ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, July 19, 2017

ശ്രീകൃഷ്ണ കഥകൾ


Related image

കണ്ണൻ കാളിന്ദിയിൽ കുളിക്കാനുള്ള പുറപ്പടാണ്. അമ്മ പീലിത്തിരുമുടിയഴിച്ച് എണ്ണ തേപ്പിക്കാനൊരുങ്ങിയതും കണ്ണൻ ഒറ്റ ഓട്ടം. അതിനിടയില്‍ വിളിച്ചു പറഞ്ഞു.  


"അമ്മേ നിക്കിന്ന് എണ്ണ തേക്കണ്ടാ" ഇങ്ങന്യൊരു വികൃതി. കാളിന്ദിയുടെ കരയിലെത്തീട്ടെ കണ്ണൻ നിന്നുള്ളൂ. അവിടെ ആകെയൊന്നു നോക്കി. ആരേം കാണാല്യാലോ. ഉം എന്റെ കുളി കാണാൻ ആരെങ്കിലും വേണ്ടേ മഞ്ഞപ്പട്ടിനിടയിലൂടെ അരയിൽ തിരുകിയ ഓടക്കുഴൽ എടുത്തു.  കാലുപിണച്ച് നിന്ന് കണ്ണടച്ച് തലയല്പം ചെരിച്ച് കണ്ണൻ വേണു ചുണ്ടോടു ചേർത്തു. ഹ! എന്തു സുന്ദരമാണ് ആ കാഴ്ച്ച. കെട്ടഴിഞ്ഞ കാർകൂന്തൽ കാർമേഘത്താൽ പകുതി മറഞ്ഞ ചന്ദ്രനെന്നപോലെ, കണ്ണന്റെ മുഖം പകുതി മറച്ചിരിക്കുന്നു. ചെറുകാറ്റിൽ അളകങ്ങൾ പറക്കുന്നുണ്ട്. വേണുവിന്റെ ദ്വാരങ്ങളിൽ വിരലുകൾ ചലിപ്പിച്ച് കണ്ണൻ മനോഹരമായി വേണുവൂതി. കണ്ണന്റെ വേണുഗീതം കേട്ട് ഗോക്കളും ഗോപാലരും ഗോപീവൃന്ദവും യശോദ, രോഹിണിമാരും പക്ഷികളും മാനുകളും തുടങ്ങി എല്ലാവരും ആനന്ദത്തോടെ  കാളിന്ദിയുടെ കരയിലെത്തി. ആകാശവീഥിയിൽ ദേവവൃന്ദവും ഋഷീശ്വരന്മാരും വന്നു. കണ്ണൻ വേണുനാദം നിർത്തി മെല്ലെ കണ്ണു തുറന്ന് എല്ലാവരേയും നോക്കി മനം മയക്കുന്ന മന്ദസ്മിതം പൊഴിച്ചു. കാലവും കാലാരിയും ഭൂമിയും സ്വർഗ്ഗവുമെല്ലാം കണ്ണന്റെ കാർമേഘ വർണ്ണം കണ്ട് മയങ്ങി നിന്നു. മാധവൻ തലചരിച്ച് മുടിയഴകൾക്കിയിലൂടെയുള്ള  കടക്കൺ നോട്ടത്താൽ രാധയ്ക്ക്  പ്രേമത്തെ വളർത്തി. കാണികൾ എത്തിയ സ്ഥിതിക്ക് ഇനി കളി തുടങ്ങാം എന്ന രീതിയിൽ കണ്ണൻ അടുത്തുള്ള കടമ്പു വൃക്ഷത്തിൽ കയറി. അതിന്റെ ചില്ലയിൽ തുള്ളിച്ചാടി. ഇലകൾ ഇളകുന്നതിന്റെ താളത്തിൽ
മനോഹരമായി പൊട്ടിച്ചരിച്ചു. എന്നീട്ട് കാളിന്ദി നദിയിലേക്ക് ഒറ്റച്ചാട്ടം. 

