ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, July 24, 2017

ആത്മീയധാരയുടെ പുണ്യം



ഭാരതഭൂവിന്റെ തലമുറകളെ തഴുകുന്ന ആത്മീയധാരയുടെ നിലയ്ക്കാത്ത പുണ്യമാണ് അധ്യാത്മ രാമായണം.


‘‘നിത്യവുമദ്ധ്യാത്മ രാമായണമേകാഗ്രമായ്
ശക്തിപോൽ ഭക്ത്യാ ചൊൽവോൻ ’’

ജീവന്മുക്തനായ് തീരും എന്നാണ് പണ്ഡിത പക്ഷം.



‘‘അദ്ധ്യാത്മക പ്രദീപകമത്യന്ത്യം രഹസ്യമി
തദ്ധ്യാത്മരാമായണം മൃത്യുശാസന പ്രോക്തം
അ്യയനം ചെയ്തീടും മർത്യജന്മികൾക്കെല്ലാം
മുക്തി സാധിക്കുമസന്ദിഗ്ധമിജ്ജന്മംകൊണ്ടേ

എന്ന് എഴുത്തച്ഛന്റെ വാക്കുകൾ.



ശ്രീരാമ ചരിതത്തിലൂടെ ആത്മതത്വം വിവരിക്കുന്നതാണ് അധ്യാത്മ രാമായണം. വാമൊഴിയായി തലമുറകൾ കടന്നെത്തിയ രാമകഥയ്ക്ക് വനചരമുനിയായ വാല്മീകി കലാരൂപം ചമച്ചതോടെയാണ് ആദികാവ്യത്തിന്റെ പിറവി. മനുഷ്യ ബന്ധങ്ങളുടെ സങ്കീർണതകളത്രയും പിരിമുറുക്കം വിടാതെ ഉൾക്കൊണ്ട ആ കാവ്യം അനന്തര തലമുറകൾ ആവർത്തിച്ചു വായിച്ചുപോരുന്നത് അൽപം പോലും മടുപ്പില്ലാതെയാണ്.


‘ഗാർഹസ്ഥ്യജീവിതത്തിന്റെ വികാരഭരിതവും യഥാതഥവുമായ ചിത്രത്തിന്റെ ഇന്ത്യൻ പതിപ്പാണ് രാമായണം എന്നാണ് ഭാരതത്തിന്റെ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടത്.


ക്രിസ്തുവിനു മുൻപ് രണ്ടാം ശതകത്തിലേതെന്നു കാലനിർണയം ചെയ്തിട്ടുള്ള ആദികാവ്യത്തിന്റെ സ്വാധീനം ഇന്ത്യയിൽ മാത്രമായി ഒതുങ്ങിയില്ല. ഒട്ടേറെ കിഴക്കൻ രാജ്യങ്ങളിലെ കലാരൂപങ്ങൾക്ക് രാമകഥ പോഷകമായി. പാശ്ചാത്യ—പൗരസ്ത്യഭേദമില്ലാതെ ലോകമെങ്ങും വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു ഇപ്പോൾ ഇത്.


കാളിദാസൻ മുതൽ കണ്ണശ്ശന്മാർ വരെ ഭാരതീയ ഭാഷകളിലെ എത്രയോ ആയിരം കവികളാണ് രാമകഥയാൽ പ്രചോദിതരായത്!. മലയാള ഭാഷയിൽ തുഞ്ചത്തു രാമാനുജനെഴുത്തച്ഛന്റെ കിളിപ്പാട്ടു രൂപത്തിലുള്ള അധ്യാത്മ രാമായണത്തിന് അത്ഭുതകരമായ പ്രചാരമാണു ലഭിച്ചത്. അച്ചടി പ്രചാരത്തിലാകുന്നതിനും മുൻപു തന്നെ താളിയോലകളിലും മറ്റും രാമായണ ഗ്രന്ഥത്തിന്റെ പകർപ്പ് സൂക്ഷിച്ചിരുന്ന ഹൈന്ദവ ഭവനങ്ങൾ ഏറെയായിരുന്നു. എഴുത്തച്ഛന്റെ രാമായണത്തിന്റെ ആയിരക്കണക്കിനു പകർപ്പുകൾ ഇപ്പോഴും വർഷംതോറും വിറ്റഴിക്കപ്പെടുന്നു.



കേവല വിവർത്തനമല്ല എഴുത്തച്ഛൻ നിർവഹിച്ചിരിക്കുന്നത്. സന്ദർഭാനുസരണം മൂലത്തിൽ നിന്നും വ്യതിചലിച്ച് വിപുലനത്തിനും ഭക്ത്യാദി രസമിശ്രണത്തിനും അദ്ദേഹം സ്വാതന്ത്യ്രമെടുക്കുന്നു. ചില ഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഏതാണ്ടൊരു സ്വതന്ത്യ്രകൃതിയുടെ സ്വഭാവത്തിലുള്ളതാണ് അധ്യാത്മരാമായണം കിളിപ്പാട്ട്. മലയാളക്കരയിലെങ്ങും രാമായണപാരായണപുണ്യം നിറയുന്ന കർക്കടകരാവുകൾക്കു തുടക്കമാകുമ്പോൾ, ഭാഷാപിതാവായ ആ മഹാന്—തുഞ്ചത്ത് ആചാര്യന്—ശതകോടി പ്രണാമം.

ഒപ്പം, ആദികവിയായ ആ മുനിശ്രേഷ്ഠനും.


‘‘കുജന്തം രാമരാമേതി
മധുരം മധുരാഷരം
ആരുഹ്യകവിതാശാഖാം
വന്ദേ വാല്മീകി കോകിലം’’


എം.കെ.വിനോദ്കുമാർ

No comments:

Post a Comment