വലിയ അദ്ഭുതങ്ങളുടെ പട്ടികയില്‍ ആകാശവും കടലും ഹിമാലയവുമുണ്ട്. കണ്ടാലും കണ്ടാലും മതിവരാത്ത സാഗര ഭംഗിയും ആകാശനീലിമയും ഹിമാലയ ഗാംഭീര്യവും വര്‍ണ്ണിക്കാത്തവരില്ല. ഇതോടു ചേര്‍ത്തുവയ്ക്കാവുന്ന അദ്ഭുത വിശേഷമാണ് പുണ്യഗ്രന്ഥമായ രാമായണവും. ഭാരതീയ സംസ്‌കാരത്തിന്റെ സിരകളിലൂടെ രാമായണമെന്ന ഇതിഹാസം കാലങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനതയുടെ സംസ്‌കാരത്തെയും ജീവിതത്തെയും കഥകളുടെയും കവിതകളുടെയും പട്ടുനൂലില്‍ കൊരുത്ത് ലോകത്തിനായി സമ്മാനിച്ചിരിക്കുകയാണ് രാമായണത്തില്‍. ഭാരത സംസ്‌കാരത്തിന്റെ മഹത്വത്തെ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യുകമാത്രമല്ല ഈ ഇതിഹാസത്തില്‍. ഒപ്പം, മറ്റുള്ളവര്‍ക്ക് വഴികാട്ടുകയും ചെയ്യുന്നു.
ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം. ലോകത്തിന് നല്ല ജീവിതത്തിലേക്ക് വഴികാട്ടുന്ന യാത്രകള്‍. ഇനി വരുന്ന ഒരുമാസക്കാലം രാമായണശീലുകള്‍ മുഖരിതമാകുന്ന ദിനങ്ങളുടെ വരവാണ്. കര്‍ക്കിടക സന്ധ്യകളില്‍ ഉമ്മറത്ത് തെളിഞ്ഞുനില്‍ക്കുന്ന നിലവിളക്കിനു മുന്നിലിരുന്ന് മുത്തശ്ശിവായിക്കുന്ന രാമായണ വരികളിലൂടെ രാമന്റെയാത്രകള്‍ അറിയുന്നു. അന്ധകാരം നിറഞ്ഞ മനസ്സുകള്‍ക്കത് വെളിച്ചമാകുന്നു. കര്‍ക്കിടക സന്ധ്യകള്‍ക്കിനി ദിവസങ്ങള്‍ മാത്രം.കര്‍ക്കടക രാവുകളും പകലുകളും രാമായണ മുഖരിതമാകുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. കര്‍ക്കടകമാസത്തെ വറുതിയുടെ കറുത്തകാലമെന്നാണ് സാധാരണ പറയാറ്. കര്‍ക്കിടകമഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ജോലിചെയ്യാന്‍ കഴിയാത്തതിനാല്‍ വീടുകള്‍ പട്ടിണിയാകുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറിയെങ്കിലും കര്‍ക്കിടകത്തിന്റെ പേരുദോഷം ഇനിയും മാറിയിട്ടില്ല. പഞ്ഞ കര്‍ക്കടകത്തില്‍ രാമായണ ശീലുകള്‍ ചൊല്ലുകയും കേള്‍ക്കുകയും ചെയ്യുന്നത് സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേല്‍ക്കാനാണ്. 1982 ലെ വിശാല ഹിന്ദു സമ്മേളനത്തിന്റെ ആഹ്വാനമാണ് കേരളത്തെ കര്‍ക്കടകമാസത്തില്‍ രാമായണ ശീലുകളാല്‍ മുഖരിതമാക്കിയത്.
