ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, October 30, 2020

കണ്ണന്റെ ബാലലീലകൾ,



ഓം നമോ ഭഗവതേ വാസുദേവായ...



ഭഗവാന്റ രാസലീല അവിടുത്തെ ഏഴാം വയസ്സിലാണ് ആരംഭിച്ചതെങ്കിൽ, ഇപ്പോൾ അവിടുത്തേക്ക് പന്ത്രണ്ട് വയസ്സ് പൂർത്തിയായിരിക്കുന്നു. രാസലീല നിർവിഘ്നം തുടരാറുണ്ട്. പകൽ സമയത്തൊക്കെ ഗോപിമാർ തലേന്ന് ഭഗവാൻ പകർന്നു നൽകിയ പരമപ്രേമരസം അയവിറക്കിക്കൊണ്ടും ഇനി സായംസന്ധ്യക്കുശേഷം ലഭിക്കാനിരിക്കുന്ന പരമാനന്ദരസത്തെ കുറിച്ച് പകൽക്കിനാവുകണ്ടുകൊണ്ടുമൊക്കെയാണ് കഴിഞ്ഞുപോകുന്നത്. ഭഗവാന്റെ അനുഗ്രഹലീലകൾ എത്രനാൾ തുടർന്നു എന്ന് നമ്മെപ്പോലുള്ള മനുഷ്യർക്ക് കണക്കാക്കാനൊന്നുമാവില്ല. പ്രകൃതിയിൽ കാണുന്ന ചൈതന്യങ്ങളെല്ലാം ഒന്ന് എന്ന നിലയിലേക്കെത്തി രാസലീലയുടെ ഉദാത്തഭാവങ്ങൾ. എവിടെയാണ് ഈ രാസലീല നടക്കുന്നത്? എത്ര കാലം? അങ്ങിനെയൊന്നും കണക്കാക്കാൻ വയ്യ. ഭക്തന്മാരുള്ളിടത്തെല്ലാം രാസലീല നടക്കുന്നുണ്ട്. ഓരോ ഭക്തഹൃദയത്തിലും ഭഗവാന്റെ ലീലകൾ എന്നും നടന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യദൃഷ്ട്യാ നോക്കിയാൽ രാസലീല ഒരഞ്ചുകൊല്ലം തുടർന്നതായി കണക്കാക്കാം. പിന്നെ അത് നിർത്തേണ്ടിവന്നു.


നാരദൻ തന്നെയായിരുന്നു അതിന് ഒരു ചെറിയ കാരണക്കാരൻ. കംസന്റെ കൊട്ടാരത്തിൽ ചെന്ന് പറഞ്ഞു, "അങ്ങയുടെ ശത്രുക്കളെ ഞാൻ കണ്ടെത്തിയിരിക്കുന്നു. രണ്ടുപേരേയും. അങ്ങയുടെ കൽപനയുണ്ടെങ്കിൽ അറസ്റ്റ് ചെയ്തുകൊണ്ടുവരാം.ഇതുവരെ പലർ വിചാരിച്ചിട്ടും കാണ്ടെത്താൻ സാധിച്ചില്ലോ. അങ്ങയുടെ കൊലയാളികളാകാൻ പോകുന്നവർ - ഏഴാമൻ രാമൻ, എട്ടാമൻ കൃഷ്ണൻ. ഏഴാമത്തെ ഗർഭം അലസി എന്നൊക്കെയായിരുന്നില്ലേ അങ്ങയുടെ ധാരണ. ഹേയ്! ആ ദേവകീ ഗർഭത്തെ എങ്ങിനേയോ രോഹിണീഗർഭത്തിലേക്ക് ട്രാൻസ്പ്ലാന്റ് ചെയ്യുകയാണുണ്ടായത്. ഇതൊന്നും അങ്ങേക്ക് പറഞ്ഞാൽ മനസ്സിലാകില്ല. ഇങ്ങിനെ ചില സംഭവങ്ങളൊക്കെ ഉണ്ടായി. ബയോടെക്നോളജിയിൽ പല വിദ്യകൾ ഉണ്ട്. അങ്ങേക്ക് അറിയില്ലായിരിക്കാം. ഏർപ്പാടുകൾ പലതും ഉണ്ട് ആ രാമനും കൃഷ്ണനും  - അങ്ങയുടെ മരുമക്കൾ - തന്നെയാണ് അങ്ങയുടെ ഘാതകന്മാർ. എന്റെ അന്വേഷണത്തിൽ കൃഷ്ണൻ തന്നെയാകാനാണ് സാധ്യത. ഇനി അങ്ങയ്ക്ക് വളരെ ദിവസമൊന്നും ആയുസ്സുണ്ടെന്ന് തോന്നുന്നില്ല. കുറച്ചു ദിവസം കൂടി. അടുത്ത ശിവരാത്രിയോ അല്ലെങ്കിൽ അതിന്റെ തലേന്നാളോ അങ്ങയുടെ ജീവിതം അവസാനിക്കും.


ഈ വാർത്ത കേട്ട ഉടനെ കംസൻ, ദേവകീ വസുദേവന്മാർ - അവരല്ലേ പെൺകുട്ടിയാണെന്നൊക്കെ പറഞ്ഞ് പറ്റിച്ചത്? അതു ശരി! എന്നെ വഞ്ചിക്കയായിരുന്നല്ലേ?- രണ്ടുപേരേയും വീണ്ടും പിടിച്ച് കൊല്ലാൻ ശ്രമിച്ചതാണ്. നാരദൻ പറഞ്ഞു, "ഇതുതന്നെയാണ് അങ്ങയ്ക്ക് ഒന്നും നേരെയാവാത്തത്. ശത്രു ആരാണെന്ന് ബോധ്യപ്പെട്ടാൽ പിന്നെ ആ ആളുടെ നേരെയല്ലേ പരാക്രമം കാണിക്കേണ്ടത്? അല്ലാതെ ഇവരോട്... അന്നേ ആ കുട്ടി പറഞ്ഞത് മറന്നുപോയോ? - 'പരാക്രമം സത്രീകളിലല്ല വേണ്ടൂ, തവാന്തകൻ ഭൂമിതലേ ജനിച്ചു!' - പത്തുപന്ത്രണ്ടുകൊല്ലം മുൻപ്. കുറ്റമല്ല അങ്ങയെ ആൾക്കാർ മരമണ്ടൂസൻ എന്ന് വിളിക്കുന്നത്! ഇതിൽ കൂടുതൽ എങ്ങിനെയാണ് അങ്ങയ്ക്കുവേണ്ട വിവരം ശേഖരിച്ചു തരിക?" കംസൻ അവരെ കൊല്ലണ്ടാന്ന് വെച്ചു.



സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..



 ഉണ്ണികൃഷ്ണൻ കൈതാരം

© സദ്ഗമയ സത്സംഗവേദി 

No comments:

Post a Comment