മദ്ധ്യകേരളത്തിൽ തൃശ്ശൂർ ജില്ലയിൽതലപ്പിള്ളി താലൂക്കിൽ തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം.
പരമാത്മാവായ മഹാവിഷ്ണുവിന്റെഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രനുംഅനന്തശേഷനാഗത്തിന്റെ അവതാരമായ അനുജൻ ലക്ഷ്മണനുമാണ്ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നും ഭാരതത്തിലെ അപൂർവ്വം ലക്ഷ്മണ ക്ഷേത്രങ്ങളിലൊന്നുമാണിത്. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് നൂറടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നദിയായ ഭാരതപ്പുഴ, ക്ഷേത്രത്തിൽനിന്നും മൂന്ന് കിലോമീറ്റർ ദൂരം വടക്കുമാറി ഒഴുകുന്നു. ക്ഷേത്രം ഒരു കുന്നിന്റെ മുകളിലായതിനാൽ താഴോട്ട് നോക്കിയാൽ ഭാരതപ്പുഴയൊഴുകുന്നത് കാണാം. ചുറ്റും നിരവധി കുന്നുകളും മലകളും പാടങ്ങളും കുളങ്ങളും തോടുകളുമുണ്ട്. ഇവ ക്ഷേത്രപരിസരത്തെ ഭൂപ്രകൃതിയ്ക്ക് മാറ്റുകൂട്ടുന്നു. ഇന്നും ഗ്രാമീണത്തനിമയ്ക്ക് കാര്യമായ കോട്ടം തട്ടാതെ നിൽക്കുന്ന പ്രദേശമാണ് തിരുവില്വാമല.
ക്ഷേത്രത്തിൽ, പരസ്പരം അനഭിമുഖമായ രണ്ട് ശ്രീകോവിലുകളിലാണ് ശ്രീരാമലക്ഷ്മണന്മാർ സാന്നിദ്ധ്യമരുളുന്നത്. ചതുർബാഹു മഹാവിഷ്ണുവിഗ്രഹങ്ങളിലാണ് ഇരുവരുടെയും തേജസ്സുകൾ ആവാഹിച്ചുവച്ചിരിയ്ക്കുന്നത്.
ശ്രീരാമലക്ഷ്മണന്മാർ അനുഗ്രഹവർഷം ചൊരിയുന്ന ഈ സന്നിധിയിൽ അവരുടെ നിത്യദാസനായ ഹനുമാൻസ്വാമിയുംസാന്നിദ്ധ്യമരുളുന്നുണ്ട്. മഹാഗണപതി, ധർമ്മശാസ്താവ്, ശ്രീ മഹാദേവൻ, പാർവ്വതീദേവി, നാഗദൈവങ്ങൾ, ശ്രീഗുരുവായൂരപ്പൻ എന്നിവരാണ് ക്ഷേത്രത്തിലെ മറ്റ് ഉപദേവതകൾ. ശ്രീരാമലക്ഷ്മണന്മാർക്ക് തുല്യപ്രാധാന്യമായതിനാൽ രണ്ടുപേർക്കും പ്രത്യേകം തന്ത്രിമാരും ശാന്തിക്കാരുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെകീഴിലാണ് വില്വാദ്രിനാഥക്ഷേത്രം.
ക്ഷേത്രത്തിന്റെ അടിഭാഗം വലിയൊരു ഗുഹയാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. അവിടെ ഒരു സ്വർണ്ണവില്വമരം (കൂവളം) ഉണ്ടെന്നും വിശ്വാസമുണ്ട്. തന്മൂലം ഈ സ്ഥലത്തിന് 'വില്വമല' എന്ന പേര് വന്നു. പിന്നീട് വില്വമലയിൽ ദേവസാന്നിദ്ധ്യമുണ്ടായപ്പോൾ 'തിരു' കൂട്ടിച്ചേർത്തു. 'തിരുവില്വമല' കാലാന്തരത്തിൽ തിരുവില്വാമലയായി മാറി. തിരുവില്വാമല സംസ്കൃതീകരിച്ച് 'വില്വാദ്രി'യാക്കി. തുടർന്ന്, പ്രതിഷ്ഠ വില്വാദ്രിനാഥൻ എന്നും അറിയപ്പെട്ടു.