ബ്ലൂം.....

കാളിന്ദി മുഴുവനും തിരമാലകളെന്നപോലെ ഇളകി മറിഞ്ഞു. സാവധാനം ശാന്തമായി. കണ്ണനെവിടെ കണ്ണനെ കാണാനില്ല. എല്ലാവരും ആധിയോടെ നോക്കി ഇല്ല. കണ്ണന്റെ നിഴൽ പോലും വെള്ളത്തിനടിയിൽ കാണാനില്ല. "കണ്ണാ കണ്ണാ" എന്ന് നിലവിളിച്ച് ഗോപിമാർ കാളിന്ദി നദിയിലേക്ക് കാലെടുത്തു വച്ചതും.


ഗ്ലുഗ്ലും....,.


കണ്ണൻ ചാടിയതിലും വേഗത്തില്‍ പൊന്തിവന്നു. ഗോപികമാരുടെ വസ്ത്രങ്ങള്‍ മുഴുവനും നനഞ്ഞു.  അവർക്ക് സന്തോഷവും ലജ്ജയും കോപവും എല്ലാം കൂടി വന്നു. കണ്ണനെ കണ്ട സന്തോഷം. നനഞ്ഞു പോയതിന്റെ ലജ്ജ, കണ്ണൻ മറ്റുള്ളവരുടെ മുന്നിൽ വച്ച് പറ്റിച്ചതിന്റെ കോപം. ഇതെല്ലാം ആസ്വദിച്ച്  കണ്ണൻ കടമ്പു മരത്തിൽ കയറിയിരിക്കുന്ന രാമേട്ടനെ നോക്കി കണ്ണിറുക്കി. ഗോപികൾ അറിയുന്നതിനു മുൻപു രാമേട്ടനും 

ബ്ലും.....

വെള്ളത്തിലേക്ക് എടുത്ത് ഒറ്റച്ചാട്ടം.
ഗോപികമാർ മുഴുവനും നനഞ്ഞു. പ്രതീക്ഷിക്കാതെ ആയതിനാൽ ചില ഗോപിമാർ വെള്ളത്തില്‍ വീണുപോയി. അവർ കോപത്തോടെ കണ്ണന്റെ നേരെ വെള്ളം തെറിപ്പിച്ചു. കണ്ണനും രാമനും ഗോപികമാരുടെ നേരെയും വെള്ളം തട്ടി. ഇതെല്ലാം കണ്ട് കരയിൽ നിന്നിരുന്ന ഗോപന്മാർ കണ്ണന്റെ കൂടെ കൂടിയപ്പോള്‍ മറ്റു ഗോപികമാരും രാധയുടെ നേതൃത്വത്തില്‍ കണ്ണനെതിരെ ഇറങ്ങി. പിന്നെ അതിമനോഹരമായ ലീലകളായിരുന്നു അവിടെ. വെള്ളം തെറിപ്പിച്ചും ഉന്തി വീഴ്ത്തിയും മുങ്ങാംകുഴിയിട്ട് കാലിൽ വലിച്ചു താഴ്ത്തിയും അവർ ജലക്രീഡയിൽ മുഴുകി. ഇതിനിടയിൽ നദിയുടെ നടുവിൽ അതുവരെ കാണാത്ത ഒരു താമര വിരിഞ്ഞ് നില്ക്കുന്നു.


 ആര് പറിക്കും ആ താമര?  അത് ഞാൻ നീന്തിച്ചെന്ന് പറിക്കാം എന്നു പറഞ്ഞ് രാധ നീന്തി നടുക്കെത്തി ആ താമരയില്‍ പിടിച്ചതും താമര രാധയേയും വലിച്ച് താണു പോയി.  എല്ലാവരും പേടിച്ചു. കണ്ണാ എന്ന് വിളിച്ചു നോക്കുമ്പോൾ കണ്ണനേയും കാണാനില്ല.  ഇതേതോ അസുരന്റെ മായാവിദ്യയാണ് എന്നു കരുതി എല്ലാവരും "രാമാ..... കണ്ണനേയും രാധയേയും രക്ഷിക്കൂ " എന്നു പറഞ്ഞു കരയാൻ തുടങ്ങി.  രാമേട്ടന് ഒരു കൂസലും ഇല്യ. പുഞ്ചിരിയോടെ നില്ക്കുന്നു.  പെട്ടന്ന് അവരുടെ മദ്ധ്യത്തില്‍ രാധയും കൃഷ്ണനും ജലത്തിനടിയിൽ നിന്ന് ഉയർന്നു വന്നു. 

