ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, July 17, 2017

ശ്രീരാമായണം കേട്ടാല്‍ മതി വരാ…



പൂന്താനത്തിന്റെ ജ്ഞാനപ്പാന പി. ലീലയുടെ കണ്ഠത്തില്‍നിന്നുതന്നെ കേള്‍ക്കണം. മേല്‍പ്പുത്തൂരിന്റെ നാരായണീയ ശബ്ദവും പി. ലീലയുമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഹരിനാമ കീര്‍ത്തനവും അങ്ങനെതന്നെ. തുഞ്ചത്തെഴുത്തച്ഛന്റെ ആദ്ധ്യാത്മ രാമായണം മറ്റാരു വായിച്ചു കേട്ടാലും, സ്വയം വായിച്ചാലും അത്ര സുഖം പോരാ, അതു ശ്രീകുമാറിന്റെ ശബ്ദത്തില്‍ത്തന്നെ കേള്‍ക്കണം; കാവാലം ശ്രീകുമാറിന്റെ. അതിനു ശാരികപ്പൈതലും കാതോര്‍ക്കുന്ന ഇമ്പം, തുഞ്ചത്തെഴുത്തച്ഛനും തലകുലുക്കി സമ്മതിക്കുന്ന വ്യക്തത. വാഗ്‌ദേവി പുഞ്ചിരി പൊഴിച്ചു കൂട്ടുനില്‍ക്കുന്ന അക്ഷര ശുദ്ധി. സംഗീത ദേവതയുടെ വീണയായ കച്ഛപിയും കാതോര്‍ക്കുന്ന ശ്രുതിസുഖം. കാകുല്‍സ്ഥ ലീലകളുടെ രാമായണം കേട്ടാല്‍ ആര്‍ക്കും മതിവരില്ല, അത് കാവാലം ശ്രീകുമാര്‍ പാരായണം ചെയ്യുമ്പോള്‍ ‘ശ്രീരാമായണ’മായി മാറുമ്പോള്‍ കേട്ടാലും കേട്ടാലും ആര്‍ക്കും മതിവരില്ല.


മൂന്നു പതിറ്റാണ്ടു മുമ്പാണ് കേരളം അതാദ്യമായി കേള്‍ക്കാന്‍ തുടങ്ങിയത്. ഇപ്പോഴും കേട്ടുകൊണ്ടേയിരിക്കുന്നു, കേള്‍ക്കാന്‍ കൊതിച്ചുകൊണ്ടേയിരിക്കുന്നു. രാമായണം കേള്‍ക്കല്‍ മലയാളിക്ക് അങ്ങനെ ശ്രീകുമാറിനെ കേള്‍ക്കല്‍കൂടിയായി മാറിയിരിക്കുന്നു. കര്‍ക്കടകത്തിന്റെ ശബ്ദം എങ്ങനെ ‘ശ്രീശബ്ദ’മായി മാറിയെന്ന് അത്ഭുതപ്പെട്ടു പോകും.

