ഓം നമോ ഭഗവതേ വാസുദേവായ...
വരുണലോകത്തു വെച്ച് വരുണൻ ഒരു ഓടക്കുഴലൊക്കെ ഭഗവാനു കൊടുത്ത്, "ത്തിരി നേരം ഇത് വായിക്ക്യോ?"ന്ന് ചോദിച്ചപ്പോൾ ഭഗവാൻ കൂട്ടാക്കിയില്ല. നാണിച്ച് അവിടന്ന് പോന്നതേയുള്ളൂ. "അതിനുപകരം വല്ല പൂജയോ മറ്റോ ചെയ്തോളൂ! ഞാൻ സ്വീകരിച്ചോളാം!" ഓടക്കുഴൽവിളി വൃന്ദാവനത്തിലെ പരമഭക്തർക്കുവേണ്ടി മാത്രം ഭഗവാൻ കരുതിവെച്ചിട്ടുള്ള ആനന്ദരസമാണ്. അത് രസികന്മാർക്കും ഭാവുകന്മാർക്കും മാത്രം ആസ്വദിക്കാനുള്ളതാണ്. 'രസോ വൈ സഃ' എന്നാണ് ഉപനിഷത് വാക്യം. രസം എന്ന് പറഞ്ഞാൽ ഭഗവാൻ തന്നെയാണ്. ഭാഗവത രസത്തിനപ്പുറം ഒരു രസമില്ല. ആ രസം ഭഗവാൻ അവിടുത്തെ സർവാത്മനാ ആശ്രയിച്ച എല്ലാ ജീവാത്മാക്കൾക്കും ഒരുമിച്ചു വിതരണം ചെയ്ത രംഗമാണ് രാസലീല എന്ന മനോഹരലീല.
ഭഗവാന്റെ വേണുഗാനം കേട്ട് ഗോപിമാർക്ക്:
"മാധവവേണുവിൻ മോഹനനിസ്വനം മാധുര്യമേറുന്ന മദ്യമാവാം!
നാലഞ്ചു തുള്ളിയേ കാതാസ്വദിച്ചുള്ളൂ, കാലടി മണ്ണിലുറയ്ക്കാതായി"
ഭഗവാൻ പറഞ്ഞു, ''നിങ്ങൾ വൃന്ദാവനഭംഗി കാണാൻ വന്നതാവുമല്ലേ? മഹാഭാഗ്യവതികളേ, നിങ്ങൾക്ക് സ്വാഗതം!" സത്യസങ്കൽപനായ ഭഗവാൻ ഗോപിമാരുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചുകൊടുത്തു. ആനന്ദസാന്ദ്രമായ അനുഭൂതി വിശേഷങ്ങൾ അവർക്ക് പകർന്നു നൽകി. ഭാഗവതരസമാസ്വദിക്കുന്നവർക്ക് ഇടയ്ക്കൊക്കെ ഭഗവാൻ ചെറുതാക്കീതുകൾ നൽകാറുണ്ട്. "നിങ്ങൾ അഹങ്കരിക്കരുത്,ട്ടോ! ബാക്കി എന്തും - പത്രം, പുഷ്പം, ഫലം, തോയം - ഞാൻ സ്വീകരിക്കും പക്ഷേ നിങ്ങളുടെ അഹങ്കാരം എനിക്ക് തീരെ വയ്യ. പൂതന നൽകുന്ന വിഷം പോലും കുടിക്കാൻ ഞാൻ തയ്യാറാണ്. അഹങ്കാര വിഷം -കാളിയന്റെ വിഷം - ഒരു പുഷ്പാഞ്ജലിയായി സ്വീകരിക്കാൻ എനിക്കാവും. പക്ഷേ അഹങ്കാര വിഷം കണ്ടാൽ ഞാനൊന്ന് മാറി നിൽക്കും. അത്രേയുള്ളൂ!" ഗോപിമാരുടെയുള്ളിൽ സൗഭഗമദമുണ്ടായപ്പോൾ ഭഗവാൻ മാറിനിന്നു. പിന്നെ അതേ പരമഭക്തകൾ ഭഗവാനെ അന്വേഷിച്ച്, ആത്മസമർപ്പണത്തിന്റെ ഉദാത്തമേഖലകളിലേക്ക് ഉയർന്നെത്തിയപ്പോൾ, ആത്മസമർപ്പണത്തിന് ഭഗവാൻ പുതിയൊരു ഭാഷ്യം ചമച്ചു. ജീവാത്മാക്കൾ ശ്രവണ - കീർത്തന -സ്മരണാദികളിലൂടെ ആ പരമാത്മാചൈതന്യത്തിൽ വിലയം പ്രാപിക്കുന്നതിനു പകരം, ഓരോ ജീവാത്മാവിന്റേ സൂക്ഷ്മാംശത്തിലേക്കും പ്രപഞ്ചം മുഴുവൻ വ്യാപിച്ചുനിൽക്കുന്ന ആ പരമാത്മാചൈതന്യം ഇങ്ങോട്ട് ആവേശിക്കുകയാണ്. ഭക്തി- ജ്ഞാന- വൈരാഗ്യങ്ങളുണ്ടെങ്കിൽ, ആ ഹൃദയത്തിലേക്ക് പരമാനന്ദചിന്മൂർത്തി സ്വയം ആവിർഭവിക്കുന്നു. ഈ ഒരു രസമാണ് രാസലീല എന്ന നിലയിൽ ശ്രീശുകൻ അനുസ്മരിച്ചത്.
"രാധാമാധവ ലീല ബോധരഹിതന്മാരൊക്കെയും
പ്രാകൃതപ്രാധാന്യം കലരുന്ന കാമകലയായ് കാണുന്നു സാധാരണം
ദ്വൈതം വിട്ടഥ ചിത്പ്രഭാവരസികന്മാരായ് മഹാത്മാക്കളാം
സാധുക്കൾക്കത് ചിത്തം ആത്മനി രമിച്ച് ഐക്യം ലഭിയ്ക്കുന്നതാം!"
നാം ഓരോ ജീവാത്മാവിനും ഒരു സായന്തനരംഗത്തെ സമീപിച്ചേ പറ്റൂ. ആ സായംസന്ധ്യയിൽ മരണത്തിന്റെ കാലൊച്ച കേട്ട് മനസ്സ് കലങ്ങാതെ, ഒരു മധുരമധുരമായ മുരളീനാദത്തിനു വേണ്ടി കാതോർക്കുകയും, അത് കേട്ട് ആ സച്ചിദാനന്ദ ചൈതന്യത്തിൽ ആവേശത്തോടെ ഒഴുകിയെത്തുകയും ചെയ്യാൻ കരുണാമൂർത്തിയായ ഭഗവാൻ നാമോരോരുത്തരേയും അനുഗ്രഹിക്കട്ടെ എന്ന് മാത്രം പ്രാർഥിക്കുന്നു
മധുരോദാര മുരളീമുഖനാം ഒരു യാത്രികൻ വരും, വിളിക്കും, ഞാൻ പോകും, വാതിൽ പൂട്ടാതെ ആ ക്ഷണം!
സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..
Assalayirikanu👌
ReplyDelete