ഗോപികമാർ സന്തോഷിച്ച് അവരെ ആലിംഗനം ചെയ്തു. " രാധേ എവിടെ താമരപ്പൂ.? നിനക്ക് എന്തു പറ്റി? ആരാണ് നിന്നെ ജലത്തില്‍ താഴ്ത്തിയത്? കണ്ണനെ എങ്ങിനെ കണ്ടു? "

എന്നിങ്ങനെ ഗോപികമാർ ചുറ്റും കൂടി ചോദിക്കാൻ തുടങ്ങി.

രാധ പറഞ്ഞു. 

സഖിമാരെ എല്ലാം കണ്ണന്റെ കളിയാണ്. കണ്ണൻ തന്റെ പാണികൾ മാത്രം ജലത്തിനു മുകളിൽ വിടർത്തി പിടിച്ചപ്പോള്‍ നമുക്ക് താമരയാണെന്നു തോന്നിയതാണ്. നീന്തി അടുത്തു ചെന്നപ്പോള്‍ കണ്ണൻ എന്നേയും കൊണ്ട് ജലത്തിനടിയിലേക്ക് പോയി. രാധയുടെ മുഖം കണ്ടാൽ ഇതാണ് അവൾ പറിച്ച താമര എന്നു തോന്നുംവിധം നാണത്താലും പ്രേമത്താലും തുടുത്തുപോയി. അവർ പ്രേമത്തോടെ കണ്ണനെ നോക്കി.
ഹാ! എന്തൊരു സൌന്ദര്യം! 


പാതിയലിഞ്ഞ ചന്ദ്രക്കല പോലെ ശോഭിക്കുന്ന ഗോരോചനപ്പൊട്ടും, നെറ്റിയിലും കവിൾത്തടത്തിലും പറ്റിക്കിടക്കുന്ന മുടിയിഴകളും, എള്ളിൻ പൂപോലെ ശോഭിക്കുന്ന ഉയർന്ന നാസികയുടെ തുമ്പത്ത് അടർന്നുപോകാനുള്ള മടിയോടെ എന്നാൽ ഇപ്പോൾ വീണുപോകുമോ എന്നു തോന്നുമാറ് ഇറ്റു നില്കുന്ന വെള്ളത്തുള്ളിയും, ജലകണങ്ങളാൽ തിളങ്ങുന്ന ചെഞ്ചുണ്ടുകളും,  കാർമേഘവർണ്ണമുള്ള മേനിയിൽ ഒട്ടിപ്പിടിച്ചു കിടക്കുന്ന മഞ്ഞപ്പൂഞ്ചേലയും . കാളിന്ദീ നദി തന്റെ ജലത്താൽ അലങ്കരിച്ച കണ്ണനെ എത്ര കണ്ടാലാണ് മതിവരിക. ഇന്ന് എല്ലാവരുടെയും കൃഷ്ണ ദർശനം ഇതാകട്ടെ. കണ്ണൻ എല്ലാവരുടേയും കനവിൽജലക്രീഡയ്ക്കായി വരട്ടെ. എല്ലാ മനസ്സിലും കൃഷ്ണ പ്രേമം നിറയട്ടെ. 


എല്ലാവര്‍ക്കും രാധാമാധവം അനുഭവമാകട്ടെ. 

എല്ലാ അക്ഷരപ്പൂക്കളും എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലി.

കടപ്പാട് 

No comments:

Post a Comment