ഗായകരുടെ നാടാണ് കേരളം. സംഗീതജ്ഞരുടെ സ്വര്‍ഗ്ഗം. ശബ്ദം കൊണ്ടും അര്‍ത്ഥം കൊണ്ടും സാങ്കേതികത കൊണ്ടും കേരളം കേള്‍വിയുടെ ലോകത്തെ ഒന്നാം നിരക്കാരിലാണ്. അവരില്‍ പാട്ടുകഴിവ് ഏറെയുള്ളവര്‍ ഏറെയുണ്ടായിട്ടും എന്തുകൊണ്ടാണ് രാമായണ പാരായണ ലോകത്ത് ഈ ശ്രീയാധിപത്യം? അതിനു പിന്നില്‍ അര്‍പ്പണമുണ്ട്, അടിസ്ഥാന അറിവുണ്ട്, നിഷ്ഠയുണ്ട്. കാവാലം ശ്രീകുമാര്‍ പറയുന്നു, ”ആകാശവാണിയില്‍ ജോലികിട്ടി ചെന്നപ്പോള്‍ പ്രഭാത ഗീതത്തിന്റെ ചുമതലയാണ് കോഴിക്കോട്ടെ സ്‌റ്റേഷന്‍ ഡയറക്ടര്‍ നമ്പ്യാര്‍ സാര്‍ നല്‍കിയത്. 1985-ല്‍ ആയിരുന്നു അത്. ആ വര്‍ഷം, കര്‍ക്കടകത്തില്‍ എന്തുകൊണ്ട് രാമായണം പാരായണം ചെയ്തുകൂടാ എന്നു നമ്പ്യാര്‍ സാര്‍ ചോദിച്ചു. പിന്നെ തീരുമാനമായി. ആര് പാരായണം ചെയ്യും. പാട്ടൊക്കെ പാടും എന്നതിനാല്‍ ഞാന്‍ തന്നെ പാരായണം ചെയ്താല്‍ മതിയെന്നായി. അതാണു തുടക്കം. ദിവസം 20 മിനുട്ട് വായിക്കുമായിരുന്നു. റെക്കോര്‍ഡ് ചെയ്തായിരുന്നു റിലേ ചെയ്തിരുന്നത്. അതൊരു പുതിയ തുടക്കമായിരുന്നു. മുമ്പ് നിശ്ചയിച്ചതില്‍നിന്നു വ്യത്യസ്തമായി കര്‍ക്കടകം കഴിഞ്ഞ് നാലു മാസം പ്രഭാത ഗീതത്തില്‍ രാമായണമായിരുന്നു.”
പക്ഷേ, അങ്ങനെ പെട്ടെന്ന് രാമായണം വായിക്കുക എളുപ്പമല്ലല്ലോ. അര്‍ത്ഥവും ഭാവവും ഒന്നിച്ച് കൃത്യമായ ചേര്‍ച്ചയില്‍ അതങ്ങനെ ഉരുകിയിഴുകി ഉള്ളിലേക്കിറങ്ങുന്നതുകൊണ്ടുതന്നെയാണ് ‘ശ്രീരാമായണ’ത്തെ മലയാളികള്‍ അത്രയ്ക്ക് ഉള്‍ക്കൊണ്ടിട്ടുള്ളത്. പക്ഷേ ശ്രീകുമാര്‍ പറയുന്നു,

 ”ഞാന്‍ അതിനു മുമ്പ് രാമായണം അങ്ങനെ വായിച്ചിട്ടില്ല. കേട്ടിട്ടുണ്ട്. വീട്ടിലും മറ്റും വായിച്ചു കേട്ടിട്ടുണ്ട്. പക്ഷേ, ആകാശവാണിയിലെ വായന തീര്‍ത്തും ആദ്യമായിരുന്നു.
സംസ്‌കൃതം പഠിച്ചിട്ടില്ല. പക്ഷേ വായിക്കുമ്പോള്‍ അതു കൃത്യമായി വരുന്നു. അതൊരു സിദ്ധിയായിരിക്കും. എനിക്കും അറിയില്ല അതെങ്ങനെ സംഭവിക്കുന്നുവെന്ന്. അര്‍ത്ഥം ഉള്‍ക്കൊണ്ടൊന്നുമായിരിക്കില്ല ചിലഭാഗങ്ങള്‍ വായിക്കുന്നത്. പക്ഷേ, പിന്നീട് കേള്‍ക്കുമ്പോള്‍ എനിക്കുതന്നെ അത്ഭുതം തോന്നാറുണ്ട്. അതിനുവേണ്ടി പ്രത്യേകം പരിശീലനം നടത്തിയിട്ടില്ല. കുഞ്ഞുന്നാളിലെ ചില കിട്ടലുകള്‍ ആയിരിക്കണം കാരണം. സംസ്‌കൃതം അങ്ങനെ വ്യവസ്ഥാപിതമായി പഠിച്ചിട്ടില്ല. പക്ഷേ കുട്ടിക്കാലത്ത് ആലപ്പുഴയിലെ വീട്ടിലായിരിക്കുമ്പോള്‍ ഒരു മാധവ വാര്യര്‍ സാര്‍ വരുമായിരുന്നു. അദ്ദേഹത്തിന്റെ കൂടെ പോകുമ്പോള്‍ ഏതുസമയത്തും നിശ്ശബ്ദമായി അദ്ദേഹം ചുണ്ടനക്കുന്നതു ശ്രദ്ധയില്‍ പെടുമായിരുന്നു. ഒരു ദിവസം ചോദിച്ചു എന്താണിങ്ങനെ ചെയ്യുന്നതെന്ന്. അദ്ദേഹം പറഞ്ഞുതന്നു, ലളിതാ സഹസ്രനാമം ചൊല്ലുകയാണെന്ന്. അതെക്കുറിച്ചു കൂടുതല്‍ ചോദിച്ചു, പറഞ്ഞുതന്നു. സഹസ്രനാമം ശീലമാക്കി ഞാനും. അതിന്റെ സിദ്ധിയായിരിക്കണം. ഇപ്പോള്‍ വന്നുവന്ന് എന്തു കിട്ടിയാലും തെറ്റില്ലാതെ വായിക്കാമെന്നു വന്നിരിക്കുന്നു. സ്‌ക്രിപ്റ്റില്‍ തെറ്റില്ലെങ്കില്‍ എനിക്കും തെറ്റില്ല, അര്‍ത്ഥവും ഭാവവും ചോരാതെ വായിക്കാനാവും.”

