ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, July 15, 2017

രാമായണത്തിന്റെ കാലിക പ്രസക്തി



ശ്രദ്ധേയമായ ഒട്ടേറെ അസുലഭമുഹൂര്‍ത്തങ്ങളാല്‍ സമ്പുഷ്ടമാണ് രാമായണം. അധികാരം പിടിച്ചെടുക്കാനും അത് നിലനിര്‍ത്താനുമായി മനുഷ്യര്‍ നെട്ടോട്ടമോടുന്ന വര്‍ത്തമാനകാല സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കൈയില്‍ക്കിട്ടിയ രാജ്യഭരണം ഉപേക്ഷിച്ച്, വനവാസത്തിനുപോകുന്ന ഭഗവാന്‍ ശ്രീരാമചന്ദ്രന് ഏറെ പ്രസക്തിയുണ്ട്. ദശരഥ മഹാരാജാവ്, കൈകേയിക്കുനല്‍കിയ വരങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ത്യാഗംചെയ്യുന്നത് ശ്രീരാമചന്ദ്രന്‍ മാത്രമല്ല; സീതാദേവിയും ലക്ഷ്മണനും രാജകൊട്ടാരത്തില്‍ ലഭിക്കാവുന്ന സര്‍വ ഭൗതിക സുഖങ്ങളും ത്യജിക്കുകയാണ്.
രാജ്യാധികാരവും കൊട്ടാരവാസവും എല്ലാം തനിക്ക് നഷ്ടമാക്കിയ കൈകേയീമാതാവിനെ, വനയാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ശ്രീരാമന്‍ സ്നേഹാദരപൂര്‍വം വണങ്ങുന്നു. ദുഃഖം കളഞ്ഞാലുമമ്മേ, ഞങ്ങള്‍ പോകാന്‍ ഒരുങ്ങുകയാണെന്ന് പറയുന്ന രാമനും ലക്ഷ്മണനും സീതാദേവിക്കും മരവുരി നല്‍കുമ്പോള്‍, വസിഷ്ഠമുനി കോപാകുലനായി. പ്രജാദുഃഖമാണ് അദ്ദേഹത്തെ കോപാകുലനാക്കുന്നത്. ലക്ഷ്മീഭഗവതിയായ ജാനകീദേവിക്ക് മരവുരി നല്‍കാന്‍ മനസ്സില്‍ തോന്നിയതെന്തുകൊണ്ട് എന്ന് അദ്ദേഹം ചോദിക്കുന്നുമുണ്ട്.

കൈകേയിയുടെ വരത്തില്‍ ലക്ഷ്മണകുമാരനെ വനവാസത്തിന് അയയ്ക്കണമെന്നില്ല. തന്റെ സഹോദരന്‍ കാനനവാസത്തിന് ഒരുങ്ങുമ്പോള്‍ സര്‍വസുഖങ്ങളും ഉപേക്ഷിച്ച് അനുഗമിക്കുന്ന ലക്ഷ്മണന്‍ സഹോദരസ്നേഹത്തിന്റെയും പരിത്യാഗത്തിന്റെയും മൂര്‍ത്തീഭാവമായി മാറുകയാണ്. രാമലക്ഷ്മണന്മാര്‍ വനവാസം നടത്തുമ്പോള്‍, ഭര്‍ത്താവിനെ മനസ്സില്‍പൂജിച്ച്, അദ്ദേഹത്തിന്റെ ആയുരാരോഗ്യസൗഖ്യത്തിന് പ്രാര്‍ഥിക്കുന്ന ഊര്‍മിളയും ത്യാഗത്തിന്റെ പ്രതീകംതന്നെ.
അമ്മയുടെ അടുത്ത് യാത്രചോദിക്കാന്‍ചെന്ന ലക്ഷ്മണന് സുമിത്ര നല്‍കിയ ഉപദേശം രാമായണത്തിലെ ഏറ്റവും മഹത്തായ ഭാഗമാണ്.


'രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവിം വിദ്ധി, ഗച്ഛ താത യഥാസുഖം.'


രാമനെ ദശരഥനായും സീതാദേവിയെ അമ്മയായും കാടിനെ അയോദ്ധ്യയായുംകരുതി, പോയി സുഖമായി മടങ്ങിവരാനാണ് ഇതില്‍ ഉപദേശിക്കുന്നത്


രാജ്യഭരണം കൈയിലെത്തിയിട്ടും ഭരതന്‍ സന്തോഷിക്കുന്നില്ല; മറിച്ച്, ദുഃഖിതനാണ്. പുലര്‍കാലേ പോയി, ശ്രീരാമചന്ദ്രനെ മടക്കിക്കൊണ്ടുവന്ന്, രാജ്യം ഏല്പിച്ചുകൊടുക്കാന്‍ വെമ്പുന്ന ഭരതന്‍ മറ്റൊന്നുകൂടി ചെയ്യുന്നു. രാമന്‍ അയോദ്ധ്യാപുരത്തിലെത്തുംവരെ അദ്ദേഹവും ഭൗതികസുഖങ്ങള്‍ ഉപേക്ഷിക്കുന്നു.

ഫലമൂലങ്ങള്‍കഴിച്ചും ഭസ്മംതൊട്ടും മരവുരി ഉടുത്തും ജട വളര്‍ത്തിയും താപസവേഷംധരിച്ചും ഭൂമിയില്‍ത്തന്നെ കിടന്നും കഴിയുമെന്നാണ് ഭരതന്‍ പറയുന്നത്. ഈ വാക്കുകളിലൂടെ ജനഹൃദയങ്ങളില്‍ ഉത്തമന്‍മാരില്‍ അത്യുത്തമനായി മാറുകയാണ് ഭരതന്‍.


കാട്ടില്‍ച്ചെല്ലുന്ന ഭരതനെ, താതനിയോഗം അനുഷ്ഠിക്കേണ്ടത് മക്കളുടെ കടമയാണെന്ന് രാമന്‍ ഉപദേശിക്കുന്നു. പിതൃവാക്യം ലംഘിച്ച്, ഭൂമിയില്‍ക്കഴിയുന്നവന്‍ മരിച്ചാലും നരകത്തില്‍പ്പോകുമെന്നാണ് രാമവാക്യം. നാട്ടിലേക്കു കൊണ്ടുപോകാന്‍ അനുജന്‍ നിര്‍ബന്ധംപിടിക്കുമ്പോള്‍, ലോകതത്ത്വങ്ങളും ദര്‍ശനങ്ങളും നിരത്തി, പിന്തിരിപ്പിക്കുകയാണ് ജ്യേഷ്ഠന്‍. എല്ലാം അവതാരലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ഭഗവാന്‍ നാരായണന്‍ സൃഷ്ടിക്കുന്ന നിമിത്തങ്ങളാണെന്ന് ഓര്‍ക്കുക. ഒടുവില്‍, ശ്രീരാമദേവന്റെ മെതിയടികള്‍ തലയില്‍വെച്ച്, മടങ്ങുകയാണ് ഭരതകുമാരന്‍. ആ മെതിയടികള്‍ സിംഹാസനത്തില്‍വെച്ച്, പൂജിച്ച്, രാജ്യം ഭരിക്കുന്ന ഭരതകുമാരന് ജനമനസ്സുകളില്‍ എന്നും ദിവ്യപരിവേഷമുണ്ട്.

No comments:

Post a Comment