വസിഷ്ഠൻറെ മൂത്ത മകനായ ശക്തിയുടെയും അദൃശ്യന്തിയുടെയും പുത്രനാണ് പരാശരൻ.
കന്മഷപാദൻ എന്ന രാജാവിന് വഴിമാറികൊടുക്കായ്കയാൽ ശക്തിക്ക് ചാട്ടയടി കൊളളേണ്ടി വന്നു. മഹർഷി കന്മഷപാദനെ രാക്ഷസനായി തീരട്ടെ എന്ന് ശപിച്ചു. വസിഷ്ഠ മഹർഷിയോട് വിരോധം പുലർത്തിയിരുന്ന വിശ്വാമിത്ര മഹർഷി കന്മഷപാദൻറെ രാക്ഷസ ശീലത്തിലേക്ക് ' കിങ്കരൻ ' എന്നൊരു ദുഷ്ടശക്തിയെ കൂടെ കടത്തി വിട്ടു. ശക്തി വർദ്ധിച്ച കന്മഷപാദൻ ശക്തിയുൾപ്പെടെയുളള വസിഷ്ഠൻറെ നൂറു പുത്രന്മാരെയും ഭക്ഷിച്ചു കളഞ്ഞു. നൈരാശ്യം കാരണം ആത്മത്യാഗം ചെയ്യാൻ നോക്കിയ വസിഷ്ഠ മഹർഷിക്ക് ആത്മാവ് വേർപ്പെടാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു . അദൃശ്യന്തിയുടെ ഗർഭത്തിലെ ശക്തി പുത്രൻ സാന്ത്വനമേകുന്നതും വേദമോതുന്നതും വസിഷ്ഠൻ ശ്രവിച്ചു. അദൃശ്യന്തിയെ കൂടെ ഭക്ഷിക്കാൻ എത്തിയ രാക്ഷസന് വസിഷ്ഠൻ ശാപമോക്ഷം നല്കി. അദൃശ്യന്തി പരാശരന് ജന്മമേകി. സാക്ഷാൽ വേദവ്യാസൻറെ പിതാവ്. തൻറെ പിതാവിൻറെ ദാരുണാന്ത്യത്തിന് കാരണമായ രാക്ഷസകുലത്തെ മുടിക്കാൻ പരാശരൻ ഒരു യാഗം ചെയ്തു. അതിൽ ധാരാളം രാക്ഷസന്മാർ വെന്തൊടുങ്ങി. ഒടുവിൽ വസിഷ്ഠ മഹർഷിയുടെ ഉപദേശത്താൽ യാഗം നിർത്തി. പരാശരനെ ഉപദേശിക്കാനെത്തിയ പുലസ്ത്യ മഹർഷി പുരാണഹംഹിതയ്ക്ക് പിതാവായി ഭവിക്കുമെന്ന് അനുഗ്രഹിച്ചു.
ശാപം കിട്ടിയ അദ്രിക എന്ന അപ്സരസ്സ് മത്സ്യമായി ഗംഗാ നദിയിൽ കഴിയവേ ഉപരിചരവസു എന്ന രാജാവിന്റെ രേതസ്സ് നദിയിൽ വീഴുകയും അത് ഭക്ഷിക്കാനിടയായി. ഒരു മുക്കുവന് കിട്ടിയ ആ മത്സ്യത്തിൻറെ ഗർഭത്തിൽ രണ്ടു മനുഷ്യ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. ആൺശിശുവിനെ രാജാവ് വളർത്തി. പെൺകുഞ്ഞു മത്സ്യഗന്ധിയായി മുക്കുവൻ വളർത്തി. കാളിമയാർന്ന നിറമുളള അവൾ കാളിയെന്നും വിളിക്കപ്പെട്ടു. അച്ഛന് സഹായിയായി കടത്തു തൊഴഞ്ഞിരുന്ന അവൾ ഒരു നാൾ പരാശരമുനിയെ അക്കരെയ്ക്ക് കൊണ്ടു പോകവേ മഹർഷി അവളിൽ അനുരക്തയാകുകയും മത്സ്യഗന്ധി കസ്തൂരിഗന്ധിയായി മാറുകയും ചെയ്തു. മൂടൽമഞ്ഞ് മറയാക്കിയ പരാശരമഹർഷിക്ക് അവളിൽ വേദ വ്യാസൻ ജന്മം കൊണ്ടു. മത്സ്യഗന്ധി കന്യകയായിത്തന്നെയിരിക്കുമെന്ന് പരാശരൻ അനുഗ്രഹിച്ചു. ആ കസ്തൂരിഗന്ധിയെ തേടിയെത്തിയ ശന്തനു മഹാരാജാവിനെ വിവാഹം കഴിക്കുകയും പാണ്ഡവ കൗരവകുലങ്ങൾക്ക് കാരണവുമായി. മത്സ്യഗന്ധി സത്യവതി എന്ന നാമത്തിൽ പ്രസിദ്ധയായി.
ഋഗ്വേദത്തിലെ നിരവധി സൂക്തങ്ങൾ പരാശരനാൽ വിരചിതം. ബാഷ്കല മഹർഷിക്കു പകുത്തു കിട്ടിയ ഋഗ്വേദസംഹിതതിൽ നിന്ന് നാലിലൊരുഭാഗം ഗുരുപരമ്പരയിൽപ്പെട്ട പരാശരനും സിദ്ധിച്ചു. സാവിത്രീമന്ത്രത്തിൻറെ ശക്തി വർണിച്ചിട്ടുണ്ട്. പരാശരസ്മൃതി പ്രസിദ്ധം.
No comments:
Post a Comment