തെറ്റില്ലാതെ വായിക്കാനും വായനയില്‍ കുറച്ചു സംഗീതം ചേര്‍ക്കാനും മാത്രമായെങ്കിലും രാമായണം ഇങ്ങനെ പാരായണം ചെയ്യാനാവുമോ? എങ്കില്‍ എന്തുകൊണ്ട് എല്ലാവരുടെയും പാരായണത്തിന് ഇത്ര കേള്‍വി സുഖമില്ല? എങ്ങനെയാണ് ഓരോരോ ഭാഗത്തിന് രാഗങ്ങള്‍ നിശ്ചയിക്കുന്നത്? അച്ഛന്‍ കാവാലം നാരായണപ്പണിക്കരുടെ സഹായം എങ്ങനെ ഇക്കാര്യത്തിലെല്ലാം? എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കു ശ്രീകുമാര്‍ പറയുന്നത് ഇങ്ങനെ,” തെറ്റില്ലാതെ വായിക്കുക എന്നത് അടിസ്ഥാനമാണ്. അച്ഛന്റെയും മറ്റു ജന്മസിദ്ധികളുടെയും സഹായം ഉണ്ട്. പക്ഷേ, പാരായണത്തിന് ഞാന്‍ പ്രത്യേകിച്ച് അങ്ങനെ പരിശീലനവും അഭ്യാസവും നടത്താറില്ല. അതു സംഭവിക്കുകയാണ്. രാഗങ്ങള്‍ ഇന്നതു വേണമെന്നു മുന്‍കൂട്ടി നിശ്ചയിക്കാറില്ല. അതു സ്വാഭാവികമായി വന്നു ചേരുകയാണ്. രാമായണം വായിക്കുമ്പോള്‍ ആവശ്യമുള്ള സ്ഥലത്ത് അത്യാവശ്യം സംഗീതം എന്നൊരു സമീപനമാണ് ഞാന്‍ സ്വീകരിക്കുന്നത്. പണ്ട് രാമായണം വായിക്കുന്നവര്‍ ചിലര്‍ അക്ഷരം കിട്ടാതെ വരുമ്പോള്‍ രാഗം പാടുന്നതും പേജു മറിക്കുമ്പോള്‍ ഇണം പിടിക്കുന്നതുമൊക്കെ ഒരു രീതിയായിരുന്നു. അതു കേള്‍വി സുഖം കളയും. അനാവശ്യമാകും. അപ്പപ്പോള്‍ ആവശ്യം വരുന്നിടത്ത് കേള്‍ക്കാന്‍ ഇമ്പമായി വായിക്കുക. രാമായണം പാടുകയല്ല, പാരായണം ചെയ്യുകയാണ്. ഇക്കാര്യത്തിലും എനിക്കു കുട്ടിക്കാലത്തു കിട്ടിയ ഒരു പാഠമുണ്ട്.

