ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, July 28, 2017

ശുഭചിന്ത




മനുഷ്യമനസ്സില്‍ അനന്തമായ ശക്തി ഒളിഞ്ഞുകിടപ്പുണ്ട്. എന്നാല്‍, ആ ശക്തിയുടെ ചെറിയൊരു കണികപോലും നമ്മള്‍ അറിയുകയോ ഉപയോഗിക്കുകയോ ചെയ്യുന്നില്ല. സൂക്ഷ്മബുദ്ധികളും പ്രപഞ്ച രഹസ്യങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുമായ ശാസ്ത്രജ്ഞര്‍ പോലും ആ ശക്തിയുടെ ചെറിയൊരംശം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. യഥാര്‍ഥത്തില്‍ നമ്മില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ ശക്തിയും വിശ്വശക്തിയും ഒന്നുതന്നെയാണ്. ആ അറിവുണ്ടാകുന്ന അവസ്ഥയാണ് ഈശ്വര സാക്ഷാത്കാരം. ബുദ്ധിയും ഹൃദയവും സമന്വയിപ്പിച്ചു കൊണ്ടുപോയാല്‍ ഈ ശക്തിയെ വേണ്ടവിധത്തില്‍ നമുക്കു പ്രയോജനപ്പെടുത്താന്‍ സാധിക്കും.


മനുഷ്യന്റെ നേട്ടങ്ങളെല്ലാം ബുദ്ധിയുടെ കഴിവുകൊണ്ടാണെന്നു വിശ്വസിക്കുന്ന ലോകത്താണ് നമ്മളിന്നു ജീവിക്കുന്നത്. എന്നാല്‍, ഇതു തെറ്റാണ്.

ഏതൊരു കര്‍മവും പൂര്‍ണമാകുന്നത് ബുദ്ധിയും ഹൃദയവും സന്തുലിതമായി പ്രവര്‍ത്തിക്കുമ്പോഴാണ്.
പ്രസിദ്ധരായ ചിത്രകാരന്മാരും ഗായകരും എഴുത്തുകാരും സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകരും സമൂഹത്തിനു പല സംഭാവനകളും ചെയ്തിട്ടുണ്ടാകും. പക്ഷേ, എന്തുകൊണ്ടാണ് ചില ചിത്രങ്ങള്‍, ഗാനങ്ങള്‍, കൃതികള്‍, സംഭവങ്ങള്‍ എന്നും ഓര്‍ക്കുന്നത്? കാരണം അത് ബുദ്ധിയുടെ മാത്രം സൃഷ്ടിയല്ല. ഒപ്പം അവരുടെ ഹൃദയവും നിറഞ്ഞ സ്‌നേഹഭാവവും പ്രവര്‍ത്തിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് അതിനൊരു പ്രത്യേക ആകര്‍ഷണം കൈവരുന്നത്.



ജീവിതത്തിന്റെ എല്ലാ മേഖലകളിലും ബുദ്ധിക്കും ഹൃദയത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. എന്നാല്‍ നാം ബുദ്ധിക്ക് അമിത പ്രാധാന്യം നല്‍കുന്നു. ഇതാണ് പല കുഴപ്പങ്ങള്‍ക്കും കാരണം. ബുദ്ധിക്ക് ചെയ്യാന്‍ കഴിയാത്ത വളരെ പ്രധാനപ്പെട്ടതും സൂക്ഷ്മവുമായ പലതും ഹൃദയത്തിന് വളരെ നിസ്സാരമായി ചെയ്യാന്‍ കഴിയും. ജീവിതത്തിന്റെ സുഖവും മാധുര്യവും മുഴുവനായി പകര്‍ന്നുതരാന്‍ ഹൃദയത്തിനേ കഴിയൂ.



ബുദ്ധി കത്രികപോലെയാണ്എന്തിനെയും കീറിമുറിക്കുക അതിന്റെ സ്വഭാവമാണ്. എന്നാല്‍ ഹൃദയം സൂചിപോലെയാണ്. അത് എല്ലാത്തിനെയും തുന്നിച്ചേര്‍ക്കുന്നു. ജീവിതത്തില്‍ നമുക്ക് ഇവ രണ്ടും വേണം. ശരിയായ പ്രചോദനത്തിന്റെയും സര്‍ഗശക്തിയുടെയും ഉറവിടം ഹൃദയമാണ്. സ്‌നേഹം, ക്ഷമ, കാരുണ്യം, മറക്കാനും പൊറുക്കാനുമുള്ള കഴിവ് ഇതൊക്കെയാണ് ജീവിതത്തെ സുന്ദരവും സന്തോഷപൂര്‍ണവുമാക്കുന്നത്. ഇതൊന്നുമില്ലെങ്കില്‍ ജീവിതം വരണ്ടതും അര്‍ഥശൂന്യവുമാകും.


No comments:

Post a Comment