജനകന്റെ സദസ്സിലെത്തുന്ന മഹര്‍ഷിമാരുടെ ശുശ്രൂഷയിലൂടെയും സുനയനയുടെ യജ്ഞപ്പുരയായ അടുക്കളയിലെ ശിക്ഷണത്തിലൂടെയും ലഭിച്ച ആത്മീയഭൗതിക പാഠങ്ങളിലൂടെ ലോകജീവിതത്തിന്റെ ഔന്നത്യത്തിലെത്താനാവശ്യമായ എല്ലാ ഗുണങ്ങളും സിദ്ധിച്ച പെണ്‍മക്കളായി മൈഥിലിമാര്‍ നാലു പേരും വളര്‍ന്നു. മിഥിലയുടെ ചിത്രകലാ പാരമ്പര്യവും സംഗീത പാരമ്പര്യവും കൂടി പെണ്‍കുട്ടികള്‍ സ്വായത്തമാക്കി. ഏതു പ്രതിസന്ധി ഘട്ടങ്ങളെയും തരണംചെയ്യാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതെന്താണ്? ആത്മതത്ത്വം ഗ്രഹിച്ചിരിക്കുക. ഭൗതികപ്രതിസന്ധികളെ തരണം ചെയ്യാനാവശ്യമായ ആത്മബലമുള്ളവരായിരുന്നു മൈഥിലിമാര്‍ നാലുപേരുമെന്ന് രാമായണം കഥ വ്യക്തമാക്കുന്നു. ജീവിതവിജയത്തിനായി അറിഞ്ഞിരിക്കേണ്ട ഭൗതിക കാര്യങ്ങളിലും പെണ്‍കുട്ടികള്‍ മിടുക്കികളായിരുന്നു എന്നതില്‍ തര്‍ക്കമില്ലല്ലോ.
പെണ്‍കുട്ടികള്‍ക്കുവേണ്ട ഭൗതികധനവും ആത്മീയധനവും വേണ്ടുവോളം നല്കി അവരെ വിവാഹം കഴിപ്പിച്ചയച്ചശേഷം അവരുടെ ഏതെങ്കിലും കാര്യത്തില്‍ ജനകനോ സുനയനയോ ഇടപെട്ടതായി മിക്ക രാമായണങ്ങളിലും പരാമര്‍ശമില്ല. ഉത്തമ ദമ്പതിമാരുടെ ഉത്തമ പുത്രിമാരായിരുന്നു മൈഥിലിമാര്‍.
No comments:
Post a Comment