 അന്നൊരിക്കല്‍ ദക്ഷിണാമൂര്‍ത്തി സ്വാമി ആലപ്പുഴയിലെ വീട്ടില്‍ വന്നു. ഞങ്ങള്‍ അന്നു കൊച്ചു കുട്ടികളാണ്. അദ്ദേഹം വെറുതേ ഇരിക്കുമ്പോഴും രാഗം മൂളിക്കൊണ്ടിരിക്കും. അപ്പോള്‍ ഒരു ടേപ്പ് റെക്കോര്‍ഡറുമായി എന്തെങ്കിലും ഒന്നു പാടൂ എന്നപേക്ഷിച്ച് ഞങ്ങള്‍ ചെന്നു. അദ്ദേഹം പറഞ്ഞു എന്തെങ്കിലും പാടാന്‍ പറ്റില്ല, പുസ്തകം ഏതെങ്കിലും കൊണ്ടുവരാന്‍. കിട്ടിയത് ഹരിനാമ കീര്‍ത്തനമാണ്. കൊടുത്തു, ഒറ്റയിരിപ്പില്‍, ഒരു ഇടതടവുമില്ലാതെ പാരായണം ചെയ്തു. രാഗങ്ങള്‍ അടിക്കടി മാറിമാറി വന്നു, ഈണം ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്നു; സ്ഫുടമായി, വ്യക്തമായി. അതൊരു ബാലപാഠമായി. അത് അടിസ്ഥാനമായി. ഇന്നും എന്തു പാരായണം ചെയ്യുമ്പോഴും അടിസ്ഥാനമായി ഉള്ളില്‍ കിടക്കുന്നതും സഹായിക്കുന്നതും ദക്ഷിണാമൂര്‍ത്തിസ്വാമിയുടെ ആ പാരായണമാണ്.”

ഇന്നു പലരും രാമായണം പാരായണം ചെയ്യുന്നുണ്ട്. ആകാശവാണിയിലും വിവിധ ഗായകര്‍ രാമായണം ആലപിക്കുന്നു. പക്ഷേ അതില്‍നിന്നു വേറിട്ടു നില്‍ക്കുന്നു ‘ശ്രീപാരായണം’. രാമായണത്തെ കവിതാലാപനം പോലെ മാറ്റി പരീക്ഷിക്കുന്നു ചിലര്‍. സംഗീതം കൊടുത്ത് കമേഷ്യല്‍ ബിസിനസാക്കുന്നു. പക്ഷേ, ഇപ്പോഴും ശ്രീകുമാറിന്റെ ശബ്ദത്തിനാണ് കേള്‍വിക്കാര്‍ കൂടുതല്‍ എന്നു പറഞ്ഞാല്‍…?

”അങ്ങനെയില്ല. പക്ഷേ അങ്ങനെയുണ്ട്. ഇന്ന് ഒട്ടേറെ പേര്‍ രാമായണം പാരായണം ചെയ്യുന്നുണ്ട്. ആകാശവാണിയിലും, എന്റെ പഴയ പാരായണവും മറ്റു പുതിയ ഗായകരുടെ വായനയും ചേര്‍ത്തു കേള്‍ക്കാറുണ്ട്. അതെല്ലാം കേള്‍ക്കാന്‍ നല്ലതാണ്. പക്ഷേ ഒരു കാര്യം ഉറപ്പാണ്, സുന്ദരകാണ്ഡം വരുമ്പോള്‍ എന്റെ ശബ്ദം കേട്ടിരിക്കും. അതെനിക്ക് ഉറപ്പാണ്. അതു വലിയ കാര്യവുമാണ്.”

