കാത് ഉറയ്ക്കുന്നതിനു മുൻപേ കാറ്റിലെ വിടെയോ കേട്ടുതുടങ്ങുന്നു രാമനാമം. കാറ്റിന്റെ പുത്രനായ വീരന്റെ തോളിലേറി യാണ് ബാല്യത്തിന്റെ സങ്കൽപ്പ സഞ്ചാരങ്ങളേ റെയും. ഇത് ഓരോ ഇന്ത്യക്കാരന്റെയും കഥയാണ്. മൂല്യബോധത്തിലേക്കു മുതിരു മ്പോൾ, അറിയാതെതന്നെ രാമായണം അയാളുടെ ജീവിതായനത്തെ സ്വാധീനിച്ചു കഴിഞ്ഞിട്ടുണ്ട്. ഹിമവാനും ദക്ഷിണ സമുദ്രത്തിനും മധ്യേയുള്ള ഈ മണ്ണിന്റേതാണല്ലോ രാമകഥ. ആയിരത്താണ്ടുകളായി ഇവിടത്തെ ജീവിതത്തെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഇതിഹാസം. ഇവിടെനിന്നാണ് ചൈനയിലേക്കും ജപ്പാനിലേക്കും മലേഷ്യയിലേക്കും കംബോഡിയയിലേക്കും തായ്‌ലൻഡിലേക്കും ടിബറ്റിലേക്കും ലങ്കയിലേക്കും ലോകത്തെവിടേക്കും സൂര്യവംശിയുടെ കഥ പാഠഭേദങ്ങളോടെ പറന്നത്.
സത്യധർമങ്ങളുടെ സൂര്യവംശപാരമ്പര്യത്തെ പിൻപറ്റിയാണ് ഭാരതീയന്റെ സ്വത്വവും സംസ്കാരവും ആചാരവും പാരമ്പര്യവും വഴിയും വാങ്മയവും രൂപപ്പെടുന്നത്. രാമകഥയിൽ അയാൾ മനുഷ്യജന്മത്തിന്റെ സമസ്ത ഭാവങ്ങളും കണ്ടെത്തുന്നു. ഓരോ ജീവിതസന്ധിയിലും അയാളെത്തന്നെ കണ്ടെത്തുന്നു. ആദികവി രാമകഥാമാല്യം കോർത്തിരിക്കുന്നത് ധാർമികതയുടെ ചരടിലാണ്. ഇന്ത്യയുടെ ജീവിതമാല്യത്തിന്റെ മൂല്യവും അതാണ്. തുഞ്ചത്താചാര്യൻ മലയാളക്കരയ്ക്കു വേണ്ടി ഈ മാല്യം പരിചിതപുഷ്പങ്ങളാൽ പുനഃസൃഷ്ടിക്കുന്നു.
ധർമം മറക്കുകയും ആലസ്യത്തിൽ ആണ്ടുപോവുകയും ചെയ്ത ഒരു സമൂഹത്തെ ഉണർത്തിയെടുക്കാനുള്ള ഭക്തിപ്രസ്ഥാനത്തിന്റെ കാലമാകയാൽ ആചാര്യപാദരുടെ രാമകഥയിൽ ഭക്തിക്കാണു മുൻതൂക്കം. വാത്മീകിരാമായണത്തിൽ കൂടുതൽ മനുഷ്യനാണു രാമനെങ്കിൽ എഴുത്തച്ഛന്റെ രാമൻ കൂടുതൽ ഈശ്വരനാണ്. നൂറ്റാണ്ടുകളായി മലയാളത്തിന്റെ നെഞ്ചകം അധ്യാത്മരാമായണഹാരത്താൽ അലംകൃതമായി തുടരുന്നു. മഴയിരമ്പം തിമർക്കുന്ന കർക്കടകരാവുകളെ കേരളം രാമകഥ പാടാനുള്ള വിശേഷാവസരമാക്കുന്നു. കാറ്റിലെവിടെയോ അധ്യാത്മദിവ്യസുഗന്ധം നിറയുന്നു. രാമകഥയുടെ കർക്കടകരാവ് വന്നണയുന്നു.
എം. കെ. വിനോദ്കുമാർ
No comments:
Post a Comment