അതേ സമയം, 'വിണ്ടമല'യാണ് വില്വമലയായതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രമിരിയ്ക്കുന്ന കുന്നാണ് വാസ്തവത്തിൽ വില്വാദ്രി. എന്നാൽ, അടുത്തുള്ള മൂരിക്കുന്ന്, ഭൂതന്മല എന്നീ മലകളെയും ഇതിനോടൊപ്പം ചേർത്ത് വില്വാദ്രിയായി കണ്ടുവരുന്നുണ്ട്. പണ്ട്, ഇതെല്ലാം ഒറ്റമലയായിരുന്നുവെന്നും, പിന്നീട് വിള്ളലുണ്ടായപ്പോൾ പ്രത്യേകമലകളായതാണെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിന് താഴെയുള്ള സരസ്വതിക്കുണ്ടിലും മറ്റും കാണുന്ന വിള്ളലുകൾ ഇതിന്റെ സൂചനയാണ്.
ഇരുപത്തൊന്ന് വട്ടം ക്ഷത്രിയകുലത്തെമുടിച്ച മഹാപാപത്തിൽ നിന്ന് മുക്തിനേടുവാൻ പരശുരാമൻ കടലിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത് ബ്രാഹ്മണർക്ക് നൽകി. അവർക്ക് ആരാധന നടത്തുവാൻ നൂറ്റെട്ട് ശിവാലയങ്ങളും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളുംഅഞ്ച് ശാസ്താക്ഷേത്രങ്ങളും ഏതാനും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചുകൊടുത്തു. തുടർന്ന് അദ്ദേഹം അവിടെത്തന്നെ കഠിനതപസ്സിൽ മുഴുകി. അങ്ങനെയിരിയ്ക്കേ ഒരു ദിവസം ഏതാനും പിതൃക്കൾ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷപ്പെട്ടു. അവർ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: 'അങ്ങ് നടത്തിയ അതിഭീകരമായ കൂട്ടക്കൊലയിലൂടെ ധാരാളം നിർഗ്ഗതിപ്രേതങ്ങൾ ഉണ്ടായിട്ടുണ്ട്. അവർക്ക് മോക്ഷം കിട്ടേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ അവർ നാടുമുഴുവൻ നടന്ന് പ്രശ്നങ്ങളുണ്ടാക്കും. പിന്നെ രക്ഷയില്ല.' തുടർന്ന് നല്ലൊരു വഴി കിട്ടാനായി പരശുരാമൻ മഹാവിഷ്ണുവിനെ ധ്യാനിച്ചു. അപ്പോൾ അദ്ദേഹത്തിന് ഒരു അശരീരിയുണ്ടായി. ഉടനെ വില്വാദ്രിയിലെത്താനായിരുന്നു അത്. അവിടെയെത്തിയപ്പോൾ അദ്ദേഹത്തെ വരവേറ്റത് ശിവഭൂതഗണങ്ങളായിരുന്നു. അവരിൽ നിന്ന് ഭഗവാൻ ശിവൻഅവിടെയെത്തിയ വിവരമറിഞ്ഞ പരശുരാമൻ ഉടനെ ഭഗവാന്റെ അടുക്കൽ പോയി അദ്ദേഹത്തെക്കണ്ട് നമസ്കരിച്ചു. താൻ കാരണം പ്രേതങ്ങളായി മാറിയ ക്ഷത്രിയർക്ക് മോക്ഷം കിട്ടാൻ ഒരു മാർഗ്ഗം പറഞ്ഞുതരണം എന്ന് പരശുരാമൻ ശിവനോട് അഭ്യർത്ഥിച്ചു. അപ്പോൾ ശിവൻ, കൈലാസത്തിൽ താൻ പൂജിച്ചിരുന്ന പരമപവിത്രമായ വിഷ്ണുവിഗ്രഹം പരശുരാമന് സമ്മാനിച്ചു. പരശുരാമൻ അത് പ്രേതങ്ങൾക്ക് ദർശനം കിട്ടാൻ പാകത്തിൽ പ്രതിഷ്ഠിച്ചു. തുടർന്ന് പ്രേതങ്ങളെ വിളിച്ച അദ്ദേഹം അവർക്ക് ഭഗവദ്ദർശനം കൊടുത്തു. ഈ വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നത്.
