ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ അനുഗ്രഹത്തിനായിട്ടാണ്. ഷഷ്ഠിവ്രതം തന്നെ പലതരത്തിലുണ്ട്.ഷഷ്ഠിവ്രതാനുഷ്ഠാനം സന്താനങ്ങളുടെ അഭിവൃദ്ധി, ശത്രുനാശം, ഐശ്വര്യം, ആരോഗ്യം എന്നിവ പ്രദാനം ചെയ്യുന്നു.
ഒരു മാസം രണ്ടു ഷഷ്ഠിയുണ്ട്.ഇതിൽ പൗർണ്ണമിയ്ക്ക് മുൻപുള്ളതിനെ വെളുത്തഷഷ്ഠിയെന്നും അമാവാസിക്ക് മുൻപുള്ളതിനെ കറുത്തഷഷ്ഠിയെന്നും പറയുന്നു. വെളുത്തഷഷ്ഠിയാണ് സാധാരണ വ്രതമായി അനുഷ്ഠിക്കാറുള്ളത്.ഒരിക്കലൂണ്, ക്ഷേത്ര ദർശനം, പൂജ, സുബ്രഹ്മണ്യ കീർത്തനാലാപനം, അഭിഷേകം എന്നിവ അനുഷ്ഠിക്കണം.
ഹല ഷഷ്ഠി......
ഇതിനെ കപിലഷഷ്ഠിയെന്നും പറയുന്നു.കന്നിമാസത്തിൽ വരുന്ന വെളുത്ത ഷഷ്ഠിയാണ് ഹലഷഷ്ഠി. ഈ ഷഷ്ഠിയിൽ വ്രതമനുഷ്ഠിക്കുന്നതും, സുബ്രഹ്മണ്യക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാണ്.
സ്കന്ദഷഷ്ഠി.......
തുലാമാസത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ഷഷ്ഠിയാണ് സ്കന്ദഷഷ്ഠി. ഷഷ്ഠിവ്രതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്കന്ദഷഷ്ഠി.
വൃശ്ചിക മണ്ഡലകാലത്ത് വരുന്ന ഷഷ്ഠി വെളുത്ത ഷഷ്ഠി എന്നും, ധനുമാസത്തിലെ വെളുത്ത ഷഷ്ഠി ചമ്പാഷഷ്ഠി എന്നും കുംഭമാസത്തിലെ ഷഷ്ഠി കുംഭമാസ ഷഷ്ഠി എന്നും പറയപ്പെടുന്നു.
സുബ്രഹ്മണ്യൻ ബ്രഹ്മദേവനെ കാരാഗൃഹത്തിൽ അടച്ചതിന്റെ ദോഷശാന്തിക്കായി ശിവഭഗവാന്റെ നിർദ്ദേശാനുസരണം സുബ്രഹ്മണ്യൻ സർപ്പ രൂപം പൂണ്ട് തപസ്സിനായി പുറപ്പെട്ടു. പുത്രവേർപാട് പാർവ്വതീദേവിയെ കഠിനദു:ഖത്തിലാക്കി. മകനെ തിരിച്ചു കിട്ടുവാനായി ശിവ നിർദ്ദേശത്തെത്തുടർന്ന് പാർവ്വതി അനുഷ്ഠിച്ച വ്രതമാണ് ഷഷ്ഠിവ്രതം. നിരാഹാരമായി പാർവ്വതി അനുഷ്ഠിച്ച വ്രതത്തിൽ മനമലിഞ്ഞ സുബ്രഹ്മണ്യൻ ആറ് ദിവസങ്ങൾക്കൊടുവിൽ ആദ്യം സർപ്പ രൂപത്തിലും പിന്നീട് സ്വന്തം രൂപത്തിലും പാർവ്വതിയ്ക്ക് ദർശനം നൽകി ദു:ഖമകറ്റിയെന്നതാണ് ഐതിഹ്യം.
ഓം സുബ്രഹ്മണ്യായ നമ:
ഷഡാനനം കുങ്കുമരക്തവർണ്ണം
മഹാമതിം ദിവ്യമയൂരവാഹനം
രുദ്രസ്യസൂനം സുരസൈന്യനാഥം
ഗുഹം ഭജേഹം ശരണം പ്രപദ്യേ
No comments:
Post a Comment