ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, July 18, 2017

ബാലിവധവും അടിയന്തരാവസ്ഥയും - ശ്രീരാമകഥകൾ





മനുഷ്യസഹജമായ എല്ലാ വികാരങ്ങളും അതിന്റെ പൂര്‍ണതയില്‍ രാമനില്‍ കത്തിപ്പടര്‍ന്നിരുന്നു. വികാരരാഹിത്യമല്ല, വികാരങ്ങളുടെമേല്‍ ധര്‍മാവിഷ്ടത സ്വയം ഏല്പിക്കുന്ന അകൃത്രിമമായ അച്ചടക്കമാണ് മഹത്ത്വത്തിന്റെ ലക്ഷണം. വികാരങ്ങളുടെ ശൂന്യതയില്‍നിന്ന് മരുഭൂമിയാണ് ആവിര്‍ഭവിക്കുക. അഭിഷേകവിഘ്‌നത്തില്‍ രാമന് ദുഃഖമുണ്ടായിരുന്നു. രാജ്യനഷ്ടത്തെ ഓര്‍ത്തല്ല, അതില്‍പ്പിണഞ്ഞ നാണക്കേട് ഓര്‍ത്ത്. ദശരഥന്റെ ദേഹവിയോഗത്തില്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു. സീതാപരിത്യാഗത്തിലെ ദുഃഖം അദ്ദേഹത്തെ സ്വര്‍ഗാരോഹണംവരെ വിട്ടുപിരിഞ്ഞിരുന്നില്ല. ഈ വക വ്യക്തിദുഃഖങ്ങളെ ധര്‍മകാര്‍ക്കശ്യത്തിന്റെ ചെമ്പട്ടുകൊണ്ട് മൂടിയാണ് അദ്ദേഹം കോസലം ഭരിച്ചിരുന്നത്. ഭരണകാലത്ത് ഈച്ചയും കൊതുകുമുണ്ടായിരുന്നില്ല. ഇത് വര്‍ണനയിലെ ഋഷികലയാണ്. രാമഭരണത്തില്‍ എല്ലാവിഭാഗം പ്രജകളും തൃപ്തരായിരുന്നു എന്നതിന്റെ മിത്താണ് ഈ വര്‍ണന.



ദുഷ്ടനിഗ്രഹം രാമന്റെ അവതാരലക്ഷ്യമായിരുന്നു. സുഗ്രീവനുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ലായിരുന്നെങ്കിലും രാമന്‍ ബാലിയെ കൊല്ലുമായിരുന്നു. വസ്തുതകള്‍ ധരിക്കാന്‍ കൂട്ടാക്കാതെ സുഗ്രീവനെ പുറത്താക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയെ വിട്ടുകൊടുക്കണമായിരുന്നു. അതൊരു നഷ്ടമായാണ് ബാലിക്ക് തോന്നിയത്. ഇത് പ്രാചീന നിയമശാസ്ത്രത്തിന്റെ ഭാഷയില്‍ ആതതായിത്വമാണ്. ആതതായിയെ രാജാവിനോ രാജപുരുഷനോ രാജാവിന്റെ നിയുക്തനോ കാണുന്നിടത്തുവെച്ച് വധിക്കാന്‍ അന്നത്തെ നിയമം അനുശാസിച്ചിരുന്നു. ഭരതന്‍ രാജ്യഭാരം ഏറ്റെടുക്കാഞ്ഞ സ്ഥിതിക്ക് രാമന്‍തന്നെയായിരുന്നു രാജാവ്. ബാലിയെ നേര്‍ക്കുനേര്‍ യുദ്ധത്തില്‍ വധിക്കാന്‍ സാധ്യമല്ല. അത്ര അജയ്യമായ വരബലമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് ഒളിച്ചുനിന്ന് കൊന്നു.



ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അധികാരമുണ്ടെങ്കില്‍ രാജാവിന് ഒളിച്ചുനിന്ന് കൊല്ലാനും അധികാരമുണ്ട്. വളരെ ലളിതമാണ് ബാലിവധത്തിന്റെ പിന്നിലെ ദാര്‍ശനികപ്രശ്‌നം. സഹോദരന്റെ ഭാര്യയെ വിട്ടുകൊടുക്കാത്തവന്റെ ഭരണത്തിന്‍കീഴില്‍ ഏത് സ്ത്രീക്കാണ് സുരക്ഷിതത്വം!


സീതയെ പരിത്യജിച്ചിരുന്നില്ലെങ്കില്‍ സീതയുടെ ചാരിത്ര്യശുദ്ധി വെളിപ്പെടുമായിരുന്നില്ല. അത് ഭര്‍ത്തൃധര്‍മത്തിന്റെ അനിവാര്യതയാണ്. അതേ ഭര്‍ത്തൃധര്‍മത്തിന്റെ മറ്റൊരു വശമാണ് അശ്വമേധത്തില്‍ വസിഷ്ഠന്‍ പുനര്‍വിവാഹം വിധിച്ചിട്ടും കാഞ്ചനസീത മതിയെന്ന് രാമന്‍ ശഠിച്ചത്. ഉത്തമനായ ഭര്‍ത്താവിനും സഹോദരനും രാമന്‍തന്നെയാണ് ദൃഷ്ടാന്തം.



രാവണന്‍ചെയ്ത തപസ്സാണ് ശംബൂകനും ചെയ്തത്. സ്വാര്‍ഥമായ തപസ്സ്. താമസികമായ തപസ്സ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃപദവി പണം സമ്പാദിക്കാനുള്ളതല്ല, ജനസേവനത്തിനാണ്. രാവണന്റെ തപസ്സിന്റെ ലക്ഷ്യം ചക്രവര്‍ത്തിപദമായിരുന്നു. രാവണനെ കൊല്ലാമെങ്കില്‍ അതേ ലക്ഷ്യംവെച്ച് തപസ്സുചെയ്ത ശംബൂകനെയും കൊല്ലാം. രാമന്‍ ഒരു മാതൃകാശത്രുവായിരുന്നു. രാവണന്‍ നിരായുധനായപ്പോള്‍ അദ്ദേഹത്തെ വധിക്കാന്‍ എല്ലാവരും പ്രേരിപ്പിച്ചു. നിരായുധനെ വധിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.



''അഭയം സര്‍വഭൂതേഭ്യോ
ദദാമ്യേതത്വ്രതം മമ''

ലോകത്തിന്റെ കാതുകളില്‍ എന്നും പ്രതിധ്വനിക്കേണ്ടുന്ന ധീരമായ ശബ്ദമാണിത്

No comments:

Post a Comment