വിശാല ഹിന്ദുസമ്മേളനത്തിന്റെ ആഹ്വാനം മുഴുവന്‍ ഹൈന്ദവ ജനതയും ഏറ്റെടുക്കുകയായിരുന്നു. വാല്മീകി രചിച്ച രാമായണമാണ് ഭാരതത്തിന്റെ ആദികാവ്യം. സൂര്യവംശ രാജാവായ ശ്രീരാമന്റെ ജീവിതകഥയാണ് ഇതിലെ മുഖ്യഇതിവൃത്തം. ത്രേതായുഗത്തില്‍ ഭാരതത്തിലുണ്ടായിരുന്ന ജനസമൂഹത്തെ രാമായണത്തിലൂടെ വാല്മീകി അവതരിപ്പിക്കുന്നു. അന്നത്തെ ജനങ്ങളുടെ ജീവിതരീതി, സ്വഭാവം, ആചാര്യമര്യാദകള്‍ തുടങ്ങി എല്ലാം രാമായണത്തില്‍ നിന്ന് നമുക്കു മനസ്സിലാക്കാം. ഒരു സാഹിത്യ രചന എത്രത്തോളം പൂര്‍ണ്ണമായിരിക്കണം എന്ന കാട്ടിത്തരല്‍ കൂടിയാണ് വാല്മീകി നിര്‍വ്വഹിച്ചിരിക്കുന്നത്. രാമായണത്തിലെ കഥാപാത്രങ്ങളിലൂടെ, അതുവായിച്ചറിയുന്നവരെ നല്ല വ്യക്തികളാക്കാനുള്ളതെല്ലാം വാല്മീകി ഒരുക്കിവച്ചിരിക്കുന്നു. പ്രജാക്ഷേമം, പുത്രധര്‍മ്മം, സഹോദരസ്‌നേഹം, സത്യസന്ധത തുങ്ങിയവ എങ്ങനെപാലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിത്തരുന്നു. ശ്രീരാമനെ എല്ലാതരത്തിലും ഉത്തമ പുരുഷനായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സകലമനുഷ്യരും സന്മാര്‍ഗ്ഗികളും ഈശ്വരഭക്തരുമായിരിക്കണമെന്നതിലേക്കെത്തുകയായിരുന്നു കവിയുടെ ലക്ഷ്യം. പലഭാഗങ്ങളായി തിരിച്ചാണ് വാല്മീകി രാമചരിതമെഴുതിയത്. ഒരോ ഭാഗത്തിനും കാണ്ഡമെന്നു പറയുന്നു. രാമായണത്തില്‍ ആകെ ഏഴുകാണ്ഡങ്ങളാണുള്ളത്. ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയാണവ. ഭാരത സംസ്‌കാരത്തിന്റെ ജീവിതരീതി രാമായണകാവ്യത്തെ മുന്‍ നിര്‍ത്തിയാണ്. രാമരാവണ യുദ്ധത്തില്‍ രാമന്‍ രാവണനെ തോല്‍പ്പിച്ചാണ് സീതയെ വീണ്ടെടുക്കുന്നത്. രാമന്റെ യുദ്ധവിജയവുമായി ബന്ധപ്പെട്ടാണ് ഭാരതത്തിലെ മിക്ക ഉത്സവങ്ങളും നടക്കുന്നത്.