ഏതാണ്ടിതേ സമയത്തുതന്നെ കശ്യപമഹർഷിയുടെ പുത്രനായ ആമലകമഹർഷി മഹാവിഷ്ണുവിനെ മനസ്സിൽ കണ്ട് ഇവിടെ കഠിനതപസ്സ് തുടങ്ങി. 'ആമലകം' എന്ന സംസ്കൃതപദത്തിന് നെല്ലിക്കഎന്നാണർത്ഥം. മഹർഷി നെല്ലിക്ക മാത്രമേ ഭക്ഷിച്ചിരുന്നുള്ളൂവത്രേ! തന്മൂലം, 'ആമലകൻ' എന്ന പേര് അദ്ദേഹത്തിന് വന്നു. ക്ഷേത്രത്തിന്റെ താഴെയുള്ള സരസ്വതിക്കുണ്ടിലിരുന്നാണ് ആമലകമഹർഷി തപസ്സനുഷ്ഠിച്ചത്. ഈ തപസ്സ് കണ്ട് അമ്പരന്നുപോയ ഇന്ദ്രാദിദേവകൾ തങ്ങളിൽ നിന്ന് സ്വർഗ്ഗാധിപത്യം തട്ടിയെടുക്കാനായിരിയ്ക്കും ശ്രമമെന്ന് വിചാരിച്ചു. അവർ തപസ്സ് മുടക്കാൻ ദേവലോകസുന്ദരിമാരെ മുഴുവൻ പറഞ്ഞയച്ചു. കൂടാതെ വേറെയും ചില വിക്രിയകൾ അവർ നടത്തി. പക്ഷേ, ഫലമുണ്ടായില്ല. തുടർന്ന് അവർ കാര്യം ആരായാൻ കശ്യപമഹർഷിയെത്തന്നെ ശരണം പ്രാപിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'ആമലകന് സ്വർഗ്ഗാധിപത്യത്തിലോ മറ്റ് സുഖഭോഗങ്ങളിലോ ഒന്നും താത്പര്യമില്ല. അനശ്വരമായ ഭക്തി മാത്രമാണ് അവന് വേണ്ടത്.' ഇതറിഞ്ഞതോടെ ദേവന്മാർക്ക് ആശ്വാസമായി. എന്നാൽ, ഇത്തവണ ഭീതി അസുരന്മാർക്കായി. അവരും തപസ്സ് മുടക്കാൻ ചില വിക്രിയകൾ കാണിച്ചു. പക്ഷേ, ഒന്നും ഫലിച്ചില്ല. തുടർന്ന് അവരെല്ലാവരും കൂടി മഹർഷിയുടെയടുത്തുതന്നെയെത്തി. പിന്നെയും ചില വിക്രിയകൾ അവർ അദ്ദേഹത്തിനുമേൽ നടത്തി. ഇത്തവണ അവരുടെ ഉദ്ദേശ്യം നടന്നു. എന്നാൽ, അത് അവർക്ക് തന്നെ വിനയായി. മഹർഷി കണ്ണുതുറന്നു. അഗ്നിജ്വാലകൾ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും വർഷിച്ചു. അസുരന്മാരിൽ നല്ലൊരുഭാഗം തീയിൽ വെന്തുമരിച്ചു; ശേഷിച്ച ചിലർ വിഷപ്പുകയേറ്റ് ശ്വാസം മുട്ടിയും. അവരെല്ലാവരും കൂടി ഒരു ഊക്കൻപാറയായി മാറി. അതാണ് ഇന്ന് ക്ഷേത്രത്തിനടുത്തുകാണുന്ന രാക്ഷസപ്പാറ. ഇതിന്റെ ചുവട്ടിലാണ് പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം. ആമലകൻ തപസ്സുതുടർന്നു. അദ്ദേഹത്തിന്റെ തപസ്സിൽ സംപ്രീതനായ ഭഗവാൻ മഹാവിഷ്ണു തന്റെ കിടക്കയായ ആദിശേഷനെ വെൺകൊറ്റക്കുടയാക്കി, ഇരുവശത്തും പത്നിമാരായ ശ്രീദേവിയെയുംഭൂമീദേവിയെയും ചേർത്തുപിടിച്ച് അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. എന്ത് ആഗ്രഹം വേണമെന്ന് ഭഗവാൻ ചോദിച്ചപ്പോൾ ആമലകൻ ഇങ്ങനെ പറഞ്ഞു: 'എനിയ്ക്ക് ഒന്നും ആഗ്രഹമില്ല. അങ്ങ് എന്നും ഇവിടെ വസിച്ച് ജനങ്ങൾക്ക് ക്ഷേമൈശ്വര്യങ്ങൾ പ്രദാനം ചെയ്ത് കഴിയണം.' തുടർന്ന്, ഭഗവാൻ അവിടെ അഞ്ജനശിലയിൽ ദേവിമാർക്കും അനന്തനുമൊപ്പം സ്വയംഭൂവായി ക്ഷേത്രത്തിൽ കുടികൊണ്ടു. ഈ വിഗ്രഹമാണ് ഇന്ന് ക്ഷേത്രത്തിൽ പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നത്....
No comments:
Post a Comment