സദ്ഗമയ സത്സംഗവേദി
ഓം സദാശിവ സമാരംഭാം
ശങ്കരാചാര്യ മദ്ധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരുപരമ്പരാം.
ഉപനിഷത്തിൽ വരുന്ന ചിലകാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുവാൻ ബ്രഹ്മസൂത്രം കൊണ്ടാകും എന്നതാണ്. പേരുപോലെ തന്നെ ബ്രഹ്മത്തെ അവതരിപ്പിക്കുന്ന സൂത്രങ്ങളാണ്. ഒരു അന്വേഷകനു വാതിലുകൾ തുറന്നു കിട്ടും. ഈശ്വരൻ എന്ന സത്യത്തിന്റെ താക്കോലാണ് ഓരോ സൂത്രങ്ങളും.
ബ്രഹ്മസൂത്രത്തിന്റെ പഠനം അത്ര രസകരമായി തോന്നില്ലെങ്കിലും ആഴത്തിലുള്ള മനനം നമ്മെ ആനന്ദാവസ്ഥയിൽ എത്തിക്കും എന്നതിൽ സംശയമില്ല. പരമമായ സത്യത്തെ നേരിട്ട് അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രഹ്മസൂത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥം ഉപനിഷത്തുക്കൾ തന്നെയാണ്. ഉപനിഷത്ത് / വേദാന്ത ദർശനങ്ങളെ സൂത്രരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
ജിജ്ഞാസാധികരണം
സൂത്രം 1: അഥാതോ ബ്രഹ്മജിജ്ഞാസാ
അഥ= അതിനുശേഷം, അതഃ = അതുഹേതുവായിട്ട്, ബ്രഹ്മജിജ്ഞാസാ = ബ്രഹ്മത്തെപ്പറ്റി അറിവാനുള്ള ആഗ്രഹം.
അതിനുശേഷമെന്നാൽ വേദത്തിൽ മുമ്പുള്ള കർമ്മകാണ്ഡവും ഉപാസനാകാണ്ഡവും പഠിച്ചതിനുശേഷം ; അതുകൊണ്ട് എന്നാൽ അവയൊന്നും നിത്യമായ സുഖം നേടുവാൻ പര്യാപ്തമല്ലെന്നറിഞ്ഞതുകൊണ്ട്, ബ്രഹ്മത്തെപ്പറ്റി അറിവാനുള്ള ആഗ്രഹമുണ്ടാകുന്നു. ബ്രഹ്മജ്ഞാനം കൊണ്ടു മാത്രമേ നിത്യമായ ശാന്തിയും സുഖവും നേടുവാൻ സാധിക്കുകയുള്ളുവെന്നറിയുന്നതിനാൽ ബ്രഹ്മത്തെപ്പറ്റി അറിവാനാഗ്രഹിക്കുന്നു.
അതായത് സാധനാചതുഷ്ടയസമ്പത്തി നേടിയതിനുശേഷം
സാധനാചതുഷ്ടയം:-
1. നിത്യാനിത്യവസ്തുവിവേകം
2. ഇഹാമുത്രഫലഭോഗവിരാഗം
3. ശമാദിഷ്ടകസമ്പത്തി
4. മുമുക്ഷത്വം
ഇവ നേടിയിട്ടുണ്ടെങ്കിൽ വേദം പഠിക്കുന്നതിനുമുൻപോ വേദം പഠിച്ചുകഴിഞ്ഞിട്ടോ എപ്പോൾ വേണമെങ്കിലും ബ്രഹ്മാന്വേഷണം ആരംഭിക്കാം. അനുഭവ പ്രധാനമാണിവിടെ ബ്രഹ്മാന്വേഷണം.
തുടരും...
വിഷ്ണു ശ്രീലകം
സദ്ഗമയ സത്സംഗവേദി
No comments:
Post a Comment