ദസറയും ദീപാവലിയുമെല്ലാം ഇതില്‍ പെടും. ഇന്ന് പ്രചാരത്തിലിരിക്കുന്ന വാല്മീകി രാമായണം മൂന്നു തരത്തില്‍ പെടും. മൂന്നിലും രാമകഥ ഒന്നുതന്നെയാണെങ്കിലും ശ്ലോകങ്ങള്‍ ഒരേതരത്തിലുള്ളതല്ല. അച്ചടി സൗകര്യമില്ലാതിരുന്ന കാലത്ത് രാമകഥ പ്രചരിച്ചത് പറഞ്ഞുംപാടിയുമാണ്. വളരെ വിശാലമായ ഒരു ഭൂപ്രദേശത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് രാമകഥ പരിചിതമായത് അത്തരത്തില്‍ കേട്ടുംപാടിയുമാണ്. ഇന്ന് ഉസ്ബക്കിസ്ഥാന്‍ മുതല്‍ ഫിലിപ്പീന്‍സ് വരെയും മൗറീഷ്യസ് മുതല്‍ വിയറ്റ്‌നാം വരെയുമുള്ള പതിനാലില്‍ പരം ഏഷ്യന്‍ രാജ്യങ്ങളില്‍ രാമായണമുണ്ട്. രാമന്റെ ജീവിതവും ജീവിതരീതിയും അവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. രാമായണത്തിലെ കഥാഭാഗങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കി നിരവധി സാഹിത്യകൃതികള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഭാരതത്തില്‍ ഒട്ടേറെ രാമായണങ്ങള്‍ എഴുതപ്പെട്ടെങ്കിലും ഏറ്റവും പ്രസിദ്ധി നേടിയത് അദ്ധ്യാത്മരാമായണമാണ്. അദ്ധ്യാത്മ രാമായണത്തിനു ശേഷം എഴുതപ്പെട്ടതാണ് അത്ഭുതരാമായണം. വാല്മീകി രാമായണത്തില്‍ നിന്ന് ചില വ്യത്യാസങ്ങളിതിനുണ്ട്. സീത രാവണന്റെ ഭാര്യ മണ്‌ഡോദരിയുടെ മകളായി പിറന്നെന്നാണ് ഇതില്‍ പറയുന്നത്.
പിന്നീടുണ്ടായ ആനന്ദരാമായണത്തില്‍ രാവണനെ വധിക്കുന്നത് സീതയാണ്. ആനന്ദരാമായണത്തില്‍ പറയുന്നത് രാവണന്‍ സീതയെ അപഹരിച്ചത് മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗത്തിലെത്താന്‍ വേണ്ടിയായിരുന്നെന്നാണ്. സംസ്‌കൃത ഭാഷയിലെഴുതിയ മറ്റൊരു രാമായണമാണ് രാമബ്രഹ്മാനന്ദന്‍ എഴുതിയ തത്വസംഗ്രഹരാമായണം. രാമന്‍ വിഷ്ണുവിന്റെ അവതാരമാണെന്നു പറയുന്നതിനൊപ്പം ശിവന്‍, ബ്രഹ്മാവ്, പരബ്രഹ്മം എന്നിവരുടെ അവതാരമാണെന്നും ഇതില്‍ വിവരിക്കുന്നു. യോഗവാസഷ്ഠ രാമായണമെന്നൊരു രാമായണം കൂടിയുണ്ട്. ഇതിലും ഭക്തര്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. വസിഷ്ഠനും ശ്രീരാമനും തമ്മിലുള്ള സംഭാഷണമായിട്ടാണീ രാമായണത്തിന്റെ രചന.ഇന്ത്യയിലെ മിക്ക ഭാഷകളിലും രാമായണമുണ്ട്. ആദിരാമായണത്തിന്റെ വിവര്‍ത്തനങ്ങളും സ്വന്തമായി രചിച്ചവയുമെല്ലാം അതിലുണ്ട്. ജൈനരാമ കഥകളാണ് കന്നടഭാഷയില്‍ ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്നത്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതാണ് തമിഴിലെ കമ്പരാമായണം. കമ്പര്‍ എഴുതിയതാണിത്. കന്നടഭാഷയില്‍ ഏറ്റവും പ്രസിദ്ധമായത് തോരവേരാമായണമാണ്. നരഹരിയാണിതിന്റെ രചയിതാവ്. കാശ്മീരി ഭാഷയില്‍ ദിവാകരപ്രകാശഭട്ടന്‍ രചിച്ച രാമാവതാരചരിതയാണ് ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവും. ശിവനും പാര്‍വ്വതിയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണിതിന്റെ രചന. ശ്രീലങ്കയിലെ സിംഹള ഭാഷയിലും ഒരു രാമായണമുണ്ട്. ഇതില്‍ രാമന്‍ ഒറ്റയ്ക്കാണ് വനവാസം നടത്തുന്നത്. ഹനുമാനു പകരം ബാലിയാണ് ലങ്കാദഹനം നടത്തുന്നത്.
