യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം സമാധി എന്നിവയാണ് യോഗത്തിന്റെ എട്ടംഗങ്ങള്‍. ഇതൊക്കെ എന്താണെന്ന ഒരു സാമാന്യജ്ഞാനം ഹിന്ദുക്കൾക്ക് ആവശ്യമാണ്. ഇവ എന്താണെന്ന് നോക്കാം.
യമം: അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, അപരിഗ്രഹം ഇവയാണ് യമങ്ങള്‍. അഹിംസ എന്നുവച്ചാല്‍ മനസ്സാ വാചാ കര്‍മ്മണാ ഒരു പ്രാണിയെയും അനാവശ്യമായി ഹിംസിക്കാതിരിക്കുക എന്നാണർത്ഥം. സത്യസാക്ഷാത്കാരമാണ് ഈശ്വരസാക്ഷാത്കാരം. അതിനാല്‍ യോഗമാര്‍ഗ്ഗം അനുഷ്ഠിക്കുന്നവര്‍ സത്യമാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കരുത്. ഈ ലോകത്തിലെ എല്ലാ വസ്തുക്കളും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്, എനിക്ക് മാത്രമുള്ളതല്ല എന്ന ചിന്തയാണ് ആസ്തേയം. സഹജീവികള്‍ക്കു പങ്കുവയ്ക്കാതെ അന്യായമായി ഒരു വസ്തുവും കൈവശം വെക്കരുത്. ബ്രഹ്മത്തില്‍ ചരിക്കുക, എല്ലാറ്റിലും ആത്മാവിനെ ദര്‍ശിക്കുക എന്നതാണ് ബ്രഹ്മചര്യം എന്ന വാക്കിന്റെ അര്‍ത്ഥം. ഇത് നാം മുൻപ് ചർച്ച ചെയ്തതാണ്. മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളുടെ നിര്‍വഹണത്തിന്റെ പരിധി കടന്നുപോകുന്ന എല്ലാ ഭൗതികവസ്തുക്കളെയും ത്യജിക്കലാണ് അപരിഗ്രഹം. അന്യായമായി ഒന്നും ആഗ്രഹിക്കാതിരിക്കുക.
നിയമം: ശൗചം, സന്തോഷം, തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം എന്നിവയാണ് നിയമം. ആന്തരികവും ബാഹ്യവുമായ ശുചിത്വത്തെയാണ് ഇവിടെ ശൗചം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓരോ മനുഷ്യന്റെയും ജീവിതലക്ഷ്യം സന്തോഷപ്രാപ്തിയാണ്. സര്‍വ്വഭൂതങ്ങള്‍ക്കും സൗഖ്യവും ശാന്തിയും ആനന്ദവും ഭവിക്കട്ടെ എന്ന ചിന്തിക്കുന്നവര്‍ക്ക് ശരിയായ സന്തോഷവും ശാന്തിയും ആനന്ദവും ലഭിക്കുകയും അവരുടെ ശരീരത്തിനും മനസ്സിനും പ്രസന്നത കൈവരുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളെ ആത്മനിയന്ത്രണ വിധേയമാക്കുന്നത് തന്നെയാണ് തപസ്സ്. സ്വയം പഠനവും ആത്മശോധനയുമാണ് സ്വാധ്യായം. ലോകത്തിലെ സമസ്ത വസ്തുക്കളിലും ഈശ്വരനെ ദര്‍ശിക്കുന്നതാണ് ഈശ്വരപ്രണിധാനം.
ആസനം: സുഖകരമായ ഇരിപ്പുതന്നെയാണ് ആസനം. മനസ്സിന്റെ ഏകാഗ്രതയ്ക്കും ശുദ്ധിക്കും നിയന്ത്രണത്തിനുമായി വിവിധ തരത്തിലുള്ള ആസനങ്ങളുണ്ട്.
പ്രാണായാമം: ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രാണനെ ആധാരമാക്കിയാണ്. പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നിങ്ങനെ അഞ്ചു പ്രാണന്മാരാണ് ഈ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. പ്രാണനെ നിയന്ത്രിച്ച് ചിന്തകളെ നിയന്ത്രണ വിധേയമാക്കുന്നതാണ് പ്രാണായാമം.
പ്രത്യാഹാരം: പ്രാണായാമത്തിലൂടെ ഇന്ദ്രിയങ്ങളെ ബാഹ്യപ്രവര്‍ത്തികളില്‍ നിന്നും പിന്‍വലിച്ച് മനസ്സില്‍ ലയിപ്പിക്കുന്നതാണ് പ്രത്യാഹാരം.
ധാരണ: ഇന്ദ്രിയനിഗ്രഹം സാധിച്ചുകഴിഞ്ഞാല്‍ മനസ്സിനെ വരുതിയിലാക്കുക എളുപ്പമാണ്. മനസ്സിനെ ഏകാഗ്രമാക്കി നാഭിചക്രം, ഹൃദയകമലം, ഭ്രൂമദ്ധ്യം എന്നിവയില്‍ ഒരിടത്ത് ഉറപ്പിച്ചു നിറുത്തുന്നതാണ് ധാരണ.
ധ്യാനം: ധാരണ സാധിച്ചാല്‍ ധ്യാനം ആരംഭിക്കാം. സരൂപമോ, അരൂപമോ ആയ ഈശ്വരനില്‍ മനസ്സിനെ ഉറപ്പിക്കലാണ് ധ്യാനം.
സമാധി: ധ്യാനത്തില്‍ ഉറച്ച മനസ്സിനെ അവിടെ നിന്നുയര്‍ത്തി ധ്യാനിക്കുന്ന ആളും ധ്യാനിക്കുന്ന വസ്തുവും രണ്ടല്ലാതെ ഒന്നായിത്തീരുന്ന ഘട്ടത്തിലെത്തുന്നത് സമാധി.
ഇങ്ങനെ അത്യന്തം ശാസ്ത്രീയമായും, പ്രായോഗികമായും ഈശ്വരസാക്ഷാത്കാരം നേടാമെന്ന് യോഗശാസ്ത്രം അനുശാസിക്കുന്നു.
തുടരും......
©സദ്ഗമയ സത്സംഗവേദി
No comments:
Post a Comment