ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, July 20, 2017

രാമായണത്തിലെ സ്ത്രീകള്‍ – അഹല്യ


ഗൗതമ മഹര്‍ഷിയുടെ ഭാര്യയാണ്‌ അഹല്യ. അവള്‍ ബ്രഹ്മാവിന്റെ മകളാണെന്ന്‌ ഒരിടത്ത്‌ പറയുന്നുണ്ട്‌. പൂരു വംശത്തിലെ രാജകുമാരിയെന്നും കാണുന്നു. ഏതായാലും അതിസുന്ദരി. സൗന്ദര്യം പലപ്പോഴും അപകടങ്ങളെ ക്ഷണിച്ചുവരുത്തും. ദേവേന്ദ്രന്‍ അഹല്യയെ കണ്ടപ്പോള്‍ അതുണ്ടായി. നദിയില്‍നിന്ന്‌ വെള്ളമെടുത്തുപോകുന്ന ആ സൗന്ദര്യധാമത്തെ ഇന്ദ്രനയനങ്ങള്‍ പിന്തുടര്‍ന്നു. എത്തിയത്‌ ഗൗതമമുനിയുടെ ആശ്രമത്തിലാണ്‌.

അതിശുഷ്ക്കശരീരനായ ഈ മുനിയാണോ ഇവളുടെ ഭര്‍ത്താവ്‌. ഇന്ദ്രന്‍ അത്ഭുതപ്പെട്ടു. ഒപ്പം അഹല്യയെ എങ്ങിനെയും പ്രാപിക്കണമെന്ന മോഹവും ശക്തിപ്പെട്ടു. അതിന്‌ ഒരു സൂത്രവും അദ്ദേഹം കണ്ടെത്തി. പാതിരാനേരത്ത്‌ ആശ്രമവളപ്പില്‍ ഒരു പൂങ്കോഴി കൂകി. അതുകേട്ടതോടെ മുനി ഉണര്‍ന്നു. ബ്രാഹ്മമുഹൂര്‍ത്തമായാല്‍ ഗംഗാനദിയിലെത്തി കുളിച്ചു വരണം, ഹോമ-ധ്യാനാദികള്‍ തുടങ്ങണം എന്നതാണ്‌ പതിവ്‌.

നദിയിലേയ്ക്ക്‌ ഇറങ്ങുന്നതിന്റെ മുന്നോടിയായി നദിയെ തൊട്ടുവന്ദിച്ച ഗൗതമന്‍ ഒരു ഞെട്ടലോടെ കൈ പിന്‍വലിച്ചു. ഗംഗ ഉണര്‍ന്നിട്ടില്ല. ഒരുനിമിഷം അദ്ദേഹം കണ്ണടച്ചു നോക്കി. പ്രകൃതി മുഴുവന്‍ ഉറക്കത്തിലാണ്‌. തനിക്ക്‌ തെറ്റുപറ്റിയോ. താന്‍ ചതിക്കപ്പെട്ടുവോ. ഗൗതമന്‍ തിരികെ ആശ്രമത്തിലേക്ക്‌ വേഗത്തില്‍ നടന്നു. മുറ്റത്തെത്തിയപ്പോള്‍ അകത്തുനിന്ന്‌ തന്നെപ്പോലുള്ള ഒരാള്‍ ഇറങ്ങിവരുന്നത്‌ കണ്ട്‌ അദ്ദേഹം അമ്പരന്നു. നീയാര്‌? സത്യം പറയൂ ഗൗതമന്‍ അലറി.

കള്ളം പറഞ്ഞിട്ട്‌ കാര്യമില്ലെന്ന്‌ ബോധ്യമായ ദേവേന്ദ്രന്‍ സ്വന്തം രൂപം വെളിപ്പെടുത്തി മാപ്പ്‌ പറഞ്ഞു. ന്‍ഘാ! നിനക്ക്‌ മാപ്പോ? ഇല്ല കാമാര്‍ത്തനും വഞ്ചകനുമായ നീ ദേഹം നിറയെ ആയിരം ലിംഗങ്ങളുമായി നടക്കാന്‍ ഞാനിതാ ശപിക്കുന്നു. വളരെക്കാലം കഴിഞ്ഞു തിലോത്തമയെ കാണുന്ന കാലത്ത്‌ ആ ലിംഗങ്ങള്‍ ആയിരം നേത്രങ്ങളായി മാറും എന്ന ശാപമോക്ഷവും മുനി നല്‍കി. ബഹളം കേട്ടുവന്ന അഹല്യയും മുനിയുടെ കാല്‍ക്കല്‍ വീണ്‌ മാപ്പിരന്നു. അറിഞ്ഞുകൊണ്ട്‌ ചെയ്ത തെറ്റല്ലല്ലോ. പക്ഷേ അവളെയും അദ്ദേഹം ശപിക്കുകയാണുണ്ടായത്‌.