1985-ലെ കര്‍ക്കടകത്തിലാണ് തുടങ്ങിയത്. ഇപ്പോള്‍ മൂന്നു പതിറ്റാണ്ടു കഴിയുന്നു. ആദ്യത്തെ റെക്കോര്‍ഡിംഗ് കഴിഞ്ഞ് എത്ര തവണ മാറ്റി പാടിയിട്ടുണ്ട്. ആകാശവാണിയിലേത് ആദ്യത്തെ പാരായണം തന്നെയാണോ ഇപ്പോഴും…?

”ആദ്യം പാടിയത് 30 വര്‍ഷം മുമ്പാണ്. അതിനു ശേഷം ആദ്യം രാമായണത്തിലെ സ്തുതികള്‍ മാത്രം ചേര്‍ത്ത് മേഘ്‌നാ സൗണ്ട്‌സ് ഒരു കാസറ്റ് ഇറക്കി. പിന്നീട് അവര്‍ ബാലകാണ്ഡം മാത്രമായി ഇറക്കി. അതിനു ശേഷം ജോണി സാഗരിക ചില കാസറ്റുകള്‍ ചെയ്തു. പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥിന്റെ സംഗീതത്തിലും ഒരു സിഡി ഇറങ്ങി. പക്ഷേ, പ്രശ്‌നം സമ്പൂര്‍ണ്ണരാമായണം ഇതുവരെ വന്നില്ല. ഞാന്‍ അതിനുള്ള പരിശ്രമത്തിലാണ്. അണ്‍ എഡിറ്റഡ് ഓഡിയോ വേര്‍ഷന്‍. പക്ഷേ മറ്റൊരു പ്രശ്‌നം ആര് പണം മുടക്കുമെന്നതാണ്. പക്ഷേ, ഞാന്‍ അതു ചെയ്യും. മാര്‍ക്കറ്റിംഗ് ഒരു വിഷയമാണ്. അതിനെ മറികടക്കാന്‍ ഇന്നു സംവിധാനങ്ങളുണ്ടല്ലോ. അതു ചെയ്യും. അതിന്റെ പ്രവര്‍ത്തനങ്ങളിലാണ്.”
രാമായണത്തില്‍ ഒതുങ്ങുന്നില്ല ഈ ശ്രീസംഗീത യത്‌നങ്ങള്‍. നാടന്‍ പാട്ടുകളുടെയും സോപാന സംഗീതത്തിന്റെയും പ്രയോക്താവായ ഈ ശാസ്ത്രീയ സംഗീതജ്ഞന്‍ തന്റെ പ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇപ്പോള്‍ മഹാകവി കാളിദാസന്റെ മേഘദൂതത്തിന് സംഗീതം കൊടുക്കുന്നു. അച്ഛന്‍ കാവാലം നാരായണപ്പണിക്കര്‍ നാടക വേദിയില്‍ ഭാസനേയും കാളിദാസനേയും പ്രതിഷ്ഠിച്ച് കാഴ്ചയുടെ ലോകം വാഴുന്നു. മകന്‍ കാവാലം ശ്രീകുമാര്‍ ശബ്ദ പ്രപഞ്ചത്തില്‍ തന്നടയാളങ്ങള്‍ തീര്‍ത്ത് കീര്‍ത്തി മുദ്രപതിക്കുന്നു. ഈ ആഴ്ച അമേരിക്കയിലേക്കു പോകുകയാണ്, സംഗീത പരിപാടികള്‍ക്കായി ശ്രീകുമാര്‍. പക്ഷേ, കേരളത്തിലെ വീടുകളില്‍ പ്രഭാതത്തിലും സന്ധ്യകളിലും ആദ്ധ്യാത്മ രാമായണം ശ്രീശബ്ദത്തില്‍ ഒഴുകിക്കൊണ്ടേയിരിക്കും, ഒരു ചന്ദന ഗന്ധം പോലെ. 

കാവാലം ശശികുമാര്‍

No comments:

Post a Comment