ബാലി സീതയെ രാമന്റെയടുത്ത് എത്തിക്കുകയും ചെയ്യുന്നു. അസമീസ് ഭാഷയിലെ എറ്റവും മഹത്തായ രാമായണ കൃതി മാധവ കന്ദളിയുടെ രാമായണമാണ്. ബംഗാളിയിലെ മികച്ച രാമായണം കൃത്തിവാസന്റെതാണ്. ഒറിയ ഭാഷയില്‍ ബാലരാമദാസന്‍ എഴുതിയ രാമായണം ഏറെ പ്രസിദ്ധമായി. ഈ കൃതികളെല്ലാം വാല്മീകി രാമായണത്തെ അടിസ്ഥാനമാക്കി രചിച്ചവയാണ്.രാമായണത്തെ അധികരിച്ച് നിരവധി മറ്റു സംരംഭങ്ങള്‍ എല്ലാ നാടുകളിലും ഭാഷകളിലും ഉണ്ടായിട്ടുണ്ട്. നാടകങ്ങള്‍, അട്ടക്കഥകള്‍, സിനിമകള്‍, കഥകള്‍, നോവലുകള്‍, കാവ്യങ്ങള്‍ തുടങ്ങി പലതും. രാമായണ കഥ ഉള്‍ക്കൊണ്ട ആദ്യസാഹിത്യ രചന കാളിദാസന്റെ രഘുവംശമാണ്. പിന്നീട് ഗ്രാമീണമറാത്തിയില്‍ എഴുതപ്പെട്ട രാവണവഹ പുറത്തു വന്നു. ഭട്ടീകാവ്യം, ജാനകീഹരണം, പ്രതിമാനാടകം, അഭിഷേക നാടകം, ഉദാത്തരാഘവം, ഹനുമന്നാടകം എന്നീ നിരവധി സാഹിത്യകൃതികള്‍ തുടര്‍ന്ന് രാമായണത്തെ അടിസ്ഥാനമാക്കി ജന്മമെടുത്തു.
മലയാളത്തിലും രാമായണവുമായി ബന്ധിച്ചുള്ള സാഹിത്യരചനകള്‍ ഉണ്ടായി. സി.എന്‍.ശ്രീകണ്ഠന്‍നായരുടെ ലങ്കാദഹനം, സാകേതം, കാഞ്ചനസീത തുടങ്ങിയ നാടകങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. കഥകളിയില്‍ രാമായണത്തെ അടിസ്ഥാനമാക്കി നിരവഥി ആട്ടക്കഥകളുണ്ടായി. രാമായണത്തിലെ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തി കാവ്യങ്ങള്‍ നിരവധി മലയാളത്തിലുമുണ്ടായി. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത, വയലാറിന്റെ രാവണപുത്രി എന്നിവ ഉദാഹരണങ്ങളാണ്. രാമായണത്തെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിട്ടുള്ള സിനിമകളില്‍ പ്രശസ്തം അരവിന്ദന്റെ കാഞ്ചനസീതയാണ്. രാമായണത്തോളം മഹത്തായ മറ്റൊരു കൃതി ലോകത്ത് മറ്റൊരിടത്തുമില്ല. മഹത്തായ സാഹിത്യവും പുണ്യഗ്രന്ഥവും എന്ന നിലയില്‍ രാമായണത്തെ വെല്ലാന്‍ മറ്റൊന്നും ഇല്ല. ഇനി ഉണ്ടാകില്ലെന്ന് നിശ്ചയമായും പറയാനും കഴിയും. രാമായണം വായിക്കുന്നതും കേള്‍ക്കുന്നതും പുണ്യമാണ്. ഒരു സാഹിത്യകൃതി വായിക്കാനും കേള്‍ക്കാനും വ്രതം നോറ്റ് ഒരു മാസം ഒരു ജനത നീക്കിവയ്ക്കുന്നത് അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത്തരത്തിലൊന്ന് മറ്റെങ്ങുമുണ്ടാകില്ല.
No comments:
Post a Comment