നീ ഇവിടെ ഒരു ശിലയായിത്തീരട്ടെ. മഞ്ഞും മഴയും വെയിലുമേറ്റ്‌ ദീര്‍ഘകാലം അങ്ങനെ കഴിയുമ്പോള്‍ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ അനുജനോടൊത്ത്‌ ഈ വഴി വരും. അന്ന്‌ രാമപാദസ്പര്‍ശമേറ്റ്‌ നീ ശാപമുക്തയാകുന്നതാണ്‌. ഭര്‍ത്താവ്‌ പറഞ്ഞ ഭഗവാന്റെ രൂപം മനസില്‍ ധ്യാനിച്ചും രാമമന്ത്രം ഉരുക്കഴിച്ചുംകൊണ്ട്‌ അഹല്യ മുനിപാദങ്ങളില്‍ നമസ്ക്കരിച്ചു. ഉടനെ അവളൊരു ശിലയായി മാറി. ആ നിലയില്‍ വര്‍ഷങ്ങള്‍ നീണ്ട തപസായി.

വിശ്വാമിത്ര മഹര്‍ഷി തന്റെ യാഗരക്ഷയ്ക്കുവേണ്ടി ശ്രീരാമലക്ഷ്മണന്‍മാരെ കൂട്ടികൊണ്ടുവന്നു. പിന്നെ അവരുമായി മിഥിലയിലേയ്ക്ക്‌ നടന്നു. അപ്പോള്‍ വഴിവക്കില്‍ ആരുടേയും കൗതുകമുണര്‍ത്തിനില്‍ക്കുന്ന ഒരു ശിലയുടെ മുന്നില്‍ നിന്‍ങ്കൊണ്ട്‌ മഹര്‍ഷി ആ കഥ വിവരിച്ചു.

ശ്രീരാമന്‍ തന്റെ വലത്‌ പാദത്താല്‍ ശിലയെ ഒന്ന്‌ തൊട്ടതേയുള്ളൂ. അത്‌ ഒരു സുന്ദരിയായി ഉണര്‍ന്നു. തപസ്വിയായ അഹല്യ അവള്‍ ശ്രീരാമനെ ഭക്തിപൂര്‍വം സ്തുതിച്ചു. രാമായണത്തിലെ മനോഹരമായ ഒരു ഭാഗമാണത്‌.

അഹല്യം എന്ന വാക്കിന്‌ ഉഴാത്ത നിലം എന്നാണ്‌ അര്‍ത്ഥം. ഹലം കലപ്പയത്രെ. അഹല്യ എന്നാല്‍ ഉഴുതിട്ടില്ലാത്ത, കൃഷിക്ക്‌ യോഗ്യമല്ലാത്ത എന്നൊക്കെ പറയാം. ആ വഴിക്ക്‌ ചിന്തിക്കുമ്പോള്‍ വനാന്തരത്തിലെ ഭൂമി ഫലസമൃദ്ധമാക്കി ശ്രീരാമന്‍, എന്നതിന്റെ സൂചനയായി അഹല്യാമോക്ഷം കഥ കാണാമോ? ആവോ!

കാണാം എന്നതിന്റെ തെളിവ്‌ തുടര്‍ന്നും വരുന്നുണ്ട്‌. വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരെ നയിക്കുന്നത്‌ മിഥിലാ രാജ്യത്തിലേയ്ക്കാണല്ലോ. കര്‍ഷകസമൃദ്ധി വിളിച്ചറിയിക്കുന്ന നാടാണ്‌ മിഥില. അവിടുത്തെ രാജാവായ ജനകന്റെ യഥാര്‍ത്ഥ നാമം സീരദ്ധ്വജന്‍ എന്നാണ്‌. സീതം അഥവാ കലപ്പ കൊടിയടയാളമായിട്ടുള്ളവന്‍ എന്നും പറയാം.

ഉഴവ്‌ ചാലില്‍നിന്ന്‌ കണ്ടെടുക്കപ്പെട്ട കുഞ്ഞിനെ സീത എന്ന പേര്‌ നല്‍കി മഹാരാജാവ്‌ വളര്‍ത്തുന്നു. കര്‍ഷകശ്രീയായ അവളെ അഹല്യമുക്തി നല്‍കി വരുന്ന ശ്രീരാമന്‍ പരിണയിക്കുകയും ചെയ്യുന്നു. കഥയെപ്പറ്റി നിങ്ങള്‍ക്ക്‌ ഇപ്പോള്‍ എന്തു തോന്നുന്നു. ഭക്തിഭാവത്തിനപ്പുറം യുക്തിസഹവും പ്രതീകാത്മകവുമായ ഒരു ചാരുത ഇവിടെ ദൃശ്യമല്ലേ.

No comments:

Post a Comment